ഡിജിറ്റല്‍ കണ്ടന്റ് നിര്‍മാതാക്കള്‍ക്കിടയില്‍ പ്രാദേശിക പ്രാതിനിധ്യം ഉറപ്പിക്കുന്നതിനുള്ള മത്സരമാണിപ്പോള്‍. നാര്‍ക്കോസ്, സ്‌ട്രെയിഞ്ചര്‍ തിങ്‌സ്, വെസ്റ്റ്വേര്‍ഡ് തുടങ്ങിയ വമ്പന്‍ ഹിറ്റ് ഓണ്‍ലൈന്‍ സ്ട്രീമിങ് പരമ്പരകളുടെ നിരയിലേക്കു മലയാളത്തിലെ ഒരു സീരിയലോ സിനിമയോ ഉടന്‍ എത്തിയേക്കാം. ഇംഗ്ലിഷ് ഫാന്റസി, കുറ്റാന്വേഷണ പരമ്പരകള്‍ക്കു പിറകെ ഇന്ത്യയില്‍ പ്രാദേശിക ഭാഷാ സീരിയലുകളും സിനിമയും നിര്‍മിക്കാന്‍ ആഗോള ഓണ്‍ലൈന്‍ കണ്ടന്റ് നിര്‍മാതാക്കള്‍ ഒരുക്കം തുടങ്ങിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ത്യ പശ്ചാത്തലമായി നിര്‍മിച്ച സേക്രട്ട് ഗെയിംസ്, ലസ്റ്റ് സ്റ്റോറീസ് തുടങ്ങിയ ഡിജിറ്റല്‍ കണ്ടന്റ്കള്‍ക്ക് വന്‍ സ്വീകാര്യതയാണു ലഭിച്ചത്. ഇന്ത്യയിലെ ടെലികോം ഭീമന്മാരും പ്രാദേശിക ഉള്ളടക്ക നിര്‍മാണത്തിനു നേരിട്ടു മുതല്‍മുടക്കുകയാണ്. പ്രിയങ്ക ചോപ്രയുടെ പര്‍പ്പിള്‍ പെബിള്‍ എന്ന നിര്‍മാണ കമ്പനി മറാത്തി, ബോജ്പുരി, പഞ്ചാബി, സിക്കിം ഭാഷകളില്‍ മാത്രം സിനിമകള്‍ നിര്‍മിച്ചു വിജയം കൊയ്യുന്നതും പ്രാദേശിക ഉള്ളടക്ക വിപണിയില്‍ വമ്പന്‍മാരോടൊപ്പം വ്യക്തികളും പോരാട്ടത്തിനു ഇറങ്ങിയെന്നു തെളിയിക്കുന്നു. ബംഗാളിലെ ഹൊയിചോയി എന്ന സ്ട്രീമിങ് സൈറ്റ് വിജയകരമായി മുന്നേറുന്നതും മലയാളത്തിലടക്കം പല സാധ്യതകള്‍ തുറന്നിടുകയാണ്.
ലോകപ്രശസ്ത നിര്‍മാതാക്കളായ മാര്‍വല്‍ സ്റ്റുഡിയോ അവരുടെ അടുത്ത സൂപ്പര്‍ ഹീറോ മുംബൈ അല്ലെങ്കില്‍ ന്യൂഡല്‍ഹി കേന്ദ്രീകരിച്ചുള്ള നായകനായിരിക്കുമെന്നു സൂചന നല്‍കിയിട്ടുണ്ട്. പത്തും പതിനഞ്ചും മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രാദേശിക സീരിയലുകള്‍ക്കാണു മാര്‍വല്‍ സ്റ്റുഡിയോ കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും അറിയുന്നു. നിലവില്‍ അഞ്ചു പ്രാദേശിക ഭാഷകളില്‍ മാത്രം ലഭ്യമായ ആമസോണ്‍ പ്രൈം സേവനം ഉടന്‍ കൂടുതല്‍ ഭാഷകളിലേക്കു വ്യാപിപ്പിക്കും. തെലുങ്കില്‍ നിര്‍മിച്ച വെബ്‌സീരീസ് 'ഗാങ്ങ് സ്റ്റാഴ്‌സ്' വന്‍ വിജയമായതിന്റെ പശ്ചാത്തലത്തില്‍ തമിഴില്‍ ഒരു വെബ്‌സീരീസ് ഈ വര്‍ഷം തന്നെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ആമസോണ്‍.
പ്രദേശിക ഉള്ളടക്ക നിര്‍മാണത്തിനു ടെലികോം മേഖലയില്‍ പ്രധാനമായും കൊമ്പുകോര്‍ക്കുന്നത് റിലയന്‍സ് ജിയോയും എയര്‍ടെല്ലുമാണ്. ജിയോ സ്വന്തമായിത്തന്നെയാണു പ്രാദേശിക ഭാഷയിലുള്ള ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നത്. കൂടാതെ പ്രാദേശിക നിര്‍മാണ കമ്പനികളില്‍ ഓഹരി പങ്കാളിത്തവും തേടുന്നുണ്ട്. ഇറോസ് ഇന്റര്‍നാഷനലിന്റെ അഞ്ചു ശതമാനം ഓഹരി വാങ്ങുമെന്നു റിലയന്‍സ് പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ്. എന്നാല്‍, എയര്‍ടെല്‍ പ്രാദേശിക സംഗീതം, വിഡിയോ എന്നീ ഉള്ളടക്കങ്ങളില്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്സ്റ്റാര്‍, സോണി ലിവ് എന്നിവയുമായി കൈകോര്‍ക്കുകയാണ്. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ നിര്‍മാണ കമ്പനികളുമായി എയര്‍ടെല്‍ വിഡിയോ നിര്‍മാണത്തിനായി ധാരണയിലെത്തിക്കഴിഞ്ഞു. ഇതുകൂടാതെ പ്രമുഖ പ്രാദേശിക സംഗീതഞ്ജരുടെ എക്‌സ്‌ക്ലൂസീവ് പാട്ടുകളും എയല്‍ടെല്ലിന്റെ വിങ്ക് മ്യൂസിക് ആപ്പിലൂടെയും ലഭ്യമാക്കും.ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേള്‍ക്കുന്നത് ബോളിവുഡ് പാട്ടുകള്‍ക്കു പകരം ഭോജ്പുരിയും ഹരിയാന്‍വിയും ആണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്.