വി പ്ലവ-പുരോഗമന കേരളമെന്ന് നാം വീമ്ബടിക്കുമ്ബോഴും സത്യത്തില്‍ നവോത്ഥാനം നടന്നിട്ടില്ലാത്ത ഒരു സമൂഹമാണ് കേരളമെന്നതാണ് യാഥാര്‍ഥ്യം. ശ്രീനാരായണഗുരു, അയ്യങ്കാളി, ഡോക്ടര്‍ പല്‍പ്പു, ചട്ടമ്ബിസ്വാമികള്‍, സഹോദരന്‍ അയ്യപ്പന്‍, ബ്രഹ്മാനന്ദ ശിവയോഗി, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ എന്നിവരിലൂടെയാണ് കേരളത്തില്‍ അല്‍പമെങ്കിലും നവീകരണം ഉണ്ടായിട്ടുള്ളത്. നവോത്ഥാനം എന്നതിനേക്കാള്‍ ഉപരിയായി മതത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള പരിഷ്‌കരണം മാത്രമായിരുന്നു കേരളസമൂഹത്തില്‍ സംഭവിച്ചത്. ഒരുപാട് അന്ധവിശ്വാസങ്ങളുടെയും അശാസ്ത്രീയ മനോഭാവങ്ങളും പിടിയില്‍ തന്നെയാണ് കേരളമെങ്കിലും അവിടവിടെയായി ഉണ്ടാകുന്ന ചെറിയ ചില മാറ്റങ്ങള്‍ ആശാവഹമാണ് എന്ന് പറയാതിരിക്കാനാവില്ല.
പത്തു നാല്‍പതു വര്‍ഷം മുന്‍പ് ശബരിമലയിലെ മകരവിളക്ക് ആളുകള്‍ തന്നെ തെളിയിക്കുന്നതാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ആളുകളെ സര്‍ക്കാര്‍ തന്നെ അടിച്ചമര്‍ത്തിയിരുന്നു. മതത്തിനെതിരെ പറഞ്ഞിരുന്നതിനാല്‍ യുക്തിവാദികളെ എല്ലാ കാലവും ഭയത്തോടും വെറുപ്പോടും കൂടിയായിരുന്നു വിശ്വാസ സമൂഹം കണ്ടിരുന്നത്. പാശ്ചാത്യ സമൂഹങ്ങളില്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ്, സാം ഹാരിസ്, ഡാനിയല്‍ ഡെനെറ്റ്, ലോറന്‍സ് ക്രോസ് എന്നിവരുമായി മത നേതൃത്വം നിരന്തര സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും യുക്തിവാദ മണ്ഡലത്തെ അംഗീകരിക്കാന്‍ ഇന്ത്യയില്‍ ഒരു മത സമൂഹവും തയ്യാറായിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കേരളത്തില്‍ സ്വതന്ത്ര ചിന്താ പ്രസ്ഥാനങ്ങള്‍ക്ക് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. സ്വതന്ത്രചിന്തകനായ സി. രവിചന്ദ്രനുമായി സ്വാമി ചിദാനന്ദപുരി, സന്ദീപാനന്ദഗിരി, ഫാദര്‍ അഗസ്റ്റിന്‍ പാംപ്ലാനി, എന്നിവര്‍ നടത്തിയ സംവാദങ്ങള്‍ വളരെ താല്‍പര്യത്തോടെ കൂടിയാണ് കേരള സമൂഹം ശ്രദ്ധിച്ചത്.ഈയടുത്ത ദിവസം മലപ്പുറത്ത് വെച്ച് ഇ. എ ജബ്ബാര്‍, എം. എം അക്‌ബര്‍ എന്നിവര്‍ തമ്മില്‍ നടന്ന സംവാദത്തിന്റെ അലയൊലികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും ഇതുവരെ അവസാനിച്ചിട്ടില്ല. മഴ പെയ്തു കഴിഞ്ഞാലും മരം പെയ്തു കൊണ്ടിരിക്കുന്നു എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ സംവാദത്തിലെ വിഷയങ്ങള്‍ ജനങ്ങള്‍ സസൂക്ഷ്മം ഇഴകീറി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സമൂഹത്തിന്റെ ബൗദ്ധിക വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.
കേരളത്തില്‍ മാത്രമല്ല ലോക ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രീ യുക്തിവാദ വേദിയില്‍ കടന്നുവരുന്നത്. ഇതിനെ അത്ഭുതത്തോടും ആകാംക്ഷയോടും കൂടിയാണ് സാധാരണക്കാര്‍ കാണുന്നതെങ്കില്‍ ഭയത്തോടും നെഞ്ചിടിപ്പും കൂടിയാണ് ക്രൈസ്തവ നേതൃത്വം ഇതിനെ കാണുന്നത്. ലോകത്തില്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത ഒരു മാറ്റത്തിന് കേരളം തുടക്കമിടുന്നു എന്നത് ഒരുപക്ഷേ ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന സംഭവമായിരിക്കും. കേരളത്തിന്റെ സ്വതന്ത്രചിന്താ രംഗത്ത് ഒട്ടനവധി ചര്‍ച്ചകളും പ്രഭാഷണങ്ങളും വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിച്ചിട്ടുള്ള എസ്സന്‍സ് ഗ്ലോബല്‍ ഫെബ്രുവരി 24ാം തീയതി വയനാട് കല്‍പ്പറ്റയില്‍ ഉള്ള ഹോട്ടല്‍ ഇന്ദ്രിയയില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ആദ്യമായി സ്വതന്ത്രചിന്താ വേദിയില്‍ എത്തുന്നത്.
പീഡനങ്ങളെയും ചൂഷണങ്ങളെയും എല്ലാ കാലവും അടിച്ചമര്‍ത്താമെന്നുകരുതിയ സഭാനേതൃത്വത്തിന് ഇത് കനത്ത പ്രഹരം തന്നെ ആയിരിക്കും. താന്‍ അപമാനിക്കപ്പെട്ടു, ഇപ്പോഴും അപമാനിക്കപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നെ രക്ഷിക്കാന്‍ അലിവുണ്ടാവണം എന്ന പരാതിയുമായി മുട്ടാവുന്ന വാതിലുകളെല്ലാം മുട്ടിയതിനു ശേഷം ഗതികെട്ടപ്പോഴാണ് ഒരു കന്യാസ്ത്രീ തനിക്ക് നീതി വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നീതിപീഠത്തെ സമീപിക്കുന്നത്. അവിടെയും ക്രൈസ്തവ സഭാ നേതൃത്വം അധികാരവും സ്വാധീനവും ഉപയോഗിച്ച് പരാതിക്കാരിയെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ഇതുവരെ അമര്‍ത്തിപ്പിടിച്ച തേങ്ങലുകള്‍ മഠത്തിന് അകത്തുനിന്നും ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങിയത്. ക്രൈസ്തവസഭ അതിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൊണ്ട് ഇങ്ങനെ നിസ്സഹായരും നിരാലംബരുമായ അല്ലെങ്കില്‍ അങ്ങനെ ആക്കിത്തീര്‍ത്ത മനുഷ്യരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ഒരു എതിര്‍ ശബ്ദമായി നമ്മള്‍ സിസ്റ്റര്‍ ലൂസിയെ ശ്രദ്ധിക്കുന്നത്.
തുടര്‍ന്നങ്ങോട്ട്, മാനന്തവാടിയിലെ ഒരു യുവ വൈദികനായ നോബിള്‍ പാറയ്ക്കനെ ഉപയോഗിച്ചുകൊണ്ട് അതിഹീനമായ ലൈംഗിക ചുവയോടുകൂടിയ, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ, വ്യക്തിഹത്യകള്‍ക്ക് ക്രൈസ്തവ സഭാ നേതൃത്വം തുടക്കമിട്ടത്. തുടര്‍ന്ന് സഭയുടെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ അതിഭീമമായ ആക്രമണം ഉണ്ടായിട്ടും തന്നെപ്പോലെ മതത്തിന്റെ ഇരുട്ടറകളില്‍ ഭീതിയോടെ കഴിയേണ്ടി വരുന്ന തന്റെ കുഞ്ഞു സഹോദരിമാര്‍ക്ക് വേണ്ടി പോരാടാനിറങ്ങിയ സിസ്റ്റര്‍ ലൂസിയുടെ ആത്മവീര്യം തകര്‍ക്കാനായില്ല. താനൊരു അധമനാണ് എന്ന മിഥ്യാബോധം പേറി നടന്ന അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ആ മിഥ്യാബോധം അവസാനിപ്പിക്കുക എന്നതായിരുന്നു ഡോക്ടര്‍ അംബേദ്കര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. തങ്ങള്‍ വൈദികരുടെ കളിപ്പാവകള്‍ ആണ് എന്ന് കരുതിയിരിക്കുന്ന പാവം കന്യാസ്ത്രീകള്‍ക്കു മുന്‍പില്‍ നമ്മളും മനുഷ്യാവകാശങ്ങള്‍ ഉള്ള മനുഷ്യരാണ് എന്ന് ബോധ്യപ്പെടുത്തുക എന്നത് ആധുനിക സമൂഹത്തിന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ആ ഒരു ദൗത്യമാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിലൂടെ എസ്സന്‍സ് സമൂഹത്തിനു മുന്‍പില്‍ വയ്ക്കുന്നത്.
ഇരുപത്തിയെട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് സിസ്റ്റര്‍ അഭയയുടെ ഘാതകര്‍ ശിക്ഷിക്കപ്പെട്ടത്. കന്യാസ്ത്രീ മഠത്തിലെ കിണറുകളിലും, ഉത്തരത്തിലെ ഒരു മുഴം കയറിലും ജീവിതം അവസാനിക്കേണ്ടിവരുന്ന ഈ പാവം സഹോദരിമാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് ഐക്യദാര്‍ഢ്യം നല്‍കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനെ ന്യായീകരിക്കാന്‍ വേണ്ടി ധ്യാന ഗുരുക്കന്മാര്‍ എന്നറിയപ്പെടുന്നവര്‍ അഭയയുടെ ആത്മാവിനെ വരെ വിളിച്ചുവരുത്തി എന്നുള്ള മുട്ടന്‍ നുണപ്രചാരണമാണ് നടത്തുന്നത്. സത്യം ചെരുപ്പ് ധരിച്ച് വരുമ്ബോള്‍ നുണ ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കും.
ഒരുപക്ഷേ കേരള സമൂഹത്തിലേക്ക് ചെന്നെത്താന്‍ മടിച്ച നവോത്ഥാന ആശയങ്ങളുടെ പ്രകാശകിരണങ്ങളാണ് ഈ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തിലേക്ക് വന്നെത്തുന്നത്. ഇതിനെ അംഗീകരിക്കുവാനോ മനസ്സിലാക്കുവാനോ പറ്റുന്ന വിധം മാനസിക പക്വത നമ്മുടെ സമൂഹത്തിന് ഉണ്ടോ ഇല്ലയോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടതാണ്. ചരിത്രമെന്നത് പണവും അധികാരവും ഉള്ളവര്‍ എഴുതിയതാണ്. പണവും അധികാരവുമുള്ളവര്‍ അടിച്ചമര്‍ത്തിയ നിസ്വരും നിസ്സഹായരുമായവരുടെ ശബ്ദം എന്നെങ്കിലും ചരിത്രത്തില്‍ എഴുതപ്പെടുമ്ബോള്‍ മാത്രമേ ആ സമൂഹം നവോത്ഥാനത്തിലേക്ക് കടന്നു എന്ന് നമുക്ക് ചിന്തിക്കാനാവൂ. ജുഡീഷ്യറിയും ബ്യൂറോക്രസിയും അധികാരത്തിനും പണത്തിന്റേയും മുമ്ബില്‍ മുട്ടു മടക്കേണ്ടി വരുന്ന സാഹചര്യത്തില്‍ തന്റെ പോരാട്ടവഴികളില്‍ എവിടെയെങ്കിലും വീണുപോകുമെന്നറിഞ്ഞുകൊണ്ടു തന്നെ പോരാടുന്നവനാണ് യഥാര്‍ത്ഥ പോരാളി. സിസ്റ്റര്‍ ലൂസിയുടെ പോരാട്ടങ്ങള്‍ ചരിത്രത്തില്‍ എഴുതപ്പെട്ടിട്ടില്ല എങ്കില്‍ അത് സിസ്റ്റര്‍ ലൂസിയുടെ പോരായ്മയല്ല മറിച്ച് നമ്മള്‍ ഓരോരുത്തരുടെയും കഴിവുകേടാണ്. അതിനുള്ള ശ്രമമാണ് ഫെബ്രുവരി 24ന് കല്‍പ്പറ്റയില്‍ നടക്കുന്നത്.