വിസ്മയങ്ങളായ കാഴ്ചകളും അനുഭവങ്ങളും തേടി ഞാനും എന്റെ അനിയന്‍ പ്രവീണും പിന്നെ രാഹുലും ഒന്നിച്ചു ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടടുത്ത് പ്രവീണിന്റെ ഓള്‍ട്ടോ കാറില്‍ യാത്ര തുടങ്ങി.. ഏകദേശം 5.30 മണിയോടെ ഞങ്ങള്‍ വടക്കഞ്ചേരി പിന്നിട്ടു .. വടക്കഞ്ചേരിയില്‍ നിന്നും നെന്മാറ റൂട്ടിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. നെന്മാറ എത്തിയപ്പോള്‍ 6 മണി കഴിഞ്ഞിരുന്നു. നെന്മാറ കഴിഞ്ഞാല്‍ എടിഎം സേവനം ഒന്നും ലഭ്യമല്ല കാനന ശീതളമായ വനത്തിലെക്കാണ് നമ്മള്‍ എത്തി പെടുന്നത്. ഞങ്ങള്‍ക്ക് റിസോര്‍ട്ടുമായി ബന്ധപെടാന്‍ ഉള്ള ആകെ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ നമ്പര്‍ ആണെങ്ങില്‍ പരിധിക്കു പുറത്തു എന്ന സന്ദേശം മാത്രം നല്‍കി കൊണ്ടിരുന്നു. പ്രതീക്ഷ കൈ വിടാതെ ഞങ്ങള്‍ മുന്‍പോട്ടു തന്നെ കുതിച്ചു .പോത്തുണ്ടി ഡാം കഴിഞ്ഞു ചെക്ക് പോസ്റ്റ് എത്തിയപ്പോള്‍ മിസ്ടി വാലി റിസോര്‍ട്ടിലെ ഞങ്ങളുടെ മധു ചേട്ടന്റെ കാള്‍ വന്നു. രാത്രി ആയാല്‍ വനം വകുപ്പിന്റെ അനുവാദം കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു . ഭാഗ്യം കൊണ്ട് ഞങ്ങള്‍ അപ്പോഴേക്കും ചെക്ക് പോസ്റ്റ് പിന്നിട്ടിരുന്നു .
പോത്തുണ്ടിയില്‍ നിന്നും നെല്ലിയാമ്പതി വരെ 22 കിലോമീറ്റര്‍ ആണ് .സൂര്യനെ ഭൂമി തന്റെ കാമുകനായ ചന്ദ്രനില്‍ നിന്നും മറച്ചു പിടിക്കുന്ന സന്ധ്യയില്‍ സ്വര്‍ണ വര്‍ണ്ണങ്ങളാല്‍ തിളങ്ങുന്ന പോത്തുണ്ടി ഡാം ഒരു പ്രണയിനിയുടെ മന്ദസ്മിതത്താല്‍ നമ്മളെ മാടി വിളിക്കുന്നു..
കോടമഞ്ഞും ചെറിയ ചാറ്റല്‍ മഴയും വളവുകളും തിരിവുകളും നിറഞ്ഞ മലംപാതയെ മനോഹരമാക്കുന്നു . ഇരുട്ടിന്റെ നേര്‍ത്ത കറുപ്പ് അങ്ങിങ്ങായി പടര്‍ന്നു തുടങ്ങിയിരുന്നു ഞങ്ങള്‍ 7 മണിയോടെ നെല്ലിയാമ്പതിയില്‍ എത്തിച്ചേര്‍ന്നു. മധു ചേട്ടന്‍ പറഞ്ഞത് പോലെ കാര്‍ ഒരു ഹോട്ടലില്‍ പാര്‍ക്ക് ചെയ്തു ഇനി ഒരു ജീപ്പ് സംഘടിപ്പിക്കണം.. ഇനി അങ്ങോട്ട് 13 കിലോമീറ്റര്‍ കൊടും കാടാണ് പോരാത്തതിനു കഠിനമായ കയറ്റങ്ങളും ഇറക്കങ്ങളും ഉരുളന്‍ കല്ലുകള്‍ നിറഞ്ഞു കിടക്കുന്നതുമായ കാട്ടു പാതയിലൂടെ വേണം യാത്ര തുടരാന്‍.
ആനമട എന്ന സ്ഥലത്താണ് ഞങ്ങളുടെ റിസോര്‍ട് ഉള്ളത് .. രാത്രിയായാല്‍ വന്യ മൃഗങ്ങള്‍ ഇറങ്ങുന്ന വഴിയാണ് അതുകൊണ്ട് പല ജീപ്പ് ഡ്രൈവെര്‌സും വരാന്‍ മടിച്ചു അപ്പോഴേക്കും ഞങ്ങളുടെ പ്രതീക്ഷക്കു അല്‍പ്പം മങ്ങലേറ്റു തുടങ്ങിയിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ രഞ്ജിത്ത് എന്ന ചെറുപ്പക്കാരന്‍ ഞങ്ങളെ കൊണ്ടുപോവാമെന്ന് സമ്മതിച്ചു. ഒരു ട്രിപ്പിനു 1000 രൂപയാണ് നല്‍കേണ്ടത് ഞങ്ങള്‍ സമ്മതിച്ചു.
ഞങ്ങള്‍ യാത്ര തുടങ്ങി ആദ്യം കുറച്ചു ദൂരം നല്ല റോഡ് ഉണ്ടായിരുന്നു. പിന്നീടു അങ്ങോട്ട് ദുര്‍ഗടമായ പാതകള്‍ ആയിരുന്നു. ഇടയ്ക്കു വച്ച് ഡ്രൈവര്‍ വണ്ടി നിര്‍ത്തി കുപ്പിയില്‍ വെള്ളം നിറച്ചു കുറച്ചകലെ മാറി നിന്ന് ഭയം എന്ന വികാരത്തെ മാറ്റുന്ന ഒരു ദ്രാവകം അകത്താക്കി ..അതോടെ ഞങ്ങളുടെ ഭയം വര്‍ധിച്ചു .. 1 കിലോമീറ്റര്‍ പിന്നിട്ടപോള്‍ ജീപിന്റെ ശബ്ദവും ചീവിടുകളുടെ ശബ്ദവും മാത്രം .ജീപ്പ് മല നിരകളെ അള്ളി പിടിച്ച് മുന്നോട്ടു പോവുമ്പോള്‍ ഞങ്ങള്‍ ആകെ ആടി ഉലഞ്ഞു കൊണ്ടിരുന്നു ബാഗും ക്യാമറയും ലെന്‍സും ഒക്കെ സൂക്ഷിക്കാന്‍ പ്രവീണ്‍ വളരെ അധികം കഷ്ടപെടുന്നുണ്ടായിരുന്നു . മുന്‍വശത്തെ സീറ്റില്‍ രാഹുലും, ഞാനും പ്രവീണും പുറകു വശത്തെ സീടിലുമായി, ആകാംക്ഷയും ഭയവും തമ്മില്‍ കലരുന്ന വിജനമായ കാട്ടുപാതയിലൂടെ ജീപിന്റെ വെളിച്ചം മുന്നോട്ടു നീങ്ങി.
ബ്രേക്ക് ല്യ്ട്ടിന്റെ പ്രകാശം ഒഴിച്ചാല്‍ പിന്നില്‍ എവിടെയും ഇരുട്ട് മാത്രം .. ഒരു വളവു തിരിഞ്ഞപ്പോള്‍ ജീപിനു പിന്നിലായി കോട മഞ്ഞിന്റെ മറവില്‍ മിന്നാമിനുങ്ങുകള്‍ കൂട്ടമായി പറന്നു നടക്കുന്നു ..പിന്നീടുള്ള വഴിയില്‍ നിറയെ മിന്നാമിനുങ്ങുകള്‍ ഞങ്ങള്‍ക്ക് വഴികാട്ടിയായ് പിന്‍തുടര്‍ന്നു. ഏകദേശം 6 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ നക്ഷത്രങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്ന പോലെ ദൂരെ കൊല്ലംകോട് എന്ന ചെറു പട്ടണം ദൃശ്യമായി .മനോഹരമായ ആ കാഴ്ച ഒരിക്കലും മായാത്ത ഒരു സ്വപ്നം പോലെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കും.
ഇനിയും പകുതി ദൂരം കൂടി പിന്നിടെണ്ട സമയത്ത് അവ്യക്തമായ ചില ശബ്ദങ്ങളും ഇരയെ തേടി നടക്കുന്ന ചെന്നായകളുടെ ഊളിയിടലുകളും കേട്ട് തുടങ്ങി. അപ്പോള്‍ ഡ്രൈവര്‍ തന്റെ പഴയ അനുഭവങ്ങളെ കുറിച്ചും ഒറ്റയ്ക്ക് തിരിച്ചുള്ള യാത്രയുടെ ഭീകരതയെ പറ്റിയും വാചാലനായി .ഒരിക്കല്‍ അദ്ധേഹത്തിന്റെ ജീപിനു പുറകെ ഓടി അടുത്ത ഒറ്റയാനെ നേരിട്ടതിന്റെ ഭയം ഇപ്പോഴും ആ വാക്കുകളില്‍ കാണാമായിരുന്നു ..സാധാരണ കാടുകളില്‍ ചെല്ലുമ്പോള്‍ വെറുതെ പറഞ്ഞു പേടിപ്പിക്കുന്ന പോലെ അല്ല ആനമടയിലെ കഥകള്‍ എന്ന് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് അധികം സമയം വേണ്ടി വന്നില്ല ..
രാഹുല്‍ പൊതുവേ നിശബ്ധനിരുന്നു. ഞാന്‍ ഒരു നേരമ്പോക്കിന് അല്ലെങ്ങില്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന് കൊണ്ട് രണ്ജിതിനോട് ചോദിച്ചു 'ഇവിടെ പുലിയുണ്ടോ ?' ഞാന്‍ ഒന്ന് പുഞ്ചിരിച്ചു .. രഞ്ജിത്തിന്റെ മറുപടി ഞങ്ങളെ വീണ്ടും ഭയത്തിന്റെ കയത്തിലേക് തളിവിട്ടു ..അയാള്‍ പറഞ്ഞു 'ഉണ്ട് .. എനിക്കും തിരിച്ച് ഒറ്റയ്ക്ക് വരാനുള്ള ഭയവും അത് കൊണ്ടാണ് ' എന്നിട്ട് തുടര്‍ന്നു.. 'കാട്ടു പോത്തുകള്‍ ഇറങ്ങുന്ന സ്ഥലമാണ് ഇവിടെ അത് കൊണ്ട് പുലി വരാനുള്ള സാധ്യതയും ഉണ്ട്. നമ്മള്‍ പുലിയെ ആദ്യം കാണുകയാണെങ്കില്‍ അത് അപകടം ആണ്' 'പുലി ആദ്യം നമ്മളെ കാണുകയാണെങ്കില്‍ അത് മാറി പോയ്‌കോളും'.
ഇനി ഒരു കയറ്റമാണ് വളഞ്ഞു തിരിഞ്ഞു കല്ലുകള്‍ നിറഞ്ഞ കയറ്റം ഒരു വശത്ത് അഗാതമായ ഗര്‍ത്തം നല്ല കോടമഞ്ഞും ജീപിന്റെ ഫോഗ് ലാമ്പുകള്‍ തെളിച്ചു രഞ്ജിത് വളരെ കഷ്ടപെടുന്നുണ്ട് ..എന്റെ ശരീരം തണുത്ത് മരവിച്ചു. തണുപ്പ് കൊണ്ടും ഭയം കൊണ്ടും ഞങ്ങള്‍ പരസ്പരം നിശബ്ദരായി ഇരുന്നു ..പെട്ടെന്ന് ജീപ്പ് ഒന്ന് നിര്‍ത്തി ഞങ്ങള്‍ നാല് പാടും നോക്കി രഞ്ജിത്ത് എല്ലാ ലാമ്പുകളും തെളിയിച്ചു ജീപ്പിനു 5 മീറ്റര്‍ ദൂരെ കോടമഞ്ഞിന്‍ ഇടയിലൂടെ ഒരു കൊമ്പ് മാത്രം ഞാന്‍ കണ്ടു, 'ആനയാണോ ഞാന്‍ പതുക്കെ ചോദിച്ചു' .. രാഹുല്‍ പറഞ്ഞു പുലിയും ഉണ്ട് ..പുലി തന്നെ ' .ജീപ്പ് പതുക്കെ പുറകിലേക്ക് എടുത്തു ..കോട മഞ്ഞു പതുക്കെ അപ്രത്യക്ഷമായി അപ്പോള്‍ മുന്നിലെ ചിത്രം തെളിഞ്ഞു കണ്ടു .. 'കാട്ടു പോത്ത്' പ്രവീണ്‍ പറഞ്ഞു ..കൂട്ടമായിട്ടാണ് ഒരു കുഞ്ഞും ഉണ്ട് .രഞ്ജിത്ത് ജീപ്പ് ഇരപ്പിച്ചു അപ്പോള്‍ ഒന്ന് ജീപിനു മുന്നിലേക്ക് അടുത്ത് വന്നു .. ഹോണ്‍ അടിച്ചു ജീപിന്റെ എഞ്ചിന്‍ ഇരപ്പിച്ചു കൊണ്ടിരുന്നു .. കുഞ്ഞു കാട്ടു പോത്ത് കാടിന്റെ ഇടയിലേക്ക് ഇറങ്ങി നിന്നു.
മുന്നില്‍ നില്‍ക്കുന്ന കാട്ടു പോത്ത് ഒഴികെ ബാക്കിയെല്ലാം വഴിയില്‍ നിന്നും മാറി. സകല ദൈവങ്ങളെയും ഞങ്ങള്‍ മനസ്സില്‍ കണ്ടു . പ്രവീണ്‍ പതുക്കെ ക്യാമറ എടുത്തു ഫോക്കസ് ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും അവസാനത്തെ കാട്ടു പോത്തും തിരിച്ച് നടന്നു .നല്ല രീതിയില്‍ ഷേക്ക് ആയെങ്കിലും ഒരു മോശം ചിത്രം സംഘടിപ്പിക്കാന്‍ പ്രവീണിന് ആയി. (ഇതൊന്നും ഇല്ലെങ്കില്‍ കൂട്ടുകാര്‍ വാ കൊണ്ട് പറഞ്ഞാല്‍ മാത്രം വിശ്വസിക്കില്ലേ. പ്രവീണിന്റെ ഓരോ പാടുകളെ..).അങ്ങനെ ഞങ്ങള്‍ ഒരു അപകടത്തില്‍ നിന്നു സാഹസികമായി അല്ലെങ്ങില്‍ അദ്ബുതകരമായി രക്ഷപ്പെട്ടു. പിന്നെയും കുറെ ദൂരം ഫോര്‍ വീല്‍ ഡ്രൈവിലും ടു വീല്‍ ഡ്രൈവിലും ആയി യാത്ര തുടര്‍ന്നു .
ഞങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ അപ്പോള്‍ ഒരു ഒറ്റ ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..'ഇനി എത്ര ദൂരം ?' വഴികാട്ടിയായി പൂര്‍ണ ചന്ദ്രനും നക്ഷത്രങ്ങളും കോടമഞ്ഞിന്റെ തണുത്ത മന്ദഹാസവും.. ഇരുട്ടില്‍ തപ്പി തടയുന്ന മിന്നാ മിനുങ്ങികളും ..
ഇനി കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രം രഞ്ജിത് പറഞ്ഞു അപ്പോള്‍ ഉള്ളില്‍ ഒരു നെടുവീര്‍പ്പ് .. ഹാവൂ രക്ഷപെട്ടു. പോവുന്ന വഴിയില്‍ അവിടവിടെയായി മരത്തിന്റെ ചില്ലകള്‍ ഒടിച്ചിട്ടിരിക്കുന്നു ഞാന്‍ ആത്മഗതം പറഞ്ഞു 'ആദിവാസികള്‍ ആയിരിക്കും ' . രഞ്ജിത് വീണ്ടും വണ്ടി നിര്‍ത്തി ഫോഗ് ലാമ്പുകള്‍ തെളിച്ചു ഒരു വളവാണ് അത് കൊണ്ട് അപ്പുറത്ത് എന്തെങ്ങിലും ഉണ്ടോ എന്ന് വ്യക്തമല്ല ...
ഞങ്ങള്‍ നെല്ലിയാമ്പതി എത്തിയപ്പോള്‍ തന്നെ ഒരു ചേട്ടന്‍ ചോദിച്ചിരുന്നു ആനയെ വല്ലതും കണ്ടിരുന്നോ എന്ന്. നെല്ലിയാമ്പതി എത്തുന്നതിനു മുന്‍പ് ഒരു അമ്പലം ഉണ്ട് സാധാരണ അവിടെയാണ് ആനയെ കാണുക എന്നും പറഞ്ഞു. വീണ്ടും ജീപ്പ് മുന്നോട്ടെടുത്തതും തൊട്ടടുത്ത് തന്നെ ആനയുടെ കാല്പാടുകള്‍ പിന്നെ ചൂടുള്ള ആന പിണ്ഡം ..അല്‍പ്പം മുന്‍പ് മാത്രം ലഭിച്ച സമാധാനം വീണ്ടും നഷ്ടപ്പെട്ട് തുടങ്ങി..ജീപ്പ് വീണ്ടും മുന്നോട്ടു നീങ്ങി വളരെ അകലെ ആയിട്ടു റിസോര്‍ട്ട് ഇലെ ചെറിയ വിളക്കുകള്‍ കണ്ടു തുടങ്ങി ..
ആനയുടെ ശക്തമായ ഗന്ധം ശ്വസിച്ചു കൊണ്ട് ഞങ്ങള്‍ റിസോര്‍ട്ട് ഇന്റെ അടുതെത്തി ..വണ്ടി നിര്‍ത്തി ഞങ്ങള്‍ ചാടി ഇറങ്ങി അപ്പോഴേക്കും നമ്മുടെ മധു ചേട്ടന്‍ വന്നു. ഞങ്ങളുടെ മുഖത്ത് ആകെ ഒരു വിളര്‍ച്ച ഉണ്ടായിരുന്നു . ഞങ്ങള്‍ റൂമില്‍ കയറി വാതിലടച്ചു ശരിക്കും ഒന്ന് ശ്വാസം എടുത്തു വിട്ടു..
ഞങ്ങള്‍ എത്തിയപ്പോള്‍ തന്നെ സമയം 9 മണി ആയിരുന്നു .ചൂടുള്ള നല്ല കട്ടന്‍ കാപ്പിയും ചപ്പാത്തിയും ചിക്കെന്‍ കറി എല്ലാം കൊണ്ട് വന്നു . ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ പാടൊക്കെ പാടി സമയം ചിലവഴിച്ചു. തണുപ്പില്‍ കമ്പിളി പുതപ്പിനുള്ളില്‍ എപ്പോഴോ ഞങ്ങള്‍ നിദ്രയെ പ്രാപിച്ചു .. ഇരുട്ടില്‍ തപ്പി തടഞ്ഞു മിന്നാമിനുങ്ങുകള്‍ കൂട്ടം കൂടി പറക്കുന്നു ..അപ്പോഴും കോട മഞ്ഞ് നിലാവില്‍ ആരെയോ തേടി നടക്കുന്നുണ്ടായിരുന്നു
സമയം ഒരു 12 .30 കഴിഞ്ഞു കാണും ഞാന്‍ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു ലൈറ്റ് ഇടാന്‍ നോക്കിയപ്പോള്‍ കറന്റ് ഇല്ല എവിടെ നിന്നോ ഒരു മെഴുകുതിരി കിട്ടി, തീപ്പെട്ടി തണുപ്പുകാരണം നനഞ്ഞ പോലെ ഉണ്ടായിരുന്നു. ഒരു വിധത്തില്‍ മെഴുകുതിരി കത്തിച്ചു പതുക്കെ വാതിലിനടുതെക് വന്നു. വാതിലിന്റെ ചില്ലിലൂടെ നോക്കിയപ്പോള്‍ കാപ്പി പൂക്കളും ചെമ്പകവും നിലാവില്‍ കുളിച്ചു നില്കുന്നു കുറച്ചകലെയായി ഒരു നീര്‍മാതളവും പൂത് നില്‍ക്കുന്നുണ്ട്. ഞാന്‍ പതുക്കെ വാതില്‍ തുറന്നു പുറത്തേക്കിറങ്ങി പുറത്തു മറ്റാരും തന്നെ ഇല്ല. ആകാശത്ത് നിറയെ നക്ഷത്രങ്ങളും ഏകാകിയായ് ചന്ദ്രനും മാത്രം വള്ളി പടര്പുകളില്‍ ചില അനക്കങ്ങളും കാണാം കൂടാതെ തിരിച്ചറിയാന്‍ കഴിയാത്ത ഏതോ നിശബ്ദത.
ഞാന്‍ പെട്ടെന്ന് തന്നെ വാതില്‍ അടച്ചു മുറിയിലേക്ക് കടന്നു മെഴുകുതിരി വെളിച്ചത്തില്‍ എന്തോ അനങ്ങുന്ന പോലെ തോന്നി. ഞാന്‍ വെളിച്ചം അതിനടുത്തേക്ക് കൊണ്ടുവന്നു ഒരു തരം ചിലന്തി ഒന്നല്ല രണ്ടല്ല ..അനേകം ചിലന്തികള്‍ മുറിയുടെ ഭിത്തിയില്‍ ഓടി നടക്കുന്നു ഞാന്‍ വേഗം വേറെയും തിരികള്‍ കത്തിച്ചു എന്നിട്ട് പ്രവീണിനെയും രാഹുലിനെയും വിളിച്ചു ..ഞങ്ങള്‍ ആകെ തളര്‍ന്നു പോയീ. വേഗം പുറത്തേക്കിറങ്ങി മധു ചേട്ടനെ വിളിച്ചു എല്ലാവരും നല്ല ഉറക്കം ..ഒരാള്‍ ഞങ്ങളുടെ മുറിയിലേക്ക് വേഗം വന്നു എന്നിട്ട് ഇത് കുഴപ്പമില്ല ഇപ്പൊ തന്നെ ശരിയാക്കാം എന്ന് പറഞ്ഞു പോയി. മുറികള്‍ ഒന്നും തന്നെ ഒഴിവില്ല എല്ലാം ഫുള്‍ ആണെന്ന് മധു ചേട്ടന്‍ പറഞ്ഞു അതോടെ ഉറക്കം എന്നത് ഒരു വിദൂര സ്വപ്നം മാത്രമായി.
കനലെരിയുന്ന ചട്ടിയില്‍ എന്തൊക്കെയോ പച്ചമരുന്നുകള്‍ ഇട്ടു പുകച്ചു അവയെ എല്ലാം പെട്ടെന്ന് തന്നെ പുറത്താക്കി ഞങ്ങളോട് ക്ഷമ ചോദിച്ചു കൊണ്ട് എല്ലാവരും പിരിഞ്ഞു . അവിടെ ജനെറെട്ടര്‍ വൈദ്യുതി മാത്രമേ ഉള്ളൂ എന്നും എല്ലാവരും ഉറങ്ങി കഴിഞ്ഞാല്‍ അത് അവര്‍ ഓഫ് ചെയ്യും എന്ന് പ്രവീണ്‍ എന്നോട് പറഞ്ഞു അപ്പോഴേക്കും ട്രെക്കിംഗ് നു പോയ ഒരു സംഘം ജീപ്പില്‍ തിരിച്ചെത്തി .ഞങ്ങള്‍ വാതിലടച്ചു അങ്ങനെ വീണ്ടും സുഖമായി ഉറങ്ങി ..
കൃത്യം 6 മണിക് തന്നെ ഞാന്‍ ഉണര്‍ന്നു .. തണുത്ത കാറ്റും പക്ഷികളുടെ കള കൂജനവും എല്ലാം കേട്ട് കൊണ്ട് ഞങ്ങള്‍ കാട്ടു വഴിയിലൂടെ നടന്നു.പ്രവീണ്‍ ക്യാമറയില്‍ ധാരാളം ചിത്രങ്ങള്‍ പകര്‍ത്തി. കാപി പൂക്കളും ചെമ്പകവും പിന്നെ പേരറിയാത്ത പലതരം കാട്ടു പൂക്കളും കൊണ്ട് സമൃദ്ധമാണ് ആ വഴി ..കുറെ നടന്നപ്പോള്‍ അകലെ ആയി ഒരു സര്‍പ്പ കാവും അതിനടുത് ഒരു പാലമരവും അതിനോട് ചേര്‍ന്ന് ഒരു ചെറിയ കുളവും ഉണ്ട്. കുയിലിന്റെയും വേഴാംബലിന്റെയും ശബ്ദങ്ങള്‍ അവിടെയാകെ അലയടിച്ചു കൊണ്ടിരുന്നു കാടിന്റെ ഭംഗി അത് പറഞ്ഞരിയിക്കനാവാതതാണ്. അത് അനുഭവിച്ചു തന്നെ അറിയണം .
പതിനൊന്നരയോടെ ഞങ്ങള്‍ക്ക് പോകുവാനുള്ള ജീപ്പ് എത്തി.അശോകന്‍ ചേട്ടനും മറ്റു ചേട്ടന്‍ മാര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഞങ്ങള്‍ യാത്ര തുടങ്ങി. തിരിച്ചുള്ള യാത്രയും ഞങ്ങള്‍ക്ക് വിസ്മയകരമായിരുന്നു കാരണം ഇരുട്ടില്‍ മറഞ്ഞിരുന്ന പല സ്ഥലങ്ങളും വെളിച്ചത്തില്‍ മനോഹരമായി കാണപ്പെട്ടു. വരുന്ന വഴി കാട്ടാന കൂട്ടാതെയും ഞങ്ങള്‍ക്ക് കാണുവാന്‍ ആയി..ആനമടയില്‍ നിന്നും അകലുന്തോറും തണുപ്പിന്റെ ആവരണം ക്രമേണ ഞങ്ങളെ വിട്ടകന്നു അതിനാല്‍ കാട്ടുപാതയിലെ കുഴികളും കഠിനമായ വളവുകളും കൂടുതല്‍ ക്ലേശകരമായി തോന്നി.ഇറക്കം കൂടുതലും ഫോര്‍ വീല്‍ ഡ്രൈവില്‍ ബ്രേക്ക് ഉപയോഗിക്കാതെ ആണ് എന്നും ഒരു ട്രിപ്പിനു 5 ലിറ്റര്‍ ഡീസല്‍ ആണ് വേണ്ടതെന്നും ഡ്രൈവര്‍ പറഞ്ഞു .ആയിരം രൂപ എന്ന്‌കേള്‍ക്കുമ്പോള്‍ കുറച്ചു അധികമായി തോന്നുമെങ്കിലും അവരുടെ ജീവിതം അതിലേറെ ദുരിത പൂര്‍ണമാണ്.
നെല്ലിയാമ്പതിയില്‍ 2 മണിയോടെ എത്തി ചേര്‍ന്നു. ഇനി യാത്ര രാഹുലിന്റെ ഡ്രൈവിങ്ങില്‍ ആള്‌ടോ കാറിലാണ് .ഞങ്ങള്‍ അവിടെ നിന്നും 'സീതാര്‍കുണ്ട് ' എന്ന സ്ഥലത്തേക്ക് പോയി. മാന്‍പാറ എന്ന സ്ഥലം കാണാത്തവര്‍ക്ക് സീതാര്‍കുണ്ട് കണ്ടു സമാധാനിക്കാം .മാന്‍ പാറയില്‍ ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. സീതാര്‍കുണ്ട് വളരെ മനോഹരമായ ഒരു കാഴ്ചയാണ് ..ആയിരക്കണക്കിന് അടി ഉയരത്തില്‍ നിന്ന് കൊണ്ട് അകലെ ആയി കൊല്ലം കൊട് എന്ന ചെറു പട്ടണം വീക്ഷിക്കുന്നത് മനസ്സിന് കുളിര്‍മ്മയെകുന്നതാണ്.കുട്ടികളെയും പ്രായമായവരെയും ഇവിടെ കൊണ്ട് വരുന്നത് അപകടമാണെന്ന് ഓര്‍മിക്കുക.
ഉച്ച ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ നെല്ലിയാമ്പതിഇല്‍ നിന്നും യാത്ര തിരിച്ചു പോത്തുണ്ടി ഡാം എതുന്നവരെയും ധാരാളം മനോഹരമായ കാഴ്ചകള്‍ കണ്ടു ചിലത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു .ഒരു രാത്രിയുടെ അനുഭവങ്ങള്‍ ഈ ജന്മം മുഴുവനും മധുരമായ ഓര്‍മ്മകള്‍ സമ്മാനിച്ച് നെല്ലിയാമ്പതി യോട് തത്കാലം വിട പറയുന്നു . പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സൌഹൃദം എന്നോ നഷ്ടപെട്ട വേദന ഞാന്‍ അപ്പോള്‍ അറിഞ്ഞു.. ഒരു നിമിഷം എന്റെ കണ്ണ് നിറഞ്ഞു .. മഴയില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ നെല്ലിയാമ്പതി ഞങ്ങളെ യാത്രയാക്കി ..