Latest News

ആധുനികതയുടെ ജാതി

Malayalilife
ആധുനികതയുടെ ജാതി

കൊളോണിയല്‍ ആധുനികതയില്‍ ഇന്ത്യന്‍ ദേശീയതയുടെ ചരിത്രവിജ്ഞാനീയങ്ങളെ രീതിശാസ്ത്രങ്ങളെന്ന നിലയില്‍ ദീര്‍ഘകാലം നിയന്ത്രിച്ചിരുന്ന രണ്ടു വരേണ്യതാസങ്കല്പങ്ങളെക്കുറിച്ച്‌ (Elitism) രണജിത്ഗുഹ സൂചിപ്പിക്കുന്നുണ്ട്. കൊളോണിയല്‍ വരേണ്യതയും ബൂര്‍ഷ്വാ-ദേശീയ വരേണ്യതയും (On some aspects of the historiography of Colonial India എന്ന ലേഖനം. 1982). തുടര്‍ന്നദ്ദേഹം പതിനാറ് തലങ്ങളിലൂന്നി ഈ വരേണ്യതകളുടെ രാഷ്ട്രീയം എങ്ങനെ ഇന്ത്യന്‍ ദേശീയതാചരിത്രങ്ങളുടെ രീതിശാസ്ത്രമായി വികസിക്കുന്നുവെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.
കേരളീയ ആധുനികതയുടെയും മലയാളസാഹിത്യത്തിന്റെയും ചരിത്രവിജ്ഞാനീയങ്ങളില്‍ മേല്പറഞ്ഞ രണ്ടു വരേണ്യതകള്‍ക്ക് ജാത്യധിഷ്ഠിതമായി കൈവന്ന സംഘര്‍ഷാത്മകവും സമന്വയാത്മകവുമായ ഉഭയജീവിതങ്ങളന്വേഷിക്കുന്ന രാഷ്ട്രീയസൂക്ഷ്മവും സാമൂഹ്യനിഷ്ഠവുമായ ഏഴു സാംസ്‌കാരിക പഠനങ്ങളുടെ ശ്രദ്ധേയമായ സമാഹാരമാണ് സജീവ് പി.വി.യുടെ 'ജാതിരൂപകങ്ങള്‍: മലയാളാധുനികതയെ വായിക്കുമ്ബോള്‍'.

സജീവ് ഈ സമീപനം ഗുഹയില്‍നിന്നു കടംകൊണ്ടതാണെന്ന സൂചന മേല്പറഞ്ഞ സമീകരണത്തിലില്ല. സമാനമായ ഒരു ചരിത്രവിജ്ഞാനീയ/സാംസ്‌കാരിക പഠനപദ്ധതി ചൂണ്ടിക്കാണിച്ചുവെന്നു മാത്രം. തികച്ചും സ്വതന്ത്രവും മൗലികവുമായ ഒരന്വേഷണപഥത്തില്‍, മലയാള ആധുനികതയുടെ ഏഴ് സാംസ്‌കാരിക സന്ദര്‍ഭങ്ങളെ കൊളോണിയലിസത്തിന്റെ വിമോചനസമവാക്യങ്ങള്‍, മലയാളഭാവനയുടെ ലാവണ്യലോകങ്ങള്‍, സാഹിത്യപൊതുമണ്ഡലത്തിന്റെ സവര്‍ണയുക്തികള്‍, ആധുനികതയുടെ കീഴാള പ്രത്യയശാസ്ത്രങ്ങള്‍ എന്നീ നാല് രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ ചരിത്രവല്‍ക്കരിക്കുകയും സാമൂഹ്യവല്‍ക്കരിക്കുകയുമാണ് സജീവ്.

ഈ നാലു പശ്ചാത്തലങ്ങളും ചേര്‍ന്നു നിര്‍മ്മിച്ച മലയാള ആധുനികതയുടെ സാംസ്‌കാരിക/സാഹിതീയ സ്വരൂപങ്ങളെന്തൊക്കെയായിരുന്നു? നിരവധിയായ രാഷ്ട്രീയദ്വന്ദ്വങ്ങളുടെ അനിതരസാധാരണമായ ഭാവസംയുക്തങ്ങളായി ഏതു സാഹിത്യവ്യവഹാരത്തെയും കാണാന്‍ കഴിയുന്ന ഒരു ചരിത്രകാലമാണ് 1850-1950. പാരമ്ബര്യം- ആധുനികത; സംസ്‌കൃതം-ഇംഗ്ലീഷ്; സ്വദേശി-വിദേശി; സ്വതന്ത്രം-വിവര്‍ത്തനം; ഹൈന്ദവം-ഹൈന്ദവേതരം; മതാത്മകം-മതേതരം; മിത്തിക്കല്‍-ചരിത്രാത്മകം; കീഴാളം-വരേണ്യം; പദ്യം-ഗദ്യം; പ്രാദേശികം-മാനകീകൃതം; ജനകീയം-വരേണ്യം എന്നിങ്ങനെ എത്രയെങ്കിലും ഇരട്ടകളെ പല നിലകളില്‍ സമീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന സാഹിതീയ പാഠരൂപങ്ങളുടെ പ്രഭാവഘട്ടം.

കോളനി ആധുനികതയില്‍ നിന്ന് ദേശീയ ആധുനികതയിലേക്കുള്ള രാഷ്ട്രീയപരിണാമത്തിന്റെ സാംസ്‌കാരികരൂപകങ്ങളായി ഉരുവംകൊണ്ട സാഹിത്യപാഠങ്ങളുടെ ശ്രേണീബദ്ധമായ ഭാവുകത്വപരിസരങ്ങള്‍ നിര്‍മ്മിച്ച മലയാളസാഹിത്യ പൊതുമണ്ഡലത്തില്‍ സര്‍ഗസാഹിത്യരൂപങ്ങള്‍ സൃഷ്ടിച്ച ഭാഷാപ്രപഞ്ചത്തെ സാഹിത്യചരിത്രങ്ങളും സാഹിത്യവിമര്‍ശനവും സാഹിത്യപത്രപ്രവര്‍ത്തനവും ചേര്‍ന്ന് കേരളീയാധുനികതയുടെ ഭാവപ്രരൂപങ്ങളാക്കി പുനര്‍നിര്‍വചിച്ചു. ഈയൊരു ചരിത്രഘട്ടത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയങ്ങളെ നിര്‍ണയിച്ച ഏറ്റവും പ്രബലവും പ്രധാനവുമായ സാമൂഹികയുക്തി ജാതിയായിരുന്നു. സജീവിന്റെ സാഹിതീയാന്വേഷണങ്ങള്‍ ഈ യുക്തിയെ അച്ചുതണ്ടാക്കി മാറ്റിക്കൊണ്ട് കവിത; നോവല്‍, നിരൂപണം എന്നീ മൂന്നു സാഹിത്യഗണ/രൂപങ്ങളെയും പത്രപ്രവര്‍ത്തനം, രാഷ്ട്രീയ പൊതുമണ്ഡലം, മത-ജാതിസംവാദങ്ങള്‍, സാഹിതീയ സംഘങ്ങള്‍/തര്‍ക്കങ്ങള്‍ തുടങ്ങിയ ആധുനിക ഭാവസന്ധികളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു. ആവര്‍ത്തിച്ചു പറയട്ടെ, മലയാള ആധുനികതയുടെ സാഹിതീയ പുനര്‍വായനകളില്‍ ജാതിയുടെ സാമൂഹിക പ്രത്യയശാസ്ത്രങ്ങളെ രാഷ്ട്രീയ രീതിശാസ്ത്രങ്ങളാക്കി വികസിപ്പിക്കുന്ന സൂക്ഷ്മവും സുദൃഢവുമായ സാംസ്‌കാരിക പഠനങ്ങളാണ് ഈ പുസ്തകത്തിലെ ആദ്യ ആറു ലേഖനങ്ങളും. സസ്യഭക്ഷണത്തിന്റെ ജാതിരാഷ്ട്രീയം ആധുനികതയുടെ സന്ദര്‍ഭത്തിലപഗ്രഥിക്കുന്നു, അവസാന ലേഖനം. ആധുനികോത്തരതയെക്കുറിച്ചുള്ള പാശ്ചാത്യസിദ്ധാന്തങ്ങള്‍ സംഗ്രഹിക്കുകയും മലയാളചര്‍ച്ചകള്‍ ക്രോഡീകരിക്കുകയും ചെയ്യുന്ന ലേഖനം അക്കാദമിക രചനയെന്ന നിലയില്‍ മികച്ചതാണെങ്കിലും രീതിശാസ്ത്രപരവും ഉള്ളടക്കപരവുമായി ഈ പുസ്തകത്തില്‍ ഒരധികപ്പറ്റാണ്.

മൂന്നു വിഭാഗത്തില്‍പെടുന്നവയാണ് സാഹിത്യസംബന്ധിയായ ലേഖനങ്ങള്‍. ആധുനിക മലയാളസാഹിത്യത്തില്‍ ഏറെനാള്‍ നീണ്ടുനിന്ന രണ്ട് സംവാദമണ്ഡലങ്ങളുടെ (കവിഭാരതം/രാമായണം; പ്രാസവാദം) സാംസ്‌കാരിക രാഷ്ട്രീയം നിര്‍ണയിച്ചതില്‍ ജാതി വഹിച്ച പങ്കന്വേഷിക്കുന്നു, ആദ്യ രണ്ടു ലേഖനങ്ങള്‍. മലയാളകവിതയിലെ ദലിത് ഭാവുകത്വത്തിന്റെ അര്‍ഥപൂര്‍ണമായ രാഷ്ട്രീയ വ്യതിയാനങ്ങളും സരസ്വതീവിജയം, രതിസുന്ദരി എന്നീ നോവലുകള്‍ക്ക് ജാത്യധിഷ്ഠിതമായി നേരിടേണ്ടിവന്ന തമസ്‌കരണങ്ങളുടെ ചരിത്രവും അപഗ്രഥിക്കുന്നു മറ്റു രണ്ടു ലേഖനങ്ങള്‍. മൂര്‍ക്കോത്തു കുമാരന്‍, സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള എന്നിവരുടെ നിരവധിയായ സാഹിതീയ, സാംസ്‌കാരിക ഇടപെടലുകളുടെ ജാതി-രാഷ്ട്രീയവിമര്‍ശനം നടത്തുന്നു തുടര്‍ന്നുള്ള രണ്ടു ലേഖനങ്ങള്‍. ചരിത്രവല്‍ക്കരിച്ചും സാമൂഹ്യവല്‍ക്കരിച്ചും നടത്തേണ്ട സാഹിത്യവായനകളുടെ മികച്ച പാഠമാതൃകകളായി മാറുന്നു ഈ ആറുലേഖനങ്ങളും.

ആധുനിക മലയാളസാഹിത്യ പൊതുമണ്ഡലത്തില്‍ ജാതി അബോധരാഷ്ട്രീയമായി പ്രവര്‍ത്തിച്ചതിന്റെ ഭിന്നതലങ്ങളാണ് സാഹിത്യസംവാദങ്ങളിലും വിവാദങ്ങളിലും സംഘടനകളിലും പുരസ്‌കാരങ്ങളിലും പദവിനിര്‍മ്മാണങ്ങളിലും മറ്റും മറ്റും പ്രകടമാകുന്നതെന്നു തെളിയിക്കുന്നു. 'കവിരാമായണ'ത്തെക്കുറിച്ചുള്ള രചന. കവിപുഷ്പമാല, കവിമൃഗാവലി, കവിഭാരതം എന്നിങ്ങനെ മലയാളത്തില്‍ രചിക്കപ്പെട്ട സമാനമായ മറ്റു കൃതികളുടെ പ്രത്യയശാസ്ത്രാപഗ്രഥനം തെളിയിക്കുന്നതും സാഹിത്യസ്ഥാപനങ്ങളെയും വ്യവസ്ഥകളെയും അതുവഴി സാഹിത്യ പൊതുമണ്ഡലത്തെത്തന്നെയും അടിമുടി വിഭാവനം ചെയ്യുന്നത് ജാതിബോധത്തിന്റെ ബലതന്ത്രങ്ങളാണ് എന്നത്രെ. ഒരുവശത്ത് മേല്പറഞ്ഞ കൃതികള്‍. മറുവശത്ത് മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയവരുടെ രചനകള്‍. ഒരുവശത്ത് സാഹിത്യസംഘടനകളിലും മാസികകളിലും സമ്മേളനങ്ങളിലും ഉയര്‍ന്നുവന്ന വാദങ്ങള്‍. മറുവശത്ത് സാഹിത്യചരിത്രങ്ങളും വിമര്‍ശനങ്ങളും തമസ്‌കരിച്ച കീഴാളബോധങ്ങളുടെയും വാദങ്ങളുടെയും ഭാവനകളുടെയും ലോകം-സജീവിന്റെ അന്വേഷണം സുഭദ്രവും സുനിശ്ചിതവുമായ വസ്തുതകളെയും നിലപാടുകളെയും മുന്‍നിര്‍ത്തി മുന്നോട്ടുപോകുന്നു.

ഒരര്‍ഥത്തില്‍, മലയാളസാഹിത്യത്തിലെ 'നായരീഴവലഹള'കളുടെ രാഷ്ട്രീയപാഠങ്ങളായി മാറുകയായിരുന്നു പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങള്‍ തൊട്ടുള്ള അരനൂറ്റാണ്ടുകാലത്തെ മേല്‍പ്പറഞ്ഞ വ്യവഹാരസന്ദര്‍ഭങ്ങളൊന്നടങ്കം. നാരായണഗുരു, വെളുത്തേരി കേശവന്‍വൈദ്യര്‍, പെരുനെല്ലി കൃഷ്ണന്‍ വൈദ്യന്‍ എന്നീ മൂന്നു പ്രമുഖ കവികളെ, അവര്‍ ഈഴവരായിരുന്നതുകൊണ്ടുമാത്രം കവിഭാരതത്തില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്ബുരാന്‍ തമസ്‌കരിച്ചുവെന്ന വാദം സമര്‍ഥമായി സ്ഥാപിച്ചെടുക്കുന്നു, സജീവ്.

കീഴ്ജാതിക്കാരായ കവികളെ മുഴുവന്‍ ഒഴിവാക്കി മേല്‍ജാതിക്കാരായ കവികള്‍ മഹാഭാരതകഥാപാത്രങ്ങളെ തങ്ങളുടെ കവിപദവിക്കായി പങ്കിട്ടെടുക്കുന്ന ഒരുതരം താരതമ്യവും മൂല്യനിര്‍ണയവുമായിരുന്നു കവിഭാരതത്തിന്റെ ഉള്ളടക്കം. മഹാഭാരകഥാപാത്രങ്ങളായി കീഴ്ജാതിക്കവികളെ സ്ഥാനപ്പെടുത്താന്‍പോന്ന ഒരു ഭാവന വിദൂരത്തില്‍പോലും തമ്ബുരാനെപ്പോലുള്ളവര്‍ക്ക് അസാധ്യമായിരുന്നു. അവര്‍ണരായ കവികള്‍ കവിത എഴുതിയിരുന്നുവെന്നതുതന്നെ അക്കാലത്ത് അംഗീകരിക്കപ്പെട്ടിരുന്നില്ല. അവര്‍ണകവികളുടെ ഭാഗത്തുനിന്ന് ഇത്തരം വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കുഞ്ഞിക്കുട്ടന്‍ തമ്ബുരാന്‍ 'കവിഭാരതം' പരിഷ്‌കരിക്കാന്‍ തയ്യാറാവുകയും അത് മലയാളമനോരമയില്‍ പരസ്യം ചെയ്യുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് വെളുത്തേരി കേശവന്‍ വൈദ്യന്‍, പെരുനെല്ലി കൃഷ്ണന്‍വൈദ്യന്‍, ശ്രീനാരായണഗുരു തുടങ്ങി കവിഭാരതത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഈഴവകവികളുടെ പേരുകളും അവര്‍ക്ക് അതിനുള്ള അര്‍ഹതയും വ്യക്തമാക്കി മൂലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്ബുരാന് കത്തുകള്‍ അയയ്ക്കുന്നു. അവരില്‍ പ്രധാനപ്പെട്ടവരെ മൂലൂര്‍ പറയാതെതന്നെ താന്‍ ഉള്‍പ്പെടുത്തുമെന്നും എന്നാല്‍ സാരമായ ഗ്രന്ഥങ്ങള്‍ രചിക്കാത്ത വെറും സമസ്യാപൂരണക്കാരായ കവികളെ ഉള്‍പ്പെടുത്തുകയില്ലെന്നും മറുപടി പറഞ്ഞ തമ്ബുരാന്‍ ഒടുവില്‍ 'കവിഭാരത'ത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇറക്കുന്നതില്‍നിന്ന് അകാരണമായി പിന്മാറുകയും ആ ശ്രമം ഉപേക്ഷിക്കിക്കുകയുമാണ് ചെയ്തത്. തിരുത്തലുകള്‍ വരുത്താതെയുള്ള 'കവിഭാരത'ത്തിന്റെ പുനഃപ്രസിദ്ധീകരണത്തിനുള്ള (1893) മൂലൂരിന്റെ മറുപടിയായി വേണം 'കവിരാമായണ'ത്തിന്റെ രചനയേയും പ്രസിദ്ധീകരണത്തേയും (1894) കാണാന്‍. മേല്‍ജാതിക്കാര്‍ അതുവരെ സ്വന്തമായി കരുതിയ ഇതിഹാസ-പുരാണ പാരമ്ബര്യത്തില്‍ അവര്‍ണര്‍ അവകാശം ഉന്നയിക്കുക മാത്രമല്ല അതിലെ കഥാപാത്രമായി അവര്‍ വിന്യസിക്കപ്പെടുക കൂടി ചെയ്തതോടെ അതു നീണ്ട വാദപ്രതിവാദങ്ങള്‍ക്കു വഴിവെയ്ക്കുന്നു. കവിരാമായണത്തില്‍ മൂലൂര്‍ പെരുനെല്ലി കൃഷ്ണന്‍വൈദ്യര്‍ക്ക് മാരുതിയുടെ സ്ഥാനം നല്‍കിയതാണ് മേല്‍ജാതിക്കവികളെ ഏറെ പ്രകോപിപ്പിച്ചത്. വിവാദങ്ങള്‍ക്കൊടുവില്‍ വസ്തുതകളുടെ പിന്‍ബലത്തില്‍ മൂലൂര്‍ നടത്തിയ വിമര്‍ശനത്തില്‍ കുഞ്ഞിക്കുട്ടന്‍തമ്ബുരാന്‍ പിന്‍വാങ്ങിയെങ്കിലും മഹാകവി ഉള്ളൂര്‍, കെ. രാമകൃഷ്ണപിള്ള, സി.പി. ഗോവിന്ദപ്പിള്ള, ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്‍ തുടങ്ങിയവര്‍ തമ്ബുരാനുവേണ്ടി തുടര്‍ന്നും വാദിച്ചുകൊണ്ടിരുന്നു. സമുദായഘടനയില്‍ എഴുതിച്ചേര്‍ത്ത വിടവ് പ്രകടമാക്കുംവിധം ഹൈന്ദവപുരാണങ്ങളുമായി ചേര്‍ന്നുപോകുന്ന വ്യാജനാമങ്ങളായിരുന്നു അവരില്‍ പലരും ഈ വിവാദത്തില്‍ ഉപയോഗിച്ചിരുന്നത്. ഈഴവചരിത്രവുമായി ബന്ധപ്പെട്ട പേരുകളാണ് മൂലൂരും കൂട്ടരും ഉപയോഗിച്ചത്. ഈഴവര്‍ എസ്.എന്‍.ഡി.പി. പോലെ ഒരു സംഘടനാരൂപത്തിലേക്ക് വന്നിട്ടില്ലാത്ത, രാജഭരണം നിലനിന്നിരുന്ന ഒരു കാലത്ത് 'കവിരാമായണം' പോലെ വിധ്വംസകമായ ഒരു കൃതിയുടെ രചന ഉപേക്ഷിക്കണമെന്ന് പലരും അന്ന് മൂലൂരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം അതിനു വഴങ്ങിയില്ലെന്ന് മാത്രമല്ല എതിരാളികളുടെ വാദങ്ങളെ പൂര്‍ണ്ണമായി ഖണ്ഡിക്കുകയും സവര്‍ണാവര്‍ണഭേദമില്ലാതെ അക്കാലത്തെ എല്ലാ കവികളെയും ഉള്‍പ്പെടുത്തി കവിരാമായണം പൂര്‍ത്തീകരിക്കുകയും ചെയ്തു. അന്ന് കാവ്യരചനയില്‍ ഏര്‍പ്പെട്ടിരുന്ന നൂറ്റിയാറോളം കവികളെ പരാമര്‍ശിക്കുന്ന മൂലൂര്‍ അവരുടെ കാവ്യഗുണങ്ങളെ മാത്രം മുന്‍നിര്‍ത്തിയുള്ള സ്ഥാനനിര്‍ണയമാണ് താന്‍ 'കവിരാമായണ'ത്തില്‍ നടത്തിയതെന്ന് അതിനുള്ള ആമുഖത്തില്‍ പറയുന്നുണ്ട്.

സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളിലേയ്ക്ക് അവര്‍ണര്‍ നടത്തിയ '(സാഹിത്യ)ക്ഷേത്രപ്രവേശനങ്ങളു'ടെ തുടക്കമായിരുന്നു അത്. സാംസ്‌കാരികമായ വിഭവങ്ങളുടെ മേല്‍ കേരളത്തിലെ അവര്‍ണജനത അവകാശവാദം ഉന്നയിക്കുന്നതാണ് സാഹിത്യചരിത്രത്തിലെ സവര്‍ണാവര്‍ണസംഘര്‍ഷമാക്കി അതിനെ മാറ്റിയത്. അത്ര എളുപ്പമായ വഴികളിലൂടെ ആയിരുന്നില്ല അത്. നാരായണഗുരു, വെളുത്തേരി കേശവന്‍വൈദ്യന്‍, പെരുനെല്ലി കൃഷ്ണന്‍വൈദ്യന്‍ എന്നീ മൂന്നു കവികള്‍ എന്തുകൊണ്ട് 'കവിഭാരത'ത്തില്‍ തമസ്‌കരിക്കപ്പെട്ടു എന്നതിന്റെ രാഷ്ട്രീയമായിരുന്നു മൂലൂര്‍ അന്വേഷിച്ചത്. ഈഴസമുദായത്തിലെ ഏതെങ്കിലും ചെറിയ കവികളെ മുന്‍നിര്‍ത്തിയായിരുന്നില്ല മറിച്ച്‌ കേരളത്തിലെ വലിയ എഴുത്തുകാരെ മുന്‍നിര്‍ത്തിയാണ് മൂലൂര്‍ സമരത്തിനിറങ്ങിയത്. സമസ്യാപൂരണം നടത്തി കഴിയുന്ന കഷ്ടിപിഷ്ടി എഴുത്തുകാരെ താന്‍ 'കവിഭാരത'ത്തില്‍ ഉള്‍പ്പെടുത്തില്ല എന്ന തമ്ബുരാന്റെ വാദത്തെ മൂലൂര്‍ തമ്ബുരാനുള്ള കത്തില്‍ ഖണ്ഡിക്കുന്നുണ്ട്. കുംഭകോണം കൃഷ്ണശാസ്ത്രിയെപോലുള്ള അത്തരം കവികള്‍ ഉയര്‍ന്ന ജാതിക്കാരായതുകൊണ്ടുമാത്രം കവിഭാരതത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാത്രമല്ല കുഞ്ഞിക്കുട്ടന്‍ത്തമ്ബുരാന്റെപോലും ആദ്യകൃതിയായിരുന്നു 'കവിഭാരതം'. എന്നാല്‍ തമ്ബുരാനു മുമ്ബുതന്നെ വെളുത്തേരി കേശവന്‍ വൈദ്യര്‍, പെരുനെല്ലി കൃഷ്ണന്‍വൈദ്യര്‍ എന്നിവര്‍ ആ കാലത്ത് മികച്ച കൃതികള്‍ എഴുതിക്കഴിയുക മാത്രമല്ല സവര്‍ണരായ എഴുത്തുകാരോട് മത്സരിക്കുകയും അക്കാലത്ത് നടപ്പിലുള്ള ഗ്രന്ഥമാതൃകകളിലും കാവ്യസമ്ബ്രദായങ്ങളിലും വിജയിക്കുകകൂടി ചെയ്തവരാണ്. പ്രതിഭയിലും പാണ്ഡിത്യത്തിലും അവര്‍ തങ്ങള്‍ക്കു പിറകിലല്ല എന്ന തിരിച്ചറിവ് അക്കാലത്തെ കവിസാര്‍വ്വഭൗമരായ ചിലര്‍ക്കെങ്കിലും ലഭിച്ചതോടെ ബോധപൂര്‍വ്വമായ ഒഴിവാക്കലുകള്‍ക്കാണ് അവര്‍ വിധേയരായത്. കേരളവര്‍മ്മ മുതല്‍ ഏ.ആര്‍. രാജരാജവര്‍മ്മ വരെ അതില്‍ പങ്കുവഹിച്ചിരുന്നു എന്ന് വി. കുഞ്ഞികൃഷ്ണനെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രക്തസാക്ഷികളായ രണ്ടു കവികളെക്കുറിച്ചുള്ള അവരെക്കുറിച്ചെഴുതുമ്ബോള്‍ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മൂലൂരിനെ സംബന്ധിച്ച്‌ പ്രസ്തുത സംവാദത്തിലെ പ്രധാന തര്‍ക്കവിഷയം തന്റെ പൂര്‍വ്വഗാമികള്‍ എന്ന നിലയില്‍ വെളുത്തേരി കേശവന്‍വൈദ്യരുടെയും പെരുനെല്ലി കൃഷ്ണന്‍വൈദ്യരുടെയും കവിപദവി അന്നത്തെ സാഹിത്യമണ്ഡലത്തില്‍ ഉറപ്പിച്ചെടുക്കുക എന്നുള്ളതായിരുന്നു'.

വെളുത്തേരിയുടെയും പെരുനെല്ലിയുടെയും സാഹിത്യപ്രതിഭയെയും സംഭാവനകളെയും കുറിച്ചുള്ള സൂക്ഷ്മാവലോകനമാണ് ലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗം. മലയാളസാഹിത്യചരിത്രത്തിന്റെ ഒന്നാന്തരമൊരു അപനിര്‍മ്മാണമായി മാറുന്നു, ഈ രചന.

താരതമ്യേന സാങ്കേതികം മാത്രമായ ഒരു സൗന്ദര്യശാസ്ത്രതര്‍ക്കമായി കണ്ടുപോരുന്ന ദ്വിതീയാക്ഷരപ്രാസവാദത്തിനു പിന്നിലും സൂക്ഷ്മാര്‍ഥത്തില്‍ ജാതി പ്രവര്‍ത്തിച്ചതിന്റെ ഭിന്നമാനങ്ങള്‍ മറനീക്കുന്നു, അടുത്ത ലേഖനം. പാരമ്ബര്യം-ആധുകത; സംസ്‌കൃതം-മലയാളം; പ്രാദേശികത-ദേശീയത എന്നീ വ്യവഹാരദ്വന്ദ്വങ്ങളുടെ രാഷ്ട്രീയം ജാതിനിര്‍ണീതമായി മലയാളഭാവനയെ സ്വാധീനിച്ചതിന്റെ സൂക്ഷ്മതലങ്ങള്‍ സജീവ് അനാവരണം ചെയ്യുന്നു.

സങ്കീര്‍ണ്ണവും സാമൂഹ്യനിഷ്ഠവുമായ ചില ഉഭയമനസ്ഥിതികളില്‍ വ്യാപരിച്ചിരുന്ന സാഹിത്യപ്രവര്‍ത്തകരെന്ന നിലയില്‍ ഏ.ആര്‍, കേരളവര്‍മ്മ, കെ.സി. കേശവപിള്ള, കുമാരനാശാന്‍, ഉള്ളൂര്‍ തുടങ്ങിയവരുടെ സാംസ്‌കാരികാഭിരുചികള്‍ക്ക് കൊളോണിയല്‍ ആധുനികതയില്‍ കൈവന്ന സ്വത്വപ്രതിസന്ധികളിലൊന്നായിരുന്നു മേല്പറഞ്ഞ ദ്വന്ദ്വങ്ങളോട് അവര്‍ക്കുണ്ടായ ആഭിമുഖ്യങ്ങളിലും അനാഭിമുഖ്യങ്ങളിലും തെളിഞ്ഞുകണ്ടത്.

തമിഴില്‍ നിന്നു മുക്തമായി സംസ്‌കൃതത്തിന്റെയും ഇംഗ്ലീഷിന്റെയും വഴിയില്‍ മലയാളത്തിന് ആധുനികമായ ഒരടിത്തറ നിര്‍മ്മിക്കാനുള്ള ഏ.ആറിന്റെ ശ്രമങ്ങളുടെ പ്രത്യക്ഷരൂപകങ്ങളിലൊന്നായി പ്രാസവാദത്തിലെ അദ്ദേഹത്തിന്റെ നിലപാടിനെ സജീവ് വ്യാഖ്യാനിക്കുന്നു.

'ആധുനിക മലയാളഭാഷയ്ക്ക് നിരവധി അടിസ്ഥാനഗ്രന്ഥങ്ങളിലൂടെ ആധുനികമായ അടിസ്ഥാനം നല്‍കിയ പണ്ഡിതനായ ഏ.ആര്‍. രാജരാജവര്‍മ്മ രാജകുടുംബാംഗങ്ങളില്‍നിന്ന് ആദ്യമായി ഗവണ്‍മെന്റ് ജോലി നേടിയ വ്യക്തിയാണ്. പാരമ്ബര്യത്തിനെതിരെ നിലക്കൊള്ളുന്ന നിരവധി വ്യക്തിജീവിതസന്ദര്‍ഭങ്ങള്‍ അദ്ദേഹത്തിലുണ്ട്. കോളേജുകളില്‍ ആദ്യമായി മലയാളസമാജം ആരംഭിച്ച്‌ ഭാഷാസാഹിത്യത്തിന്റെ അക്കാദമിക് ചര്‍ച്ചകള്‍ക്ക് അദ്ദേഹം സ്ഥിരവേദി ഉണ്ടാക്കി. പ്രാസവിവാദം അതിന്റെ മൂര്‍ധന്യത്തില്‍ മാറ്റുരയ്ക്കപ്പെട്ടത് ഈ വേദിയില്‍ കേരളവര്‍മ്മയുടെ സാന്നിധ്യത്തിലായിരുന്നു. മലയാളഭാഷയില്‍ രചനകള്‍ നടത്തുന്നത് മോശമായി കരുതപ്പെട്ടിരുന്ന ഒരു കാലത്ത് അതുണ്ടാക്കുന്ന അപകര്‍ഷത അബോധത്തിലുള്ളതാവാം തന്റെ ആദ്യകാലകൃതികള്‍ സംസ്‌കൃതത്തില്‍ എഴുതുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കവിതയില്‍ 'മലയവിലാസ'വും 'പ്രസാദമാല'യും മാത്രമേ അദ്ദേഹം മലയാളത്തില്‍ രചിച്ചിട്ടുള്ളൂ. ആധുനികമായ ഒരു കാഴ്ചപ്പാട് സാമൂഹിക സാഹിത്യമണ്ഡലങ്ങളില്‍ രൂപപ്പെടുത്തിയിരുന്ന അദ്ദേഹം അവ ആദ്യം പ്രയോഗിക്കുന്നത് സംസ്‌കൃതസാഹിത്യത്തിലാണ്. 'ആംഗലസാമ്രാജ്യം' അതിന് ഉദാഹരണമാണ്. 'കേരളപാണിനീയ'ത്തിന്റെ ആദ്യപതിപ്പും (1896) രണ്ടാം പതിപ്പും (1917) തമ്മിലെ അന്തരം വ്യാകരണസംബന്ധിയായി സംസ്‌കൃതത്തിന്റെ പ്രഭാവത്തില്‍ നിന്നും മുക്തമായി ആധുനികമായ ഒരടിസ്ഥാനത്തില്‍ മലയാളഭാഷയെ സമീപിക്കാന്‍ നടത്തിയ ശ്രമമാണ്. നമ്മുടെ വ്യാകരണത്തിലെ ആധുനികത ഏ.ആറിലൂടെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. തമിഴില്‍ നിന്നും മുക്തമായ ഒരു ഭാഷാദേശീയത 'കേരളപാണിനീയ'ത്തിന്റെ രണ്ടാം പതിപ്പിന് അടിത്തറയായി വര്‍ത്തിക്കുന്നുണ്ട്. തമിഴ്‌വേരുകളുടെ നിരാസം വ്യാകരണത്തില്‍ മാത്രമല്ല പ്രാസവാദത്തിലും അബോധമായി പ്രവര്‍ത്തിക്കുന്നത് കാണാം. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും നിന്ന് ആധുനികമായ ഒരു അടിത്തറ മലയാളത്തിന് സൃഷ്ടിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ ഭാഷാചിന്തകളില്‍ കാണുന്നത്. പാരമ്ബര്യത്തിന്റെ ആധുനികതയുടെയും ഈ തിരഞ്ഞെടുത്ത മിശ്രണം മേല്‍ജാതിബുദ്ധിജീവികള്‍ പൊതുവായി പങ്കുവെച്ച ആധുനികാനുഭവങ്ങളാണ്. ഭാഷയിലെയും സാംസ്‌കാരികവസ്തുക്കളിലെയും നാടോടിയായ ഘടകങ്ങളെയാണ് ആത്യന്തികമായി അത് ഉപേക്ഷിച്ചത്.'.

ആധുനികതയെയും മലയാളത്തെയും ഒരേസമയം സ്പര്‍ശിക്കുന്ന ഈയൊരു സാഹിതീയ/ഭാഷാ/ഭാവുകത്വ/കാവ്യയുക്തി മലയാളത്തിന്റെ ആധുനികീകരണത്തെ ഒരു സവര്‍ണ സാംസ്‌കാരിക പ്രക്രിയയായി സ്ഥാപിച്ചെടുത്തുവെന്നതാണ് പ്രാസവാദത്തിന്റെ ഫലം. വായിക്കുക:

'ആധുനികപൂര്‍വ്വമായ മലയാള കാവ്യചരിത്രം പരിശോധിക്കുമ്ബോള്‍ അതിന്റെ അടിസ്ഥാനസ്വഭാവമായി ദ്വിതീയാക്ഷരപ്രാസത്തെ കാണാന്‍ കഴിയും. തമിഴ്പ്രഭാവമുള്ള ആദ്യകാലകൃതികളില്‍ എതുക എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന ദ്വിപ്രാസം മലയാളകവിതയുടെ ദേശീയമായ സ്വഭാവമായിരുന്നു. മലയാളത്തിലെ പ്രമുഖരായ കവികള്‍ ഏറിയപങ്കും ദ്വിതീയാക്ഷരപ്രാസത്തെ തങ്ങളുടെ കവിതയുടെ ശബ്ദഭംഗിയുടെ അടിസ്ഥാനമായി കരുതി. ഈ പാരമ്ബര്യബന്ധത്തെ മുറിച്ചുനീക്കാനുള്ള ശ്രമങ്ങളായിരുന്നുപ്രാസവിവാദത്തില്‍ നടന്നത്. ദ്വിതീയാക്ഷരപ്രാസത്തിന്റെ തമിഴ്ബന്ധം അക്കാലത്തെ പ്രാസലേഖനങ്ങളില്‍ ആവര്‍ത്തിച്ച്‌ കടന്നുവരുന്നുണ്ട്. കോളനി ആധുനികതയുടെ കാര്‍മികത്വത്തില്‍ വളര്‍ന്നുവരുന്ന പുതിയ കാവ്യഭാവുകത്വത്തിന് പ്രാദേശികമായ ഇത്തരം വേരുകളെ മുറിച്ചുമാറ്റിക്കൊണ്ടോ ദേശീയമായ ഒരു സ്വത്വത്തില്‍ ലയിക്കാനാവൂ. സംസ്‌കൃതത്തെ പാരമ്ബര്യമായി പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമം ആദ്യകാല ഉപരിവര്‍ഗ്ഗബുദ്ധിജീവികള്‍ ഇന്ത്യയിലെവിടെയും ആധുനികതയുടെ പേരില്‍ നടത്തിയിരുന്നു. അത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഭാഷാകവിതയുടെ ചര്‍ച്ചയില്‍ ഏ.ആറും പുലര്‍ത്തുന്നത്. തന്റെ വ്യാകരണചിന്തയിലും കാവ്യചിന്തയിലും അബോധമായി തമിഴ്‌നിരാസത്തെ കേരളപാണിനി പങ്കുവെച്ചിരുന്നു. സംസ്‌കൃതത്തിനും ഇംഗ്ലീഷിനും നിരക്കുന്ന നിയമങ്ങളില്‍ മലയാളകവിതയെ പരുവപ്പെടുത്തുക എന്ന ആധുനികപദ്ധതിയാണ് പ്രാസവിവാദത്തില്‍ ഏ.ആറും കൂട്ടരും നിര്‍വ്വഹിച്ചത്. അത് പൂര്‍ണമായി വിജയിച്ചില്ല എന്നതാണ് മലയാളകവിതയുടെ പില്‍ക്കാല ചരിത്രം'.

സാഹിത്യരചനകളെ നേരിട്ടു ചര്‍ച്ചക്കെടുക്കുന്ന രണ്ടു ലേഖനങ്ങളിലൊന്ന് എസ്. ജോസഫ്, എം.ബി. മനോജ്, എം.ആര്‍. രേണുകുമാര്‍ എന്നിവരിലൂടെ മലയാളത്തില്‍ ദലിത് കവിതയുടെ സൗന്ദര്യരാഷ്ട്രീയങ്ങള്‍ക്കു കൈവന്ന സൂക്ഷ്മവും സാമൂഹികവുമായ അര്‍ഥലോകങ്ങളപഗ്രഥിക്കുന്നു. ആധുനികതയില്‍ മൂലൂരും കറുപ്പനും ആശാനും അയ്യപ്പനും പ്രശ്‌നവല്‍ക്കരിച്ച ജാതിയുടെ ഇങ്ങേയറ്റത്താണ് മേല്പറഞ്ഞ മൂന്നു കവികളുടെ നില. കുട്ടികളുടെ ഭാവലോകം, തത്വചിന്താപരമായ നിരീക്ഷണങ്ങള്‍, ഭൂമിശാസ്ത്രരൂപകങ്ങള്‍, ഭാഷയുടെ അസംസ്‌കൃതസ്വഭാവം എന്നിങ്ങനെ നാലു തലങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇവരുടെ കവിതകള്‍ സമഗ്രമായവലോകനം ചെയ്യുന്നു സജീവ്. സവര്‍ണഭാവുകത്വത്തിന്റെ അടിവേരിളക്കുന്ന ദലിത് രാഷ്ട്രീയത്തിന്റെ ഒന്നാന്തരം പാഠവിശകലനം.

പോത്തേരി കുഞ്ഞമ്ബുവിന്റെ സരസ്വതീവിജയം, ആര്‍.വി. വാസുദേവപ്രഭുവിന്റെ രതിസുന്ദരി എന്നീ നോവലുകള്‍ നേരിട്ട ജാതീയമായ അധിക്ഷേപങ്ങളും അദൃശ്യവല്‍ക്കരണങ്ങളും അപഗ്രഥിക്കുന്നു അടുത്ത ലേഖനം. സാഹിത്യവിമര്‍ശനം രൂപപ്പെടുത്തിയ ഭാവുകത്വസ്വരൂപങ്ങളുടെ ചുവടുപിടിച്ചാണ് മലയാളനോവലിന്റെ അധീശസൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും സരസ്വതീവിജയത്തെയും രതിസുന്ദരിയെയും സമര്‍ഥമായി പാര്‍ശ്വവല്‍ക്കരിച്ചതിന്റെ കഥ സജീവ് ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവും കൗതുകകരമായ സംഗതി, ചന്തുമേനോന്റെ ഇന്ദുലേഖയെ കാവ്യമെന്നു വാഴ്‌ത്തുകയും മലയാളത്തില്‍ സാഹിത്യനിരൂപണത്തിനടിത്തറയിടുകയും ചെയ്ത സി.പി. അച്യുതമേനോന്‍തന്നെയാണ് ഈ രണ്ടു നോവലുകളുടെയും ഘാതകന്‍ എന്നതാണ്. സരസ്വതീവിജയം മുന്നോട്ടുവച്ച ബ്രാഹ്മണ്യവിമര്‍ശനവും കീഴാളരാഷ്ട്രീയവും ക്രിസ്തുമതസ്തുതിയും സി.പി. മുതല്‍ ഇങ്ങോട്ടുള്ള സവര്‍ണനിരൂപകര്‍ക്ക് തീരെ ബോധ്യമായില്ല എന്നാണ് സജീവിന്റെ കണ്ടെത്തല്‍. കേസരി, പോള്‍, ജോര്‍ജ് ഇരുമ്ബയം, കെ.പി. അപ്പന്‍, പി.കെ. രാജശേഖരന്‍.... ഒരാളും സരസ്വതീവിജയത്തെ സ്ഥാനപ്പെടുത്തിയില്ല. കവിതയുടേതെന്നപോലെ നോവലിന്റെയും ലാവണ്യപദ്ധതി സവര്‍ണഹൈന്ദവതയുടെ യുക്തികള്‍ക്കുള്ളില്‍ തളച്ചിടപ്പെടുകയായിരുന്നു ഇക്കാലമത്രയും എന്ന് നിരീക്ഷിക്കുന്നു, സജീവ്.

'സാംസ്‌കാരികമായ ചില ആധികളാണ് സരസ്വതീവിജയത്തിനെതിരെ നീങ്ങുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. അത് ക്രിസ്തുമതത്തോടും ബ്രിട്ടീഷ് ഭരണത്തോടും നോവല്‍ കാണിക്കുന്ന ആഭിമുഖ്യവും ബ്രാഹ്മണ്യത്തോടും ജാതിവ്യവസ്ഥയോടും ആ കൃതി പുലര്‍ത്തുന്ന കലഹവുമാണ്'.

രതിസുന്ദരിയുടെ കഥയും മറ്റൊന്നല്ല. അവിടെയും സാഹിതീയവായനയെ നിര്‍ണയിച്ചത് ജാതീയ നിലപാടുകളായിരുന്നു. ഈ പുസ്തകത്തിലെ ഏറ്റവും ദീര്‍ഘവും സമഗ്രവുമായ രണ്ടു ലേഖനങ്ങള്‍ മൂര്‍ക്കോത്ത് കുമാരന്‍, സാഹിത്യപഞ്ചാനനന്‍ എന്നിവരെക്കുറിച്ചുള്ളവയാണ്. ഒരാള്‍, സാഹിത്യപൊതുമണ്ഡലത്തിനു പുറത്തായിപ്പോയ ജാതീയമായ കീഴാളതയുടെ ഏറ്റവും പ്രമുഖനായ സമരഭടന്‍. മറ്റേയാള്‍ കേരളീയാധുനികതയില്‍ മേല്‍ക്കോയ്മ നേടിയ ശൂദ്രസാഹിതീയതയുടെ സേനാനായകന്‍.

മൂര്‍ക്കോത്ത് കുമാരന്റെ സാഹിതീയ, സാമൂഹിക, മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ അധഃസ്ഥിതജാതികളുടെ സാംസ്‌കാരിക വിമോചനരാഷ്ട്രീയവുമായി അഭേദ്യമായ ബന്ധമുണ്ട്. നാരായണഗുരു, കുമാരനാശാന്‍, സി. കൃഷ്ണന്‍, സി.വി. കുഞ്ഞുരാമന്‍ തുടങ്ങിയവരുമായുള്ള ഗാഢസൗഹൃദവും അതു സൃഷ്ടിച്ച നാനാതരം സാമൂദായിക താല്‍പര്യങ്ങളും മാത്രമല്ല കുമാരന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ദിശ നിശ്ചയിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ കേരളീയാധുനികതയുടെ സാംസ്‌കാരിക രാഷ്ട്രീയത്തില്‍ നിര്‍ണായകമായ പ്രാധാന്യമുള്ള നിരവധി കാര്യങ്ങളിലാണ് അദ്ദേഹം സജീവമായി ഇടപെട്ടത്. സരസ്വതീവിജയത്തിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചതും, കുമാരനാശാനെ മലയാളാധുനികതയുടെ മഹാകവിയായി സ്ഥാപിച്ചതും മറ്റൊരാളല്ല.

ഹിന്ദുമതത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ ഈഴവര്‍ കൈവരിക്കേണ്ട ജാത്യഭിമാനവും സാമൂഹ്യോന്നമനവും സംബന്ധിച്ച്‌ അക്കാലത്തു രൂപം കൊണ്ട സംവാദങ്ങളില്‍ മൂര്‍ക്കോത്ത് ഗുരുവിനൊപ്പമായിരുന്നു. അതേസമയംതന്നെ, ഗുരു സ്ഥാപിച്ച ഈഴവക്ഷേത്രങ്ങളില്‍ ദലിതര്‍ക്കു പ്രവേശനം നല്‍കുന്നതില്‍ മൂര്‍ക്കോത്ത് കുമാരന്‍ സ്വീകരിച്ച നിലപാട് വിപ്ലവകരവുമായിരുന്നു. സജീവ് എഴുതുന്നു:

'ഈഴവരുടെ പൗരാവകാശങ്ങളിലും അവരുടെ ജാതിവിമോചന പ്രവര്‍ത്തനങ്ങളിലും എസ്.എന്‍.ഡി.പി. വ്യാപൃതമായിരുന്നുവെങ്കിലും കീഴ്ജാതികള്‍ എന്ന നിലയില്‍ ഈഴവര്‍ക്കു പുറത്തുള്ള ജനതയോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച്‌ അതില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. പരിഷ്‌കൃത ഹിന്ദുമതത്തിന്റെ ശ്രേണീകരണത്തില്‍ നിന്നു പലരും മുക്തരായിരുന്നില്ല. കീഴ്ജാതികളെ അങ്ങനെതന്നെ നിലനിര്‍ത്തുന്നതിലാണ് സവര്‍ണത പ്രവര്‍ത്തിച്ചിരുന്നത്. മതപരിവര്‍ത്തനം, യുക്തിവാദം തുടങ്ങി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഈ കാര്യത്തില്‍ സി.കൃഷ്ണനും മൂര്‍ക്കോത്തിനും സമാനമായ നിലപാടുകളാണ് ഉണ്ടായിരുന്നത്. ഈഴവക്ഷേത്രങ്ങളിലേക്കുള്ള അവര്‍ണരുടെ പ്രവേശനം സംബന്ധിച്ച്‌ സി. കൃഷ്ണന്‍ മിതവാദിയില്‍ എഴുതിയ ലേഖനത്തോട് ക്ഷോഭത്തോടെയാണ് കുമാരനാശാന്‍ പ്രതികരിച്ചത്. നാരായണഗുരു ഈഴവര്‍ക്കായി സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ മറ്റു കീഴ്ജാതിവിഭാഗങ്ങള്‍ക്കു പ്രവേശനം നല്‍കുന്നതില്‍ ശക്തമായ തര്‍ക്കങ്ങള്‍ നടന്നിരുന്നു. തലശ്ശേരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ ദലിതുകള്‍ക്കു പ്രവേശനം നല്‍കുന്നതില്‍ അവിടുത്തെ ഈഴവസംഘടനായ 'ജ്ഞാനോദയയോഗം' ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. അഭിഭാഷകനായിരുന്ന കൊറ്റിയത്തു കൃഷ്ണനും മൂര്‍ക്കോത്തും തമ്മില്‍ നാരായണഗുരുവിന്റെ മുന്‍പിലാണ് ഇതുസംബന്ധിച്ച്‌ വാദപ്രതിവാദം നടത്തിയത് (കേശവന്‍വൈദ്യര്‍, 1995: 30). ദലിതര്‍ക്കനുകൂലമായ മൂര്‍ക്കോത്തിന്റെ വാദം ഒടുവില്‍ ഗുരു അംഗീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങളിലേക്കുള്ള ദലിത് പ്രവേശനത്തോടെ പരിഹരിക്കപ്പെടുന്ന ഒന്നല്ല ജാതിവിവേചനം എന്നും അധികാരത്തിന്റെയും വിഭവങ്ങളുടെയും തുല്യമായ വിതരണത്തിലാണ് അതെന്നും മനസ്സിലാക്കിയിരുന്ന മൂര്‍ക്കോത്ത് ക്ഷേത്രഭരണസമിതിയിലും ഡയറക്ടര്‍ബോര്‍ഡിലും അവരുടെ അംഗത്വത്തിനുവേണ്ടി വാദിക്കുന്നു. ഒരു സാമൂഹികവ്യവസ്ഥയുടെ ഭാഗം എന്ന നിലയില്‍ ജാതി അതനുഭവിക്കുന്ന എല്ലാ സാമൂഹികവിഭാഗങ്ങളുടെയും പ്രശ്‌നമായി സമീപിക്കാന്‍ മൂര്‍ക്കോത്തിനു കഴിഞ്ഞു. അധഃസ്ഥിത ജനതകള്‍ നേരത്തെതന്നെ നടത്തിവന്നിരുന്ന ജാതിവിരുദ്ധസമരങ്ങളുടെ സ്പിരിറ്റ് മൂര്‍ക്കോത്തിന്റെ ഇത്തരം വാദങ്ങള്‍ക്കു പിറകിലുണ്ട്. എസ്.എന്‍.ഡി.പി. നിലപാടുകളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ദൈനംദിനം ഇടപെട്ട ഒരു ബുദ്ധിജീവിയെ ഇവിടെ കാണാനാകും. കോളനിഭരണവും ഇംഗ്ലീഷ് സാഹിത്യപഠനവും തദ്ദേശബുദ്ധിജീവികളില്‍ പ്രക്ഷേപിച്ച ഉദാര-മാനവിക വീക്ഷണത്തില്‍ നിന്നാണ് മൂര്‍ക്കോത്ത് ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും ഇത്തരം ആശയങ്ങള്‍ നിര്‍മ്മിച്ചെടുത്തത്'.

തന്റെ സാഹിത്യ-സാഹിത്യവിമര്‍ശനജീവിതത്തില്‍ മൂര്‍ക്കോത്ത് കൈക്കൊണ്ട പുരോഗമനപരവും ആധുനികവുമായ നിലപാടുകളാണ് യഥാര്‍ഥത്തില്‍ കുമരനാശാനെ (മുണ്ടശ്ശേരിക്കു മുന്‍പുതന്നെ) ആധുനിക മലയാളത്തിന്റെ മഹാകവിയാക്കിയത്. പി.കെ. നാരായണപിള്ളയെപ്പോലുള്ളവര്‍ ആശാന്‍കവിതയുടെ ബൗദ്ധികാഭിമുഖ്യത്തെ ഹിന്ദുമതത്തിനെതിരായ കലാപമായി കണ്ടപ്പോള്‍ മൂര്‍ക്കോത്ത് ആശാനനുകൂലമായി രംഗത്തുവന്നു.

'മലയാളത്തിലെ കാവ്യവ്യവഹാരത്തില്‍ ആധുനികവും കാല്പനികവുമായ വിച്ഛേദം കുമാരനാശാന്‍ എന്ന ഒരു കവി അദ്ദേഹം സഞ്ചരിച്ച പല പ്രഭവങ്ങളില്‍നിന്ന് സാധ്യമാക്കിയതാണ്. അത് ആദ്യം തിരിച്ചറിഞ്ഞ നിരൂപകന്‍ എന്നതാണ് മൂര്‍ക്കോത്തു കുമാരന്റെ പ്രസക്തി. പാശ്ചാത്യവിദ്യാഭ്യാസമുണ്ടായിട്ടും പാശ്ചാത്യകാല്പനികകവിതയെ അടുത്തുപരിചയിച്ചിട്ടും അത് തിരിച്ചറിയാന്‍ കഴിയാത്തവരെയും തിരിച്ചറിഞ്ഞിട്ടും ജാതിയുടെ പേരില്‍ അതംഗീകരിക്കാന്‍ കഴിയാത്തവരെയും ലക്ഷ്യമാക്കുകയാണ് മൂര്‍ക്കോത്തിന്റെ ആശാന്‍വായനകള്‍'.

എന്താണ് മൂര്‍ക്കോത്തിന്റെ ധൈഷണിക സംഭാവന. സജീവ് സംഗ്രഹിക്കുന്നു:

'ആധുനികസാഹിത്യം സംബന്ധിച്ച്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവന്ന സംവാദങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് മൂര്‍ക്കോത്തിന്റെ ധൈഷണികജീവിതവും പ്രവര്‍ത്തിക്കുന്നത്. സാമൂഹികമായ മാറ്റത്തെക്കുറിച്ചുള്ള ശക്തമായ ചില കാഴ്ചപ്പാടുകള്‍ അവയ്ക്ക് പുറകിലുണ്ടായിരുന്നു. അതാകട്ടെ സമാനചിന്താഗതിക്കാരായ മറ്റ് സാമൂഹികപ്രവര്‍ത്തകരോട് ഒരേസമയം ഐക്യപ്പെടുമ്ബോഴും വിയോജിപ്പുകള്‍ സൂക്ഷിക്കുന്നതായിരുന്നു. സാഹിത്യസാമൂഹിക മണ്ഡലത്തില്‍ ശക്തമായി പ്രവര്‍ത്തിച്ച ജാതിബോധത്തെയും യാഥാസ്ഥിതിക സാഹിത്യചിന്തകളെയും പല നിലകളില്‍ ഖണ്ഡിക്കുകയും ആധുനികമായ ഒരു മലയാളസാഹിത്യത്തെ വിഭാവനം ചെയ്യുകയുമാണ് മൂര്‍ക്കോത്തിന്റെ സാഹിത്യവിമര്‍ശനപരമായ എഴുത്തുകളുടെ ആകെത്തുക'.

'സാഹിത്യദേശീയതയുടെ നിര്‍മ്മിതി'യെന്ന, ഈ പുസ്തകത്തിലെ ഏറ്റവും ഗവേഷണസ്വഭാവമുള്ള ലേഖനത്തില്‍ സജീവ്, പി.കെ. നാരായണപിള്ളയുടെ സാംസ്‌കാരിക ഇടപെടലുകളെ മുന്‍പാരും ചൂണ്ടിക്കാണിക്കാത്തവിധം വസ്തുനിഷ്ഠവും വിശദവും സമഗ്രവും സൂക്ഷ്മവുമായി വിശകലനം ചെയ്യുന്നു. ഒരുപക്ഷെ മലയാളസാഹിത്യപൊതുമണ്ഡലത്തിലും കേരളീയാധുനികതയിലും രാഷ്ട്രീയാബോധമായി പ്രവര്‍ത്തിച്ച ജാതിസവര്‍ണതയുടെ ഏറ്റവും പ്രകടവും പ്രബുദ്ധവുമായ (നിശ്ചയമായും പലപ്പോഴും പ്രച്ഛന്നവും പ്രതീതിപരവും) പാഠരൂപങ്ങളായി കാണാന്‍ കഴിയും പിള്ളയുടെ സംഭാവനകളെ. ഹിന്ദുത്വം, ദേശീയത, ആധുനികത, ജാതി എന്നീ നാലു സംവര്‍ഗങ്ങളോട് ബന്ധപ്പെടുത്തി പിള്ളയുടെ സാഹിതീയ സമീപനങ്ങളുടെ രാഷ്ട്രീയം സജീവ് വിശദീകരിക്കുന്നു. പൊതുബോധങ്ങളെയും സാമാന്യബോധ്യങ്ങളെയും ഉപരിതലകാഴ്ചകളെയും പിന്തുടരുകയല്ല ഈ ലേഖനത്തിലും സജീവിന്റെ രീതി. സ്വാഭാവികമായും മലയാളസാഹിത്യനിരൂപണം പിള്ളയെക്കുറിച്ചുയര്‍ത്തിയ വിരുദ്ധ നിരീക്ഷണങ്ങളുടെ തണലില്‍ നിന്നു പുറത്തുവന്ന് ചരിത്രത്തില്‍ സംഭനിച്ചതെന്ത് എന്നു തിരിച്ചറിയാനും അത് സമര്‍ഥമായപഗ്രഥിക്കാനും സജീവിനു കഴിയുന്നു.

'പത്തൊമ്ബതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പ്രകടമായും ദൃശ്യമായ ആധുനികമലയാളസാഹിത്യത്തിലെ ചില അടിസ്ഥ??

Read more topics: # The caste ,# of modernity
The caste of modernity

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES