സമകാല മലയാള ചെറുകഥയിലെ ശ്രദ്ധേയ മുഖമാണ് ശ്രീകണ്ഠൻ കരിക്കകം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥയാണ് അങ്കണവാടി(മാതൃഭൂമി). എൺപതുകളുടെ തുടക്കത്തിൽ ഇലഞ്ഞിപ്പറമ്പിൽ അവറാച്ചൻ വിട്ടു നൽകിയ ഭൂമിയിൽ തുടങ്ങിയ അങ്കണവാടിയുടെ പശ്ചാത്തലത്തിലാണ് കഥ രൂപപ്പെടുന്നത്. ജയശീലൻ എന്ന അങ്കണവാടിയുടെ അടുത്ത താമസക്കാരനിലൂടെ ഗൃഹാതുരമായ ഭൂതകാലത്തിന്റെയും നാറുന്ന വർത്തമാന യാഥാർത്ഥ്യത്തിന്റെയും പേശീബലത്തിൽ കഥ സഞ്ചരിക്കുന്നു. ഒരു കാലത്ത് രണ്ടു ടീച്ചറമ്മമാരും രണ്ട് ആയമാരും കൂടി കുട്ടികളെ പാട്ടു പാടിയും ഉറങ്ങാൻ വിടാതെ കളിപ്പിച്ചും, അക്ഷരം ചൊല്ലിക്കൊടുത്തും വളർത്തിയ ഒരിടമാണത്.
കാലത്തിന്റെ കുതിച്ചു പോക്കിൽ പതുക്കെപ്പതുക്കെ അതിന്റെ പ്രഭ മങ്ങി തുടങ്ങുന്നു. ജയശീലന്റെ വിരലിൽ തൂങ്ങി ചെറുപ്പത്തിൽ അയാളുടെ മകൻ പ്രിയൻ അവിടുന്ന് കേൾക്കുന്ന കൂക്ക്കൂ വണ്ടിപ്പാട്ട് എന്നാണ് തനിക്ക് പാടാൻ കഴിയുക എന്ന് അയാളോട് ചോദിക്കുന്നുണ്ട്. അതേ പ്രിയൻ തന്നെ നാളുക്കൾക്കപ്പുറം ജർമ്മനിയിൽ തന്റെ സുരക്ഷിതമായ ഓഫീസിൽ ഇരുന്ന് ഗൂഗിൾ മാപ്പിൽ അങ്കണവാടി ഇപ്പോഴും ഉണ്ടെന്ന് തിരഞ്ഞു കണ്ടുപിടിച്ചു അതിശയപ്പെടുന്നുമുണ്ട്. താനും അനിയത്തി പ്രിയയും കളിവണ്ടി ഉരുട്ടി കളിച്ച കാലം , സ്വാതന്ത്രത്തിന്റെയും നിഷ്കളങ്ക ജനാധിപത്യത്തിന്റെയും റിപ്പബ്ലിക് ആയിരുന്നു അവിടം എന്നയാൾ വീർപ്പുമുട്ടലോടെ ഓർമ്മിക്കുന്നു. കാലക്രമേണ ആ സുന്ദരഭൂമി നാറുന്ന അഴുക്കുകളുടെ ഒരു കൂമ്പാരമായി, മാലിന്യശാലയായി പരിവർത്തിക്കപ്പെടുന്നു.
അങ്കണവാടിയുടെ പ്രതാപകാലം ഓർമ്മയായതോടെ പഞ്ചായത്തിന് കാടുമൂടി കിടക്കുന്ന ഭൂമി വെറുതെ ഇടാൻ തോന്നുന്നില്ല. അവിടെ ജനങ്ങളെ സമർത്ഥമായി കബളിപ്പിച്ച് ഒരു മാലിന്യ സംസ്കരണ യൂണിറ്റ് വരുന്നു. അങ്കണവാടിയോടും അതിലെ ജീവനക്കാരോടും ഹൃദയൈക്യത്തിൽ കഴിഞ്ഞ ജയശീലനും ഭാര്യ പ്രഭയ്ക്കും അതുൾക്കൊള്ളാൻ പ്രയാസമായിരുന്നു. പക്ഷെ കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ അയാളെ ഒറ്റയ്ക്കാക്കി അവൾ ഓർമ്മകളുടെ കെട്ടുപാടുകളെ മുറിച്ചു കളഞ്ഞു. സ്‌മൃതി നാശത്തിന്റെ പിടിയിൽ ഓർമകളുടെ ഭൂതകാലത്തിൽ പ്രഭ ജീവിച്ചു. ഒരു നാൾ അവളെ ഉപേക്ഷിച്ച ഓർമ്മകളോടൊപ്പം അവളും അപ്രത്യക്ഷമാകുന്നു.
ഭാര്യയെ കണ്ടെത്താനുള്ള ജയശീലന്റെ തിരച്ചിലുകൾ എന്നും അവസാനിക്കുന്നത് അങ്കണവാടി പറമ്പിലെ രൂപാന്തരം പ്രാപിച്ച മാലിന്യ കൂമ്പാരങ്ങളിലായിരുന്നു. അവൾ ഓർമ്മ നഷ്ട്ടപ്പെട്ടു എവിടെയോ മറഞ്ഞിരിപ്പാണെന്ന വിശ്വാസത്തിൽ അയാൾ അവളെ തേടി എന്നും അലഞ്ഞു. തന്നെക്കുറിച്ച് ഓർക്കുമ്പോൾ അവൾ തിരികെ വരുമെന്നും അയാൾ കരുതി. പോലീസിന്റെയും നാട്ടുകാരുടെയും തിരച്ചിലുകളിൽ ഫലമുണ്ടാകാതിരുന്നതോടെ ജയശീലൻ പഞ്ചായത്ത് മെമ്പറെ കണ്ടു തന്റെ വീട് പുതിയ അങ്കണവാടിയാക്കണമെന്നു ആവശ്യപ്പെടുന്നു. ഒരിക്കലും മാലിന്യ പ്ലാന്റ് അവിടുന്ന് മാറ്റി സ്ഥാപിക്കാൻ പോകുന്നില്ല എന്ന സത്യം മനസ്സിലാക്കുന്ന അയാൾ രാഷ്ട്രീയക്കാരന്റെ അതിജീവനത്തിന്റെ നിസ്സഹായത തുറന്ന് കാട്ടുന്നു. എല്ലാ ചിലവും അയാൾ വഹിച്ചു കൊണ്ട് മൂന്നു കുട്ടികളുമായി പഴയ സിസിലി ടീച്ചർക്ക് ഒപ്പം അങ്കണവാടി വീണ്ടും പൂത്തു തുടങ്ങുന്നു. ആ പുതിയ അങ്കണവാടിയുടെ സാന്നിധ്യം കാണാതെ പോയ തന്റെ ഭാര്യയെ തിരിച്ചു കൊണ്ടുവരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കഥ അവസാനിക്കുന്നത്.
നമ്മുടെ നാടുകളിലും കാണും സ്‌മൃതി നാശത്തിൽ ഊർധ്വൻ വലിക്കുന്ന ഒരു അങ്കണവാടി. പുതുനാമ്പുകളുടെ പൊടിപ്പിന് കാരണമാകേണ്ടുന്ന ഒരു സുന്ദരമായ ഇടം എത്രപെട്ടന്നാണ് ഭരണകൂടത്തിന്റെ ഇടപെടലോടെ ദുർഗന്ധം വമിപ്പിക്കുന്ന ഒരിടമായി മാറുന്നത്. അറിവ് നേടലിന്റെ ഒരു തുടക്കസ്ഥാനം മൂക്കു പൊത്തേണ്ടുന്ന ഒന്നായി പരിണമിക്കുന്നത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ തന്നെ അശ്ലീലതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് സങ്കടത്തോടെ പറയേണ്ടിവരും.
ജയശീലന്റെ ഭാര്യയുടെ തിരോധാനം അത്തരത്തിലാണ് പ്രസക്തമാകുന്നത്. ഓർമ്മകൾ നശിച്ച ശരീരങ്ങളായി, പുറംനാടുകളുടെ സുരക്ഷിതത്വങ്ങളിലിരുന്ന് തിക്കുമുട്ടലനുഭവിക്കുന്ന അപൂർവ സ്പീഷിസായി മനുഷ്യൻ രൂപപ്പെട്ടിരിക്കുന്ന ഒരു കാലത്തെ കഥ സംബോധന ചെയ്യുന്നു. പക്ഷെ പ്രതീക്ഷകളുടെ സൂര്യപ്രഭയിൽ ജീവിക്കുന്ന ജയശീലനെ പോലെയുള്ള മനുഷ്യരിൽ കുടികൊള്ളുന്ന ആത്മവിശ്വാസം കഥയെ ചൈതന്യവത്താക്കിത്തീർക്കുന്നു എന്നത് കാണാതെ പോകരുത്.