വാങ്ക്
വാങ്കിന് രാഗ്‌ഭൈരവി രാഗമാണെന്ന് പറഞ്ഞത് ഉസ്താദ് ബിസ്മില്ലാ ഖാനാണ്. അതിനൊരു ശ്രുതിയും താളവുമുണ്ട്. കേരളത്തിലെ വാങ്കുകള്‍ കര്‍ണകഠോരമാണ്.. ചില വാങ്ക് കേട്ടാല്‍ ആ പള്ളിയുടെ പരിസരത്തു നിന്ന് ഓടി രക്ഷപ്പെടാന്‍ തോന്നും. അത്ര അവതാളവും അപശ്രുതിയുമായിരിക്കും. കാതു തുളയ്ക്കുന്ന ഒച്ചയും. സത്യത്തില്‍ അഞ്ചു നേരത്തെ നിസ്‌കാരത്തിനുള്ള ക്ഷണമാണ് വാങ്ക്. അപ്പോള്‍ പള്ളിയിലേക്ക് ഭക്തരെ ആകര്‍ഷിക്കുന്ന വിധം ഈണവും താളവുമൊക്കെ ഉണ്ടാകുന്നത് നല്ലതാണ്.
മുഹമ്മദ് മക്ക ആക്രമിച്ചു കീഴടക്കി ഇസ്ലാമിക സാമ്രാജ്യം സ്ഥാപിച്ചപ്പോള്‍ കഅബാലയത്തിന്റെ ഉച്ചിയില്‍ കയറി വാങ്ക് വിളിച്ചത് കറുത്തവര്‍ഗ്ഗക്കാരനും മുന്‍ അടിമയുമായ ബിലാലാണ്.( കഅബയുടെ താക്കോല്‍ സൂക്ഷിപ്പ്, സംസം കിണര്‍ പരിപാലനം പോലെ അന്തസ്സാര്‍ന്ന ഉത്തരവാദിത്തങ്ങള്‍ സ്വന്തം ഗോത്രക്കാരായ ഖുറൈശികളെയാണ് മുഹമ്മദ് എല്‍പിച്ചത്. വാങ്കുവിളി ഇന്നും മഹല്ലുകളിലെ ഒരു നേരം പോലും കഞ്ഞിക്കു വകയില്ലാത്ത സാധുക്കളുടെ തൊഴിലാണ്. അവര്‍ക്ക് ബിലാലിനെ പോലെ വേറിട്ട ഒരു സ്വരം പോലുമില്ല.)
പണ്ട് ഞാനൊരു പള്ളിയില്‍ വാങ്ക് വിളിച്ചിട്ടുണ്ട്. അന്ന് ഞാന്‍ ഒമ്ബതാം ക്ലാസിലാണ്. ഒരു പതിനാലുകാരന്റെ അസ്സല്‍ സ്‌ത്രൈണ ശബ്ദമുള്ള കാലം. യതീം ഖാനയിലെ പള്ളിയിലെ മുക്രി മാനിപുരത്തുകാരന്‍ മുഹമ്മദ് കാക്കക്ക് വൈകുന്നേരം എന്തോ അത്യാവശ്യം. ഞാനാണെങ്കില്‍ മൈക്കില്‍ വാങ്ക് വിളിക്കാനുള്ള പൂതി ഉള്ളില്‍ കൊണ്ടു നടക്കുന്ന ചെക്കന്‍. മൂപ്പര് പറഞ്ഞപ്പോള്‍ അസര്‍ വാങ്ക് ഞാനേറ്റു
അവസാനത്തെ ലാ ഇലാഹ ഇല്ലല്ലായും കഴിഞ്ഞു തിരിഞ്ഞു നോക്കുമ്ബോള്‍ വിശാലമായ പള്ളിയുടെ അനേകം ജനവാതിലുകള്‍ക്കപ്പുറത്ത് തിക്കിത്തിരക്കി ആ മഹല്ലു മുഴുവന്‍. അതില്‍ വിശ്വാസികളും അല്ലാത്തവരുമണ്ട്. ആണുങ്ങള്‍ക്ക് പിന്നില്‍ പെണ്ണുങ്ങളുുമുണ്ട്.
അവരുടെ പിറുപിറുപ്പുകള്‍ പതുക്കെ ഒരാരവമായി. ആ പിറുപിറുപ്പുകള്‍ക്ക് ഒരേ സ്വരം: ഒരു പെണ്ണാണ് വാങ്ക് വിളിക്കുന്നതെന്ന് കരുതി! ആ പെണ്ണിനെ കാണാനാണ് അവര്‍ വാതില്‍ക്കലും ജനവാതിലുകളിലും തിക്കിത്തിരക്കുന്നത്. അന്ന് അസര്‍ നിസ്‌കാരത്തിന് വരിയായി വന്നിരുന്ന ഭക്തജനങ്ങള്‍ക്കു മുന്നില്‍ വെച്ച് വാര്‍ഡന്റെ ചൂരല്‍ എന്റെ ചന്തിയിലും തുടകളിലും രാഗമാലിക വായിച്ചു. ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരം കണ്ടപ്പോള്‍ വന്ന ചിന്തകളാണിതൊക്കെ.
ഒരു പെണ്‍കുട്ടിയുടെ ജീവിതാഭിലാഷമാണ് ആകാശത്തിനു ചോട്ടില്‍, നാടു കേള്‍ക്കെ ഒരിക്കല്‍ വാങ്ക് വിളിക്കണമെന്നത്. പെറ്റു വീണപ്പോള്‍ സ്വന്തം കരച്ചിലിന്നു ശേഷം കാതില്‍ അവള്‍ കേട്ടത്, വാപ്പയുടെ ശബ്ദത്തിലുള്ള വാങ്കൊലിയാണ്. അവളുടെ കരച്ചില്‍ മാറുന്നത് വാങ്ക് കേള്‍ക്കുമ്ബോഴാണ്. പെണ്ണിന്റെ വാങ്ക് അല്ലാഹു കേള്‍ക്കുമെന്ന് അവള്‍ക്ക് ഉറപ്പാണ്.
സത്യത്തില്‍ വാങ്ക് കൊടുക്കേണ്ടത് പെണ്ണുങ്ങളല്ലേ? അത്രയും മധുരമായി ആര്‍ക്കാണ് വാങ്ക് കൊടുക്കാന്‍ കഴിയുക! ബിലാലിനെ കുറിച്ചുള്ള ആ മാപ്പിളപ്പാട്ട് കേട്ടിട്ടില്ലേ?
പാടി ബിലാലെന്ന പൂങ്കുയില്
പരിപാവന ദീനിന്റെ തേനിശല്
ബാങ്ക് ശരിക്കും ഒരു തേനിശലാണ്. അത് പടേണ്ടത് പൂങ്കുയിലുകളാണ്. അല്ലാതെ കഴുതകളല്ല.പള്ളി മിനാരങ്ങളില്‍ നിന്ന് പൂങ്കുയിലുകള്‍ വാങ്കുകള്‍ പാടട്ടെ!
ഒരു കാര്യം കൂടി ഓര്‍മിക്കട്ടെ: ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ മനോഹരമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു ജോസഫ് സാറുണ്ടായിരുന്നു. ഒരു ദിവസം, നോക്കുമ്ബോള്‍ സുബ്ഹി നിസ്‌കാരത്തിന് ഒന്നാം നിരയില്‍ ജോസഫ് സാര്‍. എന്റെ ഇസ്ലാമിക മനം തുടി കൊട്ടി.ജോസഫ് സാര്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു! നിസ്‌കാരം കഴിഞ്ഞു പുരുഷാരത്തിനു മുന്നില്‍ എഴുന്നേറ്റു നിന്ന് അദ്ദേഹം സംസാരിച്ചു. അതിലെ ഒരു വാചകം ഇങ്ങിനെയായിരുന്നു: വാങ്ക് ഇങ്ങിനെ കൊടുത്താല്‍ പോര. സംഗീതത്തിന്റെ അകമ്ബടി വേണം.(മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന ഇരിഞ്ഞാലക്കുടക്കാരന്‍ ജോസഫ് സാറിനെ അടുത്ത ദിവസം വീട്ടുകാര്‍ വന്നു കൂട്ടിക്കൊണ്ടുപോയി)
NB: വാങ്കിലെ റസിയയുടെ വാങ്ക് കേട്ടാല്‍ ആരും ഒരു നേരം നിസ്‌കരിച്ചു പോകും!