'ജനാധിപത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സംസ്‌കാരവും, ജീവിതചര്യയും, ദേശജീവിതത്തിന്റെ ആത്മാവുമാണ്''. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രസംഗത്തിലെ വരികള്‍ ആണിത്. ഒപ്പം, അതിസമര്‍ത്ഥമായി, ഗുരു നാനക്കിനെ ഉദ്ധരിച്ചുകൊണ്ട് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു ''പ്രപഞ്ചം ഉള്ളിടത്തോളം കാലം സംവാദങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കണം''.
അദ്ദേഹം പറഞ്ഞത് പൂര്‍ണ്ണമായും സത്യമാണ്. ഉന്നതമായ ജനാധിപത്യബോധവും, സഹിഷ്ണുതയും, എതിരഭിപ്രായങ്ങളോടുള്ള ആദരവും, സംവാദപാരമ്ബര്യവും തന്നെയാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധം, പതിവില്‍ നിന്നും വിഭിന്നമായി തങ്ങളുടെ 'വിഭജന-നരേറ്റിവു'കളുടെ കള്ളികളില്‍ ഒതുങ്ങാത്തതും, ആ സമരത്തിലെ അനന്യമായ ജൈവികതയും, ഒരുപക്ഷെ മോദിയെ ഇതാദ്യമായി അമ്ബരപ്പിച്ചിരിക്കണം. അതുകൊണ്ടാവണം അദ്ദേഹം ഗുരു നാനക്ക്‌ദേവിനെ തന്നെ കൂട്ടുപിടിച്ചുകൊണ്ടു ജനാധിപത്യത്തെക്കുറിച്ച് ഇത്രയേറെ വാചാലനായത്.
പക്ഷെ, നരേന്ദ്ര മോദി ഒരു കാര്യം മാത്രം സൗകര്യപൂര്‍വ്വം വിസ്മരിച്ചിരുന്നു. അത്, സമകാലിന ഇന്ത്യയില്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അദ്ദേഹത്തിന്റെ തന്നെ നയങ്ങള്‍ ആണെന്ന വസ്തുതയാണ്. വാക്കുകളില്‍ അല്ലാതെ എപ്പോഴെങ്കിലും ജനാധിപത്യ മര്യാദകളെ, എതിരഭിപ്രായങ്ങളെ, സംവാദത്തിനുള്ള സാധ്യതകളെ അദ്ദേഹം ആദരിച്ചതും, പിന്തുടര്‍ന്നതും നമ്മള്‍ കണ്ടിട്ടുണ്ടോ?
കോടിക്കണക്കിനു ജനങ്ങളെയും അവരുടെ ജീവിതക്രമങ്ങളെയും,നിലനില്‍പ്പിനെയും ബാധിക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങള്‍ ജനാധിപത്യരീതിയില്‍ ആയിരുന്നുവോ അദ്ദേഹം നടപ്പിലാക്കിയത്? 'സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിലൂടെയുള്ള നോട്ട് നിരോധനവും, അര്‍ദ്ധരാത്രിയിലെ അതിര്‍ത്തികള്‍ അടച്ചുകൊണ്ടുള്ള ലോക്ക്‌ഡൗണ്‍ നാടകവും, ഒക്കെ എത്രയെത്ര മനുഷ്യരെയാണ് തീരാദുരിതത്തിലേക്ക് തള്ളിയിട്ടത്?അന്നൊക്കെ ആരോടെങ്കിലും അദ്ദേഹം സംവദിച്ചിരുന്നുവോ?
ജനാധിപത്യം, അദ്ദേഹത്തിനു ഒരു സംസ്‌കാരവും ജീവിതചര്യയും ആയിരുന്നുവെങ്കില്‍, തെറ്റായ നയങ്ങള്‍ മൂലം ജീവിതമാര്‍ഗ്ഗം നഷ്ട്ടപ്പെട്ട കോടിക്കണക്കിന് മനുഷ്യരോട് എപ്പോഴെങ്കിലും ക്ഷമ ചോദിക്കുമായിരുന്നു. അല്ലെങ്കില്‍, അവരുടെ മുറിവ് ഉണക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു. പകരം അദ്ദേഹം ചെയ്തത് ബഹുഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളികളെ, തൊഴിലുടമകളുടെ കൊടുംചൂഷണത്തിന് വിട്ടുകൊടുക്കുന്ന ലേബര്‍ കോഡ് ബില്ല് യുദ്ധകാലാടിസ്ഥാനത്തില്‍ സഭയില്‍ പാസ്സാക്കുകയായിരുന്നു! അതും,വെറും മൂന്നു മണിക്കൂര്‍ കൊണ്ട്, പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച സമയം നോക്കി, ആരോടും ചര്‍ച്ച ചെയ്യാതെ! 411 ക്ലോസുകളും 350 പേജുകളും ഉള്ള, ഇന്ത്യന്‍ തൊഴില്‍ രംഗത്ത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന സുപ്രധാനമായ തൊഴില്‍കോഡ്, പ്രതിപക്ഷം ഇല്ലാത്ത സമയത്ത് ഒരു ചര്‍ച്ചയും സംവാദവും കൂടാതെ പാസാക്കുന്നതാണോ അങ്ങ് പറയുന്ന ഉന്നതമായ ജനാധിപത്യമൂല്യം?
തീര്‍ന്നില്ല, പൊതുസമൂഹത്തിന്റെ എതിര്പ്പിന് ഒരു വിലയും കല്‍പ്പിക്കാതെ എല്ലാ വിമര്‍ശനങ്ങളെയും രാജ്യദ്രോഹത്തിന്റെ കള്ളിയിലേക്കു തട്ടിത്തെറിപ്പിച്ചു കൊണ്ട് ഈ ബഹുസ്വരരാജ്യത്തിന്റെ പൗരത്വഭേദഗതിനിയമത്തിലേക്കു മതത്തെ തിരുകിക്കയറ്റിയത് ജനാധിപത്യപരവും നൈതികവുമായിരുന്നുവോ? 'ഓപ്പറേഷന്‍ താമരയിലൂടെ' കര്‍ണ്ണാടകയിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും, ഗുജറാത്തിലും ഒക്കെ രാഷ്ട്രീയത്തെ ഓഹരിവിപണിയിലെ ദൈനംദിന ട്രേഡിങ് പോലെ കണക്കാക്കി, ങഘഅമാരെ കൂട്ടത്തോടെ വിലയ്ക്കെടുത്തും ഭീഷണിപ്പെടുത്തിയും, കൂറ് മാറ്റി സംസ്ഥാനഭരണം കൈക്കലാക്കുന്നതിലൂടെയാണോ ജനാധിപത്യം ദേശത്തിന്റെ ആത്മാവ് ആയി മാറ്റുന്നത്?
ഏറ്റവും ഒടുവില്‍, നമ്മുടെ കാര്‍ഷികരംഗത്തെ അടിമുടി മാറ്റിമറിക്കുന്ന ഒരു നിയമഭേദഗതി, സംസ്ഥാനസര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ,കര്‍ഷകസംഘടനകളുമായി ചര്‍ച്ച ചെയ്യാതെ, ഈ മഹാമാരിയുടെ കാലത്ത് തന്നെ ഒരു സംവാദവും കൂടാതെ നടപ്പിലാക്കുന്നതില്‍ എന്ത് ജനാധിപത്യ മര്യാദയാണുള്ളത്? എന്തുകൊണ്ടാണ് ഇത്രയും എതിര്‍പ്പ് നേരിടുന്ന ഒരു ബില്‍ സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനക്ക് വിടാനുള്ള പ്രാഥമിക ജനാധിപത്യ ബോധം പോലും മോദി കാണിക്കാതിരുന്നത്? കര്‍ഷകര്‍ക്ക് വേണ്ടാത്ത, അവരുടെ അതിജീവനം ഇരുട്ടിലാക്കുമെന്നു ഭയപ്പെടുന്ന കാര്‍ഷികബില്ല് അവര്‍ക്കു മുകളില്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചശേഷം ഗുരു നാനാക്കിന്റെ വചനങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ട് 'സംവാദമര്യാദകളുടെ' സാര്‍വലൗകികതയെക്കുറിച്ചു ആ പാവങ്ങളോട് വാചാലനാകുന്നത് രാഷ്ട്രീയധാര്‍മികതയുടെ തരിപോലുമില്ലാത്ത വെറും കാപട്യമല്ലേ?
വാസ്തവത്തില്‍ ജനാധിപത്യത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അദ്ദേഹം തന്നോട് തന്നെ ചോദിച്ച് വ്യക്തത വരുത്തേണ്ട ഒന്നാണ്. അതിലുപരി കോടിക്കണക്കിനു ഇന്ത്യക്കാര്‍ അദ്ദേഹത്തോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നതാണ്. പ്രിയപ്പെട്ട പ്രധാനമന്ത്രി, ഈ ദേശത്തെ ഒരു സാധാരണപൗരന്‍ എന്ന നിലയില്‍ ഒന്നേ പറയാനുള്ളൂ...ജനാധിപത്യബോധം തേടി അങ്ങ് ലിച്ഛവിയിലും, നാനക്കിലും, ബസവേശ്വരനിലും ഒന്നും ഗൃഹാതുരതയോടെ തിരയേണ്ടതില്ല. അത് താങ്കളുടെ തൊട്ടരികില്‍ ഉണ്ട്... ഈ കൊടുംശൈത്യത്തിലും ജനാധിപത്യം എവിടെയെങ്കിലും പൂത്തുലയുന്നുണ്ടെങ്കില്‍, അത് അസാധാരണമായ കരുത്തോടെ സമരം ചെയ്യുന്ന കര്‍ഷകരിലാണ്.
ജനാധിപത്യം 'ദേശജീവിതത്തിന്റെ ആത്മാവ്' ആകുന്നത് വെറും വാക്കിലല്ല, മറിച്ച് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണാധികാരികള്‍ അവരുടെ ഏറ്റവും ന്യായമായ ആവശ്യങ്ങളെ ക്ഷമയോടെ കേള്‍ക്കുമ്ബോള്‍ മാത്രമാണ് എന്നാണ് അവര്‍ തെരുവില്‍ നിന്ന് വീണ്ടും വീണ്ടും താങ്കളോട് പറയുന്നത്. താങ്കള്‍ ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നത് ആത്മാര്‍ത്ഥമായിട്ട് ആണെങ്കില്‍, എല്ലാ എതിര്‌സ്വരങ്ങളോടും പ്രകടമായ അസഹിഷ്ണുത കാണിക്കുന്ന പതിവുരീതി ഉപേക്ഷിച്ചുകൊണ്ട് കര്‍ഷകരെ വിഘടനവാദികള്‍ ആക്കി ചിത്രീകരിക്കാതെ ഗുരു നാനക്ക് പറഞ്ഞതുപോലെ സംവാദത്തിന്റെ ഉദാത്ത സാധ്യതകളെ അംഗീകരിക്കൂ....