കുടിയൊഴിക്കല്‍- എം കൃഷ്ണന്‍നായരുടെ കവിതാ നിരൂപണം

Malayalilife
topbanner
കുടിയൊഴിക്കല്‍- എം കൃഷ്ണന്‍നായരുടെ കവിതാ നിരൂപണം

ഈ കാലഘട്ടത്തിലെ ഗംഭീരമായൊരു കവിതയാണ് ശ്രീ. വൈലോപ്പിള്ളിയുടെ “കുടിയൊഴിക്കല്‍” എന്ന് ഞാന്‍ കരുതുന്നു. പ്രതിപാദ്യത്തിലും പ്രതിപാദനരീതിയിലും ഈ ഗാംഭീര്യം ദര്‍ശിക്കാം. അതുമാത്രമല്ല; ഈ കാവ്യഗ്രന്ഥത്തിന്റെ ആവിര്‍ഭാവത്തോടുകൂടി മലയാളകവിതയ്ക്ക് ഒരു പരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു. നൂതനമായ ഒരു കാവ്യാത്മകലയം അതിനെ മറ്റു കാവ്യങ്ങളില്‍നിന്ന് വ്യാവര്‍ത്തിപ്പിച്ചു നിറുത്തുന്നു. ചൈതന്യത്തിന്റെയും തേജസ്സിന്റെയും മയൂഖമാലകള്‍ പ്രസരിക്കുന്ന ആ കാവ്യലോകത്തിലേക്കു നമുക്ക് പ്രവേശിക്കാം.

കവിയുടെ കാവ്യസങ്കല്പം ഉണര്‍ന്നു. ചന്ദ്രികയാല്‍ അങ്ങിങ്ങു ധവളാങ്കിതമായിട്ടുള്ള രാത്രിയാകുന്ന കുതിരപ്പുറത്തു കയറി അതു സഞ്ചാരം തുടങ്ങി. പൂനിലാവാകുന്ന പുഴ നീന്തി, ആകാശസാനുവില്‍ നക്ഷത്രപ്പൊരികള്‍ ചിന്തി, ചന്ദ്രക്കലയാകുന്ന ലാടത്തിനെ ദൂരെത്തള്ളി, അത് മിന്നലുകളും മഴവില്ലുകളും പരിവേഷം ചാര്‍ത്തിയ സത്യസൌന്ദര്യങ്ങളുടെ ലോകത്തില്‍ ചെന്നുചേര്‍ന്നു. അപ്പോഴാണ് മദ്യപാനിയായ ഒരു തൊഴിലാളിയുടെ അഭാസവചനങ്ങള്‍ കവിയുടെ കാതില്‍ വന്നുവീഴുന്നത്. അയാള്‍ ഭാര്യയെ അശ്ലീലപദങ്ങള്‍കൊണ്ട് അഭിഷേപനം ചെയ്യുകയാണ്. കവിയുടെ ഭാവനാദര്‍പ്പണം പൊട്ടിപ്പോയി. അദ്ദേഹം തന്റെ പറമ്പില്‍ 

കുടികിടക്കുന്ന അവനെ വിളിച്ചു പറഞ്ഞു: “നീ ഈ കുടി മതിയാക്കണം; അല്ലെങ്കില്‍ കുടിയൊഴിഞ്ഞുപോകേണ്ടിവരും.” തൊഴിലാളി നിശ്ശബ്ദനായി കൂരയിലേക്കു മടങ്ങിപ്പോയി. കവിയുടെ സ്വപ്നത്തിന്റെ പൊട്ടിപ്പോയ ചില്ലുകള്‍ ചന്ദ്രികയില്‍ തെളിഞ്ഞുകണ്ടു. തുഷാരാര്‍ദ്രമായ ഭൂമിയും,ക്ഷാമം നഗ്നതാണ്ഡവം നടത്തുന്ന കുടിലും, അതില്‍ പാര്‍ക്കുന്ന തൊഴിലാളിയും മൂകഭാഷയില്‍ ആ ജന്മിയെ (കവിയെ) ശാസിച്ചു. “സുഖഭോഗത്തിന്റെ മാദകലഹരിയില്‍ വിലയംപ്രാപിച്ചിരിക്കുന്ന നീ ഉയരണം; അല്ലെങ്കില്‍ ഞങ്ങള്‍ നിന്റെ അസ്ഥിവാരം തകര്‍ത്തുകളയും” ഒന്നാംരംഗം തീര്‍ന്നു. ഇനി രണ്ടാംരംഗത്തിലേക്കു പോകാം. അതാ, തൊഴിലാളിയുടെ പ്രതിഷേധശബ്ദം കേള്‍ക്കുകയാണ്. മദ്യപാനത്തില്‍ ഉന്മത്തനായി അവന്‍ ജന്മിയുടെ നേര്‍ക്ക് ആഭാസപദങ്ങള്‍ ചൊരിയുന്നു. പൂര്‍വ്വികന്മാരുടെ രക്തം പ്രവഹിക്കുന്ന സിരകളാണ് അദ്ദേഹത്തിന്റേത്. ജന്മി വലംകൈകൊണ്ടു തൊഴിലാളിയുടെ ചെകിട്ടത്തടിച്ചു. മുറ്റം പുഞ്ചിരിച്ചു; പല്ലുകള്‍ ചൂളി. അദ്ദേഹം വീണ്ടും അട്ടഹസിച്ചു:

“നിന്‍ കുടിയൊഴിഞ്ഞീടണ മീഞാന്‍
നിന്‍ കുടിയൊഴിപ്പിക്കുമല്ലെങ്കില്‍”

തൊഴിലാളി ഒരക്ഷരംപോലും പറയാതെ കുടിലിലേക്കു മടങ്ങി. പക്ഷേ, ജന്മിയുടെ ഹൃദയം മന്ത്രിച്ചു: “കുലീനതേ നീയാണ് അടികൊണ്ടത്”. ഇനി മൂന്നാമത്തെ രംഗം. കവി ആ ഗ്രാമീണകന്യകയെ കണ്ടു. പൈനിന്‍ പൂക്കള്‍ വിതറിക്കിടക്കുകയാല്‍ നക്ഷത്രങ്ങള്‍ വീണു മൂടിയതുപോലെ തോന്നുന്ന വഴിയിലൂടെ പാല്‍വള്ളിയുംതേടി അവള്‍ നടക്കുകയാണ്. അനുരാഗത്തിന്റെ പുഷ്പമിറുത്തെടുക്കാൻ അവള്‍ കവിയുടെ കരളില്‍ കയറിനിന്നു. “ഇന്ന് ഞാന്‍ ഒരു മഞ്ഞക്കിളിയെ കണ്ടു” എന്ന് കവി ആ പെണ്‍കുട്ടിയോട് പറഞ്ഞു. അതിനു മറുപടി ഒരു മന്ദസ്മിതത്തിന്റെ മാധുരിമാത്രം. അവളുടെ നുണക്കുഴികള്‍ ചുംബനം യാചിക്കുകയാണ്. വീണയുടെ കുടത്തിനു തുല്യമായ നിതംബം, അഴിഞ്ഞുലയുന്ന തലമുടി; കവി അവളെ വാരിയെടുത്ത് ചുംബിച്ചു. ജന്തുലോകത്തില്‍ നിന്ന് പാരമ്പര്യമായി കവിക്കു ലഭിച്ച കാമുകപ്രവണതകളെല്ലാം നിര്‍ലോപം പ്രകടിപ്പിക്കപ്പെട്ടു. രാഗരമ്യമായ ആ രംഗം തൊഴിലാളി കണ്ടു. അയാള്‍ അവളോടു ചോദിക്കുകയാണ്:

“പൊന്‍പണത്തിനു മാനത്തെവിറ്റു
നിന്‍ വയര്‍ നീ നിറയ്ക്കയോ ബാലേ?

ഈ വാക്കില്‍ സത്യമില്ലേ എന്നാണ് കവിയുടെ സംശയം. കവി അവളെ ചതിച്ചു. തരുണികളുടെ നവാനുരാഗങ്ങളും തരിവളകളും ഒന്നുപോലെയാണ്; ഒന്ന് പൊട്ടിയാല്‍ മറ്റൊന്ന്, അതായിരുന്നു കവിയുടെ തത്വചിന്ത. അടുത്ത രംഗം: കവി ചിന്താധീനനായി സിഗരറ്റ് വലിച്ചുകൊണ്ടു നില്ക്കുന്നു. അദ്ദേഹം കൂലിക്കാരനെകൊണ്ടു ജോലിചെയ്യിക്കുകയാണ്. തൊഴിലാളിയുടെ വീടു സൂക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പയ്യന്റെ അശ്രദ്ധനിമിത്തം ആ വീട് കത്തിയെരിഞ്ഞു. അന്തിയുടെ കുടം ചാഞ്ഞു (സൂര്യന്‍ അസ്തമിച്ചു‌); കള്ളിന്റെ വന്‍തലക്കുടവുമേന്തിക്കൊണ്ട് തൊഴിലാളി വന്നുചേര്‍ന്നു. കത്തിപ്പോയ കുടില് കണ്ടപ്പോള്‍ അത് ജന്മി ചെയ്തതാണെന്ന് അയാള്‍ തീരുമാനിച്ചു. നിവര്‍ത്തിയ പേനാക്കത്തിയുമായി അയാള്‍ ജന്മിയുടെ സമീപത്ത് ഓടിയെത്തി. പക്ഷേ, അദ്ദേഹത്തിന്റെ സത്യധീരതയുടെ മുന്‍പില്‍ അയാള്‍ക്ക് തലതാഴ്ത്തേണ്ടതായി വന്നു എങ്കിലും കവിയുടെ (ജന്മിയുടെ) മനസ്സ് പറഞ്ഞു:

“അഗ്നി ആ സാധുവിന്റെ മാടം എരിച്ചുകളഞ്ഞത് നീ എരിച്ചതില്‍ പിന്നെയാണ്.”

അഞ്ചാംരംഗം: കവി കൊടുത്ത പണം വാങ്ങിക്കൊണ്ട് തോഴിലാളി പോയി. നിന്ദ്യമായ ജീവിതം; പക്ഷേ കവിക്ക് മറ്റൊരു ജീവിതം കൂടിയുണ്ട്; കാവ്യജീവിതം. ഗജശ്രേഷ്ഠന്റെ മസ്തകത്തില്‍നിന്ന് പുറപ്പെടുന്ന മദജലമെന്നപോലെ കവിബുദ്ധിയില്‍നിന്ന് കാവ്യധാര ഊറിവരികയാണ്. അതു കണ്ടു സഹൃദയന്‍മാർ വണ്ടുകളെപ്പോലെ ആകൃഷ്ടരാകുന്നു ദേവപാതയിലൂടെ പാടിപ്പാടി കവി നടക്കുകയാണ്. അപ്പോഴാണ് കവി കൊടുത്ത പണംകൊണ്ടു കള്ളുമേടിച്ചു കുടിച്ചുകൊണ്ട് തൊഴിലാളി ആ വഴി പോകുന്നത്. അയാള്‍ പാടി: “കനിവിന്റെ കണ്ണീര്‍ ചേരാത്ത കരളിന്റെ കവിതയെല്ലാം കപടമല്ലേ?” കവിക്കൊരു സമാധാനമുണ്ട്. തൊഴിലാളിയുടെ വായില്‍ മണ്ണടിയുന്ന ഘട്ടത്തിലും തന്റെ ഗാനങ്ങളും താനാകുന്ന സ്വപ്നവും അന്തരീക്ഷത്തില്‍ അലഞ്ഞുകൊണ്ടിരിക്കും. എങ്കിലും കവിയുടെ ഹൃദയവും വിശ്വമഹാകവികളും അദ്ദേഹത്തോടു പറഞ്ഞു: “നീ കവിയല്ല; സാഹിത്യകാരന്‍ പ്രാകൃതനാണ്.” അടുത്ത രംഗം: തൊഴിലാളി പുഞ്ചവക്കില്‍ ഒരു കുടിലുകെട്ടി. കൊടുങ്കാറ്റു വീശുകയാണ്; അന്തരീക്ഷമലറുകയാണ്. വൃക്ഷങ്ങള്‍ പൊട്ടിവീണു. മലവെള്ളം പതഞ്ഞൊഴുകി. കവി ആ കുടിലിനു സമീപം വന്നു നിന്നു.പന്തം വഹിച്ചുകൊണ്ടുള്ള ഒരു ഘോഷയാത്ര. തീ തിളയ്ക്കുന്നു; മേടകള്‍ വെന്തെരിയുന്നു. കവി അറിയുന്നവരും അറിയാത്തവരും ആ ഘോഷയാത്രയിലുണ്ട്. കൈകളില്‍ ചങ്ങലയിട്ടവര്‍, പ്രഹരമേറ്റു രക്തം പ്രവഹിക്കുന്ന ശിരസ്സുകളോടു കൂടിയവര്‍, അങ്ങനെ പലരും. കവി വഞ്ചിച്ച പെണ്‍കൊടിയും, കള്ളുകുടിച്ച തൊഴിലാളിയും അവരുടെകൂടെ വരുന്നുണ്ട്. “ആള്‍ ഇതുതന്നെ’ എന്നു അവന്‍ അലറി. “ഞാന്‍ നിങ്ങളെ എന്നും സ്നേഹിക്കുന്നു”എന്ന് കവി മറുപടി നല്കിയെങ്കിലും അവര്‍ അടങ്ങിയില്ല. അദ്ദേഹം ഹൃദയം കീറിക്കാണിച്ചു. ഗ്രാമീണകന്യക അതില്‍ തുപ്പി. തൊഴിലാളി ആ ഹൃദയം കള്ളില്‍ പിഴിഞ്ഞു കുടിച്ചു; അട്ടഹാസങ്ങള്‍. കവി താഴെ വീണു. അദ്ദേഹം ചവിട്ടിയരയ്ക്കപ്പെട്ടു. അദ്ദേഹത്തിന്റെ മാംസം മണ്ണിനോടു ചേര്‍ന്നു. ആ മണ്ണില്‍ നിന്ന് നൂറുനൂറു ചീവിടുകള്‍ പാടി, ഇനി “ചീവിടുകളുടെ പാട്ടാ”ണ്. ഈ ചീവിടുകള്‍ മനുഷ്യസമുദായത്തിലെ ഇടത്തരക്കാരാണ്. അവര്‍ തൊഴിലാളികളോടു പറയുന്നു: “തോഴിലാളികളേ നിങ്ങള്‍ ജയിച്ചു. അധീശാവകാശത്തിന്റെ അടിസ്ഥാനത്തിലുണ്ടായിരുന്ന സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇതുകൊള്ളാം. എങ്കിലും ഞങ്ങള്‍ മന്ദിരങ്ങളില്‍ വസിച്ചിരുന്നപ്പോള്‍ ഞങ്ങളുടെ ഹൃദയം സ്നേഹത്താല്‍ ആര്‍ദ്രമായപ്പോള്‍, ഈ ലോകം സമത്വസുന്ദരമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ സ്നേഹത്തിന്റെ സുന്ദരമാര്‍ഗ്ഗത്തിലൂടെ ദുര്‍നിയമങ്ങള്‍ മാറ്റാന്‍ ഞങ്ങള്‍ക്കു കഴിയുകയില്ലെന്ന് കാലം വിളിച്ചു പറഞ്ഞു. ഞങ്ങള്‍ അതു കേട്ട് അലസരായിപ്പോയി. സമുദായത്തിന്റെ കെട്ടഴിക്കുവാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അത് ഒന്നിനൊന്നു മുറുകിയതേയുള്ളൂ. നിങ്ങളാകട്ടെ ഒറ്റ വെട്ടുകൊണ്ട് അത് മുറിച്ചുകളഞ്ഞു. ഞങ്ങള്‍ തോറ്റു; നിങ്ങള്‍ ജയിച്ചു. ഞങ്ങള്‍ മണ്ണട്ടകളായിരിക്കാം. എങ്കിലും സ്നേഹഗാനം പാടുകയാണ്. ആര്‍ദ്രതയാണു ഞങ്ങളെ പരാജയപ്പെടുത്തിയത്. അങ്ങനെ ആയുധം വയ്ക്കാന്‍ നിര്‍ബന്ധിതരായി. അല്ലെങ്കില്‍ അതിലെന്താണ് തെറ്റ്? ജീവിതത്തേയും മൃതിയേയും ആര്‍ദ്രതയല്ലേ ഭരിക്കുന്നത്? നിങ്ങള്‍ വര്‍ഗ്ഗസമരത്തിന്റെ ഉല്‍സുകരായി, ആയുധമെടുത്ത് വിജയം പ്രാപിച്ച നിങ്ങള്‍-ആത്മഹത്യ ചെയ്യരുത്. ഞങ്ങള്‍ സ്വപ്നം കണ്ട സ്നേഹമാര്‍ഗ്ഗത്തിലൂടെ നിങ്ങള്‍ പോയാലും. ഭൌതികതൃപ്തിയുടെ മദ്ധ്യത്തില്‍ തൃപ്തിതോന്നരുത്. വീണുപോയ ഞങ്ങളുടെ സ്വപ്നശതങ്ങളെടുത്തു കൊണ്ടാണ് നിങ്ങള്‍ മുന്നേറേണ്ടത്.”

അങ്ങനെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം വിളംബരം ചെയ്തുകൊണ്ട് കാവ്യം അവസാനിക്കുന്നു. സ്നേഹാര്‍ദ്രമായ ഹൃദയമുള്ളതുകൊണ്ട് വിപ്ലവകാരികളായ തൊഴിലാളികളുടെ ഭാഗത്തേക്ക് ആകര്‍ഷിക്കപ്പെടുകയും എന്നാല്‍ സാമ്പദികപദവിയില്‍ അധ:സ്ഥിതരായതിനാല്‍ ധനികവര്‍ഗ്ഗത്തോടു ചേര്‍ന്നു നില്ക്കുവാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഇടത്തരക്കാരുടെ ദയനീയാവസ്ഥയും ഇതില്‍ ചിത്രീകൃതമായിരിക്കുന്നു. ചോരയുടെ സന്ദേശമല്ല സ്നേഹത്തിന്റെ സന്ദേശമാണ് ഇതിലൂടെ നാം കേള്‍ക്കുന്നത്. വെറുപ്പിന്റെ തത്ത്വശാസ്ത്രം പ്രചരിപ്പിക്കുന്ന മനുഷ്യവിരോധികളോടുള്ള ഒരു വെല്ലുവിളിയാണ് ഈ ഉജ്ജ്വലകാവ്യം.

ഇതിന്റെ പ്രതിപാദന രീതിക്ക് ഒരു പ്രത്യേകതയുണ്ടെന്ന് ഞാന്‍ പറഞ്ഞുകഴിഞ്ഞു. കവി അഭിനവമായ ഒരു കാവ്യാത്മകലയം (Poetic rhythm)സൃഷ്ടിച്ചിരിക്കുന്നതു കൊണ്ടാണു ഈ പ്രത്യേകത വന്നിട്ടുള്ളത്. മനുഷ്യസ്നേഹത്തെ പ്രകീര്‍ത്തിക്കുന്ന കവിതകള്‍ നമുക്കു ഇല്ലാതില്ല. പക്ഷേ തന്റെ പ്രമേയത്തെ കവി എങ്ങനെ കൈകാര്യം ചെയ്തു എന്നു മനസ്സിലാക്കുമ്പോഴാണ് ഇതിലെ മൗലികത്വവും നൂതനത്വവും നമുക്കനുഭവപ്പെടുന്നത്. സാധാരണ കവിതകളില്‍, അനുഭവങ്ങളുടെ ആവിഷ്കരണം പരമ്പരാഗതമായ രീതിയിലാണ് നിര്‍വ്വഹിക്കപ്പെടുക. യുക്തിപരങ്ങളായ പ്രസ്താവനകള്‍ അവിടെ കാണാം. അവയ്ക്കു പൌര്‍വ്വാപര്യ ബന്ധമുണ്ടായിരിക്കും. ഈ കവിതയില്‍ അവ ഇല്ലെന്നു പറഞ്ഞുകൂടാ; എങ്കിലും വിരളമാണ്. പ്രത്യക്ഷത്തില്‍ ബന്ധമില്ലെന്നു തോന്നിക്കുന്ന നിരീക്ഷണങ്ങള്‍- റ്റി.എസ്.എലിയറ്റിന്റെ കവിതകളിൽ കാണുന്നതുപോലെയുള്ള നിരീക്ഷണങ്ങൾ-“കുടിയൊഴിക്കലി”ന്റെ പ്രത്യേകതയാണ്. ബുദ്ധിപരവും വൈകാരികവുമായ ഒരു പ്രവാഹമാണ്. ഈ കവിത. വാസ്തവികവും ആദര്‍ശാത്മകവുമായ വിഭിന്നമണ്ഡലങ്ങള്‍ ഇവിടെ ഒന്നിച്ചു ചേര്‍ന്നിരിക്കുന്നു. വൈലോപ്പിള്ളി മൗലികനായ കവിമാത്രമല്ല ചിന്തകനുംകൂടിയാണെന്ന് ഇത് പ്രഖ്യാപിക്കുന്നു. [കവി ചിന്തകനായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നുകൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ] എലിയറ്റിന്റെ ‘Waste Land’ വായിച്ചുകഴിഞ്ഞാലുണ്ടാകുന്ന മാനസികോന്നമ്മനം ‘കുടിയൊഴിക്കല്‍’ വായിച്ചാലുമുണ്ടാകും.

പ്രതിപാദനരീതിയുടെ പ്രത്യേകതയാല്‍ കവിതയ്ക്കു പലപ്പോഴും ദുര്‍ഗ്രഹത വരുന്നുണ്ട്.അതുകൊണ്ടു സാധാരണക്കാരന് ഇതു പെട്ടന്ന് മനസ്സിലായില്ലെന്നു വരും. കവി നല്കിയിടുള്ള കുറിപ്പുകള്‍ വായിച്ചെങ്കിലേ അഭിജ്ഞന്മാർക്കുപോലും ചിലപ്പോള്‍ അര്‍ത്ഥം മനസ്സിലാകൂ. അതൊരു ന്യൂനതയാണോ എന്ന് ചിന്തിക്കേണ്ട കാര്യമില്ല. പക്ഷേ,നൂതനമായ കല ഒരു ന്യൂനപക്ഷത്തിന്റെതാണ്. ഭൂരിപക്ഷത്തിനു അത് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നു വരും. അതിനാല്‍ ദുര്‍ഗ്രഹത കവിയെ സംബന്ധിച്ചടത്തോളം ഒരു ദോഷമാണെന്നു പറയാവുന്നതല്ല. പ്രത്യേകിച്ച് ഒരു കാലഘട്ടത്തില്‍ അനുഭവങ്ങള്‍തന്നെ സങ്കീര്‍ണ്ണങ്ങളായി പോകുന്നു. ഇന്നലേവരെ ആദരിക്കപ്പെട്ട മൂല്യങ്ങള്‍ ഇന്ന് ചോദ്യംചെയ്യപ്പെടുന്നു. അതിനാല്‍ ഈ സങ്കീര്‍ണ്ണങ്ങളായ അനുഭവങ്ങള്‍ക്കു രൂപം നല്കുന്ന കവികള്‍ക്കു ദുര്‍ഗ്രഹങ്ങളായ പ്രതിപാദനരീതി ഒഴിവാക്കാന്‍ കഴിഞ്ഞില്ലെന്നു വരും. ജീയുടെയും വൈലോപ്പൊള്ളിയുടെയും ചില കവിതകള്‍ അങ്ങനെയാണ് ദുര്‍ഗ്രഹങ്ങളായിപ്പോയത്.

രൂപശില്പത്തിന്റെ സൌന്ദര്യം ഈ കാവ്യത്തെ ഒന്നുകൂടി ചെതോഹരമാക്കുന്നു. ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് ഞാന്‍ ഇത് അവസാനിപ്പിക്കുകയാണ്.

നീലനീള്‍ക്കണ്ണെഴുതിയ നാള്‍കള്‍
നീളെ മാരിനീർ വാരിവിതയ്ക്കെ,
പാവുകോടികള്‍ ചുറ്റിയ നാള്‍കള്‍
പൂവുതേടിയും പാടിയുംപോകേ
താലികെട്ടാത്ത നാളുകള്‍ കൊയ്ത്തിൻ
വാളിനാല്‍ സ്വര്‍ണ്ണമാലയറുക്കേ
കോകിലമൊഴി നാള്‍കളാത്മാവില്‍
ശാഖപൂത്തതു കൂജനംചെയ്കേ
മഞ്ഞിനാല്‍ മുഖംമൂടിയ നാള്‍കള്‍
മഞ്ജുറോസില്‍നിന്നത്തര്‍ നിര്‍മ്മിക്കെ
കന്ദസൌരഭക്കൂന്തലാം നാള്‍കള്‍
കൊന്നകൊണ്ടണിപ്പൂക്കണിവയ്ക്കേ
അര്‍ക്കദീപം ജ്വലിപ്പതിന്‍ ചുറ്റും
ഷ്ഡ്ഋതുക്കളും നര്‍ത്തനം ചെയ്കേ
പാടലേ ദേവപാതയില്‍ പാടി
പ്പാടിയങ്ങിനെ പാടലേകാമ്യം”

Read more topics: # krishnan nair kavitha nirupanm
krishnan nair kavitha nirupanm

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES