Latest News

മൂകാംബിക- കുടജാദ്രി- മുരുദ്ദ്വേശ്വര്‍- ഭക്തിയും വിനോദവും സമന്വയിപ്പിച്ച ഒരു യാത്ര

സി കെ വേണുഗോപാല്‍
മൂകാംബിക- കുടജാദ്രി- മുരുദ്ദ്വേശ്വര്‍- ഭക്തിയും വിനോദവും സമന്വയിപ്പിച്ച ഒരു യാത്ര

മൂകാംബിക സന്ദര്‍ശനം എല്ലാം ഒത്ത് ചേരുന്ന ഒരു ദിവ്യാനുഭവം തന്നെയാണ്. ഇത്തവണ അത് കുറച്ച് കൂടി ഹൃദ്യമായി എന്ന് മാത്രം. സാധാരണ മൂകാംബിക ദര്‍ശനത്തിനോടൊപ്പം കുടജാദ്രിയിലും പോകാറുണ്ട്. ഇത്തവണ മുരുദ്ദ്വേശ്വര്‍ എന്ന തീരപ്രദേശം കൂടി കാണാന്‍ കഴിഞ്ഞത് യാത്ര കൂടുതല്‍ രസകരമാക്കി.

മംഗലാപുരത്ത് ട്രെയിന്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ അവിടെ നിന്നും മൂകാംബിക റോഡ് എന്ന സ്റ്റേഷനിലേക്ക് ട്രെയിനില്‍ പോകുന്നത് സൗകര്യപ്രദവും ചെലവ് കുറഞ്ഞതും ആകും എന്ന് ഒരു സഹയാത്രികന്‍ പറഞ്ഞിരുന്നു. ഇത് റോഡ് മാര്‍ഗ്ഗം പോകാനുള്ള ആശയം ഉപേക്ഷിക്കാന്‍ പ്രേരകമായി. ഉച്ചയ്ക്ക് ശേഷമുള്ള ട്രെയിന്‍യാത്ര സുഖപ്രദവും ഏറ ആസ്വാദ്യകരമായി എന്നത് സത്യം. ബസ്സിലെ യാത്ര ഏകദേശം മൂന്നര മണിക്കൂര്‍ എടുക്കും എന്ന് മാത്രമല്ല പരസ്പരം കണ്ട് സംസാരിച്ചിരിക്കാന്‍ പറ്റുകയുമില്ല. കൂടെ യാത്രചെയ്ത വ്യക്തി മുകേഷ് എന്ന ഹിന്ദി ഗായകന്‍ കൂടിയായത് ഏറെ വിനോദപ്രദമായി. അദ്ദേഹത്തിന്റെ ആലാപനം കേള്‍ക്കുകയും ഒപ്പം പാടുകയും ചെയ്തുകൊണ്ടുള്ള ആ രണ്ടരമണിക്കൂര്‍ യാത്ര മനസ്സിലിപ്പോഴും ഒളിമങ്ങാത്ത ഓര്‍മ്മയായി ഞാന്‍ സൂക്ഷിക്കുന്നു.

ഒരു മുന്‍വിധികളും ഇല്ലാത്ത സൗഹൃദം ഞങ്ങളുടെ ഇടയില്‍ ഉടലെടുത്തു എന്നത് ഏതോ മുജന്മ പരിചയം ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു എന്ന പ്രതീതി ഉളവാക്കി. ഇപ്പോഴും ഫോണില്‍ വിളിക്കാറുണ്ട് മുകേഷ് എന്ന ആ അനുഗ്രഹീത ഗായകന്‍. 

മൂകാംബിക റോഡ് സ്റ്റേഷനില്‍നിന്നും കൊല്ലൂരിലേക്ക് നാല്‍പത്തിരണ്ട് കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. അതു കൊണ്ട് തന്നെ കേരളത്തിന്‍ നിന്നു വരുന്ന യാത്രികര്‍ക്ക് ഈ സ്റ്റേഷന്‍ മൂകാംബികാ ക്ഷേത്രത്തില്‍നിന്നും ഏറ്റവും അടുത്തുള്ളതാണ്. മൂകാംബിക റോഡില്‍ ഇറങ്ങി അല്‍പ്പം വിലപേശലിന് ശേഷം ഒരു വലിയ ഓട്ടോറിക്ഷയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഞങ്ങള്‍ അഞ്ച് പേര്‍ മുന്നൂറ്റിയന്‍പത് രൂപാ നിരക്ക് നിജപ്പെടുത്തി യാത്ര ആരംഭിച്ചു.

യാത്രയുടെ ഏറിയ പങ്കും മൂകാംബികാ വന്യജീവി സങ്കേതത്തിലൂടെ ആയതിനാല്‍ മനുഷ്യവാസമില്ലാത്ത വനമേഖലയിലൂടെ ആയിരുന്നു പ്രയാണം. ആനയുടെ അഭാവം മൂലം ഈ മേഖലയിലൂടെയുള്ള യാത്ര ദുഷ്‌കരമല്ല. തീര്‍ത്ഥാടകര്‍ക്ക് മൂകാംബികാ ക്ഷേത്രത്തിലേക്ക് രാത്രി വൈകിയായാലും ആശ്വാസകരമായ ഒരു എളുപ്പ വഴിയാണ് ഈ റോഡ്.

രാത്രി എട്ട് മണി കഴിഞ്ഞിരുന്നു ഹോട്ടലില്‍ എത്തിയപ്പോള്‍. അന്ന് അവിടെ വിശ്രമിച്ചു. രാവിലെ സൗപര്‍ണ്ണിയില്‍ മുങ്ങിക്കളിച്ച ശേഷം ക്ഷേത്രദര്‍ശനം നടത്തി. തിരക്ക് കുറവായതിനാല്‍ ആനന്ദപ്രദവും സുഖകരവുമായ ഒരു പ്രഭാതം ആയി അത് മാറി.

രാവിലെ അല്‍പ്പം വൈകിയാണെങ്കിലും രണ്ടായിരത്തി അഞ്ഞൂറു രൂപാ കൊടുത്ത് ജീപ്പ് വാടകയ്ക്കെടുത്ത് കുടജാദ്രിയിലേക്ക് തിരിച്ചു. റോഡിന്റെ അവസ്ഥയില്‍ വളരെയേറെ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും കുടജാദ്രിയോടടുക്കുന്ന അവസാനത്തെ പതിനഞ്ച് കിലോമീറ്റര്‍ തീര്‍ത്തും ദുര്‍ഘടമായിരുന്നു. ആദ്യമായി ഇവിടെ വന്നപ്പോള്‍ നടത്തിയ ജീപ്പ് യാത്ര കിടിലം കൊള്ളിക്കുന്ന ഒന്നായിരുന്നു. അത് വച്ച് നോക്കിയാല്‍ ഇത് എത്രയോ ഭേദം.

വനമേഖലയിലൂടെയുള്ള റോഡ് നിര്‍മ്മാണത്തിന് സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതിനാല്‍ ടാറിട്ട റോഡിന്റെ അഭാവം യാത്ര തികച്ചും ദുഷ്‌കരമാക്കുന്നു. ജീപ്പ് ഡ്രൈവറുമാരുടെ സംഘടന സ്വന്തം ചെലവില്‍ റോഡില്‍ മണ്ണ് ഇട്ട് കുഴികളും പാറകളും മൂടുന്നത് കാണാമായിരുന്നു.

ഭാരതത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ജോഗ് ഫാള്‍സ് കുടജാദ്രിയിലേക്കുള്ള പാതയില്‍നിന്നും തൊണ്ണൂറ് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്നു. കുടജാദ്രിയില്‍ എത്തുമ്പോള്‍ സമയം പതിനൊന്നര കഴിഞ്ഞിരുന്നു.

രണ്ട് മണിക്കകം ജീപ്പിനടുത്തു എത്തണമെന്നായിരുന്നു നിര്‍ദ്ദേശം. സമയ പരിധികഴിഞ്ഞുള്ള ഓരോ മണിക്കൂറിനും നൂറു രൂപാ അധികം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. കുടജാദ്രിയില്‍ രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ട്. ഒന്ന് താഴ്ന്ന ജാതിയില്‍പ്പെട്ടവരുടെയും മറ്റേത് ഉയര്‍ന്ന കുലത്തില്‍പ്പെട്ടവരുടെയുമാണ്. ഇവര്‍ തമ്മിലുള്ള മത്സരം സ്വന്തം മേന്മ കൂട്ടി പറഞ്ഞ് പണം കൊയ്യാനുള്ള ഒന്നാണ് എന്നുള്ളത് അവരുടെ സംഭാഷണം അല്‍പ്പനേരം ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

എന്തൊക്കെയായാലും കുടജാദ്രിയിലൂടെ ഉള്ള പദയാത്ര എപ്പോഴത്തെയും പോലെ മറക്കാനാകാത്ത ഒരു അനുഭവമായി. ശങ്കരാചാര്യര്‍ മൂകാംബിക ദേവിയെ ദര്‍ശിച്ചതായി പറയപ്പെടുന്ന സര്‍വ്വജ്ഞപീഠവും ഇതിന് പിന്നിലുള്ള ദുര്‍ഘടമായ മലചെരുവിലൂടെ ഇറങ്ങുമ്പോള്‍ എത്തുന്ന ചിത്രമൂല ഗുഹയും മനസ്സിനും ശരീരത്തിനും നവോന്മേഷം ഏകുന്നു.

എന്നെ ഏറെ ദുഃഖിപ്പിച്ച കാര്യം ചിത്രമൂല ഗുഹയുടെ മുന്നില്‍ കാണപ്പെട്ട പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളുടെ കൂമ്പാരവുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യയൊടൊപ്പം വിവാഹശേഷം നടത്തിയ കുടജാദ്രിയാത്രയില്‍ ഞങ്ങള്‍ ഇവിടെവരെ മലചെരുവിലൂടെ ഇറങ്ങി വന്നിരുന്നു. അന്ന് ഇവിടെ തപസ്സനുഷ്ഠിച്ചിരുന്ന ഒരു സന്യാസിയെ കണ്ടു. അപ്പോള്‍ അനുഭവിച്ച ദൃശ്യഭംഗിയോ മാനസിക സംതൃപ്തിയോ ഇത്തവണ ലഭ്യമായില്ല എന്നത് പരിസ്ഥിതി മലിനീകരണം എന്ന ദുര്‍ഭൂതം ഇവിടെയും കടന്നു വന്നത് മൂലമായിരുന്നു എന്ന സത്യം ദുഃഖത്തോടെ ഞങ്ങള്‍ മനസ്സിലാക്കി.

ഏതായാലും തിരിച്ചുള്ള കാല്‍ നടയാത്രയില്‍ ഏറെ സന്തോഷം നല്‍കിയ ദൃശ്യാനുഭവങ്ങള്‍ ആശ്വാസമേകി. ചിത്രശലഭങ്ങളുടെ കൂട്ടവും, പച്ചപ്പും നീലിമയും കലര്‍ന്ന കുന്നിന്‍ചെരുവകളും, കാട്ടരുവികളും ഹൃദ്യമായ ശ്രവ്യ ദൃശ്യ വിരുന്നൊരുക്കി.

ഒരു മണിക്കൂര്‍ വൈകി എത്തിയതിനാല്‍ ഡ്രൈവര്‍ക്ക് തിരികെ കൊല്ലൂരിലെത്തിയപ്പോള്‍ നൂറു രൂപ അധികം നല്‍കേണ്ടി വന്നു. ഏതായാലും അയാളുടെ പരിചയത്തിലുള്ള ഒരു ടൂറിസ്റ്റ് ടാക്സിയില്‍ സാധാരണ നിജപ്പെടുത്തിയ വാടകയില്‍ നിന്നും കുറവ് ചെയ്ത് മുരുദ്ദ്വേശ്വറിലേക്ക് അന്ന് വൈകിട്ട് തന്നെ യാത്ര തിരിക്കാന്‍ തീരുമാനിച്ചു. പുറപ്പെടുമ്പോഴേക്കും സമയം നാല് മണി കഴിഞ്ഞിരുന്നു. മുരുദ്ദ്വേശ്വരിലെ സൂര്യാസ്തമയം മനോഹരമായ കാഴ്ചയാണ് എന്ന അറിയാമായിരുന്നതുകൊണ്ട് കുറച്ച് വേഗത കൂട്ടാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു.

സൂര്യന്‍ താഴെയ്ക്കുള്ള പ്രയാണം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഏതായാലും വഴിനീളെ വിണ്ണിലെ വലിയ സിന്ദൂരപ്പൊട്ട് പോലെ ആഴിയില്‍ അലിഞ്ഞ് ചേരാന്‍ വെമ്പുന്ന സൂര്യനെ ഞങ്ങള്‍ക്ക് തോല്‍പ്പിക്കാനായില്ല. മുരുദ്ദ്വേശ്വരില്‍ എത്തുന്നതിനുമുന്‍പേ ചുവന്ന സൂര്യന്‍ കടല്‍പരപ്പിലേക്ക് പടരുകയായിരുന്നു. മുരുദ്ദ്വേശ്വരി നെക്കാളും ദൃശ്യഭംഗി വഴിനീളെ ഞങ്ങള്‍ക്കേകികൊണ്ടാകാം സൂര്യന്‍ യാത്രയായത്.

മുരുദ്ദ്വേശ്വറിലെ പ്രധാന ആകര്‍ഷണം അവിടെ സ്ഥിതി ചെയ്യുന്ന ഭീമാകാരമായ ശിവപ്രതിഷ്ഠയാണ്. ഉത്തര കന്നഡ ജില്ലയിലെ ഭട്കല്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണ് മുരുദ്ദ്വേശ്വര്‍. ശിവന്റെ മറ്റൊരു പേര് തന്നെയാണ് മുരുദ്ദ്വേശ്വര്‍. രാവണനുമായി ബന്ധപ്പെട്ട ഒരു രസകരമായ കഥ മുരുദ്ദ്വേശ്വറിനെ രാമായണവുമായി ബന്ധിപ്പിക്കുന്നു.

ദേവന്മാര്‍ അമരത്വം കൈവരിക്കാന്‍ ആത്മലിംഗത്തെ ആരാധിക്കാറുണ്ടായിരുന്നു. ഇതറിഞ്ഞ രാവണന്‍ ആത്മലിംഗം ലഭിക്കാന്‍ പരമശിവനെ ധ്യാനിച്ചു. രാവണന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതനായ ശിവന്‍, ആത്മലിംഗം ലങ്കയില്‍ എത്തുന്നത് വരെ താഴെ വയ്ക്കരുതെന്ന നിബന്ധനയോടെ രാവണന് നല്‍കി. ഇതറിഞ്ഞ നാരദന്‍ ആത്മലിംഗം കൈവശപ്പെടുത്തിയ രാവണന്‍ ലങ്കയില്‍ തിരികെയെത്തിയാല്‍ സര്‍വ്വനാശം വിതക്കും എന്ന് ഭയന്ന് ഗണപതി ഭഗവാനെ സമീപിച്ചു.

പരമഭക്തനായ രാവണന്‍ ദിവസവും വൈകുന്നേരം പ്രാര്‍ത്ഥനയ്ക്കായി സമയം ചിലവഴിക്കുന്നുണ്ടെന്നറിഞ്ഞ ഗണേശന്‍ രാവണന്‍ ഗോകര്‍ണ്ണത്തെത്തിയപ്പോള്‍ ഒരു ബ്രാഹ്മണന്റെ വേഷത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ടു. നേരം സന്ധ്യയായതിനാല്‍ പ്രാര്‍ത്ഥിക്കാനായി രാവണന്‍ ഒരുങ്ങി. അപ്പോഴാണ് ആത്മലിംഗം എവിടെ വയ്ക്കും എന്ന ആശങ്കയിലായത്. സമീപത്തുനിന്ന ബ്രാഹ്മണ വേഷധാരിയായ ഗണപതിയോട് ആത്മലിംഗം നിലത്ത് വെയ്ക്കാതെ പ്രാര്‍ത്ഥന തീരും വരെ കൈയില്‍ പിടിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഗണപതി അത് സമ്മതിച്ചു. ഇതോടൊപ്പം മൂന്ന് പ്രാവിശ്യം രാവണനെ പേര് വിളിക്കുമെന്നും വിളി കേള്‍ക്കാത്ത പക്ഷം ആത്മലിംഗം താഴെ വയ്ക്കുമെന്നും നിബന്ധന വച്ചു.

പ്രാര്‍ത്ഥന കഴിഞ്ഞ് തിരികെ എത്തിയ രാവണന്‍ ആത്മലിംഗം താഴെയിരിക്കുന്ന കാഴ്ചയാണ് കണ്ടത്. ക്രൂദ്ധനായ രാവണന്‍ ആത്മലിംഗം പല കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു. ഇതില്‍ ആത്മലിംഗം മൂടിയിരുന്ന വസ്ത്രം വലിച്ചെറിഞ്ഞപ്പോള്‍ വീണ സ്ഥലമാണത്രെ മുരുദ്ദ്വേശ്വര്‍.
രണ്ട് കടലോരങ്ങള്‍ ആണ് ഇവിടെയുള്ളത്. മീന്‍പിടുത്തക്കാര്‍ക്ക് മാത്രമായി ഒരു കടല്‍ പുറവും, മറ്റൊന്ന് പ്രശാന്ത സുന്ദരമായ തിരമാലകള്‍ തീരെയില്ലാത്ത ഒരു കടലോരവും. ഈ കടല്‍പുറത്ത് ഇരുപത് നിലയുള്ള ഒരു ഗോപുരവും ഒരു ക്ഷേത്ര സമുച്ചയവും സ്ഥിതി ചെയ്യുന്നു. ഈ ഗോപുരത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെത്താന്‍ ലിഫ്റ്റും പടവുകളും ഉണ്ട്. ഇപ്പോള്‍ ഇത് ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞു. എന്‍. ഷെട്ടി എന്ന ഒരു വ്യവസായി ആണ് ഇതിന്റെ ശില്‍പ്പിയും ഉടമയും.

പുതുമയും പഴമയും പ്രകൃതിയുമായി ഇഴുകിചേരുന്ന ഒരു പ്രത്യേക അനുഭൂതി ഈ ടൂറിസ്റ്റ് കേന്ദ്രം പ്രദാനം ചെയ്യുന്നു എന്ന് പറയാതെ വയ്യ.  
അടുത്ത ദിവസം ഒന്നുകൂടി സൗപര്‍ണ്ണികയില്‍ നീന്തിതുടിച്ച ശേഷം ക്ഷേത്രദര്‍ശനവും കഴിഞ്ഞ് മംഗലാപുരത്തേക്ക്. അവിടെനിന്നും രാത്രി വണ്ടിയില്‍ തിരുവനന്തപുര്ത്തേക്കുള്ള മടക്കയാത്രയില്‍ പല ചിന്തകള്‍ കടന്നുവന്നു. അതില്‍ എന്നെ ഏറ്റവും സ്വാധീനിച്ചത് ''ഓരോ യാത്രാനുഭവവും എത്രമാത്രം വ്യത്യസ്തമാണ് എന്ന സത്യമായിരുന്നു. ഓരോ മനുഷ്യനെയും പോലെ.''

Mookambika, Kudajadri, Mudrudeshwar travelogue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES