Latest News

നമ്മുടെ ഗ്രന്ഥശാലകള്‍ കരിയര്‍ കോച്ചിങ് ആന്‍ഡ് മെന്ററിങ് സെന്റര്‍ ആക്കി മാറ്റാം; കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ ഭാവിയെ കുറിച്ച്‌ മുരളി തുമ്മാരുകുടി എഴുതുന്നു

Malayalilife
നമ്മുടെ ഗ്രന്ഥശാലകള്‍ കരിയര്‍ കോച്ചിങ് ആന്‍ഡ് മെന്ററിങ് സെന്റര്‍ ആക്കി മാറ്റാം; കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ ഭാവിയെ കുറിച്ച്‌ മുരളി തുമ്മാരുകുടി എഴുതുന്നു

യിരിത്തി തൊള്ളായിരത്തി എഴുപത്തി നാലിലോ എഴുപത്തി അഞ്ചിലോ ആയിരിക്കണം അമ്മാവന്‍ എന്നെ വെങ്ങോലയില്‍ കര്‍ഷക ഗ്രന്ഥാലയത്തില്‍ അംഗത്വം എടുക്കാന്‍ കൊണ്ടുപോയത്.

വെങ്ങോലയുടെ അഭിമാനവും ലാന്‍ഡ്മാര്‍ക്കും ആയ ശങ്കരപ്പിള്ളയുടെ ചായക്കടയുടെ അടുത്തുള്ള വാടകക്കെട്ടിടത്തില്‍ ആണ് അന്ന് ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത്. വൈകീട്ട് ഞാന്‍ അവിടെ ചെല്ലുമ്ബോള്‍ എന്‍ എ ഗംഗാധരന്‍ എന്നൊരാളാണ് ലൈബ്രെറിയന്‍ ആയി അവിടെ ഉള്ളത്. എന്റെ പേര് ചോദിച്ചു, അംഗത്വം എടുത്തു. ആദ്യമായി ഒരു പുസ്തകവും എടുത്തു തന്നു. ഡിറ്റക്ടീവ് നോവല്‍ വേണം എന്നായിരുന്നു ആഗ്രഹം, പക്ഷെ കിട്ടിയത് അച്ചുതണ്ട് എന്നോ മറ്റോ പേരുള്ള ഒരു നോവല്‍ ആയിരുന്നു.

പിന്നെ ലൈബ്രറിയില്‍ പോക്ക് പതിവായി. കൂടുതലും വെള്ളി, ശനി, ഞായര്‍ തീയതികളില്‍ ആണ്. അന്നൊക്കെ ലൈബ്രറിയില്‍ നല്ല തിരക്കാണ്. പുസ്തകം എടുക്കാന്‍ കുറേപ്പേര്‍, കാരംസ് കളിക്കാന്‍ വേറെ ചിലര്‍, ചെസ്സ് കളിക്കുന്ന രണ്ടുപേര്‍, പേപ്പര്‍ വായിക്കുന്നവര്‍ ചിലര്‍. ഇതൊന്നും കൂടാതെ സംസാരിച്ചിരിക്കാന്‍ രാജനും തോമസും ഉള്‍പ്പടെ ഉള്ള യുവാക്കള്‍. വിദ്യാഭ്യാസം ഓക്ക് നേടി തൊഴില്‍ ഒന്നും ആകാതെ ഇരിക്കുകയാണ് അവര്‍ അന്ന്. അവരുടെ സംസാരത്തില്‍ നിന്നാണ് ഞാന്‍ രാഷ്ട്രീയവും പൊതുവിജ്ഞാനവും ഒക്കെ കൂടുതല്‍ പഠിച്ചത്.

കാലം മുമ്ബോട്ട് പോയി, ഞാന്‍ വെങ്ങോല വിട്ടു, ഗംഗാധരനും രാജനും തോമസിനും ഒക്കെ സര്‍ക്കാര്‍ ജോലികള്‍ കിട്ടി.

കഴിഞ്ഞ വര്‍ഷം ഞാന്‍ വീണ്ടും വെങ്ങോലയില്‍ കര്‍ഷക ഗ്രന്ഥാലയത്തില്‍ എത്തി. കാലം നാല്പത് വര്‍ഷം കഴിഞ്ഞു. ലൈബ്രറിക്കിപ്പോള്‍ സ്വന്തമായ സ്ഥലം ഉണ്ട്, കെട്ടിടം ഉണ്ട്, കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ട്, ടി വി ഉണ്ട്, പുസ്തകങ്ങള്‍ ഉണ്ട്, കമ്ബൂട്ടര്‍ ഉണ്ട്.

ഒരു കാര്യത്തില്‍ മാത്രം മാറ്റമില്ല. ഗംഗാധരന്‍ ഇപ്പോഴും ലൈബ്രറിയുടെ ആത്മാവായി അവിടെ ഉണ്ട്. സര്‍ക്കാര്‍ ജോലിയില്‍ മൂന്നു പതിറ്റാണ്ടു കഴിഞ്ഞു റിട്ടയര്‍ ചെയ്തതതിന് ശേഷം വീണ്ടും വെങ്ങോലയില്‍ എത്തിയപ്പോള്‍ ഗ്രന്ഥാലയത്തിന്റെ കാര്യം നോക്കാന്‍ അദ്ദേഹം വീണ്ടും അവിടെ എത്തി.

മറ്റൊരു കാര്യത്തില്‍ ഏറെ മാറ്റം ഉണ്ട്. വായനക്കാര്‍ ആയി അവിടെ അധികം ആളൊന്നുമില്ല.

ഇത് വെങ്ങോലയുടെയോ കര്‍ഷക ഗ്രന്ഥാലയത്തിന്റെയോ മാത്രം കഥയല്ല. കേരളത്തില്‍ ആയിരക്കണക്കിന് ഗ്രന്ഥശാലകള്‍ പൊതുവായിട്ടുണ്ട് (സ്‌കൂള്‍, കോളേജ് ലൈബ്രറികള്‍ കൂടാതെ). അവക്കൊക്കെ ഭൗതികമായ കൂടുതല്‍ സൗകര്യങ്ങള്‍ കഴിഞ്ഞ നാല്പത് വര്‍ഷത്തില്‍ ഉണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഈ രംഗത്തും നാം നമ്ബര്‍ 1 ആണ്.

പക്ഷെ അപൂര്‍വ്വം, ഒരു പക്ഷെ അഞ്ചു ശതമാനത്തില്‍ താഴെ ലൈബ്രറികളില്‍ ഒഴിച്ച്‌ രണ്ടു കാര്യങ്ങള്‍ പൊതുവാണ്.

അന്‍പത് വയസ്സ് കഴിഞ്ഞ തലമുറയാണ് ഇപ്പോഴും ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

പുസ്തകങ്ങള്‍ കൂടിയിട്ടും വായിക്കാന്‍ ഒരിടത്തും ആളില്ല.

ഡെമോഗ്രാഫി ഈസ് ഡെസ്ടിനി എന്നാണ് ചൊല്ല്. ഒരു പ്രസ്ഥാനം നിലനില്‍ക്കുമോ എന്നറിയുന്നതിന് അതിലേക്ക് യുവാക്കള്‍ വരുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി.

കേരളത്തില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ കാര്യത്തില്‍ ഇത് നൂറു ശതമാനം ശരിയാണ്. ഇവിടേക്ക് യുവാക്കള്‍ വരുന്നില്ല. ഗ്രന്ഥശാല പ്രസ്ഥാനം മരണ ശയ്യയില്‍ ആണ്. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റുകളും എം എല്‍ എ, എം പി ഫണ്ടുകളും നല്‍കുന്ന ഓക്‌സിജന്‍ ഉപയോഗിച്ച്‌ പഴ തലമുറ ഒരു കര്‍മ്മവും ധര്‍മ്മവും പോലെ ഇതുകൊണ്ട് നടക്കുന്നു.

ചില കാര്യങ്ങള്‍ നാം ആത്മാര്‍ഥമായി ചിന്തിക്കണം.

1. നമ്മുടെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ഒരു ഭാവിയുണ്ടോ ?
2. ഇല്ലെങ്കില്‍ ഇതൊക്കെ നാം കൊണ്ട് നടക്കേണ്ട കാര്യമുണ്ടോ ?
3. ആയിരക്കണക്കിന് കെട്ടിടങ്ങളും കമ്മിറ്റികളും ഒക്കെയുള്ള ഈ പ്രസ്ഥാനത്തെ നമുക്ക് എങ്ങനെയാണ് സമൂഹത്തിന് വേണ്ടി ഉപയോഗിക്കാന്‍ പറ്റുന്നത് ?

എന്റെ ഉത്തരം ഞാന്‍ പറയാം.

1. വായനശാല, അല്ലെങ്കില്‍ ഗ്രന്ഥ ശേഖരം, എന്ന നിലയില്‍ ഇനി കേരളത്തില്‍ മാത്രമല്ല ഗ്രന്ഥശാലകള്‍ക്ക് ഭാവിയില്ല. കര്‍ഷക ഗ്രന്ഥാലയത്തില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി. പുതിയ തലമുറക്ക് വായനാശീലം ഇല്ല എന്നോ കുറയുന്നു എന്നതോ ഒന്നുമല്ല കാര്യം. ഒരു ദിവസം ശരാശരി പുതിയ തലമുറ നമ്മള്‍ പണ്ട് വായിച്ചിരുന്നതിന്റെ എത്രയോ ഇരട്ടി വായിക്കുന്നു. നമ്മള്‍ അറിഞ്ഞതിലും എത്രയോ കാര്യങ്ങള്‍ അവര്‍ അറിയുന്നു. നമ്മുടെ ലൈബ്രറികള്‍ക്ക് അവരുടെ വായനാശീലത്തെ തൃപ്തിപ്പെടുത്തുന്ന വസ്തുക്കള്‍ അവര്‍ക്കിഷ്ടപ്പെട്ട രൂപത്തിലും സാങ്കേതിക വിദ്യയിലും കൊടുക്കാന്‍ പറ്റുന്നില്ല എന്നതാണ് പ്രശ്‌നം. ഇത് നമ്മുടെ കുറവാണ്, പുതിയ തലമുറയുടേതല്ല.

2. ഇപ്പോഴത്തെ തരത്തില്‍ നമ്മുടെ ഗ്രന്ഥശാലകള്‍ കൊണ്ടുനടക്കുന്നത് യാതൊരു സാമൂഹ്യ പ്രയോജനവും ഇല്ലാത്ത കാര്യമാണെന്നാണ് എന്റെ അഭിപ്രായം. കേരളത്തിലെ തൊണ്ണൂറു ശതമാനം ഗ്രന്ഥശാലകളും പൂട്ടിയാലും കേരളത്തിലെ വായനാലോകത്തിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

3. അതേ സമയം നമ്മുടെ വായനശാലകളെ നമുക്ക് പുതിയലോകത്തിന് വേണ്ട സംവിധാനങ്ങള്‍ ആയി മാറ്റിയെടുക്കാം. ഉദാഹരണത്തിന് നമ്മുടെ ഓരോ ഗ്രാമത്തിലും പണ്ട് ഗ്രാമത്തില്‍ നിന്നും പഠിച്ചു പുറത്തുപോയി ജോലി ചെയ്തു തിരിച്ചു വന്ന ആളുകള്‍ ഉണ്ട്. ഗ്രാമത്തിന് വേണ്ടിയും പുതിയ തലമുറക്ക് വേണ്ടിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുള്ള അറിവ് അവരില്‍ ഉണ്ട്. പക്ഷെ തല്‍ക്കാലം അതൊക്കെ വീടുകള്‍ക്കുള്ളില്‍ സീരിയലുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഗ്രന്ഥശാലകളെ ക്‌ളബ്ബുകള്‍ ആക്കി മാറ്റി ഇവരെ മോചിപ്പിച്ചാല്‍ അവര്‍ക്കും സമൂഹത്തിനും ഗുണം ഉണ്ടാകും.

നമ്മുടെ ഗ്രന്ഥശാലകള്‍ കരിയര്‍ കോച്ചിങ് ആന്‍ഡ് മെന്ററിങ് സെന്റര്‍ ആക്കി മാറ്റാം. പഠനം ഉള്‍പ്പടെ ഉള്ള അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, അവക്ക് വേണ്ട പരിശീലനം, കാമ്ബൈന്‍ഡ് സ്റ്റഡിക്കുള്ള സംവിധാനം ഇവ ഒക്കെ ഒരുക്കിയാല്‍, നമ്മുടെ കപട സദാചാരം ഒക്കെ മാറ്റി വച്ച്‌ ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വന്നിരുന്നു പരസ്പരം സംസാരിക്കാനും പറ്റിയ കോഫി ഷോപ്പുകള്‍ ആക്കി ബ്രാന്‍ഡ് ചെയ്താല്‍ പുതിയ തലമുറയെ വീണ്ടും ഇവിടെ എത്തിക്കാം.

നമ്മുടെ ഗ്രാമങ്ങളില്‍ ആയിരക്കണക്കിന് മറുനാട്ടുകാരുണ്ട്. ഇവരെ നമ്മുടെ സമൂഹവും ആയി അടുപ്പിക്കാനുള്ള ഒന്നും നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നില്ല. അവരെ നമ്മുടെ ഭാഷ പഠിപ്പിക്കാന്‍, നമുക്ക് അവരുടെ ഭാഷ പഠിക്കാന്‍, അവരുടെ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ നടത്താന്‍, അവര്‍ക്കും നാട്ടുകാര്‍ക്കും പരസ്പരം സംസാരിക്കാന്‍ ഒക്കെ ഉള്ള വേദിയാക്കി ഒരു ലോക്കല്‍ കള്‍ച്ചറല്‍ ഇന്റഗ്രേഷന്‍ സെന്റര്‍ ആക്കി ഗ്രന്ഥശാലകള്‍ മാറ്റിയെടുക്കാം.

ചിന്തിച്ചാല്‍ ചെയ്യാവുന്ന മറ്റു പലതും ഉണ്ട്. ഇന്ന് എനിക്കിത്രയും ചിന്ത മതി, ബാക്കി നാട്ടില്‍ ആയിരക്കണക്കിന് ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ഉണ്ടല്ലോ അവര്‍ ചിന്തിക്കട്ടെ. വേണമെങ്കില്‍ ഒന്നോ രണ്ടോ ഐഡിയ നിങ്ങള്‍ക്കും പറയാം..

murali thummarukudi note about library

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES