Latest News

തോക്കിന്‍ കുഴലില്‍ അറ്റുപോയ ബന്ധം- ചെറുകഥ

എ.സി. ജോര്‍ജ്
തോക്കിന്‍ കുഴലില്‍ അറ്റുപോയ ബന്ധം- ചെറുകഥ

ല്‍ഹിയില്‍ ഒരു ഐ.ടി. കമ്പനിയില്‍ ജോലി ചെയ്തിരുന്ന പാലാക്കാരന്‍
ടോബിന്‍ ഡല്‍ഹിയില്‍ തന്നെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍
സയന്‍സ് ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലിയില്‍ കഴിഞ്ഞിരുന്ന
തൊടുപുഴക്കാരി ''അനിത''യുമായി യാദൃശ്ചികം ആയിട്ടാണ്
പരിചയപ്പെട്ടതെങ്കിലും ക്രമേണ അവര്‍ ഇരുവരും അനുരാഗബദ്ധരായി തീര്‍ന്നു..
എന്നാല്‍ ടോബിന് സ്വന്തം മാതാപിതാക്കളില്‍ നിന്നുള്ള എതിര്‍പ്പ് കൊണ്ട്
വിവാഹിതരാകാന്‍ പറ്റിയില്ല. മാതാപിതാക്കളുടെ അഭിഷ്ടപ്രകാരം മറ്റൊരു
യുവതി ശാലിനിയെ അയാള്‍ വിവാഹം കഴിച്ചു. താമസിയാതെ ടോബിനും
ശാലിനിക്കും ഒരു ആണ്‍കുട്ടി പിറന്നു. അവര്‍ കുട്ടിക്ക് ബിജോയ് എന്ന
നാമകരണം ചെയ്തു. ബിജോയ്ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ടോബിന്‍ കുടുംബ
സഹിതം, ടോബിന്‍-ശാലിനി ഇരുവരുടേയും മാതാപിതാക്കള്‍ ഉള്‍പ്പെടെ
സിംലയ്ക്ക് ഒരു ടൂര്‍ പോവുകയായിരുന്നു. ടോബിനും കുടുംബവും
സഞ്ചരിച്ചിരുന്ന വാന്‍ എതിരെ വന്ന ഒരു ട്രക്കുമായി കൂട്ടിയിടിച്ച് വന്‍
ദുരന്തത്തില്‍ ആയി. ഇരുവരുടേയും പ്രായം ചെന്ന മാതാപിതാക്കള്‍ സ്‌പോട്ടില്‍
തന്നെ വച്ച് മരിച്ചുപോയി. കൊച്ചുകുട്ടി ബിജോയ് ഒരു പോറല്‍ പോലും
ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന
ടോബിനേയും ഭാര്യ ശാലിനിയെയും ആംബുലന്‍സില്‍ ഡല്‍ഹിയിലെ
ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. അപ്പോള്‍ ആ ഹോസ്പിറ്റലില്‍ ഓണ്‍
ഡ്യൂട്ടിയില്‍ ടോബിന്റെ പഴയ കാമുകി അനിത ഉണ്ടായിരുന്നു. ക്രിട്ടിക്കല്‍
കണ്ടീഷനില്‍ ആയിരുന്ന ടോബിനോടു മുഖം ചേര്‍ത്തുവെച്ച് പഴയ കാമുകി
അനിത സാഹചര്യം പോലും മറന്നു പൊട്ടിക്കരഞ്ഞു. ഏതാനും നിമിഷത്തേക്ക്
മാത്രം കണ്ണുതുറന്ന ടോബിന്‍ കൂപ്പു കൈകളോടെ ഇടറിയ സ്വരത്തോടെ
കരഞ്ഞു പറഞ്ഞു. "അനിത എന്നോട് ക്ഷമിക്കൂ.. ഞങ്ങള്‍ പോകുകയാണ്..
ഞങ്ങളുടെ കുഞ്ഞ് ബിജോയിയെ അനിതയെ ഏല്‍പ്പിക്കുകയാണ്" ശാലിനിയും
വിറയാര്‍ന്ന ചുണ്ടുകളോടെ കൈകൂപ്പി ടോബിന്‍ പറഞ്ഞ വാക്കുകള്‍ തന്നെ
ആവര്‍ത്തിച്ചു പറയാന്‍ ശ്രമിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം ആ യുവ
ദമ്പതികളുടെ കണ്ണുകള്‍ നിത്യമായി അടഞ്ഞു.
അന്നുമുതല്‍ ബിജോയ് അനിതയുടെ സ്വന്തം കുഞ്ഞായി മാറി. അനിത
പ്രസവിക്കാത്ത അനിതയുടെ സ്വന്തം കുഞ്ഞ്. വിവരങ്ങള്‍ പൂര്‍ണമായി
അറിയാത്ത ഡല്‍ഹിയിലെയും, കേരളത്തിലെ സ്വന്തം നാട്ടിലെയും മലയാളികള്‍
പൊടുപ്പും തൊങ്ങലും വെച്ച് അപകടത്തില്‍ മരണപ്പെട്ട ആ യുവ
ദമ്പതികളെയും അതുപോലെ അനിതയെയും കുറ്റപ്പെടുത്തി കൊണ്ട് അനേകം

കള്ളക്കഥകള്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചു. ഡല്‍ഹിയിലെ നഴ്‌സിംഗ് ജോലി
തുടരവേ തന്നെ ബിജോയ് മകനെ നെഞ്ചോട് ചേര്‍ത്ത് തന്നെ അനിത വളര്‍ത്തി.
മറ്റ് ചില വിവാഹാലോചനകള്‍ അനിതയ്ക്ക് വന്നെങ്കിലും അതെല്ലാം അനിത
തന്നെ നിരാകരിച്ചു. കാരണം ബിജോയ്യോടുള്ള തന്റെ സ്‌നേഹവും വാത്സല്യവും
കുറഞ്ഞാലോ എന്നതായിരുന്നു സംശയം. ഏതാണ്ട് കൊല്ലം ഒന്ന് കഴിഞ്ഞപ്പോള്‍
നേരത്തെ ഫയല്‍ ചെയ്തിട്ടിരുന്ന നഴ്‌സിംഗ് ജോലി വിസയ്ക്ക് അമേരിക്കന്‍
കൗണ്‍സിലേറ്റില്‍ നിന്ന് അനിതക്കു അപ്പ്രൂവല്‍ കിട്ടി. ബിജോയെ അഡോപ്റ്റ്
ചെയ്യുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ ബിജോയ്ക്കും അനിതയ്‌ക്കൊപ്പം
തന്നെ പോകാനുള്ള അമേരിക്കന്‍ വിസ ലഭ്യമായി.
താമസിയാതെ അനിതയും ബിജോയും ന്യൂയോര്‍ക്കിലേക്ക് പ്ലെയിന്‍ കയറി
അവിടെ എത്തിച്ചേര്‍ന്നു. അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ മോണ്ടിസാലോ
എന്ന സ്ഥലത്തെ ഹോസ്പിറ്റലുമായി രണ്ടു വര്‍ഷത്തെ കോണ്‍ട്രാക്ട് സൈന്‍
ചെയ്തതിന്റെ വെളിച്ചത്തില്‍ അവിടെ ഹോസ്പിറ്റല്‍ വക ഒരു ചെറിയ
അപ്പാര്‍ട്ട്‌മെന്റില്‍ അനിതയും കൊച്ചുകുട്ടി ബിജോയും താമസമാക്കി.
അനിതയുടെ നഴ്‌സിംഗ് ഡ്യൂട്ടി പകല്‍ 12 മണിക്കൂര്‍ ആയിരുന്നു. ആ സമയത്ത്
ബിജോയെ അവിടത്തെ ഒരു ഡേ കെയര്‍ സദനത്തില്‍ ആക്കുകയായിരുന്നു
പതിവ്.
അവിടത്തെ രണ്ടു വര്‍ഷത്തെ കോണ്‍ട്രാക്ട് തീര്‍ന്നപ്പോള്‍ അനിതയും മകനും
അമേരിക്കയിലെ മറ്റൊരു വന്‍ നഗരമായ ഹ്യൂസ്റ്റണിലേക്കു താമസം മാറ്റി.
അവിടെ മെത്തോഡിസ്റ്റ്‌ഹോസ്പിറ്റലില്‍ ജോലിയും ലഭ്യമായി. അപ്പോഴും നാട്ടില്‍
നിന്നും അമേരിക്കയില്‍ നിന്നും അനിതയ്ക്ക് ധാരാളം കല്യാണ ആലോചനകള്‍
വന്നുകൊണ്ടിരുന്നു. അതിലപ്പുറം നല്ലൊരു ശാലീന സുന്ദരിയും ഗായികയും,
ആരെയും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയുമായ അനിതയെ തേടി
പള്ളിക്കാരും വിവിധ സംഘടനക്കാരും അവര്‍ക്ക് ചുറ്റും തേന്‍ നുകരാനായി
എത്തുന്ന വണ്ടിന്റെ മാതിരി ചുറ്റിപ്പറന്നു. അനിതക്കു മുന്നിലും പിന്നിലും
സാഹിത്യസാംസ്‌കാരിക എഴുത്ത്, പത്രമാധ്യമ സംഘടനക്കാരും, മിനി മൈക്രോ
മെഗാ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും നേതാക്കളും
കിംഗ് മേക്കര്‍മാരും ചുറ്റിപ്പറ്റി മണത്ത് മണത്തു അണി നിരന്നു. സുന്ദരിയും
കലാകാരിയും ആയ ചില പെണ്‍കൊടിമാര്‍ക്കു ഇത്തരം ചില
ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഉണ്ടല്ലോ.
അമേരിക്കയില്‍ വന്നിട്ട് കാര്യമായ ഒരു സാമൂഹ്യ സേവനവും
കലാപരിപാടികളും നടത്തിയിട്ടില്ലെങ്കില്‍ തന്നെയും പല പ്രൈവറ്റ് വ്യക്തികളും
സംഘടനകളും അനിതയ്ക്ക് സേവനത്തിന്, കലാ കഴിവിനെ ഒക്കെ ആണെന്നും
പറഞ്ഞ് വിവിധ ശില്പങ്ങളും, പൊന്നാടകളും മത്സരിച്ച്ചാര്‍ത്തി കൊടുത്തു.
തൈകിളവന്മാരായ ചില സാഹിത്യ എഴുത്ത് സംഘടനക്കാര്‍വരെ അനിതയെ
ചര്‍ച്ച സമ്മേളനങ്ങളിലേക്ക് ക്ഷണിച്ചു. ചില മെഗാ സംഘടന നേതാക്കള്‍ അവരെ
ചില ഹോട്ടലുകളിലേക്ക് സര്‍വ്വ ചെലവും കൊടുത്തു ക്ഷണിച്ചു. അങ്ങനെ
അനിതയ്ക്ക് ആകപ്പാടെ ഇരിക്കപ്പൊറുതി ഇല്ലാതായി. അതുകൊണ്ടായിരിക്കണം

ഒരു വിവാഹത്തിന് അനിത അര്‍ത്ഥസമ്മതം മൂളിയത്. ഒരു ഇമിഗ്രന്റ് സ്ഥിര
വിസ ഇല്ലാതെ വന്നതിനാല്‍ അഭിലാഷ് എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ക്ക്
നാട്ടിലേക്ക് മടങ്ങി പോകേണ്ട ഒരു അവസ്ഥ വരെയായി. അമേരിക്കന്‍
എമിഗ്രന്റ് വിസയുള്ള അനിതയെ വിവാഹം കഴിച്ചാല്‍, ആ വിവാഹത്തിന്റെ
വെളിച്ചത്തില്‍ അഭിലാഷിനും അമേരിക്കന്‍ സ്ഥിര വിസ ലഭ്യമാകും.
അഭിലാഷ്- അനിത കണ്ടുമുട്ടലിനുശേഷം. വിവാഹാലോചനയിലേക്ക് കടന്നു.
പാതി മനസ്സോടെ ആണെങ്കിലും അനിത അഭിലാഷിനോടായി പറഞ്ഞു. അതൊരു
കണ്ടീഷന്‍ ആയിരുന്നു. "താന്‍ ദത്തെടുത്ത് തന്റെ സ്വന്തം മകനായി കരുതുന്ന
ബിജോയിയെ അഭിലാഷും സ്വന്തമായി തന്നെ കരുതണം. അതില്‍ ഒരു വീഴ്ചയും
വരുത്തിക്കൂടാ.." അനിത മുന്നോട്ടുവെച്ച എല്ലാ കണ്ടീഷനുകളും അഭിലാഷ്
പൂര്‍ണ്ണമായി സമ്മതിച്ചു. ആ വിവാഹം ലളിതമായി നടന്നു. അനിതയുടെ
അപ്പാര്‍ട്ട്‌മെന്റിലേക്ക് അഭിലാഷും താമസം മാറ്റി. ദാമ്പത്യബന്ധം സ്വച്ഛമായി
ഒഴുകി. അഭിലാഷിന് അമേരിക്കയില്‍ സ്ഥിര വിസയും ലഭ്യമായി.
ഒരു കൊല്ലം കടന്നുപോയി. അഭിലാഷും അനിതയും അവരവരുടെ ജോലിയിലും
തസ്തികകളിലും മികവ് പുലര്‍ത്തിയിരുന്നതിനാല്‍ ഉദ്യോഗ കയറ്റവും കിട്ടി.
എങ്കിലും പതിയെ പതിയെ അഭിലാഷ് മനസ്സിലും പ്രവര്‍ത്തിയിലും മാറ്റങ്ങളും
അസ്വസ്ഥതകളും പുലര്‍ത്തുന്നതായി അനിതയ്ക്ക് തോന്നി. തന്നോടുള്ള
അടുപ്പത്തിനും ബിജോയിയോടുള്ള വാത്സല്യത്തിനും കുത്തനെ അഭിലാഷ്
താല്‍പര്യം പ്രകടിപ്പിക്കാതായി. ഒരുതരം അകല്‍ച്ചയും വിരക്തിയും പുലര്‍ത്തി
തുടങ്ങി എന്നത് വ്യക്തമായി. കൂടാതെ വിവിധ സംഘടനകളുടെ
കലാപരിപാടികളിലും ഗായികയായിട്ടും, അവതാരികയായിട്ടും ഒക്കെ
പോകുന്നതിനെ സംശയ ദൃഷ്ടിയോടെ അഭിലാഷ് വീക്ഷിച്ചു. അനിത സ്വന്തം
കുട്ടിയെ പോലെ ഓമനിച്ചു വളര്‍ത്തുന്ന കൊച്ചു കുട്ടിയായ ബിജോയിയോടും
അഭിലാഷിന് ഒരുതരത്തിലുള്ള അകല്‍ച്ചയും വെറുപ്പും മനസ്സില്‍ അങ്കുരിച്ചു.
അയാള്‍ പലപ്പോഴും കൂട്ടുകാരോടൊത്ത് പലതരത്തിലുള്ള ക്ലബ്ബുകളിലും നിത്യ
സന്ദര്‍ശകനായി മാറി. മദ്യപാനവും ചൂതുകളിലും പതിവാക്കി. പലപ്രാവശ്യം
അഭിലാഷിന്റെ സുഹൃത്തുക്കള്‍ പലതരത്തില്‍ പൊടിപ്പും തൊങ്ങലും വെച്ച്
അനിതയെക്കുറിച്ച് നിറം പിടിപ്പിച്ച വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അഭിലാഷിനെ
പിരിയേറ്റി. "അഭിലാഷ് നീ വെറും ആനക്കാരന്‍, അല്ലെങ്കില്‍ ആനയുടെ പാപ്പാന്‍
മാത്രം." നിന്റെ ഭാര്യ ഒരുതരം സര്‍പ്പ സുന്ദരി ആണ്" അവള്‍ സമൂഹമധ്യത്തില്‍
തിളങ്ങുകയും വിളങ്ങുകയും അല്ലെ" അവള്‍ പാട്ടുകാരിയും കലാകാരിയും
അല്ലേ" എത്ര പേരാണ് നീ അറിയാതെ അവളെ പൊക്കിക്കൊണ്ട് നടക്കുന്നത്"
നിനക്ക് സ്വന്തമായി ഒരു പേരു പോലുമില്ല. അനിതയുടെ ഭര്‍ത്താവ് എന്ന
പേരില്‍ മാത്രമാണ് നീ അറിയപ്പെടുന്നത്. അവള്‍ ആനയാണെങ്കില്‍ നീ വെറും
പൂനയാണ്, അല്ലെങ്കില്‍ ആ ആനയുടെ വെറും പാപ്പാന്‍ മാത്രമാണ്. അതായത്
ആനയെ തേച്ച്കുളിപ്പിച്ച് കൊണ്ടുനടക്കുന്ന ഒരു പാപ്പാന്‍ മാത്രം. കൂടാതെ
ആരാന്റെ വിഴപ്പായ ഒരു അനാഥ കുട്ടിയെയും ചുമക്കുന്നവന്‍. ആനയെ
മാത്രമല്ല ആന പിണ്ഡത്തെയും കൂടിയാണ് നീ ചുമക്കുന്നത്"? കേട്ടതും

കേള്‍ക്കാത്തതുമായ ചിന്തകള്‍ കൊണ്ട് അഭിലാഷിന്റെ മനസ് പതിയെ പതിയെ
വിഷലബ്ധമാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അനിത ഗാനമാലപിക്കാന്‍
പോകുന്നതും, കലാപരിപാടികളില്‍ പങ്കെടുക്കുന്നതും അഭിലാഷ് പൂര്‍ണ്ണമായി
വിലക്കി. ഇനിമുതല്‍ ജോലി കഴിഞ്ഞു വന്നാല്‍ വീട്, വീട്ടുപണി മാത്രം.
അനിതയുടെ വ്യക്തിസ്വാതന്ത്ര്യത്തിനു കൂടെ പൂട്ടുവീണു. അനിത എതിര്‍ത്തില്ല.
കുടുംബഭദ്രത ആണല്ലോ മുഖ്യം.
അന്ന് അഭിലാഷ് അനിതയോട് പറഞ്ഞു. "ബിജോയ് സ്വന്തം കുട്ടി അല്ലല്ലോ.... നീ
ദത്തെടുത്തതല്ലേ.? നാട്ടില്‍ തിരക്കിയാല്‍ അവന് സ്വന്തക്കാര്‍ ആരെങ്കിലുമൊക്കെ
കാണില്ലേ? അവരെ ആരെയെങ്കിലും കണ്ടുപിടിച്ച് ഈ കുട്ടിയെ അവരെ
ഏല്‍പ്പിച്ചാല്‍ പോരെ.. അല്ലെങ്കില്‍ നാട്ടില്‍ തന്നെ ഏതെങ്കിലും അനാഥാലയത്തില്‍
അവനെ അയക്കാം. ദത്തെടുക്കുന്ന മാതിരി തന്നെ മതിയായ കാരണങ്ങളാല്‍ ദത്ത്
ക്യാന്‍സല്‍ ചെയ്യാനും വ്യവസ്ഥകള്‍ ഉണ്ട്. അതിനെപ്പറ്റി നമുക്ക് ആലോചിക്കാം."
അഭിലാഷ് പറഞ്ഞതൊന്നും കേള്‍ക്കാതെ അറിയാതെ നിഷ്‌കളങ്കനായ ബാലകന്‍
ബിജോയ് അടുത്ത റൂമില്‍ ഇരുന്ന് കമ്പ്യൂട്ടര്‍ ഗെയിം കളിക്കുകയായിരുന്നു.
അഭിലാഷിന്റെ വാക്കുകളും നിര്‍ദ്ദേശങ്ങളും അനിതയുടെ ഹൃദയ
അന്തരാളങ്ങളില്‍ ഒരു അശനിപാതം പോലെ പതിച്ചു. ഒരു വെള്ളിടി പൊട്ടി.
ഹൃദയം പൊട്ടുന്നത് മാതിരി തോന്നി. "വിവാഹത്തിന് മുന്‍പ് നമ്മള്‍ തമ്മില്‍
ഒരു വ്യവസ്ഥയുണ്ടായിരുന്നല്ലോ? അതു മറന്നുപോയോ..? ? അതോ സ്വയം
മറക്കുകയാണോ. ബിജോയ്യെ നമ്മുടെ സ്വന്തം മകനായി തന്നെ വളര്‍ത്തുവാന്‍
ആയിരുന്നല്ലോ നമ്മുടെ വ്യവസ്ഥയും ഉടമ്പടിയും. ഇപ്പോള്‍ അത് മാറുവാന്‍
മാറ്റുവാന്‍ ഇവിടെ എന്താണ് ഉണ്ടായത്? ? അന്ന് പറഞ്ഞത് മാതിരി തന്നെ
ബിജോയ് നമ്മുടെ സ്വന്തം കുട്ടി തന്നെ. അതിന് ഒരിക്കലും ഒരു മാറ്റവും
ഉണ്ടാവുകയില്ല" അനിത കണ്ണീരോടെ പൊട്ടിത്തെറിച്ചു. വീണ്ടും ഈ വിഷയത്തില്‍
അധിഷ്ഠിതമായി ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം ഉച്ചത്തില്‍ തന്നെ തര്‍ക്കിച്ചു.
അവരുടെ ദേഷ്യവും തര്‍ക്കവും കേട്ട് ഭയചകിതനായി ബാലകന്‍ ബിജോയ്
മുറിയില്‍ നിന്ന് ഇറങ്ങി വന്നു കരയാന്‍ ആരംഭിച്ചു. ബിജോയിയെ നെഞ്ചോട്
ചേര്‍ത്ത് പിടിച്ച് അനിത ആശ്വസിപ്പിക്കുകയും കവിളില്‍ ചുംബിക്കുകയും
ചെയ്തു.
അഭിലാഷില്‍ പെട്ടെന്നുണ്ടായ ഈ മാറ്റം അനിതയെ തകര്‍ത്തുകളഞ്ഞെങ്കിലും
ഭര്‍ത്താവുമായി ഏതെങ്കിലും തരത്തില്‍ സമാധാനപരമായി ഒത്തു പോകാന്‍
അനിത അങ്ങേയറ്റം ശ്രമിച്ചു. എന്നാല്‍ ദിവസങ്ങള്‍ ചെല്ലുംതോറും ഈ
വിഷയത്തെ ചൊല്ലി അഭിലാഷ് തര്‍ക്കങ്ങള്‍ക്കും അട്ടഹാസങ്ങള്‍ക്കും യാതൊരു
അയവും വരുത്തിയില്ല. ഒരിക്കല്‍ എപ്പാര്‍ട്ട്‌മെന്റില്‍ മദ്യപിച്ച് എത്തിയ
അഭിലാഷ് കിച്ചണില്‍ നിന്ന് പാത്രങ്ങള്‍ എടുത്തെറിഞ്ഞു ലിവിങ് റൂമിലെ ടിവി
തല്ലി പൊട്ടിച്ചു ഭാര്യയോടും ബാലകനോടും ഉള്ള അരിശം തീര്‍ത്തു. പിറ്റേന്ന്
വൈകുന്നേരം മദ്യപിച്ച് എത്തിയ അഭിലാഷ് ദേഷ്യം കൊണ്ട് അലറി വിളിച്ചു.
ഈ ദുശകുനം ചെറുക്കനെ ഉടന്‍തന്നെ ഇന്ത്യയിലേക്ക് അയക്കണം. വിങ്ങിപ്പൊട്ടി
കരഞ്ഞുകൊണ്ട് നിന്ന ബിജോയ്യെ ലിവിങ് റൂമിലിരുന്ന ചെടിച്ചട്ടിയെടുത്ത്

അഭിലാഷ് അടിക്കാന്‍ ഒരുങ്ങിയപ്പോള്‍ അത് തടുക്കാന്‍ വന്ന അനിതയുടെ
തലയില്‍ കൊണ്ട് ചോര പൊട്ടി ഒഴുകി. ശബ്ദം കേട്ട് അടുത്ത എപ്പാര്‍ട്ട്‌മെന്റില്‍
നിന്ന് ഒരു സ്ത്രീയും പുരുഷനും ഓടിവന്നു അകത്തേക്ക് തള്ളിക്കയറി. അവര്‍
സെല്‍ഫോണില്‍ ഫോണ്‍ നമ്പര്‍ കുത്തി പോലീസിനെ വിളിച്ചു. പോലീസ് എത്തി
കൂട്ടത്തില്‍ ആംബുലന്‍സും.
ലിവിങ് റൂമില്‍ യാദൃശ്ചികമായി തെന്നി വീണുണ്ടായ ഒരു അപകടത്തിലാണ്
തല പൊട്ടിയതെന്നും, അതത്ര ഗൗരവമുള്ളതല്ലെന്നും അനിത പറഞ്ഞതിനാല്‍,
പോരാത്തതിന് ഒരു പരാതിയും ആരില്‍ നിന്നും ഉണ്ടാക്കാത്തതിനാല്‍,
അനിതയുടെ മുറിവില്‍ അല്പം ബാന്‍ഡേയിഡു വെച്ചതിനുശേഷം, വളരെ
കെയര്‍ഫുള്‍ ആയിരിക്കണം എന്ന് ഒരു ഉപദേശവും നല്‍കിയിട്ട് പോലീസും
ആംബുലന്‍സുകാരും മടങ്ങിപ്പോയി. ശോകമൂകമായിരുന്ന ആ വീട്ടില്‍ രണ്ടു
ദിവസത്തേക്ക് ഒരു പ്രശ്‌നവും ഉണ്ടായില്ല. രണ്ടുദിവസത്തിനുശേഷം വീണ്ടും
അവിടെ അസ്വസ്ഥത തലപൊക്കി. " എടി അനിതെ .. നിന്നെ താലികെട്ടിയ എന്നെ
വേണമോ? അതോ നമ്മുടെ ആരുമല്ലാത്ത ഈ പരട്ട ചെറുക്കനെ വേണോ?" .
വളരെ കോപിതനായി അഭിലാഷ് അനിതയോട് ചോദിച്ചു.
"എനിക്ക് രണ്ടുപേരെയും വേണം. ബിജോയിയെയും വേണം അഭിലാഷിനെയും
വേണം, വിവാഹത്തിനു മുന്‍പ് അഭിലാഷ് എനിക്ക് തന്ന ഉടമ്പടിയും വാക്കും
ഒരിക്കലും മറക്കരുത്" അനിതയുടെ ഈ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ അഭിലാഷ്
തയ്യാറായില്ല. തര്‍ക്കങ്ങള്‍ക്ക്, പരസ്പരമുള്ള വാഗ്വാദങ്ങള്‍ക്ക് വീണ്ടും തീ
പിടിച്ചു. കൂടുതല്‍ പ്രകോപിതനായ അഭിലാഷ് അനിതയുടെ തലമുടികുത്തിന്
പിടിച്ച് അനിതയുടെ ശരീരഭാഗങ്ങളില്‍ തോഴിക്കാനും ചവിട്ടാനും ആരംഭിച്ചു.
അനിത അസഹ്യമായ വേദനയോടെ ലിവിങ് റൂമിലെ തറയില്‍ കിടന്ന് വാവിട്ടു
കരയാന്‍ ആരംഭിച്ചു. അത് കണ്ടു നിന്ന ബിജോയ് നിലത്ത് വീണു കിടക്കുന്ന
അനിതയെ കെട്ടിപ്പിടിച്ച് കരയാന്‍ ആരംഭിച്ചു. തല്‍ക്ഷണം അഭിലാഷ് കൊച്ചു
ബാലകന്‍ ബിജോയിയെ കാലില്‍ പിടിച്ച് വലിച്ചെറിഞ്ഞു. കോപ വെറി കൊണ്ട്
അഭിലാഷ് ഒരു പിശാചായി മാറി.
ആരും അറിയാതെ ബെഡ്‌റൂമിലെ ഭിത്തിയിലെ ചെറിയ അറേല്‍ സൂക്ഷിച്ചിരുന്ന
റിവോള്‍വര്‍ എടുത്തു കൊണ്ട് അഭിലാഷ് ലിവിങ് റൂമിലെത്തി. കാര്യഗൗരവം
മനസ്സിലാകാത്ത മട്ടില്‍ അദമ്മ്യമായ ഷിപ്ര കോപത്തിന് അടിപ്പെട്ട് വാണിംഗ്
എന്ന മട്ടില്‍ ജനല്‍ ലക്ഷ്യമാക്കി ഒരു വെടി ഉതിര്‍ത്തു. എന്നാല്‍ കാര്യഗൗരവം
മനസ്സിലാക്കി അനിത അഭിലാഷിന്റെ കൈയിലെ റിവോള്‍വര്‍ തട്ടിത്തെറിപ്പിച്ചു.
സോഫയുടെ അടിയിലേക്ക് തെറിച്ചുപോയ കൈത്തോക്ക് അഭിലാഷ്
എടുക്കുന്നതിനിടയില്‍, ഇനി മടിച്ചു നിന്നിട്ട് കാര്യമില്ല, ഭര്‍ത്താവായാല്‍ എന്ത്
ഇതൊരു ജീവന്‍ മരണസമരം അല്ലേ അനിത സ്വയ രക്ഷയ്ക്കായി അഭിലാഷിനിട്ട്
മുതുക് നോക്കി രണ്ടുമൂന്നു പ്രാവശ്യം ആഞ്ഞു ചവിട്ടി. അപ്പോഴേക്കും
അയലത്ത്കാര്‍ 911 കറക്കി പോലീസിനെ വിളിച്ചിരുന്നു. ചീറിപ്പാഞ്ഞ് എത്തിയ
പോലീസ് കണ്ടത് റിവോള്‍വരും പിടിച്ചു നില്‍ക്കുന്ന അഭിലാഷിനെയാണ്.
പോലീസിനെ കണ്ട് ഭയചകിതനായ അഭിലാഷ് തോക്ക് താഴെയിട്ട് കൈകള്‍

രണ്ടും പൊക്കി സറണ്ടര്‍ ചെയ്തു. പോലീസ് അഭിലാഷിനെ കയ്യാമം വെച്ച്
പോലീസ് വാഹനത്തില്‍ കയറ്റി. അതിനിടയില്‍ ആംബുലന്‍സ് കാര്‍
അനിതയെയും, ബിജോയെയും കയറ്റി മെതഡിസ്റ്റ് ഹോസ്പിറ്റലിലേക്ക്
ചീറിപ്പാഞ്ഞു. പോലീസ് ക്രൈം നടന്ന പരിസരവും ചുറ്റുപാടും പ്ലാസ്റ്റിക്
ടേപ്പുകള്‍ കെട്ടി സീല്‍ ചെയ്തു. അപ്പോഴേക്കും പടിഞ്ഞാറന്‍ ചക്രവാളത്തില്‍
സൂര്യന്‍ അസ്തമിച്ചിരുന്നു. അനിതയും ബിജോയും പോലീസ് കസ്റ്റഡിയിലുള്ള
അഭിലാഷും നാളത്തെ പ്രഭാതം എന്താണ് ഒരുക്കി വെച്ചിരിക്കുന്നത് എന്ന്
കാതോര്‍ക്കുകയാണ്. സമ്മിശ്രമായ വിചാര വികാരങ്ങളിലൂടെ...?

Read more topics: # ചെറുകഥ
Thokkin Kuzhalil Attupoya BandhaM

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES