പാരിസ് : സ്മാർട്ട് ഫോണിലെ ചക്രവർത്തി എന്ന പട്ടം ഐഫോണിനാണ്. ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട് ഫോൺ കമ്പനി എന്ന റെക്കോർഡ് സാംസങ്ങിനും. എന്നാൽ വില്പനയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഹുവേയ് പ്രഥമ സ്ഥാനത്തേക്ക് കുതിക്കാനായി ഇറക്കിയിരിക്കുന്ന സ്മാർട്ട് ഫോൺ കേമനെയാണ് ഇപ്പോൾ ടെക്ക് ലോകം നോട്ടമിട്ടിരിക്കുന്നത്. നാലു ക്യാമറകളുമായി എത്തുന്ന പി 30, പി 30 പ്രോ സീരീസ് സ്മാർട്ട് ഫോണുകളെ പറ്റിയാണ് ഇപ്പോൾ ചർച്ച. പവർ ഫുൾ ഒപ്റ്റിക്കൽ ലെൻസും 50x ഡിജിറ്റൽ സൂം ടെക്ക്‌നോളജിയുമടങ്ങുന്ന പി 30 ഫോണിലെടുത്ത ചിത്രങ്ങളും ഐഫോണിൽ എടുത്ത ചിത്രങ്ങളും തമ്മിൽ താരതമ്യം ചെയ്തായിരുന്നു പാരിസിൽ ഫോൺ പ്രദർശന വേളയിൽ കമ്പനി അധികൃതർ ഫോണിനെ പറ്റി പറഞ്ഞത്.
ഐഫോണിലും സാംസങ്ങിലും എടുത്ത ചിത്രങ്ങളേക്കാൾ പി 30 പ്രോയിൽ എടുത്ത ചിത്രങ്ങൾക്കാണ് വ്യക്തതയും വെളിച്ചവും കൂടുതലെന്നാണ് കമ്പനിയുടെ അവകാശവാദം. പ്രകൃതിയുടെ ചിത്രങ്ങൾ കൂടുതൽ മികവോടെ പകർത്താൻ ലോരകത്ത് പി 30ക്ക് മാത്രമേ സാധിക്കൂ എന്നാണ് ഹുവേയ് കമ്പനി സിഇഒ റിച്ചാർഡ് യൂ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ഐഫോണിലും സാംസങ്ങിലും എടുത്ത അതേ സ്ഥലത്തെ ചിത്രങ്ങളും പി 30ൽ എടുത്തായിരുന്നു കമ്പനി ക്യാമറ മികവ് ഉപഭോക്താക്കൾക്ക് മുൻപിൽ തെളിയിച്ചത്.
ട്രിപ്പിൾ ക്യാമറാ അറേഞ്ച്‌മെന്റുള്ള 40 മെഗാപിക്‌സൽ വൈഡ് ആങ്കിൾ ലെൻസാണ് ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്മാർട്ട് ഫോൺ കൂടിയാണ് പി 30 സീരീസിലുള്ളത്. പി 30യിലും പി 30 പ്രോയിലും മുൻ ക്യാമറ 32 മെഗാപിക്‌സലാണ് എന്നതാണ് മറ്റൊരു സവിശേഷത. പി 30ൽ 10x സൂമിങ്ങും പി 30 പ്രോയിൽ 50 x സൂമിങ്ങുമാണുള്ളത്. മാത്രമല്ല 6.1 ഇഞ്ച് സ്‌ക്രീനും 6.47 ഇഞ്ച് സ്‌ക്രീനുമുള്ള ഫോണുകൾ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.
പി 30യ്ക്ക് 3650 mah ബാറ്ററിയും പി 30 പ്രോയ്ക് 4200 mah ബാറ്ററിയുമായിരിക്കും. ഒറ്റ ക്ലിക്കിൽ ഹുവേയ് ലാപ്‌ടോപ്പുമായി ഫോണിലെ വിവരങ്ങൾ പങ്കെുവയ്ക്കാം എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യൻ വിപണിയിലെത്തിയാൽ ഹുവേയ് പി 30 സീരിസിന്റെ പ്രാരംഭ വില ഏകദേശം 63000 രൂപയായിരിക്കും (ഫോൺ ഇറങ്ങുമ്പോൾ 799 യൂറോയിലാകും വില ആരംഭിക്കുക എന്നും കമ്പനി അറിയിച്ചിരുന്നു). പി 30 പ്രോയാണെങ്കിൽ വില 78000 രൂപയായിരിക്കും (999 യൂറോ).