Latest News

ജീവിതം, മരണം: ഓർമകളുടെ രാഷ്ട്രീയം- പുസ്തക വിചാരം-ഡോ.ഷാജി ജേക്കബ്

Malayalilife
ജീവിതം, മരണം: ഓർമകളുടെ രാഷ്ട്രീയം- പുസ്തക വിചാരം-ഡോ.ഷാജി ജേക്കബ്

‘Your memory is a monster; you forget - it doesn’t. It simply files things away. It keeps things for you, or hides things from you-and summons them to your recall with will of its own. You think you have a memory; but it has you!’

- John Irving, അമേരിക്കൻ നോവലിസ്റ്റ്.

ചില പുസ്തകങ്ങളുണ്ട്. അവയുടെ വായന നിങ്ങളുടെ ഉറക്കം അനേകദിവസങ്ങളിലേക്കു കെടുത്തിക്കളയും. വായിക്കുമ്പോൾ ഞരമ്പുകളിൽ ചോരയുടെ ഒഴുക്കു നിലച്ചുവെന്ന തോന്നലുണ്ടാക്കും. ഇടയ്ക്ക് വായനനിർത്തി ജീവിതത്തെയും ലോകത്തെയും മനുഷ്യാവസ്ഥകളെയും കുറിച്ച് അമ്പരപ്പോടെയും അവിശ്വാസത്തോടെയും ആലോചിക്കും. നെടുവീർപ്പിടും. ശ്വാസംമുട്ടുമെങ്കിലും വീണ്ടും ഭൂതാവിഷ്ടമായ ഒരനുഭവത്തിന്റെ ഒഴുക്കിൽപെട്ടതുപോലെ പുസ്തകത്തിലേക്കും വായനയിലേക്കും തിരിച്ചുവരും. ഭാവനയെക്കാൾ വിചിത്രവും വന്യവും വിഭ്രാമകവുമായ യാഥാർഥ്യങ്ങളാവിഷ്‌കരിക്കുന്ന അത്തരം ചില പുസ്തകങ്ങൾ നിങ്ങളെ അടിമുടി ദ്രവിപ്പിച്ചു കളയും.

ഇരുപതാം നൂറ്റാണ്ടിലെഴുതപ്പെട്ട വിഖ്യാതങ്ങളായ ചില രാഷ്ട്രീയ നോവലുകൾ പോലെയോ അതിലധികമോ ആയി ഇന്ന് ലോകമെങ്ങും വായനക്കാരെ ഈവിധമൊരു സ്വത്വസംഘർഷത്തിലേക്കാഴ്‌ത്തിക്കൊണ്ടുപോകുന്ന ആഖ്യാനരൂപമാണ് ഓർമ്മകളുടെ രേഖകൾ. അവിശ്വസനീയവും അസാധാരണവുമായ അനുഭവങ്ങൾ ഓർത്തെടുത്ത് കഥാത്മകമായാവിഷ്‌ക്കരിക്കപ്പെടുന്ന ഇത്തരം രചനകൾ സാഹിത്യത്തിനും സാഹിത്യേതര വ്യവഹാരങ്ങൾക്കുമിടയിൽ ഒരു പുതിയ ഭാവഗണത്തിനുതന്നെ രൂപം നൽകിയിരിക്കുന്നു.

ഓഷ്‌വിറ്റ്‌സിനെക്കുറിച്ചുള്ള ഓർമ്മകൾ രേഖപ്പെടുത്തുന്ന രചനകളാണ് ഈ രംഗത്ത് ഏറ്റവും പ്രസിദ്ധമായവ. ഏലിവീസൽ മുതൽ ആൻഫ്രാങ്ക് വരെയുള്ളവരെ ഓർക്കുക. ഈ ആഖ്യാനപദ്ധതിയുടെ ലോകോത്തരമാതൃകകളായി ഇന്നു കണക്കാക്കപ്പെടുന്നത് സ്വെറ്റ്‌ലാന അലക്‌സിയോവിച്ചിന്റെ കൃതികളാണ്. ബെലോറഷ്യൻ പത്രപ്രവർത്തകയായ സ്വെറ്റ്‌ലാനയ്ക്ക് 2015-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതുപോലും കമ്യൂണിസ്റ്റ് കിരാതഭരണത്തിനു കീഴിൽ നിരവധി മനുഷ്യർക്കുണ്ടായ മരണതുല്യമായ അനുഭവങ്ങൾ ഓർമകളായവതരിപ്പിച്ചതിനാണ്. സ്മൃതിചരിത്രം, വാമൊഴിചരിത്രം എന്നീ നിലകളിൽ ഖ്യാതിനേടിയവയാണ് സ്വെറ്റ്‌ലാനയുടെ കൃതികൾ. രണ്ടാം ലോകയുദ്ധം, അഫ്ഗാൻ യുദ്ധം, സോവിയറ്റ് ഭരണം, ചെർണോബിൽ ദുരന്തം... സ്വെറ്റ്‌ലാന കണ്ടെത്തിയ ഓർമയുടെ നരകഖനികൾ നിരവധിയാണ്. അഭിമുഖങ്ങളിലൂടെ തയ്യാറാക്കിയ അനുഭവചരിത്രങ്ങൾ. വൈകാരികചരിതങ്ങൾ. ഓർമയുടെ രാഷ്ട്രീയം വെളിപ്പെടുന്ന ജീവിതസാക്ഷ്യങ്ങൾ. മരണത്തിന്റെ മഹാഗാഥകൾ. സ്വെറ്റ്‌ലാന എഴുതുന്നു:

“If you look back at the whole of our history, h Soviet and post-Soviet, it is a huge common grave and a blood bath. An eternal dialog of the executioners and the victims. The accursed Russian questions: What is to be done and who is to blame. The revolution, the gulags, the Second World War, the Soviet-Afghan war hidden from the people, the downfall of the great empire, the downfall of the giant socialist land, the land-utopia, and now a challenge of cosmic dimensions-Chernobyl. This is a challenge for all the living things on earth. Such is our history. And this is the theme of my books, this is my path, my circles of hell, from man to man”.

രക്തച്ചൊരിച്ചിലുകളുടെ നിത്യശ്മശാനമായി മാറുന്ന ചരിത്രസന്ദർഭങ്ങളുടെ രേഖീകരണമാകുന്നു, കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകാലത്തു പുറത്തുവന്നിട്ടുള്ള സ്വെറ്റ്‌ലാനയുടെ പുസ്തകങ്ങൾ. തന്റെ വെബ്‌സൈറ്റിൽ ഇവർ സ്വന്തം എഴുത്തിനെ നിർവചിക്കുന്നതിങ്ങനെയാണ്: “I chose a genre where human voices speak for themselves”.

മഹായുദ്ധങ്ങളോ നരകസമാനമായ പ്രത്യയശാസ്ത്രഹിംസകളോ ഇന്ത്യാചരിത്രത്തിൽ ഈവിധമില്ല. എങ്കിലും ക്ഷാമങ്ങൾ, പകർച്ചവ്യാധികൾ, ദാരിദ്ര്യം, പ്രകൃതിക്ഷോഭങ്ങൾ, വർഗീയകലാപങ്ങൾ തുടങ്ങിയവയുടെ തുടർച്ചയായ ആവർത്തനങ്ങൾ ഇവിടെയുമുണ്ട്. ഇന്ത്യാവിഭജനവും ഇന്ത്യാപാക്‌യുദ്ധവും സൃഷ്ടിച്ച അഭയാർഥിപ്രവാഹങ്ങളായിരിക്കും ഇവയിൽ ഏറ്റവും വലിയവ.

ഇന്ത്യാവിഭജനത്തിന്റെ ഓർമ്മകളാവിഷ്‌ക്കരിക്കുന്ന നിരവധി രചനകൾ സാഹിത്യ, സാഹിത്യേതരമണ്ഡലങ്ങളിലുണ്ട്. സാദത്ത്ഹസൻ മാന്തോയുടെ കഥകൾ, യശ്പാലിന്റെ നോവൽ, ഉർവശി ഭൂട്ടാലിയയുടെ ‘The other side of Silence’ പോലുള്ള ചരിത്രങ്ങൾ എന്നിങ്ങനെ. ഗുപ്തചരിത്രം (Hidden History) എന്ന മട്ടിൽ ആവിഷ്‌കൃതമാകുന്ന ഉർവശിയുടെ പുസ്തകത്തിൽ സ്ത്രീകളും കുട്ടികളും ദലിതരുമുൾപ്പെടെയുള്ളവർ അനുഭവിച്ച വിഭജനത്തിന്റെ മുറിവുകളാണ് ആവിഷ്‌കൃതമാകുന്നത്. Yosef Hayin Yerushalmi പറയുന്നതുപോലെ, ‘Memory is always problematic; usually deceptive, sometimes treacherous’ എന്നു തെളിയിക്കുന്ന പുസ്തകം.

ചുരുക്കത്തിൽ, അക്കാദമിക, അനക്കാദമിക തലങ്ങളിലും സാഹിത്യ, സാഹിത്യേതര മണ്ഡലങ്ങളിലും, ഓർമ്മ, കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി ലോകമെങ്ങും ഏറ്റവും സ്വീകാര്യതയുള്ള ഒരു വ്യവഹാരപദ്ധതിയായി മാറിക്കഴിഞ്ഞിരിക്കുന്നു. മലയാളത്തിൽപോലും 1990-കളുടെ തുടക്കം തൊട്ടുതന്നെ ഓർമ, നോവലെഴുത്തിന്റെ രാഷ്ട്രീയസൂചകവും ആഖ്യാനരൂപകവുമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പുതിയൊരുനിര ആത്മകഥകൾ, ‘അനുഭവമെഴുത്ത്’ എന്ന നിലയിൽ രൂപംകൊണ്ടുതുടങ്ങുന്നതും ഇക്കാലത്താണ്. ഇവയാകട്ടെ, ഭൂതകാലത്തെ കാല്പനികമായി തിരികെപ്പിടിക്കുന്ന ആവിഷ്‌ക്കാരരീതിയെന്നതിനെക്കാൾ ഓർമയുടെ രാഷ്ട്രീയങ്ങൾ മറവിക്കെതിരെ നടത്തുന്ന സമരങ്ങളുടെ സാധ്യതകളാണ് തുറന്നിടുന്നത്. ജോൺ ഇർവിങ് സൂചിപ്പിക്കുന്നതുപോലെ, നിങ്ങൾ ഓർമയെയെന്നതിനെക്കാൾ ഓർമ നിങ്ങളെ നിശ്ചയിക്കുന്നതിന്റെ രസതന്ത്രമാണിത്. ആനന്ദ്, സി.ആർ. പരമേശ്വരൻ, ടി.പി. രാജീവൻ, സാറാജോസഫ്, കെ. ആർ. മീര, ടി.ഡി. രാമകൃഷ്ണൻ, എൻ. പ്രഭാകരൻ, അംബികാസുതൻ, എസ്. ഹരീഷ് തുടങ്ങിയവരുടെയൊക്കെ രചനകൾ ഉദാഹരണമാണ്. മിലാൻ കുന്ദേരയാണ് ഈയൊരു ഓർമരാഷ്ട്രീയത്തിന്റെ ഏറ്റവും വിഖ്യാതനായ നോവൽ വാണിഭക്കാരൻ. 1980-കളിലും 90-കളിലും ഉടലെടുത്ത ‘Memory boom’ എന്ന സങ്കല്പനത്തെക്കുറിച്ച് യൂറോപ്പിലും അമേരിക്കയിലും നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘Memory Studies’ പോലുള്ള അക്കാദമിക ജേണലുകൾ ഓർമപഠനങ്ങൾക്കു മാത്രമായി നിലവിലുണ്ട്. Michael Rossington, Anne Whitehead എന്നിവർ എഡിറ്റുചെയ്ത Theories of Memory: A Reader പോലുള്ള ഗ്രന്ഥങ്ങൾ ഓർമയെ ചരിത്രവൽക്കരിച്ചും സിദ്ധാന്തവൽക്കരിച്ചും നിലപാടെടുക്കുന്നവയാണ്. വാക്ചരിത്രം (Oral history) എന്ന വൈജ്ഞാനിക, വ്യവഹാര, ചരിത്രരചനാപദ്ധതി അതിന്റെ രീതിശാസ്ത്രമായി കാണുന്നതും ഓർമ്മയെത്തന്നെയാണ്.

രണ്ട്

1980-കൾ തൊട്ടുള്ള കാലത്ത് ഇന്ത്യയിലുടനീളം നടന്ന വർഗീയകലാപങ്ങളും കൊടിയ ദാരിദ്ര്യവും ജാതിലഹളകളും ഭരണകൂടനൃശംസതകളും സൃഷ്ടിച്ച ഏറ്റവും നിഷ്ഠൂരവും നികൃഷ്ടവുമായ മനുഷ്യാവസ്ഥകളിലൊന്നാണ് മേല്പറഞ്ഞ ദുരന്തങ്ങൾ അതിജീവിച്ചവരുടെ ശിഷ്ടജീവിതം. മരിച്ചവർ മരിച്ചു, അതിജീവിച്ചവരാകട്ടെ മരണത്തെക്കാൾ വലിയ ദുരന്തമാണ് ജീവിതം എന്നു തിരിച്ചറിഞ്ഞും കഴിഞ്ഞു. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഈവിധം മരിച്ചവരുടെയും മരണം തൽക്കാലത്തേക്കൊഴിവാക്കി ആ ദുരന്തത്തെ അതിജീവിച്ചവരുടെയും അവസ്ഥകളും അനുഭവങ്ങളും ഓർമകളിൽ നിന്നാവിഷ്‌ക്കരിക്കുന്ന അസാധാരണമായ ഒരു പുസ്തകമാണ് ഹർഷ്മന്ദറുടെ ‘Fatal Accidents of Birth’. കബനി, ഈ പുസ്തകം ‘ഒരു ജന്മം, ഒരായിരം മരണം’ എന്ന പേരിൽ വിവർത്തനം ചെയ്തിരിക്കുന്നു. നിസംശയം പറയാം, സമീപകാല ഇന്ത്യയെക്കുറിച്ചു രേഖപ്പെടുത്തപ്പെട്ട ഏറ്റവും യഥാതഥവും ഭാവാത്മകവുമായ മാനുഷിക-സാമൂഹിക ചരിതമാണ് ഈ പുസ്തകം. ഓർമകളുടെ രാഷ്ട്രീയത്തെ ഇത്രമേൽ സൂക്ഷ്മവും ജാഗ്രത്തുമായി കണ്ടെടുക്കുന്ന മറ്റൊരു ഇന്ത്യൻ ചരിത്ര-ജീവിതരേഖ ഏതാണുള്ളത്? മരണം ജീവിതത്തിന്റെ അവസാനമാകാം. പക്ഷെ ഓർമ മരണത്തെയും അതിജീവിക്കും എന്നു തെളിയിക്കുന്ന വൈകാരികചരിത്രമാണ് ഹർഷ്മന്ദറുടെ ഈ പുസ്തകം. സ്വെറ്റ്‌ലാന പറയുന്നതുപോലെ ഇരകൾ സ്വയം സംസാരിക്കുന്ന ചരിത്രാനുഭവം.

ആരാണ് ഹർഷ്മന്ദർ?

കൂട്ടക്കൊലകളെയും വിശപ്പിനെയും അതിജീവിക്കുന്നവരുടെ, വീടില്ലാത്തവരുടെ, തെരുവുകുട്ടികളുടെ കൂടെ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് എഴുത്തുകാരൻ. ഇദ്ദേഹം സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടറും ഭക്ഷണത്തിനുള്ള അവകാശനിയമവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ പ്രത്യേക കമ്മീഷണറുമാണ്. വിവിധ സാമൂഹ്യപ്രശ്‌നങ്ങളും മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഹർഷ്മന്ദർ ഇരുപതുവർഷത്തോളം ആദിവാസി സംസ്ഥാനങ്ങളായ മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിന്റെ ഭാഗമായി പ്രവർത്തിച്ചു.

ഹർഷ്മന്ദർ വിവരാവകാശത്തിനായുള്ള ദേശീയ ക്യാമ്പയിന്റെ സ്ഥാപക അംഗമാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അടിമവേലയുമായും മാനസികരോഗ ആശുപത്രികളുമായും ബന്ധപ്പെട്ട് രൂപീകരിച്ച കോർഗ്രൂപ്പുകളിൽ അംഗമാണ് ഇദ്ദേഹം. ആക്ഷൻ എയ്ഡ് ഇന്ത്യ സർക്കാരേതര സന്നദ്ധസംഘടനയുടെ ഇന്ത്യയിലെ ഡയറക്ടർ ആയിരുന്ന ഹർഷ്മന്ദർ 2010 മുതൽ 2012 വരെ ദേശീയ ഉപദേശക സമിതി അംഗവുമായിരുന്നു. മതേതരത്വത്തിനും സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള അമൻ ബിരാദരി, വർഗീയലഹളകൾ അതിജീവിച്ചവർക്ക് നിയമപരമായി നീതി ഉറപ്പുവരുത്തുന്ന ന്യായാഗ്രഹ്, തെരുവ് കുട്ടികൾക്കായുള്ള ദിൽസേന, നഗരത്തിലെ ഭവനരഹിതർക്കായുള്ള ഹോസ്‌ല തുടങ്ങിയ ക്യാമ്പയിനുകളുടെ തുടക്കക്കാരനാണ് ഹർഷ്മന്ദർ.

അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലും ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലും ഹർഷ്മന്ദർ പട്ടിണിയും ഭരണനിർവഹണവും സംബന്ധിച്ച കോഴ്‌സുകൾ പഠിപ്പിക്കുന്നുണ്ട്. മുസൂറിയിലെ ലാൽബഹദൂർശാസ്ത്രി നാഷ്ണൽ അക്കാദമി ഓഫ് അഡ്‌മിനിസ്‌ട്രേഷനിലും ലോസ് ആഞ്ചലസിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ അടക്കമുള്ള വിദേശസർവകാലാശാലകളിലും ഇദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്.

അൺഹേഡ് വോയ്‌സസ് : സ്റ്റോറീസ് ഓഫ് ഫൊർഗോട്ടൺ ലൈവ്‌സ്, ദി റിപ്പ്ഡ് ചെസ്റ്റ് പബ്ലിക് പോളിസി ആൻഡ് പൂവർ ഇൻ ഇന്ത്യ, ഫിയർ ആൻഡ് ഫൊർഗിവ്‌നെസ്: ദി ആഫ്റ്റർമാത് ഓഫ് മസാക്ർ, ഫ്രാക്‌ചേഡ് ഫ്രീഡം: ക്രോണിക്ക്ൾസ് ഫ്രം ഇന്ത്യാസ് മാർജിൻസ്, ആഷ് ഇൻ ദി ബെല്ലി: ഇന്ത്യാസ് അൺഫിനിഷ്ഡ് ബാറ്റിൽ വിത്ത് ഹംഗർ, ലുക്കിങ് എവേ ഇനിക്വാലിറ്റി, പ്രിജുഡിസ് ആൻഡ് ഇൻഡിഫറൻസ് ഇൻ ന്യൂ ഇന്ത്യ എന്നിവയാണ് ഹർഷ്മന്ദറുടെ പ്രധാനപ്പെട്ട പുസ്തകങ്ങൾ. ദി ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ദൈനിക് ഭാസ്‌കർ എന്നീ പത്രങ്ങളിൽ സ്ഥിരമായി പംക്തികൾ ഇദ്ദേഹം എഴുതുന്നുണ്ട്.

കബനിയോ?

മലയാളത്തിൽ ഇന്നുള്ള ഏറ്റവും മികച്ച പ്രൊഫഷണൽ വിവർത്തകയാണ് കബനി. ഇരുപതിലധികം പുസ്തകങ്ങൾ ഇതിനകം ഇവർ വിവർത്തനം ചെയ്തുകഴിഞ്ഞു. ജെറിമാൻഡർ, വംഗാരി മാതായ്, ഓങ് സാങ് സൂകി, ബേനസീർ ഭൂട്ടോ തുടങ്ങിയവരുടെ നോൺഫിക്ഷൻ ക്ലാസിക്കുകൾ. ആമോസ് ഓസ്, പൗലോകൊയ്‌ലോ, ശോഭാഡേ, പെരുമാൾ മുരുകൻ, ചേതൻ ഭഗത് തുടങ്ങിയവരുടെ സാഹിത്യരചനകൾ. അടിസ്ഥാനപരമായി വിവർത്തനത്തിനുവേണ്ട മൂന്നു ഗുണങ്ങളും (വായനാക്ഷമത, വിഷയ/പ്രമേയ/ഗ്രന്ഥത്തോടു രൂപപ്പെടുന്ന ആത്മൈക്യം, ലക്ഷ്യഭാഷയുടെ അർഥവിതാനങ്ങളിലേക്കും സംസ്‌കാരമണ്ഡലങ്ങളിലേക്കുമുള്ള സ്രോതപാഠത്തിന്റെ സംലയനം) കബനിയുടെ രചനകൾക്കുണ്ട്. ഈ പുസ്തകവും ഇതിനുതെളിവാണ്.

പതിനേഴു രചനകളാണ് ‘ഒരു ജന്മം ഒരായിരം മരണ’ത്തിലുള്ളത്. ആത്മഹത്യക്കു മുൻപ് രോഹിത് വെമുല ലോകത്തിനെഴുതിയ കത്തിലുള്ള പ്രയോഗമാണ് ‘എമമേഹ അരരശറലി േീള യശൃവേ’ എന്നത്. മന്ദർ അത് സമീപകാല ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ വിധിവാക്യമായി മാറ്റിയെഴുതുന്നു. എന്നിട്ട് ജനനം മാത്രമല്ല, ജീവിതവും മരണവും സമാനമായ ദുരന്തങ്ങളായനുഭവിക്കുന്ന അവരുടെ കഥ പറയുന്നു. ഒറ്റമനുഷ്യരുടേതാവാം, പറ്റങ്ങളുടേതാകാം. അവർ ഇരകളാണ്. ജാതിയോ മതമോ കുടുംബമോ സമൂഹമോ ഭരണകൂടമോ രാഷ്ട്രം തന്നെയോ ആകാം വേട്ടക്കാർ.

വ്യവസ്ഥകളുടെയും സ്ഥാപനങ്ങളുടെയും ഭ്രാന്തൻവിശ്വാസപ്രമാണങ്ങളുടെയും ഇരകൾക്കുവേണ്ടി ശബ്ദിക്കുന്ന മന്ദർ, അവരുടെ തന്നെ ഓർമകളെയാണ് തന്റെ രീതിശാസ്ത്രവും പ്രത്യയശാസ്ത്രവുമായി കണ്ടെത്തുന്നത്. അസാധാരണമായ ആത്മൈക്യം സ്ഥാപിച്ച് ഈ ഇരകളുടെ ജീവിതവും മരണവും അതിജീവനവും മന്ദർ രേഖപ്പെടുത്തുന്നു. മരിച്ചവരും അതീജിവച്ചവരും ചേർന്നു പൂരിപ്പിക്കുന്ന ചരിത്രത്തിന്റെ ഗുപ്തലോകങ്ങൾ മന്ദർ മറനീക്കുന്നു.

താൻ കണ്ടും കേട്ടും അറിഞ്ഞ ഇന്ത്യയുടെ കഥകൾ തന്നിലുണ്ടാക്കിയ നടുക്കം വായനക്കാരിലേക്കു പകരുന്ന ഒരാമുഖം മന്ദർ ഈ പുസ്തകത്തിനെഴുതുന്നുണ്ട്. അതുവായിക്കുക.

“യോഗ്യതയില്ലാതെ ജനിച്ചതുകൊണ്ടുമാത്രം മികച്ച ഭാവി അർഹിക്കാത്തവനാണ് ഞാനെന്നു വിശ്വസിക്കുന്ന അദ്ധ്യാപകരുടെ പുച്ഛവും അവഗണനയും എനിക്കൊരിക്കലും സഹിക്കേണ്ടിവന്നിട്ടില്ല. എന്റെ സ്പർശം കൊണ്ടോ എന്റെ കാലടികൾ കൊണ്ടോ എന്റെ ആദരവുകൊണ്ടോ അശുദ്ധമാകുമെന്ന് മറ്റുള്ളവർ പറയുന്ന ക്ഷേത്രത്തിൽ ആരാധിക്കാൻ ആഗ്രഹിച്ചതു കൊണ്ട് എനിക്കൊരിക്കലും തല്ലുകിട്ടിയിട്ടില്ല. മറ്റുള്ളവർ മലിനമെന്നു കരുതുന്ന ജാതിയിൽ ജനിച്ചുപോയതുകൊണ്ട് ജീവിതത്തിൽ ഞാനൊരിക്കലും അവഹേളിക്കപ്പെട്ടിട്ടില്ല.

അവരിൽനിന്ന് വ്യത്യസ്തമായ മതവിശ്വാസം ഞാൻ-എന്നെപ്പോലുള്ളവരും-പിന്തുടരുന്നതുകൊണ്ട് എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും തലയ്ക്കും രക്തത്തിനുമായി മുറവിളി കൂട്ടുന്ന, ഭീതിതമായ മുദ്രാവാക്യങ്ങൾ ഉയർത്തിയും കഠാരകളും ആസിഡ് ബൾബുകളും കയ്യിലേന്തിയും ആർത്തലച്ചുവരുന്ന ജനക്കൂട്ടത്തിനു മുമ്പിൽ പേടിച്ചരണ്ടു നിൽക്കുന്നതെങ്ങനെയെന്ന് എനിക്കൊരിക്കലും അറിയേണ്ടി വന്നിട്ടില്ല. ഈയൊരൊറ്റ കുറ്റത്തിന് എന്റെ കുട്ടികളെ പച്ചയ്ക്ക് കത്തിക്കുന്നതും എന്റെ കുടുംബത്തിലെ പെൺകുട്ടികളെയും സ്ത്രീകളെയും മാനഭംഗപ്പെടുത്തുന്നതും എന്റെ കുടുംബവും എന്റെ വീടും എന്റെ തൊഴിലും എന്റെ ജീവിതസമ്പാദ്യവും എന്റെ മുഴുവൻ ലോകവും ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുച്ചൂടും നശിക്കുന്നതും നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടി വന്നിട്ടുമില്ല.

സുഖപ്പെടുത്താനാകാത്ത ദീനം അറിയാതെ പിടിപെട്ടതിന് ഞാൻ ഭ്രഷ്ടനാക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ഒരിക്കലും ചെയ്തിട്ടില്ല. കുട്ടികളെ അന്തസ്സോടെ വളർത്താൻ ശരീരം വിൽക്കാൻ തീരുമാനിച്ചതിന് ഞാനൊരിക്കലും അകറ്റിനിർത്തപ്പെട്ടിട്ടില്ല. എന്റെ ഉടലിന്റെ ഭിന്നലിംഗത്തെ അംഗീകരിക്കാൻ കഴിയാത്തതിനാൽ ഞാൻ ഒരു ലോകത്തുനിന്നും ആട്ടിയോടിക്കപ്പെട്ടിട്ടില്ല. ആകെയുള്ള കുഞ്ഞുമകനെ ആരും നോക്കാനില്ലാതെ പുറത്തുനിർത്തി എനിക്കൊരിക്കലും ജയിലിൽ കിടക്കേണ്ടിവന്നിട്ടില്ല.

പണവും തൊഴിലുമില്ലാത്തതിനാൽ ഞാനൊരിക്കലും ഒരൊറ്റ രാത്രിപോലും ഒഴിഞ്ഞ വയറോടെ ഉറങ്ങിയിട്ടില്ല. പ്രിയപ്പെട്ടവരെ ഊട്ടാൻ കഴിയാത്തതിന്റെയും, കുട്ടികൾ ജീവനോടെയിരിക്കുമെന്ന് ഉറപ്പാക്കാനുള്ള ഏക പോംവഴി അവരെ കൃഷിയിടങ്ങളിൽ പണിയെടുക്കാനോ ഹോട്ടലുകളിൽ പാത്രം കഴുകാനോ പറഞ്ഞയക്കുകയോ വളർത്താൻ കഴിവുള്ള ആർക്കെങ്കിലും കൈമാറുകയോ ചെയ്യുകയാണെന്ന് തിരിച്ചറിയുന്നതിന്റെയും നൈരാശ്യം എനിക്കൊട്ടുമേ അറിയില്ല.

ഇരുപതുവർഷങ്ങളായി വീടില്ലാതെ ഓരോ രാത്രിയും വഴിയോരത്തുറങ്ങുകയും, ഉപദ്രവിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന പുരുഷന്മാരെ തടയാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സ്ത്രീയുടെ നിസ്സഹായാവസ്ഥ എനിക്ക് സങ്കൽപിക്കാൻ പോലുമാകില്ല. എന്റെ കാലുകൾക്ക് വൈകല്യമുള്ളതുകൊണ്ടും തെരുവല്ലാതെ ഉറങ്ങാൻ വേറൊരിടമില്ലാത്തതുകൊണ്ടും മാത്രം വർഷങ്ങളോളം യാചകമന്ദിരത്തിൽ അടച്ചിടപ്പെടുന്നത് എനിക്ക് ചിന്തിക്കാനാകില്ല.

പൊലീസുകാർ എന്റെ മകളെ കൊല്ലുകയും മരണത്തിനുശേഷം ഭരണകൂടം അവളെ ഭീകരവാദിയെന്നും ചാവേറെന്നും മുദ്രകുത്തുകയും ചെയ്താൽ ഞാനെന്തുചെയ്യുമെന്ന് എനിക്കറിയില്ല. എന്റെ ഭർത്താവിനെ തീവ്രവാദികൾ വെടിവെച്ച് വീഴ്‌ത്തിയാലും എന്റെ പതിമൂന്നുകാരനായ മകൻ തീവ്രവാദിയാണെന്ന് സൈന്യം ശഠിച്ചാലും!

ഞാൻ ഈ പുസ്തകത്തിൽ പറയാൻ ശ്രമിക്കുന്നതും സങ്കല്പിക്കാൻ ദുഷ്‌ക്കരമെങ്കിലും നേരായതുമായ കഥകളിൽ ചിലതാണിതെല്ലാം. ഈ കഥകളൊന്നും തന്നെ എന്റേതല്ല. ഈ കഥകളൊന്നും ഒരേയൊരു കാരണത്താൽ ഒരിക്കലും എന്റേതാകാനും പോകുന്നില്ല. രോഹിത്ത് വെമുലയുടേതുപോലെ എന്റെ ജനനം വിനാശകരമായിരുന്നില്ല. ഈ പുസ്തകം പറയാൻ ശ്രമിക്കുന്ന കഥകളുടെ ഉടയോന്മാരുടേതുപോലെ എന്റെ ജീവിതം ദുരന്തപൂർണമായിരുന്നില്ല.

ഇവയൊരിക്കലും എന്റെ കഥകളാകാനോ നിങ്ങളുടേതാകാനോ സാദ്ധ്യതയില്ല. പക്ഷേ നാം ചെവിയോർക്കേണ്ട, ശ്രദ്ധിക്കേണ്ട കഥകളാണിവയെല്ലാം. നാം അവയിൽ നിന്ന് മുഖം തിരിച്ചുനിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ബോബ് ഡിലൻ പാടിയ ചോദ്യങ്ങൾക്ക് നാം ഉത്തരം പറയേണ്ടതുണ്ട്: “എത്ര തവണ ഒരാൾക്ക് താനൊന്നും കണ്ടില്ലെന്നു നടിച്ച് മുഖം തിരിക്കാനാകും?..../അതെ, ഏറെപ്പേർ മരിച്ചുപോയെന്ന് അയാളറിയാൻ എത്ര മരണങ്ങൾ വേണ്ടി വരും?”

ഇവയെല്ലാം തന്നെ ഇരുണ്ടതും വേദനിപ്പിക്കുന്നതുമായ കഥകളാണ്. പക്ഷേ, ഇവയെല്ലാം തന്നെ അന്തസിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥകളുമാണ്. ഈ ജീവിതങ്ങളുടെ ഉടമസ്ഥർ അതു നേരിട്ട് നിങ്ങളോട് പറഞ്ഞിരുന്നെങ്കിൽ കുറേക്കൂടി നന്നായാനേ. അത് നിങ്ങൾ അത്ര വിദൂരമല്ലാത്ത ഒരു നാളിൽ ചെയ്യുമെന്നുതന്നെ ഞാൻ പ്രത്യാശിക്കുന്നുണ്ട്. പക്ഷേ, വർത്തമാനകാലത്ത് നാമിപ്പോഴും നാം സൃഷ്ടിച്ച ലോകത്തിനകത്തു തന്നെയാണ് താമസിക്കുന്നത്. അവിടെ നിന്ന് നമുക്ക് മറ്റു ഗ്രഹങ്ങളിലേക്ക് പറക്കാം. എന്നാൽ ഏറ്റവും കൊടിയ അടിച്ചമർത്തലുകൾക്കെതിരെയും ക്രൂരതകൾക്കെതിരെയും പോരാടുന്നവരിൽ നിന്നും ദുരിതം സഹിച്ചു ജീവിക്കുന്നവരിൽ നിന്നും നാം പ്രകാശവർഷങ്ങൾ ദൂരെയുമാണ്. എന്നിരുന്നാലും നമ്മുടെ തുല്യമായ മാനവിക അന്തസിന്റെ പ്രാഥമികമായ തിരിച്ചറിയലിനേക്കാൾ ഒട്ടും വലുതല്ല മനുഷ്യർക്കിടയിലെ അകൽച്ച എന്നതാണു നേര്”.

തുടർന്നിങ്ങോട്ട് ഈ പുസ്തകത്തിലെ പതിനേഴു രചനകളിലും മന്ദർ ഓരോ കഥ പറയുന്നു. ഓരോ കഥയും ഒന്നിലധികം ജീവിതങ്ങളുടെയും മരണങ്ങളുടെയും ഓർമ്മകളാണ്. ഇവയിൽ ഏഴെണ്ണം വർഗീയകലാപങ്ങളുടെ കഥകളാകുന്നു. അതിൽതന്നെ നാലെണ്ണം ഗുജറാത്ത് കലാപത്തിന്റെയും.

തന്റെ കുടുംബത്തിലെ ഇരുപത്താറുപേർ കൊല്ലപ്പെട്ടിട്ടും തലനാരിഴയ്ക്കു രക്ഷപെട്ട നസീബ് എന്ന സ്ത്രീ ‘അമൻ ബിരാദരി’യിലൂടെ തന്റെ വേട്ടക്കാരെ മാത്രമല്ല, അതിജീവിച്ചവരെപ്പോലും വെറുതെ വിടാത്ത സ്വന്തം മതത്തിലെ പൗരോഹിത്യത്തെയും മറികടന്നതിന്റെ കഥ പറയുന്നു, ആദ്യരചന. മന്ദർ എഴുതുന്നു:

“ഇന്ത്യയിലങ്ങോളമിങ്ങോളം കൂട്ടക്കൊലകളെ അതിജീവിച്ചവരുമായി ഏറെക്കാലം ഞാൻ ഇടപഴകിയിട്ടുണ്ട്: അസമിലെ നെല്ലിയും കൊക്രഝറും, ഡൽഹിയിലെ തിലക് വിഹാർ, ബിഹാറിലെ ഭഗൽപൂർ, ഉത്തർപ്രദേശിലെ മുസഫർനഗർ, ഗുജറാത്തിലെ ഗോധ്ര. നീതിക്കും മുറിവുണക്കലിനും വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങളോട് അല്പമെങ്കിലും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അവർക്കിടയിലെ ഏറ്റവും ബലഹീനർ വിധവകളാണെന്ന് എനിക്കു മനസിലാക്കാനായിട്ടുണ്ട്. അവരുടെ ഭർത്താക്കന്മാരും കുട്ടികളും വീട്ടിലെ മുതിർന്നവരും ഇരുട്ടിവെളുക്കുന്നതിനു മുമ്പ് കൊല്ലപ്പെട്ടതാണ്. അവരുടെ വീടുകളും ഉപജീവനമാർഗങ്ങളും സമ്പാദ്യവുമെല്ലാം തുടച്ചുമാറ്റപ്പെട്ടതാണ്. അവർ ഒറ്റയടിക്ക് പരിചിതമായ ചുറ്റുപാടുകളിൽ നിന്ന് പുത്തൻ ഇടങ്ങളിലേക്ക് വേരുപറിച്ചെറിയപ്പെട്ടവരാണ്. ജീവിതങ്ങൾ വീണ്ടും പടുത്തുയർത്താനും അതിജീവിച്ചവരെ പരിപാലിക്കാനുമുള്ള ഉത്തരവാദിത്വം ചുമലിൽ തൂങ്ങുന്നവരാണ്. ഇന്ത്യയിലെ ഏതാണ്ടെല്ലാ വിധവകളെയും പോലെ അവരും ഓർമകൾക്കും ഏകാന്തതയ്ക്കും ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുമെതിരെ പോരാടുകയും സമൂഹം അടിച്ചേൽപ്പിക്കുന്ന ക്രൂരതയെയും അവഗണനയെയും ചങ്കൂറ്റത്തോടെ അഭിമുഖീകരിക്കുകയും ചെയ്യുന്നു”.

ഇസ്രാത്ത് ജഹാന്റെ അനേകം മരണങ്ങളെക്കുറിച്ചാണ് മറ്റൊരു രചന. ഇസ്രാത്തിന്റെ കഥ ഇവിടെ ആവർത്തിക്കേണ്ടതില്ലല്ലോ. ഗുജറാത്ത് കലാപചരിത്രത്തിന്റെ ഏറ്റവും നിഗൂഢവും നികൃഷ്ടവുമായ ഏടുകളിലൊന്നാണത്. ഭരണകൂടഭീകരതയുടെ ക്ലാസിക് ഉദാഹരണം. കഴിഞ്ഞ പതിനേഴുവർഷമായി ഇസ്രാത്തിന്റെ കുടുംബം നീതിക്കുവേണ്ടി തുടരുന്ന സമരത്തിന്റെ കഥ കൂടിയാണ് ഈ ലേഖനം.

ഗുജറാത്ത് കലാപത്തിൽ ഹിന്ദുത്വഭീകരതയുടെ മുഖമായി ലോകം കണ്ടറിഞ്ഞ അശോക്‌മോച്ചി എന്ന ചെരുപ്പുകുത്തിയുടെ കഥയാണ് ഇനിയൊന്ന്. ഗുജറാത്ത് കലാപത്തിലെ വേട്ടക്കാരുടെ പ്രതീകമായി, മോച്ചിയുടെ മാധ്യമമുഖം; കുത്ബുദ്ദീൻ അൻസാരിയുടെ മുഖം ഇരയുടെ പ്രതീകമായി മാറിയതുപോലെ.

“മുസ്ലിംകളെ കൊള്ളയടിച്ചും മാനഭംഗപ്പെടുത്തിയും കൊന്നും അഹമ്മദാബാദിലെ തെരുവുകളിലൂടെ വെറിപിടിച്ച ആൾക്കൂട്ടം കറങ്ങിയ 2002 ഫെബ്രുവരിയിലെ ഭീകരദിനങ്ങളുടെ പ്രതീകമായിരുന്നു ലോകത്തെ സംബന്ധിച്ചിടത്തോളം ഒരു ചിത്രം. മെലിഞ്ഞ, താടിവെച്ച ഒരു ചെറുപ്പക്കാരൻ. കാക്കി കാലുറ, കൈകൾ മടക്കിവെച്ച അഴഞ്ഞ കറുത്ത ടി ഷർട്ട്, തലയിൽ കാവിത്തുണിയുടെ കെട്ട്. രണ്ടു കൈകളും ഉയർത്തിപ്പിടിച്ചിരിക്കുന്നു. ഒരു കയ്യിൽ ഇരുമ്പുവടി, മറുകയ്യിലെ മുഷ്ടി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്. മുദ്രാവാക്യങ്ങൾ വിളിച്ചു പറയുകയാണെന്നതുപോലെ വായ തുറന്നിരിക്കുന്നുണ്ട്. പുറകിൽ മറ്റാൾക്കാരുടെ മങ്ങയ രൂപങ്ങളും കത്തുന്ന തീക്കുണ്ഠങ്ങളുമുണ്ട്. കത്തുന്ന കാറുകളിൽ നിന്നും വീടുകളിൽ നിന്നും കടകളിൽ നിന്നുമുയരുന്ന പുകയാൽ കറുത്തതാണ് ആകാശം.

എ.എഫ്.പി.യുടെ (ഏജൻസ് ഫ്രാൻസ് പ്രെസ്) ഫോട്ടോഗ്രാഫറായ സെബാസ്റ്റ്യൻ ഡിസൂസ എടുത്ത ആ ചിത്രം ദിനപത്രങ്ങളിലും മാസികകളുടെ മുഖചിത്രമായും ലോകം മുഴുവൻ കണ്ടു. കൂട്ടക്കൊലയെ വിശകലനം ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്ത പുസ്തകങ്ങളിലും ആ ചിത്രം ഇടം കണ്ടു. അണപൊട്ടിയൊഴുകുകയും വിഭജനത്തിനു ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ വർഗീയ ലഹളയായി മാറുകയും ചെയ്ത വെറുപ്പിന്റെ, ഭയങ്കരമായ ആ ദിവസങ്ങളുടെ പ്രതീകമായി അത് വേഗം രൂപാന്തരപ്പെട്ടു”.

ഖാലിദ് നൂർമുഹമ്മദിന്റെ കഥയാണ് നാലാമത്തേത്. ഗുജറാത്ത് കലാപത്തിലെ ഏറ്റവും നിഷ്ഠൂരമായ ഹിംസയുടെ ആഘാതങ്ങൾ ഏറ്റെടുക്കേണ്ടിവന്നത് ഖാലിദിനാണ്. ഉറക്കം നഷ്ടപ്പെട്ട തന്റെ ജീവിതത്തെക്കുറിച്ച് അയാൾ പറയുന്നു:

“എഴുപത്തിയഞ്ചു വർഷം നീണ്ട തന്റെ ജീവിതത്തെക്കുറിച്ച് ഖാലിദ് എന്നോടു സംസാരിച്ചപ്പോൾ അതിലെ പ്രധാനപ്പെട്ട അതിരടയാളങ്ങളെല്ലാം തന്നെ പ്രധാനപ്പെട്ട വർഗീയകലാപങ്ങളാണെന്നു തോന്നി. അയാൾ കലാപങ്ങളെ കുറിച്ചു സംസാരിച്ചത് മറ്റുള്ളവർ ജീവിതത്തിലെ ജനനവും മരണവും വിവാഹവും പോലുള്ള പ്രധാനപ്പെട്ട മുഹൂർത്തങ്ങളെ പറ്റി സംസാരിക്കുന്നതു പോലെയാണ്. 1947-ലെ കലാപത്തിൽ അയാൾക്ക് പിതാവിനെ നഷ്ടപ്പെട്ടു. 1969-ലെ അഹമ്മദാബാദ് കലാപം സമാധാനത്തിന്റെ നീണ്ട ഇടവേളയെ തകർത്തു. 1985-ലെ ജഗന്നാഥ് കലാപവും 1992-ൽ ബാബ്‌രിമസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സാമുദായിക ലഹളയും ഇപ്പോൾ 2002-ലെ കൂട്ടക്കൊലയും അയാൾ ഓർത്തെടുത്തു.

‘ഞാൻ നിരവധി കലാപങ്ങൾ കണ്ടിട്ടുണ്ട്, ഖാലിദ് പറഞ്ഞു. ഓരോ തവണയും ഞങ്ങൾ ജീവിതം തിരിച്ചുപിടിച്ചു. പക്ഷേ ഇത്തവണത്തെ കലാപം തികച്ചും വ്യത്യസ്തമായിരുന്നു. എന്റെ ഉടലിൽ ഇനിയും കരുത്ത് ശേഷിച്ചിരിക്കാം. എന്നാൽ കലാപം എന്റെ ആത്മവീര്യത്തെ തകർത്തുകളഞ്ഞു. നേരത്തെ അവർ ഞങ്ങളുടെ പുരുഷന്മാരെ കൊല്ലുകയും വീടുകളും കടകളും ആക്രമിക്കുകയും ചെയ്തു. പക്ഷേ സ്ത്രീകളെയും കുട്ടികളെയും വെറുതെ വിട്ടു. ഞങ്ങളുടെ കൈക്കുഞ്ഞുങ്ങളെയും കുട്ടികളെയും ജീവനോടെ എരിച്ച സംഭവം ഒരിക്കലുമുണ്ടായിട്ടില്ല. ഞങ്ങളുടെ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും മാനംകെടുത്തുകയും ചെയ്തിട്ടില്ല. ഇത്രയും പേർ വീടില്ലാത്തവരായി ഇതിനു മുമ്പൊരിക്കലും മാറിയിട്ടില്ല’.

അയാൾ തുടർന്നു: ‘ഞാൻ ഏറെ കാര്യങ്ങൾ എന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. മറ്റുള്ളവർ കേട്ടിട്ടേയുള്ളൂ, പക്ഷേ ഞാൻ കണ്ടിട്ടുണ്ട്. ഉറങ്ങാൻ ശ്രമിക്കുമ്പോൾ ആ ഓർമകൾ എന്റെ സ്വപ്നങ്ങളെപോലും വേട്ടയാടുന്നുണ്ട്. അതുകൊണ്ട് രാത്രിയിൽ ഞാൻ ഉറങ്ങാതെ കിടക്കുന്നു. പ്രാർത്ഥിച്ചും നിസ്‌കരിച്ചും സമാധാനം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഞാൻ സ്ത്രീകളുടെയും കുട്ടികളുടെയും പേടിച്ചരണ്ട ആർത്തനാദങ്ങളും ആൾക്കൂട്ടത്തിന്റെ അലർച്ചയും കേൾക്കുന്നു. എന്റെ മനസ്സ് പൊട്ടിപ്പോകുകയാണ്. ഇത് മനുഷ്യസഹനത്തിനപ്പുറമാണ്’ ”.

കലാപത്തിന്റെ ഭീകരത, കണ്ണീരും ചോരയും കൂട്ടിക്കുഴച്ച വാക്കുകളിൽ ഹർഷ്മന്ദർ അവതരിപ്പിക്കുന്ന ഈ ഭാഗം ഒന്നു വായിക്കൂ. നിങ്ങൾ ജീവിതത്തെക്കുറിച്ച്, മരണത്തെക്കുറിച്ച്, അവയ്ക്കു രണ്ടിനുമിടയിൽനിന്ന് ഓർമ്മകൾ കണ്ടെടുക്കുന്ന കിരാതമായ സത്യങ്ങളെക്കുറിച്ച് അമ്പരപ്പോടെയല്ലാതെ പിന്നീടൊരിക്കലും ചിന്തിക്കുകയില്ല.

“2002 ഫെബ്രുവരി 27ന് ഗോധ്രയിൽ വെച്ച് സബർമതി എക്സ്‌പ്രസിലെ ഹിന്ദു യാത്രക്കാർക്കുണ്ടായ ദാരുണമായ മരണത്തിന്റെ വാർത്ത നരോദയിലെത്തി. സംഘർഷം തൊട്ടറിയാനാകുമായിരുന്നെങ്കിലും തങ്ങൾ ആക്രമിക്കപ്പെടുമെന്ന് അവർ വിശ്വസിച്ചില്ല. എന്തായാലും നരോദയിൽ പ്രധാനമായും തൊഴിലാളികളായിരുന്നു. വർഷങ്ങളോളം ഞങ്ങൾ സമാധാനത്തോടെ കഴിഞ്ഞിരുന്നതാണ്. ഫെബ്രുവരി 28ന് ഖാലിദും കുടുംബവും ചായ കുടിക്കുകയും ആഹാരം തയാറാക്കുകയുമായിരുന്നു. ഗോധ്ര കൊലപാതകങ്ങൾക്കെതിരെ വിശ്വഹിന്ദുപരിഷത്ത് ബന്ദ് പ്രഖ്യാപിച്ചതിനാൽ എല്ലാ വരും വീട്ടിനുള്ളിൽ തന്നെയുണ്ടായിരുന്നു. അവർക്ക് മാനസിക പിരിമുറുക്കവും ജാഗ്രതയുമുണ്ടായിരുന്നു. പക്ഷേ സംഭവിക്കാൻ പോകുന്ന അത്യാപത്തിനെ കുറിച്ച് അവർക്ക് യാതൊരു ഊഹവുമുണ്ടായിരുന്നില്ല.

ആക്രമണം അപ്രതീക്ഷിതവും പൈശാചികവുമായിരുന്നു. കാക്കി കാലുറകളും കാവിക്കുപ്പായങ്ങളും ധരിച്ച് മൂന്നു ട്രക്കുകൾ നിറയെ ചെറുപ്പക്കാരെത്തി. അവരുടെ കയ്യിൽ വാളുകളും ത്രിശൂലങ്ങളുമുണ്ടായിരുന്നു. അവർ മുദ്രാവാക്യം വിളിക്കുകയും ‘കൊല്ലൂ, കൊല്ലൂ’, എന്നലറുകയും ചെയ്തു. എല്ലാവരും പരിഭ്രാന്തിയോടെ വീടുകളിൽ നിന്ന് ഇറങ്ങിയോടി. ഖാലിദ് കുടുംബത്തിലെ മറ്റംഗങ്ങളിൽ നിന്ന് വേർപെട്ടുപോയി. ചില മുസ്ലിംകൾ പ്രതിരോധിക്കാൻ തുനിഞ്ഞെങ്കിലും അവരുടെ കയ്യിലെ കല്ലുകൾക്ക് ആൾക്കൂട്ടത്തിന്റെ രൗദ്രതയോട് പിടിച്ചുനിൽക്കാനായില്ല.

ഖാലിദ് പേടിച്ചരണ്ട് ഒരു ധാബയുടെ മേൽക്കൂരയിൽ ഒളിച്ചിരുന്നു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്‌ഷോപ്പിലെ ജീവനക്കാരും ട്രക്കിൽ വന്ന ചെറുപ്പക്കാരുടെ കൂടെ കൂടിയെന്നും അവർ അക്രമികൾക്ക് ഡീസലും പെട്രോളും എത്തിച്ചുകൊടുത്തെന്നും അയാൾ പറഞ്ഞു. കുറ്റവാളികളുടെ സംഘവും ഏതാനും തദ്ദേശവാസികളും ചേർന്നതോടെ അക്രമികളുടെ സംഘത്തിന് ശക്തി കൂടി. വീടുകൾ കൊള്ളയടിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. വായുവിൽ പുകപടലവും മരിക്കുന്ന, കത്തിയെരിയുന്ന മനുഷ്യരുടെ നിലവിളികൾ നിറഞ്ഞു. ദുരിതാശ്വാസക്യാമ്പിലെ ഉറക്കമിളച്ചുള്ള സ്വയംപീഡയിൽ ഖാലിദിനെ വേട്ടയാടുന്നത് ആ മണിക്കൂറുകളുടെ ദുഃസ്വപ്നങ്ങളാണ്.

വൈകുന്നേരം ഖാലിദ് ഒളിച്ചിരുന്ന ധാബയും ആക്രമണത്തിനിരയായി. കത്തിയെരിയുന്ന ധാബയിൽ നിന്ന് ഖാലിദ് രക്ഷപ്പെട്ടു. വീട്ടിലേക്കുള്ള വഴി അയാൾ തപ്പിപ്പിടിച്ചു.

തന്റെ അഞ്ചുവയസുകാരനായ പേരക്കുട്ടി അസിഫിനെ വീട്ടിനടുത്ത് ജീവനോടെ അയാൾ കണ്ടെത്തി. ആ കുട്ടിക്ക് മാരകമായി തീപ്പൊള്ളലേറ്റിരുന്നു. ഖാലിദ് അവനെ അകത്തേക്കു കൊണ്ടുപോയി. തേങ്ങിക്കൊണ്ട് അയാൾ അവനല്പം റൊട്ടി നൽകി. കുട്ടി അയാളോട് പറഞ്ഞു: ‘അബ്ദു ദാദ, ഉറക്കെ കരയരുതേ. അവർ നിങ്ങളെയും കൊല്ലും. എന്റെ ഉപ്പയെയും ഉമ്മയെയും ഉമ്മൂമയെയും അനുജനെയും അവർ ജീവനോടെ കത്തിച്ചു. നിങ്ങളും ഞാനും മാത്രമാണ് ബാക്കിയുള്ളത്’. എന്നിട്ടവൻ ഉപ്പൂപ്പയുടെ കയ്യിൽ കിടന്ന് മരിച്ചു.

‘അവൻ ഒരു മിടുക്കൻ കുട്ടിയായിരുന്നു’, ഖാലിദ് പറഞ്ഞു. തന്റെ പേരക്കുട്ടിയുടെ മരണം അയാൾക്ക് സഹിക്കാനായില്ല. അതിനെക്കുറിച്ചയാൾ നിരവധി തവണ സംസാരിച്ചു. ‘അഞ്ചു വയസേയുണ്ടായിരുന്നുള്ളൂ. പക്ഷേ അവന് നല്ല ബുദ്ധിയായിരുന്നു. പൊള്ളിയും ചോരയൊലിച്ചും നിൽക്കുമ്പോഴും അവസാനം വരെ അവൻ എന്നെക്കുറിച്ചാണ് വേവലാതിപ്പെട്ടത്’.

പേരക്കുട്ടി മരിച്ചതിനുശേഷം, ബാധ കയറിയ മനുഷ്യനെ പോലെ ഖാലിദ് പ്രിയപ്പെട്ടവരുടെ മൃതശരീരങ്ങൾക്കു വേണ്ടി പരതി. പക്ഷേ കത്തിക്കരിഞ്ഞ, അംഗഭംഗം വന്ന മൃതശരീരങ്ങളുടെ കുന്നുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. കട്ടിയുള്ള പുകപടലങ്ങളും മായുന്ന മൂവന്തിവെട്ടവും കണ്ണീർത്തുള്ളികളും അയാളുടെ തിരച്ചിൽ കൂടുതൽ ദുഷ്‌ക്കരമാക്കി.

മകൾ കൗസറിന്റെ മൃതശരീരം മാത്രമാണ് അയാൾക്ക് കണ്ടെത്താനായത്. അവളുടെ വായയിൽ നിറയെ നുരയും പതയും, വയർ വെട്ടിപ്പിളർന്നിരുന്നു, ഗർഭപാത്രത്തിൽ നിന്ന് പറിച്ചെടുത്ത ഭ്രൂണം തൊട്ടടുത്തു തന്നെ കത്തിക്കരിഞ്ഞു കിടന്നിരുന്നു.

ഖാലിദടക്കം കൂട്ടക്കൊലയെ അതിജീവിച്ചവർ കൊലക്കളങ്ങളുടെ ഇരുട്ടിൽ ഒളിച്ചിരുന്നു. പിറ്റേന്നത്തെ പ്രഭാതം കാണാൻ തങ്ങളുണ്ടാകുമോ എന്നാർക്കും തന്നെ ഉറപ്പുണ്ടായിരുന്നില്ല. പ്രത്യാശയുടെ ആദ്യവാക്കുകൾ കുശുകുശുക്കലുകളായി പരന്നു. ‘ജീവിച്ചിരിക്കുന്നവരെ രക്ഷിക്കാനായി ഷാ ഇ ആലം ദർഗയിൽനിന്ന് ട്രക്കുകളയച്ചിട്ടുണ്ട്’. അവരെ ട്രക്കുകളിലേക്ക് കുത്തിനിറക്കുകയും ദർഗയുടെ അഭയത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

സ്ത്രീകളും കുട്ടികളും അലമുറയിട്ടു. ദർഗയിലെ അഭയാർത്ഥികളുടെ എണ്ണം അനേകായിരമായപ്പോൾ പുരുഷന്മാർ കണ്ണീരടക്കിപ്പിടിച്ചു. ഓരോ ആളും വാക്കുകൾക്ക് അതീതമായ ഭീതിയുടെ കഥകൾ കൊണ്ടുവന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഏതാണ്ട് നൂറു ദുരിതാശ്വാസക്യാമ്പുകൾ നഗരത്തിൽ തുറന്നു. ഈ ക്യാമ്പുകൾ ദർഗകളിലും സ്‌കൂളുകളിലും ശ്മശാനങ്ങളിൽ പോലും തുറക്കപ്പെട്ടു ആളുകൾക്ക് സുരക്ഷിതമെന്നു തോന്നുന്ന എവിടെയും”.

1984-ലെ സിഖ്‌വിരുദ്ധ കൂട്ടക്കൊലയിൽ കുടുംബത്തിലെ എല്ലാ പുരുഷന്മാരെയും നഷ്ടമായ ലച്ച്മികൗറിന്റെ അതിജീവനത്തിന്റെ കഥയാണ് ഇനിയൊന്ന്.

2013-ലെ മുസഫർനഗർ കലാപത്തിൽ ഉറ്റവരെല്ലാം നഷ്ടമായ റഹിമിന്റെ കഥ പറയുന്നു, വേറൊരു രചന. ഗുജറാത്ത് കലാപംപോലെതന്നെ, മതം ഭരണകൂടവുമായി ചേർന്നുനടത്തിയ വംശഹത്യയുടെ ഓർമകൾ.

കശ്മീർകലാപങ്ങളുടെ നീണ്ട ദശകങ്ങൾക്കിടയിൽനിന്ന് മന്ദർ കണ്ടെടുക്കുന്ന ഷമീമിന്റെ കഥയായിരിക്കും ഒരുപക്ഷെ മേല്പറഞ്ഞ മുഴുവൻ കഥകളെക്കാളും സങ്കടകരം. മന്ദിറിന്റെതന്നെ വാക്കുകളിൽ വായിക്കൂ:

“പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യദശകത്തിന്റെ പകുതിയിൽ കശ്മീർ താഴ്‌വരയെ ഇളക്കിമറിച്ച അക്രമാസക്തമായ കലാപങ്ങളുടെ അഗ്നിജ്വാലകൾ ഏതാണ്ട് നിശ്ചലമായി. അപ്പോൾ ഞാൻ ഏതാനും ആഴ്ചകൾ അവിടത്തെ കുടുംബങ്ങളുമായി കൂടിക്കാഴ്ചകൾ നടത്താൻ ചെലവഴിച്ചു. എല്ലായിടത്തും കൊടിയ ദുഃഖമാണ് ഞാൻ അഭിമുഖീകരിച്ചത്. എന്നാൽ ഞാൻ കേട

fatal accidents of birth stories of suffering oppression and resistance book by harsh mander

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES