പ്രവാസത്തിൽനിന്നുള്ള എഴുത്തുകാരനായ ഹരിദാസ് പാച്ചേനിയുടെ ഓർമ്മകഥകളുടെ സമാഹാരമാണ് 'സൊറ'. പേര് സൂചിപ്പിക്കും പോലെ ഒരു നാട്ടിൻപുറത്തുകാരൻ അങ്ങകലെ പ്രവാസത്തിലിരുന്ന് ഗൃഹാതുരത്വത്തോടെ പറയുന്ന കഥകളാണിത്. കവലകളിലും, പീടികത്തിണ്ണകളിലും ഇരുന്ന് കഥ പറയുന്നപോലെയുള്ള ലളിതഭാഷയിലുള്ള 37 കഥകളുടെ സമാഹാരമാണിത്.
വ്യത്യസ്തമായ കുറേകഥകൾ. എങ്കിലും എല്ലാ കഥകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മൃദുവായ നൂലുപോലെ അങ്ങകലെ പച്ചപ്പ് നിറഞ്ഞ നാടും, ക്ഷേത്രവും, പള്ളിയും നിഷ്‌കളങ്കരായ ഒരുപറ്റം നാട്ടുകാരും നിറഞ്ഞുനിൽക്കുന്ന ബന്ധം. ചില കഥകൾ പ്രവാസത്തിലെ അനുഭവങ്ങൾ ആണെങ്കിൽകൂടി കഥാകാരനിൽ തുളുമ്പി നിൽക്കുന്ന ഗ്രാമത്തിന്റെ ചാരുത എല്ലാ കഥകളും കാണാനാകും.
ഒറ്റയിരിപ്പിന് വായിച്ചുതീർക്കാൻ പോന്നതാണ് സൊറയുടെ 145 പേജുകളും. അവസാന താളും മറിച്ചുകഴിയുമ്പോൾ വായനക്കാരനിൽ ഉണ്ടാക്കുവാൻ കഴിയുന്ന വികാരത്തിന്റെ തോതാണ് ഹരിദാസ് എന്ന എഴുത്തുകാരന്റെ വിജയം. അനാവശ്യ വർണനകളോ, അതിഭാവുകത്വമോ കൂട്ടികലർത്താത്ത കഥന രീതി. സാധാരണക്കാരുടെ കഥ അസാധാരണമായി ഒന്നും കൂട്ടിച്ചേർക്കത്തെ തന്മയത്വത്തോടെ സൊറപോലെ പറയുകയാണിവിടെ.
മനസ്സിൽ നിന്നും പറിച്ചെറിയാനാകാതെ ഒരുപിടി കഥാപാത്രങ്ങൾ. ഒരു തലമുറയുടെ സ്പന്ദനം. അന്യം നിന്ന് പോയ അനുഭവങ്ങൾ. സ്മാർട്ട് ഫോണിന്റെയും ഫോർജിയുടെയും കാലഘട്ടത്തിൽ ഗതകാല സ്മരണകൾ അയവിറക്കുന്ന കഥാകാരൻ ഓരോ കഥയിലും നിറയുന്ന നന്മകൾ കൂടിയാണ് പറഞ്ഞുവയ്ക്കുന്നത്.
തുടക്കത്തിലെ ചിലകഥകൾ പ്രവാസത്തിൽ സംഭവിച്ചതാണ്. ഒന്ന് 'ഇബ്രാഹിം സുലൈമാൻ ബലൂചി' എന്ന അഫ്ഗാൻ കാരന്റെ കണ്ണീരുപ്പിന്റെ കഥപറയുമ്പോൾ, അടുത്ത കഥ 'അൻവാർ ഹുസൈൻ' എന്ന എല്ലിൻകൂടമായ ബംഗാളിയുടെ ഉരുകിത്തീരുന്ന പ്രവാസത്തിന്റെ വേദനയാണ്. മറ്റൊരു കഥയിൽ 'ഈന്തപ്പന താൻ എക്ക് ബുർജ് ഖലീഫ' എന്ന് പറയുന്ന കഥാപാത്രം സാധാരണക്കാരന്റെ സ്വപ്നങ്ങൾ പേറുന്നതാണ്.
'ഇരുമ്പ് അലിക്ക' എന്ന കഥയിൽ വടംവലിയിൽ തോറ്റ് തിരികെപോകുന്ന ശക്തിമാനായ മനുഷ്യന്റെ മുഖം ആർക്കും മറക്കാനാകില്ല.
'കട്ട മറിഞ്ഞാൽ കാണുന്ന രൂപം' എന്ന കഥ ഗ്രാമത്തിലെ ഉത്സവപ്പറമ്പിന്റെ ഉന്മാദം നിറഞ്ഞൊരുഴുന്ന മേളക്കൊഴുപ്പാണ്.
'അച്ചായന്റെ പശു' ഊറിച്ചിരിക്കാൻ ഇടനൽകുന്നതും പശു അന്നും ഇന്നും എന്ന ചിന്തയിൽ പറയുന്നതുമാണ്. 'കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ' എന്ന് യേശു തന്റെ കേൾവിക്കാരോട് പറയുന്ന പോലെ ഒരു കഥയാണിത്.
ആധുനിക ലോകത്ത് നമ്മുടെ മുന്നിലെ പ്രലോഫനങ്ങളുടെയും ചതിയുടെയും ചിത്രം വരച്ചിടുന്ന കഥയാണ് 'സിന്ദൂര സന്ധ്യ' കോർഫക്കാനിലേക്ക് ചാറ്റിങ്ങിൽ കണ്ട സുന്ദരിയെ തേടിപ്പോകുന്ന ഭ്രാന്തമായ പ്രണയം തലയ്ക്ക് പിടിച്ച കാമുകന്റെ കഥയും അതിന്റെ തിക്താനുഭവവും.
'ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ' എന്ന കഥ സിന്ദൂര സന്ധ്യയുടെ നാടൻ പതിപ്പാണ്. ഉത്സവം ഒഴിവാക്കി കൂട്ടുകാരന്റെ ഒപ്പം അവന്റെ കാമുകിയെ തേടി പള്ളിയിലേക്ക് പോകുന്ന കഥാകാരന്റെ മനസ്സിൽ വീണ്ടും ഒരിക്കൽ കൂടി അവിടേക്ക് പോകണം എന്ന ചിന്തയും ടയറില്ലാത്ത സൈക്കിളിന്റെ വിധിയും വായനക്കാരിൽ ചിരിയും ചിന്തയും ഉണർത്തും.
'റേഷൻ കട' ഒരു കാലഘട്ടം വരച്ചിടുന്നു. ഗ്രാമത്തിലെ റേഷൻ കടയുടെ മുന്നിൽ ഇടിച്ചു തള്ളി നിൽക്കുന്ന നാട്ടുകാരുടെയും, കട മുതലാളിയുടെയും ഒപ്പം റേഷൻ വാങ്ങാൻ വന്ന കുട്ടിയുടെ കഥയും ആ കാലഘട്ടത്തിന്റെ നേരെ പിടിച്ച ദർപ്പണമാണ്.
'സാധു ബീഡിയുടെ അവസാന പഫ് ലോകത്ത് ആരും ഇത്രയും മനോഹരമായി ആസ്വദിച്ചിട്ടുണ്ടാകില്ല' എന്ന് ഹരിദാസ് പറയുന്ന അമ്പുവേട്ടന്റെ കഥ വേദനയും വിഷാദവും തുളുമ്പിത്തെറിക്കുന്ന എഴുത്താണ്.
മുകളിൽ പറഞ്ഞ മാതിരി ചെറിയ ചെറിയ കഥാക്കൂട്ടുകൾ നിറച്ച ഒരു പേടകമാണ് സൊറ. എഴുത്തുരീതി ചിലപ്പോൾ ഒക്കെ ബഷീറിന്റെ മന്ത്രീക തൂലികയോട് കിടപിടിക്കുന്നതുമാണ്.
ചിലയിടത്തൊക്കെ കാണുന്ന അക്ഷരത്തെറ്റുകൾ ഒഴിവാക്കാമായിരുന്നു. ഒപ്പം ചില കഥകൾക്ക് ഇടയ്ക്ക് നൽകിയിരിക്കുന്ന ഒന്നിലധികം കുത്തുകൾ വികാരാവേശം കുത്തിനിറയ്ക്കാനാണോ എന്നൊരു തോന്നൽ ഉണ്ടാക്കുന്നുണ്ട്. ചില കഥകൾ കവിതകൾ പോലെ ചെറുതാണ്. വലിയ ആശയങ്ങൾ ഇത്തിരികൂടി പരത്തി പറഞ്ഞിരുന്നെങ്കിൽ എന്ന് വായനക്കാരൻ ആഗ്രഹിച്ചുപോയാൽ കുറ്റം പറയാനൊക്കില്ല. ഇത്തരം ചെറു ന്യൂനതകൾ അടുത്ത പതിപ്പിൽ പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം.
ലിപി പബ്ലിക്കേഷൻസ് ആണ് 'സൊറ' യുടെ പ്രസാധകർ. വില 150 രൂപ. മുടക്കുമുതലിന് ഗുണം വായനക്കാരന് തിരികെ നൽകുന്ന പുസ്തകമാണിത്. ഹരിദാസ് ഒരു നവ എഴുത്തുകാരനാണെന്ന തോന്നൽ ഒരിക്കൽ പോലും വായനക്കാരന് തോന്നാത്ത കഥനരീതി.
നാട്ടിൻ പുറവും, പച്ചപ്പും, സാധാരണക്കാരും നിറഞ്ഞുനിൽക്കുന്ന ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ വായിച്ചുപോകാവുന്ന ചെറിയ കഥകൾ. അതാണ് ചുരുക്കിപറഞ്ഞാൽ 'സൊറ'.