Latest News

പെണ്‍കുട്ടികളോട് ഒരുപാട് കാര്യങ്ങള്‍ പറയുന്ന മാസമാണ് ഒക്ടോബര്‍; ഒക്ടോബര്‍ 22 'പിങ്ക് റിബണ്‍ ഡേ' എന്നാണ് അറിയപ്പെടുന്നത് എന്ത്‌കൊണ്ട് ?

ആര്‍.സി.സി പി.ആര്‍.ഒ
 പെണ്‍കുട്ടികളോട് ഒരുപാട് കാര്യങ്ങള്‍ പറയുന്ന മാസമാണ് ഒക്ടോബര്‍; ഒക്ടോബര്‍ 22 'പിങ്ക് റിബണ്‍ ഡേ' എന്നാണ് അറിയപ്പെടുന്നത് എന്ത്‌കൊണ്ട് ?

ക്ടോബറിന്റെ മറ്റൊരു പേരാണ് പിങ്ക് മാസം.  ഒക്ടോബര്‍ 22 'പിങ്ക് റിബണ്‍ ഡേ' എന്നാണ് അറിയപ്പെടുന്നത്. പിങ്ക് നിറമുള്ള റിബണ്‍ കൊണ്ട് പിന്നിക്കെട്ടിയ മുടിയുള്ള ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മയുമായ് ഒരു മാസം.അതെ! പെണ്‍കുട്ടികളോട് ഒരുപാട് കാര്യങ്ങള്‍ പറയുന്ന മാസമാണ് ഒക്ടോബര്‍. സ്തനാര്‍ബുദ ബോധന മാസം. സ്തനാര്‍ബുദം എന്ന രോഗത്തെ പിങ്കുനിറം കൊണ്ട് പ്രതീകവത്ക്കരിച്ച് ഒരു കളര്‍ കോഡ് ബോധനം. പപഞ്ചത്തിന്റെ ആധാരശിലയാണ് സ്ത്രീ. ഉര്‍വരതയുടെ പ്രതീകം. മണ്ണ് അതിന്റെ സര്‍ഗശേഷി പ്രകടമാക്കുന്നത് ഹരിത പ്രകൃതിയുടെ സ്‌ത്രൈണ ഭാവത്തിലൂടെയാണ്. പരാശക്തിയും സ്ത്രീതന്നെയാണ്. ജനനി ! സ്‌ത്രൈണതയുടെയും മാതൃത്വത്തിന്റെയും പ്രതീകങ്ങളാണ് സ്ത്രീകളുടെ സ്തനങ്ങള്‍. ആശ്രയത്തിന്റെയും  കാരുണ്യത്തിന്റെയും ഉദാത്ത ഭാവമാണ് ഈ ക്ഷീര ഗ്രന്ഥികള്‍ക്കുള്ളത്. 'അമ്മ' എന്ന പവിത്ര പരിവേശം സ്ത്രീയ്ക്ക് സമ്മാനിക്കുന്നതും ഇതു തന്നെ.

യൗവനത്തിന്റെ  വസന്തസ്പര്‍ശം ഒരു പെണ്‍കുട്ടിയുടെ  അംഗലാവണ്യത്തിനു മാറ്റുക്കൂട്ടുമ്പോള്‍ അതിന്റെ പിന്നിലെ ലളിതമായ ശാസ്ത്രതത്വം  നാം ഓര്‍ക്കാറില്ല. താരുണ്യത്തിന്റെ തരളിത ഭാവനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അനേകം രാസപദാര്‍ത്ഥങ്ങളുണ്ട്. പുഷ്ടിയുടെ സന്ദേശവാഹകരായ ഈ ഹോര്‍മോണുകള്‍ ഒരു പെണ്‍കുട്ടിയ്ക്ക് ഉത്തമ സ്ത്രീലക്ഷണങ്ങള്‍ സമ്മാനിക്കുന്നു.പ്രൊലാക്ടിന്‍,  ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍, കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍, തൈറോയ്ഡ് ഹോര്‍മോണ്‍ തുടങ്ങിയവയൊക്കെ അംഗനയുടെ അംഗലാവണ്യത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നിവ സ്തന വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്.

നിര്‍ഭാഗ്യവശാല്‍, സ്ത്രീത്വത്തിന്റെ  ഉദാത്ത പ്രതീകമായ ഈ അവയവത്തില്‍ തന്നെയാണ് പ്രകൃതി ക്രൂരമായ വികൃതി കാണിക്കുന്നത്. ഇന്ന് സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദം സ്തനാര്‍ബുദമാണ്. ഒരു സ്ത്രീയുടെ  സൗന്ദര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും കുടുംബബന്ധങ്ങളുടെയും താളം തെറ്റിച്ചുകൊണ്ട്  ഈ  രോഗം  കടന്നുവരുന്നു. ഭാര്യയായും അമ്മയായും ഉദ്യോഗസ്ഥയായും ബിസിനസുകാരിയായും  പൊതുപ്രവര്‍ത്തകയായുമൊക്കെ ക്രിയാത്മകത പ്രകടിപ്പിക്കേണ്ട  40-50 വയസിലാണ് സാധാരണ ഗതിയില്‍ ഈ രോഗം ആക്രമിക്കുന്നത്.


ശാസ്ത്രജ്ഞര്‍ക്ക് നമ്മോട് പറഞ്ഞുതരാന്‍ കുറേ കാരണങ്ങളുണ്ട്. ജനിതക വ്യതിയാനം, കൊഴുപ്പു കൂടിയ ഭക്ഷണം, വ്യായാമരാഹിത്യം, പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യാത്ത അവസ്ഥ, അത്യാവശ്യമായി ഹോര്‍മോണ്‍ ഉപയോഗിക്കുന്ന ശീലം ഇതൊക്കെ സാധ്യതാ പട്ടികയിലെ ചില ഘടകങ്ങളാണ്. ഈ അറിവുകള്‍ ഉപയോഗപ്പെടുത്തി മുറിവുകള്‍ ഒഴിവാക്കാന്‍ പഠിക്കണമെന്നതിലാണ് വിവേകം. സ്ത്രീ ശാക്തീകരണ പുസ്തകത്തിലെ പ്രധാന അധ്യായം ഈ അറിവാകണം. തടയാന്‍ കഴിയുന്നത് തടയുക, അല്ലെങ്കില്‍ ഒഴിവാക്കാന്‍ കഴിയാത്ത ആപത്തിന്റെ ആഘാതം കുറയ്ക്കുക. ഇതായിരിക്കണം  സ്തനാര്‍ബുദത്തെക്കുറിച്ചുള്ള  അവബോധത്തിന്റെ കാതല്‍.

മുപ്പതു വയസ് കഴിഞ്ഞ സ്ത്രീകളെങ്കിലും സ്തനാര്‍ബുദ ജാഗ്രത പുലര്‍ത്തണം. കൊഴുപ്പു കുറച്ച്  ശരീരഭാരം മിതമായി നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു ജീവിത ശൈലി സ്വീകരിക്കണമെന്ന് അര്‍ബുദ വിദഗ്ദ്ധര്‍ വെറുതെ പറയുന്നതല്ല. മീന്‍ വറുക്കാതെ കറിവെച്ചു കഴിച്ചുകൂടെ ഐസ് ക്രീം - ചോക്ലേറ്റ് - ജിലേബി - കേക്ക് പ്രഭൃതികളെ ഒഴിവാക്കിക്കൂടേ മാംസഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയെങ്കിലും ചെയ്തു കൂടെ ടി.വി കണ്ട് കണ്ണു കഴയ്ക്കുമ്പോള്‍ വറുത്തും പൊരിച്ചതും കൊറിക്കുന്ന ശീലം ഉപേക്ഷിച്ചുകൂടെ രാത്രിയില്‍ ചോറിന് പകരം രണ്ടു പഴവും ഒരു പ്ലേറ്റ് സാലഡും പോരേ

മിക്‌സിയും വാഷിംഗ് മെഷീനും പമ്പു സെറ്റും  വാക്വം ക്ലീനറും ഗ്രൈന്‍ഡറുമൊക്കെ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നിശ്ചലമാക്കി വച്ച്  ഈ ജോലികള്‍ സ്വയം ചെയ്തു കൂടെ ഒരു മുക്കാല്‍ മണിക്കൂര്‍ എങ്കിലും നാട്ടു വഴിയിലോ, വീട്ടിലെ ടെറസ്സിലോ നടക്കാന്‍ എന്താണ് മടി പൊങ്ങച്ച ക്ലബ്ബില്‍ പോകാതെ വീട്ടില്‍ തന്നെ ചെറു വ്യായാമമോ യോഗയോ ചെയ്തുകൂടേ അതായത് കൊഴുപ്പു കുറഞ്ഞ പോഷക സമൃദ്ധമായ മിതമായ ഹിതാഹാരവും കൃത്യമായ വ്യായാമവും ഉണ്ടെങ്കില്‍ ഈ രോഗ സാധ്യത കുറയ്ക്കാന്‍  കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

അല്പമൊന്നു ശ്രദ്ധിച്ചാല്‍ വളരെ നേരത്തേ കണ്ടെത്താന്‍ കഴിയുന്ന രോഗമാണ് സ്തനാര്‍ബുദം. ഇടയ്ക്കിടെ  സ്വയം സ്തനപരിശോധന നടത്തുകയും തടിപ്പോ മുഴയോ പാടുകളോ  അസ്വാഭാവികതയോ  കണ്ടാല്‍  ഡോക്ടറെ സമീപിക്കുകയും ചെയ്യുന്ന ഒരു സ്വയം പരിശോധനാ സംസ്‌കാരം സ്ത്രീകള്‍ സ്വായത്തമാക്കണം. അങ്ങനെ ഡോക്ടറെ കാണുമ്പോള്‍ പ്രാരംഭ ദശയില്‍ തന്നെ രോഗനിര്‍ണയം നടത്താന്‍ ഉപകരിക്കുന്ന മാമോഗ്രാം എന്ന പരിശോധന നിര്‍ദ്ദേശിച്ചേക്കാം. അത്യാവശ്യമെങ്കില്‍ നേരിയ സൂചിയുപയോഗിച്ച് മുഴകളില്‍ നിന്ന് ദ്രവം കുത്തിയെടുത്ത് സൈറ്റോളജി പരിശോധന നടത്തും. വളരെ ലളിതമാണത്. അതായത് ഒന്നോ രണ്ടോ ദിവസം കൊണ്ട് രോഗം കണ്ടുപിടിക്കാമെന്നര്‍ത്ഥം. പ്രാരംഭദശയില്‍ കണ്ടുപിടിച്ചാല്‍ ലളിതമായ ചികിത്സകള്‍ കൊണ്ട് ഈ രോഗം ഭേദമാക്കാം. കണ്ടുപിടിക്കാന്‍ വൈകുന്തോറും രോഗം മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയും ചികിത്സ സങ്കീര്‍ണമാവുകയും ചെയ്യും. ആശുപത്രിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയുണ്ടെങ്കില്‍ രോഗത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ എത്രയോ അഭികാമ്യമാണ് രോഗം വരാതെ സൂക്ഷിക്കുക എന്നത്. സ്താനാര്‍ബുദ പ്രതിരോധം, സ്തനാര്‍ബുദ നിര്‍ണയം, സ്തനാര്‍ബുദ ചികിത്സ, പുനരധിവാസം എന്നിവയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനായാണ് ഒക്ടോബര്‍ മാസം ലോകമെമ്പാടും പിങ്ക് മാസമായി ആചരിക്കുന്നത്.

Read more topics: # pink-ribbon-day-october-22
pink-ribbon-day-october-22

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES