Latest News

ഡെക്കാൺ പീഠഭൂമിയിലെ ചെറുനഗരം; ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന കേന്ദ്രം; കരകൗശല കലകളുടെ ആസ്ഥാന കേന്ദ്രം; ബീദറിലേക്കുള്ള ഒരു യാത്രാനുഭവം

Malayalilife
ഡെക്കാൺ പീഠഭൂമിയിലെ ചെറുനഗരം; ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന കേന്ദ്രം; കരകൗശല കലകളുടെ ആസ്ഥാന കേന്ദ്രം; ബീദറിലേക്കുള്ള ഒരു യാത്രാനുഭവം

മേഘരഹിതമായ നീലാകാശത്ത് സൂര്യൻ കത്തിജ്വലിക്കുന്നുണ്ടെങ്കിലും വേനലാരംഭത്തിലെ വെയിലിന് കാഠിന്യം കുറവാണ്. ആകാശത്ത് വട്ടം ചുറ്റുന്ന ഫൈറ്റർ ജറ്റുകളുടെ ഇരമ്പൽ. അതിൽ മുങ്ങിപ്പോകുന്നു നഗരശബ്ദങ്ങളൊക്കെയും. ഒരു നിമിഷം, ആ ഗർജ്ജനത്തിനു കാതോർക്കാതെ, റോഡിലൂടെ പായുന്ന വാഹനങ്ങൾ അന്തരീക്ഷത്തിലേക്ക് പടർത്തുന്ന പൊടിപടലങ്ങൾ അവഗണിച്ച്, കണ്ണുകളടച്ച് മനസ്സ് ഏകാഗ്രമാക്കിയാൽ കേൾക്കാം, ഓർമ്മകളുടെ മർമ്മരങ്ങൾ. ഇത് ബീദർ, സ്മാരകങ്ങൾ നിമന്ത്രിക്കുന്ന നഗരം (ദി സിറ്റി ഓഫ് മർമറിങ് ടോംബ്‌സ്) എന്ന് വിളിപ്പേരുള്ള, ഉത്തര കർണ്ണാടകയിലെ ഒരു ചെറു നഗരം.

ഡെക്കാൺ പീഠഭൂമിയിലെ ഈ ചെറുനഗരത്തിന് പറയുവാൻ ഏറെക്കഥകളുണ്ട്, പുസ്തകത്താളുകളിൽ കുറിക്കപ്പെട്ട ചരിത്രവും വാമൊഴിയായി പകർന്നുകിട്ടിയ ഐതിഹ്യവും. ബീദരി വർക്ക്‌സ് എന്ന പേരിൽ ലോകപ്രസിദ്ധമായ കരകൗശലകലയുടെ ആസ്ഥാനമായ ഈ ചെറുനഗരം പണ്ട് വിദർഭാ രാജ്യമായിരുന്നത്രെ! മാളവികാഗ്നിമിത്ര, മഹാഭാരതം മഹാഭാഗവതം എന്നിവയുൾപ്പടെ പല പുരാണേതിഹാസങ്ങളിലും പരാമർശിക്കപ്പെട്ട വിദർഭ രാജ്യം. വിദർഭയാണത്രെ പിന്നീട് ബീദർ ആയത്.

ധർമ്മാധർമ്മങ്ങളെ തലനാരിഴകീറി വിചിന്തനം നടത്തിയ, മഹാജ്ഞാനിയായ വിദുരർ ജീവിച്ചിരുന്നതും ഇവിടെയായിരുന്നത്രെ! വിദുരപുരി പിന്നീട് ബീദറായി ലോപിച്ചെന്നും പറയപ്പെടുന്നു. കാല്പനികത ചിറകുവിരുത്തിപ്പറക്കുന്ന ബീദറിലായിരുന്നത്രെ നളദമയന്തിമാരുടെ രഹസ്യ സമാഗമം നടന്നിരുന്നത്. ഹോട്ടൽ മയൂരയിലെ ഇരുന്നൂറ്റി പതിനാറാം നമ്പർ സ്യുട്ടിൽ, ഒരു പുരുഷായുസ്സ് മുഴുവനുംകൊണ്ട് അനുഭവിക്കാനാകാത്തത്ര അനുരാഗം നെഞ്ചത്തേറ്റുവാങ്ങുമ്പോൾ ആരോ കാതിൽ അടക്കം പറഞ്ഞു, ഇതാണ് ബീദറിന്റെ മാസ്മരികത. കാലത്തിനും തകർക്കാനാകാത്ത പ്രണയത്തിന് വിത്തുപാകിയ ബീദറിന്റെ മാന്ത്രിക സ്പർശം.

ജനൽ കർട്ടനൊരല്പം മാറ്റി നോക്കിയാൽ തെളിഞ്ഞ ആകാശത്ത് പൂർണ്ണചന്ദ്രനെ കാണാം. ജനൽപ്പാളികളുടെ വിടവിലൂടെ തഴുകാനെത്തുന്ന ഇളംകാറ്റിനൊപ്പം, ഏറെ ദൂരെയല്ലാതുള്ള ഗുരുദ്വാരയിൽ നിന്നും ഒഴുകിയെത്തുന്ന ഗുരു നാം ജപോ എന്ന ഭക്തിഗാനം. ഗുരു നാനാക് ഝിറാ സാഹിബ് ഗുരുദ്വാര. സിക്ക് മതസ്ഥാപകനായ ഗുരുനാനാകിന്റെ അമാനുഷിക ശക്തി പ്രകടമായ രണ്ടാമത്തെ ഗുരുദ്വാരയാണിത്. ആദ്യത്തേത്, ഇന്നത്തെ പാക്കിസ്ഥാനിലുള്ള പുഞ്ചാസാഹിബ് ഗുരുദ്വാരയും. അതു തന്നെയാണ് സിക്ക് തീർത്ഥാടനത്തിൽ ബീദറിനുള്ള പങ്ക്. എല്ലാ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടം സന്ദർശിക്കുന്നത്. എല്ലാ മതക്കാർക്കും പ്രവേശനമുള്ള ഇവിടെ വരുന്നവർക്കെല്ലാം ഭക്ഷണവും സൗജന്യമാണ്.

തന്റെ ദക്ഷിണേന്ത്യൻ പര്യടനവേളയിൽ, മഹാരാഷ്ട്രയിൽ നിന്നും ഹൈദരാബാദിലെത്തിയ ഗുരു നാനാക് ജി പിന്നീട് ബീദറിൽ എത്തിയത്രെ. ഇന്ന് ഗുരുദ്വാര നിൽക്കുന്നതിനടുത്തായി, മുസ്ലിം ഫക്കീർമാർ താമസിച്ചിരുന്ന സ്ഥലത്തിനടുത്തായി അദ്ദെഹം കുറേ നാൾ താമസിച്ചു ധർമ്മോപദേശം നൽകിവന്നിരുന്നു. ഉത്തരേന്ത്യയിൽ നിന്നെത്തിയ ഗുരുവിനെ കുറിച്ചുള്ള വാർത്ത അതിവേഗം പരക്കുകയും നിരവധി സ്ഥലവാസികൾ അദ്ദേഹത്തെ ദർശിക്കുവാൻ എത്തുകയും ചെയ്തു.

അന്ന് ബീദർ കനത്ത വർൾച്ച നേരിടുകയായിരുന്നു. എങ്ങും വരണ്ടുണങ്ങി, എത്ര ആഴത്തിൽ കിണർ കുത്തിയാലും വെള്ളം ലഭിക്കാത്ത അവസ്ഥ. ഗ്രാമവാസികൾ ഗുരുവിനോട് കഷ്ടപ്പാടുകൾ ഉണർത്തിക്കുന്നു.അദ്ദേഹം സമീപത്തുള്ള സാമാന്യം വലിയൊരു പാറ, സത്കർത്താർ ഉരുവിട്ടുകൊണ്ടു തള്ളിനീക്കി. അതിനടിയിൽ നിറയെ വെള്ളാരം കല്ലുകൾ. തന്റെ ചന്ദനമെതിയടികൊണ്ട് അദ്ദേഹം അവയെല്ലാം ഒരു വശത്തേക്ക് ഒതുക്കിവച്ചു. ഒരു നിമിഷം. എല്ലാവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട്, ഊഷരഭൂമിയുടെ ഗർഭത്തിൽ നിന്നും തണുത്ത തെളിനീര് പുറത്തേക്ക് ഒഴുകാൻ തുടങ്ങി. അമൃതകുണ്ഡമെന്ന പേരിൽ, ഈ തെളിനീരുറവയുടെ ഉദ്ഭവസ്ഥാനം ഇന്നും അവിടെയുണ്ട്. തീർത്ഥാടകരായി എത്തുന്നവർ ആ പുണ്യജലം കുപ്പികളിലും മറ്റും ശേഖരിച്ചുകൊണ്ടുപോകുന്നു.

കാല്പനികതയും ഐതിഹ്യങ്ങളും കൈകൊർത്ത് പിടിച്ച് തൊട്ടിലാട്ടി വളർത്തിയബീദറിലെ മറ്റൊരു ആകർഷണമാണ് ജല നരസിംഹ സ്വാമി ക്ഷേത്രം. ഏതാണ്ട് അര കിലോമീറ്ററോളം നീളമുള്ള, നെഞ്ചോളം വെള്ളമുള്ള ഒരു ഇടുങ്ങിയ ഗുഹയിലൂടെ നടന്നു പോയി വേണം ക്ഷേത്ര ദർശനം നടത്താൻ.  സന്ദർശകരെ, ശ്രീകോവിലിനു മുന്നിലിരുത്തി പൂജ ചെയ്യും. ഭക്തരാണ് പുഷ്പ സമർപ്പണവും ആരതിയുമെല്ലാം ചെയ്യുന്നത്. ആരതി കഴിഞ്ഞ്, തീർത്ഥം ഇറ്റിച്ചുതരുമ്പോൾ പൂജാരി കഥ പറഞ്ഞു.

ജലാസുരൻ വലിയ ക്രൂരനായിരുന്നത്രെ. ഇന്നത്തെ ബീദറിലെ മലനിരകളിൽ മനുഷ്യരേയും മാനുകളേയും വേട്ടയാടി നടന്ന ഒരു അസുരൻ. ഹിരണ്യകശിപു വധം കഴിഞ്ഞിട്ടും ഒടുങ്ങാത്ത കോപവുമായി നരസിംഹസ്വാമി എത്തിയതും ഈ മലനിരകളിൽ. മനസ്സ് ശാന്തമാക്കാൻ ഒരല്പനേരം അവിടെ ഇരുന്ന ഭഗവാന്റെ മുഖത്തെ പ്രഭകണ്ട് ആകൃഷ്ടനായ ജലാസുരൻ മാനസാന്തരം വന്ന് ഭഗവാനെ വാഴ്‌ത്തിപ്പാടി കോപമകറ്റി പോലും. സന്തുഷ്ടനായ ഭഗവാൻ വരമെന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ, ഭഗവാന്റെ പേരിനു മുന്നിലായി എന്റെ പേര് അറിയപ്പെടണം എന്ന വരമാണത്രെ ജലാസുരൻ ചോദിച്ചത്. 

സംപ്രീതനായ നരസിംഹ സ്വാമി, ജലാസുരന് മോക്ഷം നൽകുകയും അയാളുടെ ഭൗതിക ശരീരം നീളമുള്ള ഒരു ജലവാഹിനിയായി രൂപാന്തരം വരുത്തി താൻ ഇരുന്ന പാറക്കു മുന്നിലായി വച്ചു. അതാണ് ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാനുള്ള ഏക മാർഗ്ഗമായ, നെഞ്ചോളം ജലം നിറഞ്ഞ ഗുഹ. എന്നിട്ട് ഭഗവാൻ അരുളിച്ചെയ്തു, ഇനി മുതൽ അദ്ദേഹം അവിടെ ജല നരസിംഹ സ്വാമി എന്നറിയപ്പെടുമെന്ന്. 

പാപനാശം ശിവക്ഷേത്രത്തിലെ സായാഹ്നം ഭക്തി നിർഭരം മാത്രമല്ല, ഒരല്പം പ്രണയവും മനസ്സിലുണർത്തും. ആരതിയും അഭിഷേകവും കഴിഞ്ഞ്, ക്ഷേത്രാങ്കണത്തിലെ സിമന്റ് ബഞ്ചിലിരുന്നാൽ അങ്ങകലെയായി ഗോദാവരിയുടെ പോഷകനദിയായ മഞ്ചീര നദി കാണാം. ഒപ്പം, മലനിരകളിലെ പൂങ്കാവനങ്ങളെ തഴുകിയെത്തുന്ന കുളിർക്കാറ്റിന്റെ സുഗന്ധവും ആസ്വദിക്കാം. 

മുപ്പതോളം സ്മാരകങ്ങൾ നിറഞ്ഞ ബീദർ കോട്ട. ഗുല്ബർഗയിൽ നിന്നും ബീദറിലേക്ക് രാജ്യതലസ്ഥാനം മാറ്റിയ ബാമിനി സുൽത്താൻ, അലാവുദ്ദീൻ ബാമൻ 1427 ലാണ് അദ്യമായി ഇത് പണികഴിപ്പിച്ചത്. പിന്നീട് ഇവിടം ഭരിച്ച മുഗളന്മാരും നിസാമുമെല്ലാം ഇത് ചില രൂപഭേദങ്ങൾ വരുത്തി സൂക്ഷിച്ചു. ഒരു മുസ്ലിം രാജവംശത്തിന്റെ കോട്ടയ്ക്ക് മുന്നിൽ ചന്ദനവും കുംങ്കുമവും അണിഞ്ഞ്, പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച ഒരു കല്ല് പ്രത്യേക ശ്രദ്ധയാകർഷിക്കും. പാദാകൃതിയിലുള്ള ആ കല്ല് ഇന്നും ദിവസേന പൂജിക്കപ്പെടുന്നു. ഐതിഹ്യങ്ങൾ ഉറങ്ങുന്ന ബീദറിൽ, അവിടത്തെ ഭരണസിരാകേന്ദ്രമായിരുന്ന കോട്ടക്ക് മാത്രമായി അതിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ലല്ലോ. ഇന്നും ആയിരക്കണക്കിന് ഭക്തർ സന്ദർശിക്കുന്ന ഈ പാദാകൃതിയിലുള്ള ശിലയുടെ ഐതിഹ്യം, വിഷ്ണുവിന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന പാണ്ഡുരംഗ വിട്ടലയുമായി ബന്ധപ്പെട്ടതാണ്.

സുൽത്താന്റെ കലവറ സൂക്ഷിപ്പുകാരനായിരുന്ന ദാമാജി പാന്ത്, പാണ്ഡുരംഗ വിട്ടലയുടെ ഭക്തനായിരുന്നു. ഈശ്വരമാർഗത്തിലൂടെ ചരിച്ചിരുന്ന അദ്ദേഹം ജനങ്ങൾക്കും പ്രിയപ്പെട്ടവനായിരുന്നു. ഒരിക്കൾ രാജ്യം കടുത്ത ക്ഷാമത്തെ നേരിട്ടു. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ വലഞ്ഞ സാധാരണക്കാർക്ക് മുന്നിൽ അദ്ദേഹം കൊട്ടാരത്തിലെ കലവറ തുറന്നു കൊടുത്തു. കലവറയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധങ്ങൾ ജനങ്ങൾ ഭക്ഷിക്കുന്നതറിഞ്ഞ് കോപിഷ്ഠനായ സുല്ത്താൻ പാന്തിനെ മുന്നിൽ വരുത്തി കാര്യമാരാഞ്ഞു.

''അവർ രാജാവിൽ നിന്നും കടം വാങ്ങുന്നു എന്നു മാത്രം. അതിന്റെ പണം അവർ ഉടൻ തന്നെ തരും.'' ശാന്തനായി അദ്ദേഹം ഉണർത്തിച്ചു. ഇത് സുൽത്താനെ കൂടുതൽ കോപിഷ്ഠനാക്കി. ഭക്ഷിച്ച ധാന്യങ്ങളുടെ വില തന്നു തീർക്കുന്നതുവരെ അദ്ദേഹത്തെ കോട്ടവാതിലിൽ നിർത്താൻ സുൽത്താൻ ഉത്തരവിട്ടു.

ഭക്ഷണവും ജലവുമില്ലാതെ കോട്ടവാതിലിൽ നിന്ന് ദാമാജി പാന്ത് പാണ്ഡുരംഗനെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. സൂര്യോദയത്തിനു ശേഷം, ഇരുൾപ്പരക്കുന്നതിന് തൊട്ടുമുൻപായി പാണ്ഡുരംഗ അവിടെയെത്തി. ഒരു കാൽ കോട്ടക്ക് മുന്നിൽ ഉറപ്പിച്ച്, കൊട്ടാരം കലവറയിൽ നിന്നും എടുത്ത ധാന്യത്തിനു പകരമായ സ്വർണ്ണനാണയങ്ങൾ പാന്തിനു മുന്നിൽ ചൊരിഞ്ഞ് ഉടൻ തന്നെ അവിടെ നിന്നും കുതിച്ചുയർന്നുവത്രെ!

ഷാഹാഗഞ്ച് മാർക്കറ്റിരിക്കുന്നതിനടുത്തായി, മറ്റേക്കാലും ഊന്നി, ഭഗവാൻ ആകാശത്തേക്ക് കുതിച്ചുയർന്നുവത്രെ! ഈ ഭഗവദ് പാദങ്ങളാണ് ഇന്നും കോട്ടക്ക് മുന്നിൽ പൂജിക്കപ്പെടുന്നത്. പാണ്ഡുരംഗ ജയന്തിക്ക് ആയിരക്കണക്കിന് ഭക്തർ, മഹാരാഷ്ട്രയിൽ നിന്നും കർണ്ണാടകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഗോവയിൽ നിന്നുമൊക്കെ വൻ ഘോഷയാത്രയായി ഇവിടെ എത്തിച്ചേരാറുണ്ട് ഇന്നും.

The city of murmuring dobbs feature by ravikumar ambadi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES