Latest News

അരമണിക്കൂറിൽ കൂടുതല്‍ നിങ്ങളുടെ കുട്ടികൾ ടാബ്‌ലറ്റിന് മുന്നിൽ ഇരിക്കാറുണ്ടോ?

Malayalilife
അരമണിക്കൂറിൽ കൂടുതല്‍   നിങ്ങളുടെ കുട്ടികൾ ടാബ്‌ലറ്റിന് മുന്നിൽ ഇരിക്കാറുണ്ടോ?

ചെറിയ കുട്ടികൾപോലും ടാബ്‌ലറ്റുകൾ കളിപ്പാട്ടമെന്ന നിലയിൽ ഉപയോഗിക്കുന്ന കാലമാണിത്. എന്നാൽ, അരമണിക്കൂറിൽക്കൂടുതൽ നേരം തുടർച്ചയായി ഐപാഡും ടാബ്‌ലറ്റും ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരുകാര്യം കൂടി തീർച്ചപ്പെടുത്തിക്കൊള്ളുക. ഈ കുട്ടികളെ ഭാവിയിൽ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാകും.

ഐപാഡും ടാബ്‌ലറ്റുകളും കൂടുതൽ നേരം ഉപയോഗിക്കുന്നതിലൂടെ കഴുത്തുവേദനയുടെയും നടുവേദനയുടെയും വിത്തുപാകുകയാണ് ഈ കുട്ടുികളെന്ന് ഗവേഷകർ പറയുന്നു. തുടർച്ചയായി ഒരേ ഇരുപ്പിരിക്കുന്ന സ്വഭാവം അരമണിക്കൂറിൽക്കൂടുതൽ അനുവദിക്കരുതെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ മെൽബൺകാരിയായ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് സ്റ്റെഫാനി കാസിഡി പറയുന്നു.

കുട്ടികൾ ഗെയിമുകളും മറ്റുമായി മണിക്കൂറുകളോളം ടാബ്‌ലറ്റുകളും ഐപാഡും ഉപയോഗിക്കുന്നതാണ് കണ്ടുവരുന്നത്. ഗെയിമുകളിൽ ശ്രദ്ധിച്ചിരിക്കുന്ന കുട്ടികൾ ശരീരം ഒന്നനക്കുകപോലും ചെയ്യാതെയാവും ഈ ഇരുപ്പിരിക്കുക. ഇതാണ് ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതെന്ന് കർട്ടിൻ സർവകലാശാലയിൽ നടന്ന പഠനത്തിൽ വ്യക്തമാക്കുന്നു.

ഗവേഷണത്തിന് വിധേയരാക്കിയ മാതാപിതാക്കളിൽ 40 ശതമാനത്തോളം കുട്ടികളെ ശാന്തരാക്കിയിരുത്താൻ ഇത്തരം ഉപകരണങ്ങൾ സഹായിക്കാറുണ്ടെന്ന പക്ഷക്കാരാണ്. എന്നാൽ, അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അവർ വേണ്ടത്ര ബോധവാന്മാരുമല്ല. ഗവേഷണഫലങ്ങൾ അടുത്ത മാസം മെൽബണിൽ നടക്കുന്ന ഇന്റർ നാഷണൽ എർഗണോമിക്‌സ് അസോസിയേഷൻ കോൺഗ്രസ്സിൽ അവതരിപ്പിക്കും.

രണ്ടുമുതൽ അഞ്ചുവരെ പ്രായമുള്ള കുട്ടികൾക്ക് തുടർച്ചയായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള സമയപരിധി ഒരുമണിക്കൂറിൽ കവിയരുതെന്ന് ചില രാജ്യങ്ങളിൽ വിദഗ്ദ്ധർ ഉപദേശിക്കാറുണ്ട്. ഒരുമണിക്കൂറിൽക്കൂടുതൽ തുടർച്ചയായി ടി.വി. പോലും കാണരുതെന്നാണ് ഇവരുടെ ഉപദേശം. എന്നാൽ, തുടർച്ചയായി അരമണിക്കൂറിലധികം ഇരിക്കുന്നതുപോലും അപകടകരമാണെന്ന് ഈ ഗവേഷണം തെളിയിക്കുന്നു. അങ്ങനെ ചെയ്യുന്നത് കഴുത്തിലെയും പുറത്തെയും പേശികൾക്ക് സ്ഥിരമായ ക്ഷതമുണ്ടാക്കുമെന്നും അവർ പറയുന്നു.

Read more topics: # kids habit in use of tablet
kids habit in use of tablet

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES