കു ടുംബത്തിനകത്ത് ലവ് മണ്ണാങ്കട്ടയാണ്. പലപ്പോഴും സൗഹൃദത്തിനകത്തും. അവനവന്‍ ഇച്ഛിക്കുന്നതു പോലെ അപരന്‍ പെരുമാറുന്നുവെങ്കില്‍ മാത്രം നിലനില്‍ക്കുന്ന ഒരു കരിയില. ദാമ്ബത്യത്തിന്റെ ആദ്യ നാളുകളിലോ, വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തിലോ എടുത്ത ആ ഫോട്ടോയിലെ ചിരി, ജീവിതത്തില്‍ നിന്ന് എന്നോ മാഞ്ഞു പോയിരിക്കും. പിന്നീട്, ചുമരില്‍ തൂങ്ങി നില്‍ക്കുന്ന ആ ചിത്രത്തിലെ ചിരിയോളം വളിച്ചു പോയ ഒരു ചിരി വേറെയുണ്ടാകില്ല. സെക്സിന്റെ ലൈസന്‍സാണ് വിവാഹമെന്ന്, വിവാഹത്തിന് നിര്‍വചനം നല്‍കിയവനാണ് മഹാന്‍. സെക്സ് തീരുന്നതോടെ വിവാഹം തീരുന്നു. പിന്നെ സെക്സാണ് സകല കാലുഷ്യങ്ങളുടെയും കേന്ദ്രം.
ഖാലിദ് റഹ്മാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ലവ് എന്ന സിനിമ കുടുംബങ്ങളിലെ ലവ് എന്ന വലിയ നുണയെ തുറന്നുകാട്ടുന്നു. ഇത്രയും സത്യസന്ധമായ ഒരു കുടുംബ ചിത്രം അടുത്തൊന്നും മലയാളത്തില്‍ വന്നിട്ടില്ല. കാമുകിയോട് സാറ്റിസ്ഫൈഡ് ആയോ എന്ന് ചോദിക്കുന്ന പുരുഷന്‍ ഭാര്യയോട് അത് ചോദിക്കുന്നില്ല'. അവള്‍ പൂര്‍ണതൃപ്തയാണെന്ന് അവന്‍ വിശ്വസിക്കുന്നു. അതു കൊണ്ടാണ് സാറ്റിസ്ഫൈ ആയോ എന്ന് എപ്പോഴെങ്കിലും നീ എന്നോട് ചോദിച്ചിട്ടുണ്ടോ എന്ന് ദീപ്തി കയര്‍ക്കുമ്ബോള്‍ അനൂപ് പതറുന്നത്. (അനൂപായി ഷൈന്‍ ടോം ചാക്കോയും ദീപ്തിയായി രജിഷ വിജയനും നന്നായി ചെയ്തു ).
സ്ത്രീകളെ ഉപദ്രവിക്കുന്നത് നിയമപരമായി കുറ്റമാണെന്നാണ് ആദ്യം എഴുതിക്കാണിക്കുന്നത്. തൊട്ടുപിന്നാലെ പുരുഷന്മാരെ ദേഹോപദ്രവം ഏല്‍പിക്കുന്നതും കറ്റകരമാണെന്ന് കണ്ടപ്പോള്‍ ഒരു പുതുമ തോന്നി. ഒരിക്കലെങ്കിലും ഭാര്യയെ കൊല്ലാന്‍ ആഗ്രഹിക്കാത്ത പുരുഷന്മാരുണ്ടോ എന്ന്, ഭാര്യയുടെ ചതിയും പീഡനവും സഹിക്കാത്ത ഒരു ഭര്‍ത്താവ് ചോദിക്കുന്നതു കേട്ടപ്പോള്‍ എന്നിലെ കാപട്യക്കാരനായ പുരുഷന്‍ ഉണര്‍ന്നു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ പെണ്ണുണ്ടാക്കിയ നാണക്കേടില്‍ നിന്ന് ഇതാ മോചനമായി.
സഹികെട്ട് ഭാര്യയെ കൊന്നു പോയ ഒരു പുരുഷന്റെയും ഭാര്യയെ കൊല്ലാന്‍ ആഗ്രഹിക്കുന്ന മറ്റ് രണ്ട് പുരുഷന്മാരുടെയും കഥയാണ് ലവ്. ഒരു പുരുഷന്റെ ഉള്ളില്‍ മൂന്ന് പേരുണ്ട്. കുടുംബസ്ഥന്‍, ജാരന്‍, ഭീരു. എല്ലാ ജാരന്മാരും അതീവ ഭീരുക്കളാണ്. ഈ മൂന്ന് ഭാവങ്ങളെ ഒറ്റ ശരീരത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു മൂന്നായി അവതരിപ്പിക്കുന്നതില്‍ ഖാലിദ് റഹ്മാന്‍ വിജയിച്ചിട്ടുണ്ട്. ഇന്നത്തെ കുടുംബം ഒരു ഫ്ലാറ്റാണല്ലോ. ഈ ഫ്ലാറ്റിനകത്തുനിന്ന് തുടക്കത്തിലും ഒട്ടക്കത്തിലും മാത്രമേ ജിംഷി ഖാലിദിന്റെ കാമറ പുറത്തുകടക്കുന്നുള്ളു. തുടക്കം മുതല്‍ ഒടുക്കം വരെ കഥയുടെ പിരിമുറുക്കം ചോര്‍ന്നു പോകാതിരിക്കാന്‍ നേഹ ഒരുക്കിയ ബാക്ക് ഗ്രൗണ്ട് സ്‌കോറിനും വലിയ പങ്കുണ്ട്.
ഇതിലെ പുരുഷന്‍ ഞാന്‍ തന്നെ ആയതു കൊണ്ട് എനിക്ക് ഒരു പാട് ഇഷ്ടായി. നിങ്ങളൊക്കെ നല്ല ഭര്‍ത്താക്കന്മാരായതുകൊണ്ട് പടം ഇഷ്ടമാകാന്‍ വഴിയില്ല. എന്നെ പോലുള്ളവര്‍ ഭാര്യമാരെ കൂട്ടാതെ പോയി കാണുക. സ്ത്രീക്കും പുരുഷനും അവനവന്റെ ഇടം നഷ്ടമാകുന്ന കുടുംബങ്ങളില്‍ ഒരാള്‍ കൊലപാതകി ആകാതെ തരമില്ല. അസസാനം കൊലക്കത്തി ആരുടെ കയ്യിലാണെന്നതാണ് പ്രശ്നം! അന്താരാഷ്ട്ര നിലവാരമുണ്ട് ഈ സിനിമയ്ക്ക്. കഥാകഥനത്തിലും ക്ലൈമാക്സിലുമൊക്കെ ശരിക്കും പുതുമയുണ്ട്.
# A must watch movie #