“മാധുര്യമായ ശബ്‌ദം , പാടുവാൻ കൊതിക്കുന്ന താളം , എത്ര മനോഹരമാണ് ഓരോ ആലാപനവും. ഞാനും ഒരു വട്ടം ശ്രമിച്ചുനോക്കിയാലോ” നീലിമക്ക് ഒരു മോഹം തോന്നി . വേഗം അവൾ മുറിയിൽ പോയി കതകടച്ചു , കണ്ണാടിയുടെ മുന്നിൽ നിന്ന് പാടി നോക്കി . ഒരു നിമിഷം നീലിമ അത്ഭുതപ്പെട്ടു നിന്നു . “റേഡിയോയിൽ കേട്ട അതേ ശബ്ദമാണ് എനിക്കും , എത്ര മനോഹരമായി ഞാൻ പാടി ” അവളുടെ ചെറിയ സ്വപ്നങ്ങൾക്കു പറക്കുവാൻ വലിയ ചിറകുകൾ കിട്ടിയ പോലെ അവൾക്കു തോന്നി . അമ്മയും ചേച്ചിയും തന്റെ പട്ടു കേൾക്കുമ്പോൾ ഉറപ്പായും ഞെട്ടിപ്പോകും എന്ന് അവൾക് ഉറപ്പായി . നീലിമ പാട്ട് അമ്മയെ കേൾപ്പിക്കാൻ തീരുമാനിച്ചു . അവൾ അടുക്കളയിൽ പോയി അമ്മയെ സഹായിക്കാൻ എന്ന പോലെ അമ്മയുടെ അടുത്തിരുന്നു . പതിയെ അവൾ പാടി തുടങ്ങി . ആദ്യം പയ്യെ പാടി നോക്കി , പക്ഷെ ‘അമ്മ ശ്രദ്ധിച്ചില്ല . അപ്പോൾ അവൾ ശബ്ദം കുറച്ചു കൂടി ഉയർത്തി പാടാൻ തുടങ്ങി . ഓരോ വരി പാടുമ്പോളും അവൾക് അവളുടെ ശബ്ദം ഒരു അത്ഭുതമായി തോന്നി .
“എന്റെ നീലി നിനക്കൊന്നു മിണ്ടാതിരുന്നൂടെ , ഞാൻ ഇവിടെ പഠിക്കുന്നത് നീ കണ്ടില്ലേ ” പെട്ടെന്നായിരുന്നു ചേച്ചിയുടെ പ്രതികരണം . ആകെ നാണക്കേടായതോടെ നീലി കരഞ്ഞോണ്ട് എണീറ്റോടി .ചേച്ചിയോടു ദേഷ്യം തോന്നി . എന്നാലും വിട്ടു കൊടുക്കാൻ നീലി തയ്യാറായില്ല . “നാളെ സ്ക്കൂളിൽ സംഗീതക്ലാസ് ഉണ്ടാകും , ടീച്ചർ പതിവ് പോലെ ആരെങ്കിലും പാട്ട് പാടുന്നുണ്ടൊ ഏന് ചോദിക്കും അപ്പോൾ എന്തായാലും പാടണം .” നീലി തീരുമാനിച്ചു . ചേച്ചിയുടെ അലമാരയിൽ നിന്ന് പഴയ ഒരു പാട്ടുപുസ്തകം അവൾ കണ്ടെത്തി , അതിൽ നിന്നും ഇഷ്ടമുള്ള ഒരു പാട്ട് അവൾ തെരഞ്ഞെടുത്തു . ആരും കാണാതെ അവൾ അത് പാടി പഠിച്ചു . അവളുടെ പ്രിയപെട്ട കണ്ണാടിക്കു മുൻപിൽ അവൾ പാടി ആസ്വദിച്ചു .
അങ്ങനെ ആ ദിവസമായി . സംഗീതക്ലാസ് തുടങ്ങി.പതിവ് പോലെ ടീച്ചർ പാടാൻ ഇഷ്ടമുള്ളവർ വരാൻ പറഞു . നീലിമ ചാടിയെണീറ്റു പാടാൻ ചെന്നു . പതിവില്ലാതെ നീലിമ പാടാൻ പോകുന്നത് കണ്ട് അവളുടെ കൂട്ടുകാർ അത്ഭുതപെട്ടു . നീലിമ നന്നായി പാടി .പാട്ടു കഴിഞ്ഞപ്പോൾ ഏല്ലാവരും കൈയടിച്ചു . നീലിമക്ക് ഒത്തിരി സന്തോഷമായി .നീലിമയുടെ കൂട്ടുകാരി അഞ്ചുമോൾ പറഞു “നീലി നീ അടിപൊളിയായി പാടി ” . അത് കേട്ടപ്പോൾ നീലിമക്ക് അഞ്ജുമോളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി . പക്ഷെ ടീച്ചർ അഭിപ്രായം ഒന്നും പറയാത്തത് അവൾക് ഒരു വിഷമമായി .
അങ്ങനെ വൈകുന്നേരം ആയപ്പോൾ നീലിമ ക്ലാസ്സ്‌ടീച്ചറിനെ കാണുവാൻ സ്റ്റാഫ്‌റൂമിൽ പോയപ്പോൾ സംഗീതം പഠിപ്പിക്കുന്ന ടീച്ചർ അവളെ വിളിച്ചു .”മോള് നന്നായി പാടി കേട്ടോ.ഇത്തവണ കലോത്സവത്തിനുള്ള സംഘഗാനത്തിനു മോളു കൂടി പാടുമോ .” നീലിമക് ഒരു നിമിഷം സ്വർഗം കിട്ടിയ സന്തോഷമായിരുന്നു.അവൾ സമ്മതിച്ചു . എല്ലാവരുടെയും ഒപ്പം അവളും പാടി പഠിച്ചു .
അങ്ങനെ കലോത്സവദിനമെത്തി . 9 പേരുടെ സംഘമായിരുന്നു . വേദിയിലെത്തിയപ്പോൾ ടീച്ചർ നീലിമയെ നടുവിൽ നിർത്തി .നീലിമക്ക് ഒത്തിരി സന്തോഷം തോന്നി .പക്ഷെ ആ സന്തോഷത്തിനു ആയുസ്സ് വളരെ കുറവായിരുന്നു . ആകെ രണ്ടു മൈക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു , അത് രണ്ടും ടീച്ചർ രണ്ടു അറ്റത്തായി വെച്ചു . 9 പേരുള്ള സംഘവും രണ്ടു മൈക്കും . നീലിമയുടെ ശബ്ദത്തിനു എത്താൻ കഴിയാത്ത ദൂരത്തിലാണ് രണ്ടു മൈക്കും . നിസ്സഹായതയോടെ ടീച്ചറെ നോക്കുമ്പോളേക്കും പട്ടു തുടങ്ങാൻ ബെല്ലടിച്ചു . കഴിയുന്ന അത്രയും ശബ്ദമെടുത്തു നീലിമ പാടി . അവൾക്കു പോലും അവളുടെ ശബ്ദം കേൾക്കാൻ പറ്റിയില്ല .
പാട്ടു കഴിഞ്ഞപ്പോൾ ടീച്ചറിന്റെ പ്രതികരണവും കൂടിയായപ്പോൾ നീലിമക്ക് ദേഷ്യവും സങ്കടവും വന്നു . “നീലിമയുടെ ശബ്ദം കേട്ടതേയില്ലല്ലോ “. ടീച്ചറിന്റെ പരിഹാസത്തിനു തിരികെ നല്ല മറുപടി പറയണം എന്ന് അവൾക്കുണ്ടായിരുന്നു .എങ്കിലും അവൾ ഉള്ളിലൊതുക്കി . തിരികെയുള്ള യാത്ര മുഴുവൻ അവളുടെ മനസ്സിൽ അത് തന്നെയായിരുന്നു.ആളെ തികയ്ക്കാൻ മാത്രമാണ് ടീച്ചർ അവളെ കൊണ്ട് പോയതെന്ന് അവളോർത്തു
.വീട്ടിലെത്തിയ അവൾ നടന്നതൊന്നും ആരോടും പറഞ്ഞില്ല . അപ്പോളാണ് നെഞ്ച് തകർത്ത അടുത്ത സംഭവം ഉണ്ടായത് .എല്ലാവരും ഒന്നിച്ചു ഉണ്ണാൻ ഇരിക്കുമ്പോളാണ് അച്ഛൻ അതു പറഞ്ഞത് അതും പാടാൻ പോയ നീലിമയോട് ആ വിശേഷങ്ങൾ ചോദിക്കാതെ . “എന്റെ കൂട്ടുകാരൻ രാഘവന്റെ മോള് എത്ര നന്നായിട്ടാ പാടുന്നേ , ആ കുട്ടി വലുതാകുമ്പോൾ എന്തായാലും വലിയൊരു ഗായികയാകും “.. നീലിമക്ക് അതോടെ മതിയായി . ഇനി പാട്ടും വേണ്ട ഒന്നും വേണ്ട . അന്നത്തെ രാത്രി അവൾക് ഉറക്കമില്ലാത്തതായിരുന്നു . “ഇനി പാടുന്നില്ല ” അവൾ ഒരായിരം തവണ മനസ്സിൽ പറഞ്ഞു . ആരും ഒരിക്കലും തന്റെ ശബ്ദത്തെ അംഗീകരിക്കുകയുമില്ല .
പിന്നെ അവൾ ആരും കേൾക്കാൻ വേണ്ടി പാടിയില്ല . അവളുടെ പ്രിയപ്പെട്ട കണ്ണാടിയിൽ നോക്കി അവൾക്കു മാത്രം കേൾക്കുവാൻ വേണ്ടി അവൾ പാടി . അവളുടെ മാധുര്യമേറിയ ശബ്ദത്തിൽ അവൾ തനിയെ സന്തോഷിച്ചു . എങ്കിലും പിന്നീട് പലപ്പോഴും അവൾ പാടാൻ ശ്രമിച്ചിരുന്നു . അവഗണനകൾ കൂടി വന്നപ്പോൾ അവൾ തന്നെ അവളുടെ പാട്ടിനെ മറന്നു.
വർഷങ്ങൾ ഏറെ കഴിഞ്ഞു . നീലിമ വലിയ കുട്ടിയായി , വിവാഹിതയായി . ഒരു കുഞ്ഞിന്റെ അമ്മയായി .
അങ്ങനെയിരിക്കെ ഒരു ദിവസം ഫേസ്ബുക്കിൽ അവൾ ഒരു വീഡിയോ കണ്ടു . ഒരു പെൺകുട്ടി അതിമനോഹരമായി പാടുന്നു .ഒത്തിരി ആളുകൾ ആ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നു . നീലിമയുടെ ഉള്ളിൽ വെറുതെയൊരു മോഹം തോന്നി .ഒരു തവണ ശ്രമിച്ചുനോക്കിയാലോ .അവൾ മൊബൈൽ എടുത്തു പാടി നോക്കി . പക്ഷെ എന്തൊക്കെയോ പ്രശ്നങ്ങൾ , അവളുടെ ശബ്ദത്തിനു പണ്ടത്തെ മാധുര്യമില്ല , പാടി തുടങ്ങുമ്പോൾ തന്നെ ശബ്‌ദം അടഞ്ഞു പോകുന്നു. നീലിമ അവളുടെ പ്രിയപ്പെട്ട കണ്ണാടിയിൽ നോക്കി വീണ്ടും പാടിനോക്കി . പക്ഷെ സാധിക്കുന്നില്ല . കണ്ണാടിയിലൂടെ നീലിമ അവളുടെ കണ്ണിലെ ദയനീയതയെ നോക്കി നിന്നു .
അപ്പോളാണ് ‘അമ്മ അവളെ വിളിച്ചത്
“മോളെ നീലിമേ , കുഞ്ഞു ഉറങ്ങുന്നില്ലല്ലോ , മോളു ആ ഉണ്ണിക്കണ്ണന്റെ പാട്ടു പാടി കൊടുക്ക് , അപ്പോൾ കുഞ്ഞു വേഗം ഉറങ്ങിക്കോളും ..”
നീലിമയുടെ ചുണ്ടിൽ ചിരി വിടർന്നു .. ആർക്കും വേണ്ടാത്ത അവളുടെ പാട്ടിനെ സ്നേഹിക്കാൻ അവൾക്കു ദൈവം കൊടുത്ത സമ്മാനം , അവളുടെ മോളു ..