നമ്മളിൽ പലരും ദിവസേന കാണുന്ന ഒന്നാണ് ഗൂഗിൾ ക്രോമിലെ പാഡ്ലോക്ക് ചിഹനം. എന്നാൽ നമ്മളിൽ പലർക്കും അത് എന്താണെന്നോ, എന്തിനെന്നോ എന്ന് അറിയില്ല എന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായത്. കാർഡിഫ് മെട്രോപോളിറ്റൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ തെളിഞ്ഞത്, 63 ശതമാനം ആളുകൾ ഈ ചിഹ്നം എന്തിനെന്ന് അറിയാം എന്ന് അവകാശപ്പെടുമ്പോഴും, യഥാർത്ഥത്തിൽ 7 ശതമാനം പേർക്ക് മാത്രമെ അത് അറിയിയുകയുള്ളു എന്നാണ്.
പലരും കരുതുന്നതിൽ നിന്നും വിരുദ്ധമായി, നമ്മൾ തുറക്കുന്ന സൈറ്റ് സുരക്ഷിതമാണെന്നോ, വിശ്വാസയോഗ്യമാണെന്നോ, ജെനുവിൻ ആണെന്നോ അല്ല അതിന്റെ അർത്ഥം. മറിച്ച് അത് കാണിക്കുന്നത്, നിങ്ങളുടെ കമ്പ്യുട്ടറിൽ നിന്നും അയയ്ക്കുന്ന ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു എന്ന് മാത്രമാണ്. ഇതുമായി പഠനം നടത്തിയ ഗവേഷകരെ നയിച്ച ഫിയോണ കരോൾ 18 വയസ്സിനും 86 വയസ്സിനും ഇടയിലുള്ള 528 പേരിലാണ് സർവ്വേ നടത്തിയത്. ഗൂഗിൾ ക്രോമിലെ പാഡ്ലോക്ക് ചിഹനം സൂചിപ്പിക്കുന്നത് എന്ത് എന്നായിരുന്നു ചോദ്യം.
അത് അറിയാമെന്ന് ഉത്തമ വിശ്വാസത്തോടെ പറഞ്ഞ പലരും വിചാരിച്ചിരുന്നത് ആ ചിഹ്നത്തിന്റെ അർത്ഥം സൈറ്റ് സുരക്ഷിതമാണ് എന്നായിരുന്നു എന്ന് തെളിഞ്ഞു. വെബ്സൈറ്റ് സുരക്ഷിതവും, വൈറസ് മുക്തവും, സംശയകരമായ ലിങ്കുകൾ ഇല്ലാത്തതും, വിശ്വാസയോഗ്യവുമാണ് എന്നാണ് ഈ ചിഹ്നം സൂചിപ്പിക്കുന്നത് എന്നായിരുന്നു അവരിൽ ഭൂരിഭാഗവും പ്രതികരിച്ചത്. വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഇതിന്റെ അർത്ഥം കമ്പ്യുട്ടറിൽ നിന്ന് അയയ്ക്കുന്ന മെസേജുകൾ എൻക്രിപ്റ്റഡ് ആണെന്ന ശരിയുത്തരം നൽകിയത്.
ഏറ്റവും രസകരമായ കാര്യം, ഇതിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ബാച്ചിലേഴ്സ് ഡിഗ്രിയോ അതിൽ അധികം വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവരായിരുന്നു എന്നതാണ്. മാത്രമല്ല, സ്ഥിരമായി ബ്രൗസർ ഉപയോഗിക്കുന്നവരും. ഈ ചിഹ്നത്തിന്റെ യഥാർത്ഥ അർത്ഥം, ഉപയോക്താവിന്റെ കമ്പ്യുട്ടറിനുംവെബ്സൈറ്റ് സർവ്വറിനും ഇടയിലുള്ള ആശയസംവേദനം എച്ച് ടി ടി പി എസ് എന്ന സംവിധാനം ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കുകയാണ് എന്നാണ്.
അതിനാൽ തന്നെ ആശയവിനിമയങ്ങൾ ചോർത്തിയെടുക്കാനോ, അത് മോഷ്ടിക്കുവാനോ മറ്റൊരാൾക്ക് കഴിയില്ല. എന്നാൽ അതുകൊണ്ട് മാത്രം ഒരു വെബ്സൈറ്റ് സുരക്ഷിതമാണെന്ന് പറയാൻ ആവില്ല.ആ വെബ്സൈറ്റ് ഒരു വ്യാജ വെബ്സൈറ്റോ, ഫിസിങ് വെബ്സൈറ്റോ ആണെങ്കിൽ നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടേക്കാം.