Latest News

ശൂന്യതയല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് ഉറച്ച് പകച്ചു നിന്നു പോയിട്ടുണ്ടോ; എങ്കിൽ അവർക്കുള്ളതാണ് മേപ്പടിയാൻ; വൈറലായി മാദ്ധ്യമപ്രവർത്തകയുടെ കുറിപ്പ്

Malayalilife
topbanner
ശൂന്യതയല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് ഉറച്ച് പകച്ചു നിന്നു പോയിട്ടുണ്ടോ; എങ്കിൽ അവർക്കുള്ളതാണ് മേപ്പടിയാൻ; വൈറലായി  മാദ്ധ്യമപ്രവർത്തകയുടെ കുറിപ്പ്

സിനിമാ പ്രേമികൾക്കിടയിലെ പ്രധാന ചർച്ചാ വിഷയമായി മാറിയിരിക്കുന്നത് വിഷ്ണു മോഹൻ ചിത്രം മേപ്പടിയാനാണ്.  മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്.  ചിലർ സിനിമയെ രാഷ്‌ട്രീയ അജണ്ടയെന്ന് പറഞ്ഞ് തകർക്കാനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് ഒരു റിവ്യൂ. മാദ്ധ്യമപ്രവർത്തകയായ അപർണ്ണ കാർത്തിക എഴുതിയ സിനിമയുടെ നിരൂപണമാണ് ശ്രദ്ധനേടുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

നിന്ന നിൽപ്പിൽ ഭൂമി പിളർന്ന് അതിനകത്തേക്ക് വീണുപോയെങ്കിൽ എന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ??
പ്രതീക്ഷയുടെ അവസാന തുരുത്തും അകന്നുപോവുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?? ശൂന്യതയല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് ഉറച്ചു പകച്ചു നിന്നുപോയിട്ടുണ്ടോ ?? എങ്കിൽ അവർക്കുള്ളതാണ് മേപ്പടിയാൻ.. അവർക്ക് മാത്രമുള്ളതാണ്.. ജയകൃഷ്ണനെ പോലെ പെട്ടുപോയ ചുറ്റുപാടുകൾ അതിജീവിക്കുക എന്നത് തികച്ചും സാധാരണക്കാർക്ക് അത്ര എളുപ്പമല്ല..

സ്വന്തം കുടുംബത്തിനപ്പുറത്ത് ഉള്ള മറ്റൊന്നും തന്നെ ബാധിക്കില്ലെന്ന ചുറ്റുപാടിൽ വളരുന്ന ഒരു സാധാരണ മെക്കാനിക്കായ ജയകൃഷ്ണന്റെ അസാധാരണ അനുഭവമാണ് ഈ ചിത്രം പറയുന്നത്. നെഗറ്റിവ് റിവ്യൂ മാത്രം വായിച്ച് ചിത്രത്തെ വിലയിരുത്തുന്നവർ കൂട്ടുനിൽക്കുന്നത് ചില പരോക്ഷ രാഷ്‌ട്രീയ അജണ്ടകൾക്ക് വേണ്ടിയാണ്.. ഹിന്ദുത്വം ഒളിച്ചു കടത്തുന്നുവെന്ന ആക്ഷേപമാണ് പരക്കെ കേട്ടിരുന്നത്..രണ്ട് മണിക്കൂർ തികച്ചില്ലാത്ത ചിത്രത്തിൽ എവിടെയാണ് ആ ഹിഡൻ അജണ്ടയെന്ന് ആവർത്തിച്ചു നോക്കിയിട്ടും കണ്ടെത്താനായില്ല.. നെറ്റിയിലെ കുറിയും കഴുത്തിലെ രുദ്രാക്ഷവും മരം പതിച്ച ഉമ്മറക്കോലായും ആ ബിംബത്തെ അടിവരയിടുന്നുവെന്ന് വിമർശകർ പറയുമ്പോഴും ഒരു ശരാശരി കേരളീയ ചുറ്റുപാടിനപ്പുറത്തൊന്നും കാണാൻ കഴിയാത്തത് എനിക്കു മാത്രമാണോ..

കൃത്യം ഇരുപത്തിയഞ്ചാം മിനുട്ടിൽ കാണിക്കുന്ന ശബരിമല എന്ന ബോഡും..ഉണ്ണിമുകുന്ദൻ എന്ന നടന്റെ രാഷ്‌ട്രീയ പശ്ചാത്തലവും ആയിരിക്കാം നെഗറ്റീവ് റിവ്യൂവിന്റെ അടിസ്ഥാനം..അതിൽ ഒരു തർക്കത്തിനില്ല. തികച്ചും സാങ്കേതികമായ കാര്യങ്ങൾ, നിയമം എന്ന അതി സങ്കീർണമായ കഥാപശ്ചാത്തലം ഭൂമിസംബന്ധമായ കുറെ അധികം പേരുകൾ ഇതെല്ലാം മതി ശരാശരി ആസ്വാദക എന്ന നിലക്ക് തടസ്സം നിൽക്കാൻ. പക്ഷേ ഒട്ടും ആരോചകമായില്ലെന്നു മാത്രമല്ല ചില ഘട്ടങ്ങളിൽ എങ്കിലും ജയകൃഷ്ണന്റെ മനോവ്യാപാരത്തിനൊപ്പം പിടിവിട്ടുപോവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാനും സംവിധായാകൻ കൂടിയായ തിരക്കഥാ കൃത്തിന് എളുപ്പത്തിൽ കഴിഞ്ഞു.
നായകന്റെ അമിതാഭിനയമോ മാസ്സ് ഡയലോഗോ സംഘട്ടനമോ ഒന്നുമില്ലാതെയും സസ്പെൻസ് ത്രില്ലർ ഒരുക്കാം എന്നു കൂടിയാണ് വിഷ്‌ണു പറഞ്ഞു വെക്കുന്നത്. ഉണ്ണിമുകുന്ദൻ എന്ന നടനെ ഈ ചിത്രത്തിൽ കാണാനില്ല.. ആ പഴയ മസിലളിയൻ സ്റ്റൈൽ മാറ്റിപ്പിടിച്ചത് നടനെന്ന നിലയിൽ ഉണ്ണിക്ക് ഗുണം ചെയ്യും.. രജിസ്റ്റർ ഓഫീസിലെ ആ ഒരൊറ്റ സീൻ മാത്രമാണ് നായകന് വേണ്ടി ക്രിയേറ്റ് ചെയ്തത്..അത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം.. പക്ഷെ നമ്മളിൽ പലരും മനസ്സിൽ പലവട്ടം ഈ രീതിയിൽ റിയാക്ട് ചെയ്തിട്ടുണ്ടാവും ..ഉറപ്പ്.

ഉണ്ണിമുകുന്ദനൊപ്പമോ അതിൽ കൂടുതലോ ഭംഗിയാക്കിയ വേഷമാണ് അജു വർഗീസിന്റെത്. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിന് വലിയ കയ്യടി. സൈജു കുറുപ്പ്, ഇന്ദ്രൻസ്, കുണ്ടറ ജോണി, കോട്ടയം രമേശ്, നിഷ സാരംഗ് എന്നിവരെ പ്രത്യേകം പറയാം.. സൈജു കുറുപ്പിനെ പോലെ നമ്മളെ പെടുത്തുന്ന നിസ്സഹായനായ സുഹൃത്തിനെ പലർക്കും നേരിട്ടറിയാം.. ജയകൃഷ്ണന്റെ നിസ്സഹായാവസ്ഥയിൽ ഗതികേട് കൊണ്ടാണെങ്കിൽ പോലും നിരന്തരം വിളിക്കുന്ന നിഷയുടെ കഥാപാത്രം പലപ്പോഴും നൊമ്പരത്തിനൊപ്പം ഈർഷ്യയും തോന്നിപ്പിക്കും.. നല്ലവനാണോ മുതലെടുപ്പുകാരനാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന സേവ്യർ.. ഒരു തലയാട്ടൽ കൊണ്ട് മുതലെടുക്കുന്ന ഹാജ്യാർ. പരിഭവം മാത്രം പറയുന്ന കാമുകി. സ്വന്തമായി ഒരഭിപ്രായവുമില്ലാത്ത ജയകൃഷ്ണന്റെ അമ്മയെയും പെങ്ങളെയും നമുക്ക് മനപ്പൂർവം മറക്കാം..കാരണം ഇത് ജയകൃഷ്ണന്റെ മാത്രം സിനിമയാണ്.. സർക്കാർ ഓഫീസിലെ നൂലാമാലകൾ നമുക്കോരോരുത്തർക്കും അറിയാം..അതിൽ ഷാജോൺ ഒന്നും അഭിനയിച്ചിട്ടില്ലെന്നു പറയാം..

ശ്രീജിത്ത്‌ രവിയുടെ എസ് ഐ നമ്മുടെ മോഹം മാത്രമാണ്.. ശങ്കർ രാമകൃഷ്ണന്റെ ഡോക്ടർ മാസ്സായി. കിട്ടിയ സ്ക്രീൻ സ്പേസ് മുതലെടുത്തത് ശങ്കർ രാമകൃഷ്ണനും ശ്രീജയുമാണ്.. ശബരിമല എന്ന ബോർഡും ഉണ്ണിയുടെ നെറ്റിയിലെ കുറിയും സേവാഭാരതിയുടെ ആംബുലസും മാത്രം നോക്കി ഒരു ചിത്രത്തെ വിലയിരുത്തുന്നത് മണ്ടത്തരമാണെന്നു ആവർത്തിച്ചു പറയുകയാണ്.. നമ്മൾ എന്നുമുതലാണ് കലാസൃഷ്ടികളെ അതിന്റെ മൂല്യത്തിനപ്പുറം ജാതിയും മതവും രാഷ്‌ട്രീയവും നോക്കി വിലയിരുത്താൻ തുടങ്ങിയത് ?? അതിന്റെ പിന്നിലെ ഒളിച്ചു പറച്ചിലുകൾ ആസ്വദിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആ കലയെ നമ്മൾ കൈവിട്ടു തുടങ്ങി..പറഞ്ഞു പറഞ്ഞു ഒരു നല്ല ചിത്രത്തെ നശിപ്പിക്കാൻ ശ്രമിക്കരുത്. അത് സിനിമാ ആസ്വാദകരോട് ചെയ്യുന്ന വഞ്ചനയാണ്..

കൂടെയുണ്ടാവുമെന്നു ഉറപ്പു പറഞ്ഞു, പാതിവഴിയിൽ ..ഗതികേട് കൊണ്ടാണെങ്കിൽ പോലും ഉപേക്ഷിച്ചു പോയ സുഹൃത്ത് ഉണ്ടെങ്കിൽ.. അവർ വരുത്തിവെച്ച സാമ്പത്തിക ബാധ്യതക്ക് മുന്നിൽ പകച്ചു പോയിട്ടുണ്ടെങ്കിൽ ഈ ചിത്രം തരുന്ന ഫീൽ വലുതാണ്. പറഞ്ഞ വാക്ക് പാലിക്കാൻ പോരാടുന്ന നായകനില്ല മേപ്പടിയാനിൽ. മണ്ണിൽ ചവിട്ടി നിൽക്കുന്ന സാദാ മലയോര ജീവിതമേ ഉള്ളൂ. അവരെ മുതലെടുത്തും സ്വയം ഖദർ ചുളിയാതെ ജീവിക്കുന്ന രാഷ്‌ട്രീയക്കാരേ ഉളളൂ. വെക്കേഷൻ കോർട്ടിലെ ജഡ്ജിയെ കാണാൻ എത്തുന്ന സൈജുക്കുറുപ്പിന്റെ ജഡ്ജി പാവാല്ലേ ഡയലോഗ് ആണ് സംഘര്ഷത്തിനിടക്കും ആശ്വാസമായത്. സിനിമ കണ്ട് ഇറങ്ങിയപ്പോഴും ചേളന്നൂരിലെ വില്ലേജോഫീസിന്റെ പടിക്കലായിരുന്നു ഞാൻ..ഇപ്പോഴും എന്റെ മനസ്സിൽ താമസിക്കുന്ന വീട് പാതി വിലക്ക് വിറ്റ ജയകൃഷ്ണന്റെ മനസ്സിലെ വേദനയാണ്. ആ ബാക്കി തുകകൂടി കിട്ടിയിരുന്നെങ്കിൽ എന്നാണ്..

ഉണ്ണിമുകുന്ദന്റെ ഡയലോഗ് പ്രസന്റേഷൻ പലപ്പോഴും കല്ലുകടിയായി..മലയാളത്തിന്റെ ഒഴുക്കില്ലായ്മ അഭിനയത്തിൽ അഡ്ജസ്റ്റ് ചെയ്യാം.. ഈ കഥാപാത്രത്തിന് ഉണ്ണിയെ തെരഞ്ഞെടുത്തതിനാണ് വിഷ്ണു മോഹന് അഭിനന്ദനം.. അത്രയും വലിയ റിസ്ക്കൊന്നും ചിത്രത്തിലെ ജയകൃഷ്ണൻ ഏറ്റെടുത്തിട്ടില്ല..
 

journalist aparna karthika post about meppadiyan goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES