കാര്‍ഡ് ഇല്ലാതെയും ഇനി മുതല്‍ എല്ലാ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം

Malayalilife
കാര്‍ഡ് ഇല്ലാതെയും ഇനി മുതല്‍ എല്ലാ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം

കാര്‍ഡ് ഇല്ലാതെയും ഇനി മുതല്‍ എല്ലാ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. സംവിധാനം ഉടനെന്ന് സൂചന നല്‍കി ആര്‍ബിഐ. യുപിഐ സംവിധാനം ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎമ്മുകളിലും കാര്‍ഡ് രഹിതമായി പണം പിന്‍വലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. നിലവില്‍ ചില ബാങ്കുകളില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്. ഇത് മറ്റെല്ലാം ബാങ്കുകളിലേക്കും എടിഎമ്മുകളിലേക്കും വ്യാപിപ്പിക്കാനാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ പണവായ്പ നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാകുന്നതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. ഇതിന് പുറമേ ഇടപാടുകള്‍ വേഗത്തില്‍ നിര്‍വഹിക്കാന്‍ സാധിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

എടിഎം തട്ടിപ്പുകള്‍ തടയാനും ഇതുവഴി സാധിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. കാര്‍ഡ് സ്‌കിമിങ്ങ്, കാര്‍ഡ് ക്ലോണിങ്ങ് തുടങ്ങിയവ തടയാനും ഇത് വഴി സാധിക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു. മുഖ്യപലിശ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് റിസര്‍വ് ബാങ്ക് പണ വായ്പനയം പ്രഖ്യാപിച്ചത്. വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. റിപ്പോനിരക്ക് 4 ശതമാനമായി തുടരും.

അതേസമയം ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിലുള്ള നിക്ഷേപത്തിന് നല്‍കുന്ന പലിശയായ റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യ പലിശ നിരക്കുകള്‍ക്ക് മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തില്‍ റിസര്‍വ് ബാങ്ക് എത്തിച്ചേര്‍ന്നത്.

withdraw money from all ATMs without a card

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES