Latest News

അത്രയേറെ സ്‌നേഹിച്ചിട്ടും ആരാധിച്ചിട്ടും ഒരിക്കല്‍ പോലും കാണാന്‍ കഴിയാതെ പോയല്ലോ ആ എഴുത്തുകാരനെ; ജീവിതത്തില്‍ ഒന്നും നാളേക്ക് മാറ്റിവയ്ക്കരുത്; ഡെന്നീസ് ജോസഫിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ കെസി ബിപിന്റെ കുറിപ്പ്

Malayalilife
അത്രയേറെ സ്‌നേഹിച്ചിട്ടും ആരാധിച്ചിട്ടും ഒരിക്കല്‍ പോലും കാണാന്‍ കഴിയാതെ പോയല്ലോ ആ എഴുത്തുകാരനെ; ജീവിതത്തില്‍ ഒന്നും നാളേക്ക് മാറ്റിവയ്ക്കരുത്; ഡെന്നീസ് ജോസഫിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ കെസി ബിപിന്റെ കുറിപ്പ്

ല്ലാത്ത നിരാശ തോന്നുന്നൊരു രാത്രിയാണ്...ജീവിതത്തില്‍ ഒന്നും നാളേക്ക് മാറ്റിവയ്ക്കരുത് എന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന രാത്രി. അത്രയേറെ സ്‌നേഹിച്ചിട്ടും, ആരാധിച്ചിട്ടും ഒരിക്കല്‍പോലും കാണാന്‍ കഴിയാതെ പോയല്ലോ ആ എഴുത്തുകാരനെ എന്ന കടുത്ത നിരാശ. സിനിമാചര്‍ച്ചകളില്‍ എന്റെ അടുത്ത സുഹൃത്തുക്കളോട് ഞാനെന്നും വാചാലനാകുന്നൊരു പേരാണ് ശ്രീ. ഡെന്നിസ് ജോസഫിന്റേത്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഈ നിമിഷം അറിയിച്ചതും എന്റെ അടുത്ത സുഹൃത്തായ Syam Kumar ആണ്

പാലാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ഡ്യൂട്ടിക്ക് ചെന്നപ്പോള്‍ അവിടെ ബ്യൂറോയില്‍ ശ്യാം ഉണ്ടായിരുന്നു. എന്നോട് ശ്യാം പറഞ്ഞു 'കെ.സി ഞാന്‍ നിങ്ങളോട് ഒരു കാര്യംപറയട്ടെ, അത് നിങ്ങളെ സന്തോഷിപ്പിക്കും'..... ഞാന്‍ ചെവികൊടുത്തു. അപ്പോള്‍ അയാള്‍ പറഞ്ഞു 'ഞാന്‍ ഇന്നലെ ഡെന്നീസ് ജോസഫിന്റെ വീട്ടില്‍പോയി, അദ്ദേഹത്തെ കണ്ടു, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത എടുത്തു, ഞാന്‍ നിങ്ങളെ ഓര്‍ത്തു, ഒരു സെല്‍ഫി എടുത്തിട്ടുണ്ട്... നിങ്ങളും കൂടെ വന്നിട്ട് നമുക്ക് ഒരുമിച്ച്‌ ഒരെണ്ണം കൂടി എടുക്കാം എന്ന് മനസ്സു പറഞ്ഞു'...അവസാനവാക്ക് എന്നെ അശ്വസിപ്പിക്കാന്‍ പറഞ്ഞതാണ് ശ്യാം എന്നു മനസിലായെങ്കിലും ഞാനാകെ കുളിര്‍ത്തു. ശരിയാണല്ലോ ഡെന്നീസ് ജോസഫ് ഉണ്ടല്ലോ ഈ നാട്ടില്‍.

ഒരു അവസരം ഉണ്ടല്ലോ കാണാന്‍...'നമുക്ക് ഒന്നിച്ചുപോകണം ശ്യാമേ, നാളെയോ മറ്റന്നാളോ എപ്പോഴേലും' എന്നു ഞാന്‍ മറുപടി പറഞ്ഞു. എനിക്ക് ആ വിരലുകള്‍ ഒന്ന് കാണണമായിരുന്നു. ശബ്ദം കേള്‍ക്കണമായിരുന്നു. ആരാധനയുടെ ഉടുപ്പുരിയാതെ ഒന്നുചേര്‍ന്നു നിന്ന് സന്തോഷം നിറയ്ക്കണമായിരുന്നു.

അങ്ങനെ പറഞ്ഞു പറഞ്ഞ് വോട്ടെടുപ്പും വോട്ടെണ്ണലും കഴിഞ്ഞെങ്കിലും ആ യാത്രമാത്രം സാധ്യമായില്ല. പാലായും ഏറ്റുമാനൂരും പിന്നിട്ട് ആലപ്പുഴ വന്നപ്പോഴും എന്നെങ്കിലും ഒരുനാള്‍ ആ എഴുത്തച്ഛന്റെ മുന്നില്‍ ചെന്നുനില്‍ക്കണമെന്ന് ആഗ്രഹം ബാക്കിവച്ചിരുന്നു, ഉറപ്പിച്ചിരുന്നു..
രണ്ടുനാള്‍ മുന്‍പ് എന്തോ ഫോണില്‍ സംസാരിച്ചു അവസാനം ഞാനും ശ്യാമും വീണ്ടും ഡെന്നീസ് ജോസഫില്‍ എത്തിയിരുന്നു. സഫാരി ടി.വിയിലെ അദ്ദേഹത്തിന്റെ സുദീര്‍ഘമായ അഭിമുഖം കണ്ട ഓര്‍മകളാണ് എന്നും പറഞ്ഞവസാനിപ്പിക്കുന്നത്.

മദ്യപാനത്തിന് അടിമപ്പെട്ട എത്രയോ നാളുകള്‍ക്ക് ശേഷം ഒരുനാള്‍ എഴുതാന്‍ ഇരുന്നപ്പോള്‍ അക്ഷരങ്ങള്‍ മറന്നുപോയെന്ന സങ്കടം കേട്ടിരുന്ന് കണ്ണ് നിറഞ്ഞിട്ടുണ്ട്... രാജാവിന്റെ മകന്‍, ന്യൂ ഡല്‍ഹി, ആകാശദൂത്, കോട്ടയം കുഞ്ഞച്ചന്‍...മറ്റൊരാള്‍ക്കും എഴുതാന്‍ കഴിയാത്ത, നാലു തലങ്ങളില്‍നിന്ന് മലയാളത്തിന് സമ്മാനിച്ച സമാനതകളില്ലാത്ത ചലച്ചിത്രങ്ങളുടെ എഴുത്തുകാരന്‍... ആരാധന എന്നാല്‍ അതിന്റെ പര്‍വ്വതം കയറിനില്‍ക്കുന്നുണ്ട് ശ്രീ ഡെന്നിസ് ജോസഫ് താങ്കളോട്....

അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ഒന്നുവന്നു കാണാന്‍ പോലും ഈ കാലം അനുവദിക്കുന്നില്ല. ഞാന്‍ അങ്ങയെ തിരക്കില്ലാത്ത ഒരു നേരം നോക്കി വിളിച്ചോളാം.. എനിക്കറിയാം അങ്ങയുടെ ഫോണ്‍ നമ്ബര്‍...അത് എന്റെ മനസിന്റെ മുറിയിലെ കലണ്ടറില്‍ ഞാനും കുറിച്ചിട്ടുണ്ട്..ഡബിള്‍ റ്റു ഡബിള്‍ ഫൈവ് അന്ത്യചുംബനങ്ങള്‍, അത്രമേല്‍ ആരാധിച്ച, സ്വാധീനിച്ച പ്രിയ എഴുത്തുകാരാ..

Tribute to Dennis Joseph Journalist KC BP s note

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക