ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. ഈ മാസം 19 മുതല്‍ അടുത്ത മാസം 18 വരെയാണ് വിദേശയാത്രയ്ക്ക് അനുമതിയുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്.
സിനിമ ഷൂട്ടിങ്ങിനും മറ്റ് പരിപാടികളിലും പങ്കെടുക്കാം.
എന്നാല്‍ യാത്രയ്ക്കുശേഷം പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നാണ് വ്യവസ്ഥ. യുഎഇയില്‍ ഈ മാസം 19 മുതല്‍ 24 വരെയും ഖത്തറില്‍ അടുത്ത മാസം 13 മുതല്‍ 18 വരെയും സിദ്ദിഖിന് യാത്ര ചെയ്യാം. യുഎഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ പോകുന്നതിന് തനിക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവ നടിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു സിദ്ദിഖിനെതിരായ പരാതി. പിന്നാലെ കര്‍ശന ഉപാധികളോടെ തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകാന്‍ പാടില്ലെന്നും പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം എന്നടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.