ഈ വർഷത്തെ മഹർഷി ഭദ്രയാൻ വ്യാസ് സമ്മാൻ പുരസ്‌കാരം മൂന്ന് മലയാളികൾക്ക് ലഭിച്ചു. മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവന മുൻനിർത്തി സാഹിത്യകാരൻ ചാത്തനാത്ത് അച്യുതനുണ്ണി പുരസ്‌കാരത്തിന് അർഹനായി. അഞ്ച് ലക്ഷം രൂപയും പശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കേരളസാഹിത്യ അക്കാദമി പുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, സഹൃദയവേദി പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള വ്യക്തിയാണ് ചാത്തനാത്ത് അച്യുതനുണ്ണി.
സന്തോഷ് തോട്ടിങ്ങൽ, ഡോ.ആർ.ആർ.രാജീവ് എന്നിവരാണ് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ മറ്റ് രണ്ട് പേർ. മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തിന് നൽകിയ സേവനങ്ങൾക്കാണ് ഇരുവർക്കും പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌ക്കാര തുക. സംസ്‌കൃതം, അറബിക്, പേർഷ്യൻ, ക്ലാസിക്കൽ കന്നട, ക്ലാസിക്കൽ തെലുങ്ക്, ക്ലാസിക്കൽ മലയാളം എന്നിങ്ങനെ ഒൻപത് ഭാഷകളിൽ നിന്നായി 45 ഭാഷാവിദഗ്ദ്ധർ ഇത്തവണ വ്യാസ് സമ്മാൻ പുരസ്‌കാരങ്ങൾ നേടി. വിവിധ ഭാഷാഗവേഷണ, പഠനങ്ങൾക്ക് നൽകുന്ന സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. പേർഷ്യൻ, അറബി, പാലി, ശ്രേഷ്ഠഭാഷകളായ ഒറിയ, കന്നഡ, തെലുഗു, മലയാളം എന്നീ മേഖലകളിലെ സ്തുത്യർഹമായ സംഭാവനകൾക്ക് നൽകുന്ന അവാർഡ് ആണിത്.