ആദ്യമായി സിനിമയുടെ ടെക്‌നിക്കല്‍ വശത്തേക്കു നീങ്ങാം. എടുത്തു പറയുവാനുള്ളത് സിനിമയുടെ ഛായാഗ്രാഹണമാണ്. അജയ് മേനോന്റെ ക്യാമാറാ വര്‍ക്ക് തീരെ ചെറിയ ഒരു തീമിനെ മോശമല്ലാത്ത ഒരു കലാരൂപമാക്കുന്നതില്‍ നല്ല പങ്കു വഹിച്ചിരിക്കുന്നു. ഹെലിക്യാം വര്‍ക്കും ടൈമിങ്ങ് ഷോട്ടുകളായിരുന്നു. ഓരോ ഫ്രെയിമുകളും അത്യന്തം മനോഹരമാണ്. ക്ലൈമാക്‌സ് സീനില്‍ കലാസംവിധാന മികവും ലൈറ്റിങ്ങും എടുത്തു പറയേണ്ട ഘടകമാണ്. അരോചകമായി തോന്നിയത് വസ്ത്രാലങ്കാരത്തിലെ കളറുകള്‍ വാരി വിതറിയ രീതിയാണ്. കളറുകള്‍ ഒരു ഓഡര്‍ ഇല്ലാതെ കുത്തി നിറക്കുകയായിരുന്നു. അത് പലപ്പോഴും ഒരു സീരിയല്‍ കാഴ്ചയുടെ ഫീല്‍ കൊണ്ടുവരുന്നുണ്ട്.
പെര്‍ഫക്റ്റായ തിരക്കഥയുടെ പിന്‍ബലം സിനിമക്കുണ്ട്. ലാഗില്ലാതെ വളരെ ചടുലമായി തന്നെ സീനുകള്‍ മുന്നോട്ട് പോകുന്നുണ്ട്. വേണ്ടത്ര കാമ്പില്ലാത്ത ഒരു കഥയെ തിരക്കഥ എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്ന് ഹലാല്‍ ലൗ സ്റ്റോറി വെളിപ്പെടുത്തുന്നുണ്ട്. ഖ രൗ േധാരാളമായി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. സക്കറിയ എന്ന സംവിധായകന്റെ കൈയടക്കം സിനിമയിലുണ്ട്.
ഇനി ഒളിച്ചു കടത്തലിലേക്ക് വന്നാല്‍ - സിനിമയില്‍ ഒന്നും ഒളിച്ചു കടത്തുന്നില്ല. നേരിട്ടാണ് കടത്തുന്നത്. ജമാഅത്ത ഇസ്ലാമിയെ ട്രോളി കൊണ്ടാണ് സിനിമ ആരംഭിക്കുന്നതു തന്നെ - വേള്‍ഡ് ട്രെയിഡ് സെന്റര്‍ ഇടിച്ചു നിരത്തുന്ന ദൃശ്യം ടിവിയില്‍ കാണിച്ചു കൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന മുസ്ലിം ബുദ്ധിജീവികളെ പരിഹസിക്കുകയാണ് ശരിക്കും സിനിമ ചെയ്യുന്നത്. ബാറിലും പൊലീസ് സ്റ്റേഷനിലും കയറുന്ന സീനുകളില്‍ ഇവിടെ വച്ച് നമ്മള്‍ മരിച്ചാല്‍ എന്താകും എന്നാശങ്കപ്പെടുന്ന തൗഫീക്കിനോട് സാഹിബ് പറയുന്നത് - നമ്മള്‍ എന്താ രണ്ടും മൂന്നും പ്രാവശ്യം ചാകാന്‍ പോവുകയാണോ എന്നും മറ്റുമാണ്.
സിനിമയുടെ ചര്‍ച്ചാവേളയില്‍ തട്ടമിട്ട സ്ത്രീ സംസാരിക്കുമ്പോള്‍ ഏറ്റവും പിറകില്‍ ഇരിക്കുന്നതും, അവരുടെ അഭിപ്രായത്തെ മറ്റൊരാള്‍ പറയാന്‍ അനുവദിക്കാത്തതും, വ്യക്തി എന്ന നിലയില്‍ സ്ത്രീയോടുള്ള വിവേചനത്തില്‍ മാറ്റം വന്നിട്ടില്ല എന്നതിന്റെ തെളിവാണ്.. എന്തിന് ഹലാല്‍ ലൗവ് എന്ന പേരു തന്നെ ഒരു ട്രോളാണ്. പടച്ചവനെ പേടിയില്ല - സംഘടനക്കാരെയാണ് പേടി എന്ന് തൗഫീക്ക് കൃത്യമായി പറയുന്നുണ്ട്.
ജമാ അത്ത ഇസ്ലാമിയെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയം സിനിമയിലേതു പോലെ അത്ര നിര്‍മലമല്ല എന്നതു മാത്രമാണ് ആകെ ഒരു പന്തികേടായി തോന്നിയത്. അവര്‍ കോളക്കും അമേരിക്കക്കും എതിരേ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയല്ലയെന്നത് പച്ചവെള്ളം പോലെ വ്യക്തമാണ്. തിരക്കഥാകൃത്തിന്റെ പരിസരം ആണ് കഥയില്‍ പ്രതിഫലിക്കുന്നത്. സ്വഭാവികമായും അതൊരു മുസ്ലിം പരിസരമാണ്. അവിടുത്തെ കാഴ്ചകള്‍ അതിനനുസരിച്ചായിരിക്കും. ഭാര്യ ഭര്‍ത്താക്കന്മാര്‍ സെക്‌സിനല്ലാതെ കെട്ടിപ്പിടിക്കുന്നതു പോലും ഉള്‍ക്കൊള്ളാനാവാത്ത ഒരു സമൂഹം അവിടെയുണ്ട് എന്ന് തുറന്നു കാണിക്കുകയാണ് സിനിമ ചെയ്തത്. മതം ശ്വാസം മുട്ടിക്കുന്ന ഒരു സമൂഹത്തില്‍ കലയുടെ ഗതിയെ കുറിച്ച് വിലപിക്കുന്ന സിനിമയെ ഒളിച്ചു കടത്തുന്നു എന്നു പറഞ്ഞതിലൂടെ, അതു ശരിക്കും വിജയിക്കുകയായിരുന്നു.