Latest News

ഓർമ്മയിലെ വിഷു

ജയശങ്കർ പിള്ള
ഓർമ്മയിലെ വിഷു

സന്തം ഒരുക്കുന്ന ആ മഞ്ഞപ്പൂക്കാലം 
വിഷുവായ് വിരിയുന്നു ഈ മഞ്ഞിന്റെ നാട്ടിൽ 
വിഷുക്കണിയും കണ്ടു ,കൈനീട്ടവും വാങ്ങി 
കുഞ്ഞു കൂട്ടുകാർ പടിയിറങ്ങുമ്പോൾ 
ഓർക്കുന്നു ഞാനെൻ കുട്ടിക്കാലം

പൂക്കൾ നിറഞ്ഞൊരാ തൊടിയും 
നെൽ വിത്തുകൾ പാകിയ പാടവും 
വൈക്കോൽ തുറുവിൽ സ്വർണ്ണ 
നിറം പൂശിയ സൂര്യനും 
ഓർമ്മയിലെ വിഷു ആയി ഈ മണ്ണിൽ

കണ്ണുകൾ മൂടി അമ്മതൻ കൈ ചുറ്റി 
കാർ വർണ്ണനെ കണികണ്ട ആ നല്ല കാലം 
കാണുവാൻ ഇനിയുമെൻ മനം 
കരകൾക്കുമിപ്പുറം കാത്തിരിക്കുന്നു 
ഓർമ്മയിലെ ആ നല്ല വിഷുവിനായ്

കൈ നിറയെ തുളുമ്പുന്ന 
കൈനീട്ടവും വാങ്ങി തൊടിയിലെ 
മാവിൽ ഊഞ്ഞാലിൽ ആടിയ 
മേന്മയുടെ നിറമുള്ള ആ വിഷുക്കാലം
വേനലിലൊരു കുളിരായ് ഓർമപൂവായ്

നാടും നഗരവും മാറി മറിയുമ്പോൾ 
ഓർക്കുന്നു ഞാനെൻ നീലാംബരനെ 
മഞ്ഞപ്പട്ടിലും,കണിക്കൊന്നയിലും 
മുങ്ങി മന്ദ മാരുതനായി വീണ്ടും 
മനസ്സിൽ നിറയുന്ന പൊൻ വിഷുക്കാലം..

ചന്ദന മണമുള്ള ആൽത്തറക്കാവും 
കണിക്കൊന്നകയിൽ മുങ്ങിയ പൂമുറ്റവും 
കുരുത്തോലയിൽ തീർത്ത ശ്രീകോവിലും 
മുന്നിലൊരു കുളിരായി മുറപ്പെണ്ണും 
ആ നല്ല വിഷു വിന്റെ കൗമാര ഓർമ്മയായ് 
ഓടി അണയുന്ന ഈ പൊൻ വിഷുക്കാലം.
എൻ ഓർമ്മയിലെ ആ നല്ല വിഷുക്കാലം

ormayile vishu kavitha by jayasankar pillai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES