നടന്‍ മമ്മൂട്ടി ഒരിക്കല്‍ സംവിധായകന്‍ ഹരികുമാറിനോട് ചോദിച്ചു, എടോ അയാളുടെ കൂടെ ഇപ്പോള്‍ എത്ര പെണ്ണുങ്ങളുണ്ട്; എല്ലാവരും ജീവിക്കാന്‍ കൊതിച്ച ഒരു ജീവിതം ജീവിച്ച മനുഷ്യനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു

Malayalilife
നടന്‍ മമ്മൂട്ടി ഒരിക്കല്‍ സംവിധായകന്‍ ഹരികുമാറിനോട് ചോദിച്ചു, എടോ അയാളുടെ കൂടെ ഇപ്പോള്‍ എത്ര പെണ്ണുങ്ങളുണ്ട്;  എല്ലാവരും ജീവിക്കാന്‍ കൊതിച്ച ഒരു ജീവിതം ജീവിച്ച മനുഷ്യനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല;  പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു

സ്‌നേഹം മാഞ്ഞുപോയിട്ട് മൂന്ന് വര്‍ഷം; പുനത്തിലിന്റെ ഏകജീവിതം

ഒ രു ദിവസം മൊബൈലിലൊരു കാള്‍ വന്നു. അങ്ങിനെയൊന്നും വിളിക്കാറില്ലാത്ത മനുഷ്യനാണ്. മതപണ്ഡിതനാണ്. പ്രശസ്തനാണ്. നിനക്ക് കോഴിക്കോട്ടെ എഴുത്താകാരുമൊക്കെയായി നല്ല അടുപ്പമാണെന്നു കേട്ടുവെന്നു പറഞ്ഞാണ് മൂപ്പര് സംസാരം തുടങ്ങിയത്.

അങ്ങിനെയൊന്നുമില്ല, ചിലരെയൊക്കെ അറിയാം.അതല്ല, പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായൊക്കെ നീ വലിയ അടുപ്പമല്ലേ?അടുപ്പമെന്നു പറയാന്‍ പറ്റില്ല. പരിചയമുണ്ട്.അങ്ങിനെയല്ലല്ലോ ഞാന്‍ കേട്ടത്. നിന്നോട് ചോദിച്ചാല്‍ സത്യമറിയാമല്ലോ. അദ്ദേഹത്തെ കുറിച്ച്‌ ഈ കേള്‍ക്കുന്നതൊക്കെ സത്യമാണോ?

അലിഗഢില്‍ മേരിയുടെ ഖബറിടം സന്ദര്‍ശിച്ചു മടങ്ങിയെത്തി കുഞ്ഞിക്ക എഴുതിയ യാത്രാനുഭവം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നതിന്റെ അടുത്ത ദിവസങ്ങളിലൊന്നാണ്. മൂപ്പരുടെ ചോദ്യത്തിന്റെ ഉന്നം പിടികിട്ടി. മേരിയുടെ കഥയും നഷ്ടജാതകത്തിലെ കമലദളം എന്ന അധ്യായവും അരാജകവാദിയുടെ ആത്മഭാഷണങ്ങളില്‍ എ.കെ. അബ്ദുല്‍ ഹക്കീമിനോട് പറഞ്ഞ പെണ്‍കഥകളും ഞാന്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ ആ മനുഷ്യനു പറഞ്ഞുകൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ആ മനുഷ്യന്റെ ആത്മഗതം ഒരു ദീര്‍ഘ നിശ്വാസമായി ഫോണിന്റെ ഇങ്ങേ തലക്കയ്ക്കല്‍ ഇങ്ങിനെ കേട്ടു.ഞമ്മളൊക്കെ വെറുതെ ആഖിറം (പരലോക ജീവിതം) പേടിച്ചു ദീനും (മതം)കൊണ്ട് നടന്നു ജീവിതം കളഞ്ഞു.

സിനിമാ നടന്‍ മമ്മൂട്ടി ഒരിക്കല്‍ സംവിധായകന്‍ ഹരികുമാറിനോട് ചോദിച്ചില്ലേ, എടോ ഹരികുമാറേ അയാളുടെ കൂടെ ഇപ്പോള്‍ എത്ര പെണ്ണുങ്ങളുണ്ടെന്ന്.എല്ലാവരും ജീവിക്കാന്‍ കൊതിച്ച ഒരു ജീവിതം ജീവിച്ച മനുഷ്യനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല. അതു കണ്ട് അസൂയ മൂത്തവര്‍ അദ്ദേഹത്തെ അരാജകവാദിയും കള്ളുകുടിയനും പെണ്ണുപിടിയനുമാക്കി. മലയാളിയുടെ സകല കാപട്യങ്ങള്‍ക്കും നെരെ സ്വന്തം ജീവിതം കൊണ്ടു കാര്‍ക്കിച്ചു തുപ്പിക്കൊണ്ടിരുന്ന വേറെ ഒരെഴുത്തുകാരനില്ല.

ഒരു കഥ പോലെ തന്നെ അദ്ദേഹം ആ ജീവിതം തുറന്നു പറഞ്ഞു കൊണ്ടിരുന്നു. മലയാളി ഉള്ളിലൊളിപ്പിച്ച മോഹങ്ങളുടെ ഒരു കുത്തൊഴുക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകളില്‍. മാധവിക്കുട്ടിയെ പോലെ പലപ്പോഴും അതില്‍ യാഥാര്‍ഥ്യവും ഭാവനയും കൂടിക്കുഴഞ്ഞു കൊണ്ടിരുന്നു. എന്റെ കഥയെ മാധവിക്കുട്ടി അവസാനകാലത്ത് നിരാകരിച്ച പോലെ നഷ്ടജാതകത്തിലെ ചില അധ്യായങ്ങളെ കുഞ്ഞബ്ദുള്ളയും നിരാകരിക്കുന്നുണ്ട്. അതു മുഴുവന്‍ നിങ്ങള്‍ അതുപോലെ എടുക്കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മദ്യപാനത്തെ കുറിച്ചോ രതിയെ കുറിച്ചോ ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരോടൊക്കെ ഒരു മറയുമില്ലാതെ അദ്ദേഹം സംസാരിച്ചു. കുപ്രസിദ്ധമായ ആ ടെലിവിഷന്‍ അഭിമുഖത്തിന്റെ ആദ്യ സംപ്രേഷണം ചാലപ്പുറത്തെ കാസാബ്ലാങ്കയിലെ ഫ്ലാറ്റിലിരുന്നാണ് കുഞ്ഞിക്ക കണ്ടത്. സ്വന്തം മറുപടികള്‍ കണ്ട് കുഞ്ഞിക്ക പൊട്ടിപ്പൊട്ടി ചിരിച്ചു.

കുറ്റ്യാടിയിലോ വടകരയിലോ ഒക്കെ തന്റെ മുഖഛായയുള്ള കുട്ടികളുണ്ടെന്നു കുഞ്ഞിക്ക ആ അഭിമുഖത്തില്‍ ഒരു ചോദ്യത്തിനു മറുപടി പറയുന്നുണ്ട്. അഭിമുഖത്തിനു വരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഐക്യു അളക്കുന്നതുപോലെയായിരിക്കും കുഞ്ഞിക്കയുടെ മറുപടികള്‍. കാമുകിയുടെ ഗര്‍ഭം ഒരു ഐപില്‍ ഗുളികയില്‍ ഉടച്ചു കളയുന്ന മലയാളി അതു കേട്ട് ചിരിക്കും. രഹസ്യ രതിയില്‍ ഗര്‍ഭം ധരിച്ച അന്യന്റെ ഭാര്യയെ അബോര്‍ഷനു വിധേയമാക്കുന്ന മലയാളി കൂടെച്ചിരിക്കും. അബോര്‍ഷനു പോലും കൂടെ പോകാതെ സഹപ്രവര്‍ത്തകയായ കാമുകിയുടെ മൊബൈല്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തു കളയുന്ന മലയാളി ആ കുട്ടച്ചിരിയില്‍ പങ്കുചേരും. അത്തരം മലയാളികള്‍ക്കുള്ള മറുപടിയാണ് ഓരോ അഭിമുഖകാരന്നും പുനത്തില്‍ കുഞ്ഞബ്ദുല്ല എന്ന മനുഷ്യന്‍ കൊടുത്തുകൊണ്ടിരുന്നത്.

കുഞ്ഞബ്ദുല്ല ഒരിക്കലും കാമുകിയെ വഴിയിലുപേക്ഷിച്ചു പോരുന്ന ആളല്ല.
കാസാബ്ലാങ്കയില്‍ അദ്ദേഹത്തോടൊപ്പം രാപ്പാര്‍ക്കുന്ന ദിവസങ്ങളില്‍, ചില പാതിരാ നേരങ്ങളില്‍ അദ്ദേഹം വന്നു എന്റെ വാതിലില്‍ മുട്ടും.എന്താണു കുഞ്ഞിക്കാ എന്നു ചോദിക്കുമ്ബോള്‍ കട്ടിലനടിയില്‍ നിന്നു ടിങ്കു കരയുന്നു, ഉറങ്ങാന്‍ പറ്റുന്നില്ലെന്നു പറയും. പിന്നെ അദ്ദേഹം കിടക്കില്ല. ഡൈനിങ് ഹാളിലെ എഴുത്തു മേശക്കകരികില്‍ വന്നിരിക്കും.

ടിങ്കു അദ്ദേഹത്തിന്റെ മകനാണ്. ടിങ്കുവിന്റെ കുട്ടിക്കാലം അദ്ദേഹത്തിന്റെ ഓര്‍മയെ വേദനിപ്പിക്കുന്നുണ്ടാകും. കസേരയില്‍ ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്ന അദ്ദേഹത്തിന്റെ മുഖത്തു നിന്നു ആ വേദന വായിച്ചെടുക്കാം.ടിങ്കു അലിഗഢിലെ മേരിക്കുണ്ടായ മകനാണ്. ടിങ്കുവിനെ പ്രസവിച്ച ഉടനെ രോഗം ബാധിച്ച്‌ മേരി മരിച്ചു പോയി. തന്റെ മുഖഛായയുള്ള ഒരു മകനെ അലിഗഢില്‍ ഉപേക്ഷിച്ചു കുഞ്ഞിക്കയ്ക്ക് മടങ്ങാമായിരുന്നു.

കുഞ്ഞിക്കയുടെ ഉപ്പ മമ്മു കറ കളഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു. പുരോഗമന ചിന്തകളുടെ ഉടമ. കുഞ്ഞബ്ദുല്ല വിവരമറിയിച്ചപ്പോള്‍ കുട്ടിയേയും കൊണ്ടു വരാനാണ് ഉപ്പ പറഞ്ഞത്. അതേക്കുറിച്ച്‌ ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍ എന്ന പുസ്തകത്തില്‍ കുഞ്ഞിക്കയുടെ സന്തത സഹചാരിയായിരുന്ന വടകരയിലെ ടി. രാജന്‍ എഴുതുന്നുണ്ട്.

'മേരി മരിച്ചപ്പോള്‍ ഒരു വയസ്സുപോലുമാകാത്ത കുഞ്ഞിനേയും കൊണ്ട് കുഞ്ഞബ്ദുല്ല തിരിച്ചു വരാന്‍ മമ്മുവാണ് പറഞ്ഞത്. അന്നു വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ കുഞ്ഞബ്ദുല്ല എന്തു ചെയ്യുമായിരുന്നുവെന്ന് മുകുന്ദന്‍ ചോദിക്കാറുണ്ട്. മേരിയുടെ ശവസംസ്‌കാരത്തിനു ശേഷമാണ് മുകുന്ദനു ഡല്‍ഹിയില്‍നിന്ന് അലിഗഢിലെത്താന്‍ കഴിഞ്ഞത്. മുകുന്ദന്‍ കയറിച്ചെല്ലുമ്ബോള്‍ ഫ്ലാറ്റില്‍ ഏകനായി പിഞ്ചു കുഞ്ഞിനെയുമെടുത്ത് ഇരിക്കുകയായിരുന്നു കുഞ്ഞബ്ദുല്ല. മുലപ്പാല്‍ തേടി ആ കുഞ്ഞ് നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു'.

ആ കരച്ചിലാകും ഏകാന്ത രാത്രികളില്‍ കുഞ്ഞിക്കയുടെ കാതില്‍ അലയടിക്കുന്നത്.
സമൂഹത്തോടും മാതാപിതാക്കളോടും ഒരു കടപ്പാടുമില്ലെന്ന പ്രസംഗത്തോടെയാണല്ലോ മലയാളിക്കാപട്യങ്ങള്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയെ വെറുക്കാന്‍ തുടങ്ങിയത്. ചങ്ങലയില്‍ കിടന്നു മരിച്ച ഉമ്മയെ കുറിച്ച്‌ പറയുമ്ബോഴെല്ലാം ആ മനസ്സ് വിങ്ങുന്നത് കണ്ടിട്ടുണ്ട്. ടിങ്കുവിനെ ഇരു കൈയും നീട്ടി സ്വീകരിച്ച ഉപ്പയെക്കുറിച്ചു പറയുമ്ബോഴും അദ്ദേഹം വികാരാധീനനാകുന്നതു കണ്ടിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ ആ പ്രസംഗം ഇങ്ങിനയായിരുന്നു:

'എനിക്ക് ആരോടും ഒരു കടപ്പാടുമില്ല. എന്റെ രക്ഷിതാക്കളോടു പോലും. എന്റെ രക്ഷിതാക്കന്മാര്‍ എന്നെ പോറ്റി വളര്‍ത്തുകയും എനിക്കു രോഗം വന്നപ്പോള്‍ എന്നെ ശുശ്രൂഷിക്കുകയും എനിക്കു ജ്ഞാനമുണ്ടാക്കാനായി ഏകാധ്യപക വിദ്യാലയത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഖുര്‍ആന്‍ വായിക്കാന്‍ പഠിപ്പിച്ചതും ഉപജീവന മാര്‍ഗം തേടാനായി എന്നെ കോളേജില്‍ അയച്ചു വിദ്യകളഭ്യസിപ്പിച്ചതും മറന്നു കൊണ്ടല്ല ഞാന്‍ സംസാരിക്കുന്നത്. എന്നെ ജനിപ്പിച്ചു എന്ന ഒരു മഹാപാപത്തിന്റെ പ്രായശ്ചിത്തമായാണ് അവര്‍ ഇത്രയും കാര്യങ്ങള്‍ കൊണ്ടു ചെയ്തു തീര്‍ത്തത്. എന്റെ ജനനം കൊണ്ടു മാത്രം അവരുടെ കടമ തീര്‍ന്നില്ല. ജനനം തുടങ്ങി എന്നെ പൂര്‍ണ മനുഷ്യനാക്കി വളര്‍ത്തിയെടുക്കുന്നതുവരെയുള്ള ദീര്‍ഘകാലത്തെ പരിശ്രമത്തിനും കഠിനാധ്വാനത്തിനും ഞാന്‍ നന്ദി രേഖപ്പെടുത്തേണ്ടതാണ്. പക്ഷേ, ഞാനതു ചെയ്യുന്നില്ല. കാരണം അതവരുടെ കടമയായിരുന്നു. എന്നെ ജനിപ്പിച്ചു എന്നതിന്റെ ശിക്ഷയായിരുന്നു.ആ പാപത്തിന്റെ ഭാരം പേറലായിരുന്നു.'

ആ പ്രസംഗം കപട സദാചാരക്കാരുടെ നെഞ്ചില്‍ കൊണ്ട കൂരമ്ബായിരുന്നു. രക്ഷിതാക്കളോട് യാതൊരു കടപ്പാടുമില്ലാത്ത ഒരു തലമുറ പിന്നീട് വളര്‍ന്നു വരുന്നത് മലയാളം കണ്ടു. മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന രക്ഷിതാക്കളുടെ എണ്ണം നാള്‍ക്കു നാള്‍ കൂടി വരികയാണെന്നു അദ്ദേഹം തന്നെ പിന്നീട് പുനത്തിലിന്റെ ബദല്‍ജീവിതം എന്ന പുസ്തകത്തില്‍ എഴുതി. 'അവര്‍ സ്‌നേഹരാഹിത്യത്തെകുറിച്ചു പ്രസംഗിക്കുന്നില്ലെങ്കിലും വാസ്തവം അതാണ്. അന്നു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഈ ജനറേഷനെ സംബന്ധിച്ചിടത്തോളം അക്ഷാര്‍ഥത്തില്‍ വാസ്തവമാണ്.'

ശരിയല്ലേ? 1974 ലായിരുന്നു കാസര്‍ക്കോട്ടെ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തില്‍ ആ പ്രസംഗം. പാപിയുടെ കഷായം എന്ന തലക്കെട്ടില്‍ ആ പ്രസംഗം പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. യഥാര്‍ഥത്തില്‍ പാപികളായ മലയാളികളുടെ നെറികേടുകള്‍ക്കുള്ള ഔഷധമായിരുന്നു ആ പ്രസംഗം. മാതാപിതാക്കളോട് ഒരു കടപ്പാടുമില്ലാത്ത മക്കള്‍ അവരെ വൃദ്ധസദനങ്ങളില്‍ അയക്കുന്നത് കേരളം കണ്ടുകൊണ്ടിരിക്കുന്നു. നഗരങ്ങളിലും നാട്ടുമ്ബുറങ്ങളിലും വര്‍ധിച്ചു വരുന്ന വൃദ്ധ സദനങ്ങള്‍ ഈ നെറികേടിനു സാക്ഷി.

ആ പ്രസംഗത്തിന്റെ പേരില്‍ പുനത്തില്‍ പില്‍ക്കാലത്ത് മാപ്പു ചോദിച്ചത് ഒരാളോട് മാത്രമാണ്. സ്വന്തം ഉമ്മയോട്. കാലില്‍ ചങ്ങലയുമായി ഇരുട്ടു മുറിയില്‍ കിടന്നു മരിച്ച ഉമ്മ എന്നും അദ്ദേഹത്തിന്റെ വേദനയായിരുന്നു. ഉമ്മയോടു ഒരു തരത്തിലുള്ള കമ്മിറ്റ്‌മെന്റും പ്രകടിപ്പിക്കാന്‍ തനിക്ക് അവസരമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അത്രയഗാധമായി ഉമ്മയെ സ്‌നേഹിച്ചിരുന്നേനെ എന്ന് പ്രിയപ്പെട്ട ഉമ്മയോട് മാപ്പു ചോദിച്ചു കൊണ്ട് അദ്ദേഹം ബദല്‍ജീവിതത്തില്‍ എഴുതി.
മാതൃഭൂമി പുരസ്‌കാരം ഏറ്റു വാങ്ങി അദ്ദേഹം നടത്തിയ പ്രഭാഷണത്തില്‍ നിറഞ്ഞു നിന്നത് ഉമ്മയായിരുന്നു. ഉമ്മയില്‍ നിന്നു കിട്ടാത്ത സ്‌നേഹമാണ് താന്‍ സ്ത്രീ സൗഹൃദങ്ങളില്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത് എന്നായിരുന്നു ആ പ്രസംഗത്തിന്റെ കാതല്‍. അത് സത്യമാകാം. പെണ്ണുങ്ങളെ അദ്ദേഹം അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പെണ്‍കഥാപാത്രങ്ങളെ ആരും പ്രണയിച്ചു പോകും. അതാണ് സക്കറിയ ഒരിക്കില്‍ പുനത്തിലിന് എഴുതിയത്.

'കുഞ്ഞബ്ദുള്ളേ, നിന്റെ പെണ്ണുങ്ങളെ പോലെ ഹൃദയ ദ്രവീകരണ ശക്തിയും ആസക്തി പൂര്‍ത്തീകരണ വൈഭവവമുള്ള, പെണ്ണ് എന്ന ജീവാംശം ഒരു മറയുമില്ലാതെ മന്ദഹസിച്ചു നില്‍ക്കുന്ന കഥാ പാത്രങ്ങളെ ഞാന്‍ അധികം അറിഞ്ഞിട്ടില്ല. എവിടെനിന്നാണ് നീ അവരുടെ മാതൃകകളെ കണ്ടെത്തുന്നത്? അതേ, നിന്റെയുള്ളിലുള്ള ഒരു ഗര്‍ഭപാത്രത്തിലോ, മൂശയിലോ ഒരു പെണ്‍കുലം ഒളിച്ചിരിപ്പുണ്ടോ? എനിക്കു തോന്നുന്നത് സ്‌നേഹിക്കുന്ന ഹൃദയമുള്ളിടത്ത് നല്ലവരായ പെണ്ണുങ്ങളും വന്നു ചേരുമെന്നാണ്. നിന്റെ കഥകളിലേക്ക് അവര്‍ ഹൃദയപൂര്‍വം വന്നു ചേരുന്നത് കാണുമ്ബോള്‍ ഞാന്‍ അസൂയ കൊണ്ട് വിഷമിക്കുന്നു. എനിക്കാരുമില്ലല്ലോ' (സക്കറിയ).

അതുകൊണ്ടു തന്നെയാണ്, സൈക്കിള്‍ സവാരിയിലെ ലഖ്‌നോക്കാരി സുന്ദരി തന്‍വീറിനെ തനിക്കു കല്യാണം കഴിച്ചു തരുമോ എന്നു കാക്കനാടന്‍ പുനത്തിലിനെ വിളിച്ചു ചോദിച്ചത്. ആദ്യ ദര്‍ശനത്തില്‍ തന്നെ തനിക്കു പ്രണയം തോന്നിയ, നീണ്ടു പയറുവള്ളി പൊലീരുന്ന പെണ്‍ുകുട്ടിയെന്നാണ് തന്‍വീറിനെ കുറിച്ച്‌ സൈക്കിള്‍ സവാരിയില്‍ എഴുതുന്നത്. അവളുടെ കൈത്തണ്ടയ്ക്ക് വാഴക്കാമ്ബിന്റെ നിറവും ആകൃതിയുമാണ്. ദേവകന്യകയാണ് അവള്‍. അതു കൊണ്ട് അവള്‍ കയറുമ്ബോള്‍ എന്റെ സൈക്കിളിന് ഭാരമില്ലെന്ന് പുനത്തില്‍ എഴുതുമ്ബോള്‍ സാക്ഷാല്‍ കാക്കനാടന്‍ പോലും അവളെ പ്രണയിച്ചു പോകുന്നു.

അരാജകവാദി എന്നു നമ്മള്‍ വിളിച്ചപ്പോഴും അരാജകവാദിയായി അദ്ദേഹം സ്വയം അഭിനയിച്ചപ്പോഴും ഡോ. പുനത്തില്‍ ഒരു പച്ച മനുഷ്യനായിരുന്നു. കുടുംബം ഉപേക്ഷിച്ചവന്‍ എന്നും നമ്മള്‍ അദ്ദേഹത്തെ കുറിച്ചു വിചാരിക്കുന്നു. കുടുംബം അദ്ദേഹത്തിനു എന്നും പ്രിയപ്പെട്ടതായിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മക്കളാണെന്നു അദ്ദേഹം പറയും. എവിടെയും അടങ്ങി നില്‍ക്കാന്‍ കഴിയാത്ത ഒരു കുട്ടി അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. അതുകൊണ്ടാകാം, അദ്ദേഹം അവസാന കാലത്ത് ഒറ്റയ്ക്കു ജീവിക്കാന്‍ തീരുമാനിച്ചത്. കുടുംബം വിട്ടോടിപ്പാകാന്‍ കൊതിക്കുന്ന മലയാളിയുടെ മറ്റൊരു രൂപം അദ്ദേഹം കാണിച്ചു തന്നു. കുടുംബം എന്ന ഇന്‍സ്റ്റിറ്റിയൂഷന്‍ മനുഷ്യന്റെ സര്‍ഗ്ഗാത്മകക്ക് തന്നെ തടസ്സമാണെന്ന പുതിയ വാദങ്ങളെക്കുറിച്ച ചോദ്യത്തിനു അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു. ഒരെഴുത്തുകാരനായി ഞാന്‍ ജീവിച്ച പത്ത് മുപ്പതു കൊല്ലം എന്റ ഭാര്യയെ കെട്ടിപ്പിടിച്ചാണ് ഞാനുറങ്ങിയത്. എന്നിട്ടെന്തു കുഴപ്പമാണ് എന്റെ സര്‍ഗ്ഗാത്മമതക്ക് സംഭവിച്ചത്.

കോഴിക്കോട്ടെ ചാലപ്പുറത്ത് കാസാബ്ലാങ്കയില്‍ ഒറ്റയ്ക്ക് ജീവിതം ആരംഭിച്ച കാലത്താണ് ഞാന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന വലിയ എഴുത്തുകാരനെ അടുത്തറിയുന്നത്. ഏകാന്തതയെ അദ്ദേഹം ചിലപ്പോഴൊക്കെ ഭയപ്പെട്ടിരുന്നു. അങ്ങിനെയുള്ള ചില ദിവസങ്ങളില്‍ വീട്ടില്‍ പോകാന്‍ അനുവദിക്കാതെ എന്നെ അവിടെ തന്നെ പാര്‍പ്പിക്കും. ഇടക്ക് ചില കേട്ടെഴുത്തുകളുണ്ടാകും. എനിക്ക് അല്‍ഭുതമായിരുന്നു ആ ബന്ധം. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിച്ചു അല്‍ഭുതം കൂറി നിന്ന ഒരു വായനക്കാരനാണ് ഞാന്‍. ആ വാക്കുകള്‍ വരുന്ന വഴി നേരിട്ട് അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച നാളുകളായിരുന്നു അത്.
വടകര വിട്ടു കോഴിക്കോട്ടേക്ക് വന്നെങ്കിലും മനസ്സു നിറയെ കാരക്കാടും മടപ്പള്ളിയും മാച്ചിനാരിക്കുന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. അഞ്ചാം നിലയിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കവെ ഒരു പുലര്‍ക്കാലത്ത് അദ്ദേഹം പറഞ്ഞു:

'ഈ ബാല്‍ക്കണിയില്‍ നിന്നു നോക്കുമ്ബോഴാണ് മരങ്ങളുടെ ഒരു സുഖം അറിയുന്നത്. മാച്ചനാരിക്കുന്നിനു താഴെ, നാട്ടിലെ തറവാട്ടിനു ചുറ്റും പല പല മരങ്ങളുണ്ടായിരുന്നു. കാടു തന്നെ. കാട് വിരിച്ചിട്ട ഇരുട്ടിലൂടെയായിരുന്നു കുട്ടിക്കാലം കളിച്ചതും വളര്‍ന്നതും. ഒരു മരം മുറിക്കുമ്ബോള്‍ അന്നു വലിയ സന്തോഷമായിരുന്നു. ആ മരം ഒഴിഞ്ഞു പോയ വിടവിലൂടെയാണ് സൂര്യന്‍ ഇറങ്ങി വരിക. ആ വെളിച്ചം കാണാലോ എന്നായിരുന്നു അന്നത്തെ സന്തോഷം. ഇവിടെ നില്‍ക്കുമ്ബോള്‍ മാച്ചനാരിക്കുന്നിന് മുകളില്‍ നിന്ന് ദൂരേക്ക് നോക്കുന്ന ഒരു സുഖമുണ്ട്. അവിടുന്നു നോക്കിയാല്‍ പടിഞ്ഞാറ് അറബിക്കടലും വെള്ളിയാങ്കല്ലും കാണും.'

ആരുമില്ലാത്തപ്പോള്‍ വീട്ടില്‍ ആരൊക്കെയോ ഉണ്ടെന്നു തോന്നാന്‍ അദ്ദേഹം റേഡിയോ ഓണ്‍ ചെയ്തു വെയ്ക്കും. എഴുപത്തിനാലു വയസ്സുള്ള ഒരു പുരുഷന്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഒരിടമാണെന്ന് തൊന്നിപ്പിക്കുന്ന ഒരു അടയാളമോശവും അവിടെയുണ്ടായിരുന്നില്ല. അത്രയക്ക് അടുക്കും ചിട്ടയും ശുചിത്വവുമുണ്ടായിരുന്നു. പഴയ പത്രങ്ങള്‍ അടുക്കി വെച്ച തട്ടിനും പുസ്തകങ്ങള്‍ അടുക്കി വെച്ച മേശക്കും അലമാരകള്‍ക്കും പുനത്തിലിന്റെ എഴുത്തുപോലെ മനോഹരമായ ഒരു ചിട്ടയുണ്ട്. ഒരു പത്രമോ പുസ്തകമോ നിശ്ചിത സ്ഥാനത്തുനിന്ന് ഒരു കടുകുമണി വ്യത്യാസത്തില്‍ പോലും ഭ്രംശപ്പെടുന്നില്ല.

പണിക്കു വരുന്ന ലീലക്ക് അദ്ദേഹത്തിന്റെ അടുക്കളയില്‍ കാര്യമായി പണിയൊന്നുമുണ്ടാകില്ല. ഒരു പെണ്ണ് ഭരിക്കുന്ന അടുക്കളക്കു പോലും ഇത്ര അടുക്കും ചിട്ടയും ശുചിത്വവുമുണ്ടാകില്ല. ഒരു തുള്ളി വെള്ളം പോലും തുള്ളിത്തെറിച്ച്‌ ഒരിടത്തും വീണു കിടക്കുന്നില്ല. ഒരു പാത്രം പോലും എച്ചിലുണങ്ങി കെട്ട മണം പരത്തുന്നില്ല. അടുക്കള കണ്ണാടി പോലെ ഇരിക്കണം എന്നാലേ ആ ദിവസത്തിന് ഒരു ഐശ്വര്യമുണ്ടാകൂ എന്ന് അദ്ദേഹം പറയും. ഞാന്‍ കഴിച്ച പാത്രങ്ങള്‍ പോലും എന്നെ കഴുകാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. ഒരു ദിവസം വൈകുന്നേരം കുഞ്ഞിക്ക വിളിച്ചു. ഇന്നു നേരത്തെ വരണമെന്നു പറഞ്ഞു. അന്നു വരില്ലെന്നു പറഞ്ഞു രാവിലെ ഫ്ലാറ്റില്‍ നിന്നിറങ്ങിയതായിരുന്നു ഞാന്‍. എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ വന്നിട്ടു പറയാമെന്നായിരുന്നു മറുപടി.

പത്തു നാല്‍പതുകൊല്ലം ഒന്നിച്ചു കിടന്നുറങ്ങിയ എന്റെ ഹലീമ ഇന്നത്തോടെ എന്റെ ആരുമല്ലാതായി.. വാതില്‍ തുറന്നു അകത്തേക്ക് കയറുമ്ബോള്‍ ഒരു മുഖവുരയുമില്ലാതെ അദ്ദേഹം പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. പത്തു വര്‍ഷമായി അവര്‍ തമ്മില്‍ കണ്ടിട്ടില്ലെന്നതു സത്യമാണ്. പക്ഷേ, അവരെ കുറിച്ചു സ്‌നേഹത്തോടെയല്ലാതെ സംസാരിച്ചിട്ടില്ല. നമുക്ക് ഒരു ദിവസം ഹലീമയുടെ അടുത്തു പോകണം, അവരുടെ തറവാട്ടില്‍ പോകണം എന്ന് ഇടക്കിടെ പറയുമായിരുന്നു. ഒരു വിവാഹ മോചനം കുഞ്ഞിക്ക ആഗ്രഹിച്ചിരുന്നില്ല. ഹലീമത്തയും ആഗ്രഹിച്ചിരുന്നില്ല. ആഗ്രഹിച്ചിരുന്നെങ്കില്‍ എത്രയോ മുമ്ബേ ആകാമായിരുന്നു.

ടിങ്കുവുമായി നാട്ടിലെത്തിയപ്പോഴായിരുന്നു ആദ്യ അവസരം. കാരണവന്മാര്‍ അന്നു മയ്യന്നൂരിലെ ഹലീമത്തയുടെ തറവാട്ടില്‍ യോഗം ചേര്‍ന്നതാണ്. അന്യനാട്ടില്‍ നിന്നു അന്യ മതക്കാരിയായ സ്ത്രീയില്‍ പിറന്ന മകനുമായി വന്ന മരുമകനെ വേണ്ടെന്ന് അവര്‍ തീരുമാനിച്ചു. അപ്പോള്‍ കുഞ്ഞിക്കയുടെ ഉപ്പ പറഞ്ഞു:പൂമുഖത്തിരുന്നു നമ്മള്‍ തീരുമാനിച്ചാല്‍ പോരല്ലോ. ഹലീമയെ വിളിക്ക്. അവള്‍ പറയട്ടെ.
ഉപ്പയുടെ മടിയിലിരുന്ന കൈക്കുഞ്ഞിനെ കയ്യിലെടുത്തു ഹലീമത്ത പറഞ്ഞു.
ഞാന്‍ സ്വാമിയുടെ കൂടെ പോകുകയാണ്.(സ്വാമി എന്നാണ് കുഞ്ഞിക്കയെ ഹലീമത്ത വിളിച്ചിരുന്നത്.)

പുനത്തില്‍ ഹിന്ദു മതം സ്വീകരിച്ചു എന്ന വാര്‍ത്ത പ്രചരിച്ചപ്പോഴായിരുന്നു രണ്ടാമത്തെ അവസരം. അന്നും കാരണവന്മാര്‍ യോഗം കൂടി. ഇസ്ലാമില്‍ നിന്നു പുറത്തായതോടെ വിവാഹ ബന്ധം നിലനില്‍ക്കില്ലെന്നായിരുന്നു അവരുടെ ന്യായം. പക്ഷേ, അന്നും ഹലീമത്ത സ്വാമിയോടൊപ്പം നിന്നു. സ്വാമീ, ങ്ങള് മതം മാറ്വാണെങ്കില്‍ എന്നെയും കുട്ടീറ്റ് മാറണേ.. അല്ലേല് നമ്മള് വേറെ വേറെയായിപ്പോകും എന്നായിരുന്നുവത്രെ ഹലീമത്ത പറഞ്ഞത്.മതംമാറ്റം മീഡിയ സൃഷ്ടിച്ച ഒരു സെന്‍സേഷന്‍ മാത്രമായിരുന്നുവെന്ന് പിന്നീട് അദ്ദേഹം പറയുകയുണ്ടായി.

ഇന്നു എന്താകും സംഭവിച്ചത്?ഒരു അഭിമുഖത്തില്‍ മൃതദേഹം ദഹിപ്പിച്ചു പുഴയിലൊഴുക്കണമെന്നു പറഞ്ഞതാണ് പുതിയ സംഭവം. അങ്ങിനെ പറയുന്നവന്‍ ഇസ്ലാമില്‍ നിന്നു പുറത്തായെന്നു പറഞ്ഞാണ് അവര്‍ വന്നത്. അവര്‍ കൊണ്ടുവന്ന പേപ്പറില്‍ ഞാന്‍ ഒപ്പിട്ടു കൊടുത്തു.അതു പറഞ്ഞുകൊണ്ടാണ് അദ്ദേഹം അകത്തേക്ക് പോയത്. പോകുമ്ബോള്‍ പിന്നെയും അദ്ദേഹം ആ വാക്കുകള്‍ ആവര്‍ത്തിച്ചു.
പത്ത് നാല്‍പത് വര്‍ഷം ഒന്നിച്ചു കിടന്നുറങ്ങിയ അവള്‍ ഇന്ന് എന്റെ ആരുമല്ലാതായി.
അന്നു രാത്രി അദ്ദേഹം ഉറങ്ങിയില്ല. തൊട്ടടുത്ത ദിവസം അദ്ദേഹത്തോട് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ചോദ്യമുണ്ടായി.

വിവാഹ മോചനത്തില്‍ താങ്കള്‍ക്ക് ദുഃഖമില്ലേ?എനിക്കെന്തു ദുഃഖമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ മറുപടി കേട്ടും മലയാളി ചിരിക്കുകയോ മൂക്കത്തു വിരല്‍ വെയ്ക്കുകയോ ചെയ്തു. ഇയാളിതെന്തു മനുഷ്യനാണെന്നു അദ്ദേഹത്തെ കൊഞ്ഞനം കുത്തി.ഒറ്റയ്ക്കു ഫ്ലാറ്റില്‍ കഴിയുന്ന കാലത്ത് ഒരു പെരുന്നാളിനു കുഞ്ഞിക്കയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ അനുഭവം എ.കെ. അബ്ദുല്‍ ഹക്കീം പങ്കുവെച്ചിട്ടുണ്ട്. അന്നു ചോറു വിളമ്ബിക്കൊടുത്ത ഹക്കീമിന്റെ ഭാര്യയുടെ കൈ പിടിച്ചു കുഞ്ഞിക്ക തേങ്ങിക്കരയുകയായിരുന്നു. സ്വന്തം കുടുംബത്തിലെ നോമ്ബുകാലങ്ങളും പെരുന്നാള്‍ കാലവും അദ്ദേഹത്തിന്റെ ഓര്‍മകളിലേക്ക് വന്നു കാണണം. അരാജകവാദിയെന്നും കള്ളുകുടിയനെന്നും പെണ്ണുപിടിയനെന്നും മലയാളി വിശ്വസിച്ചു വെച്ച ആ മനുഷ്യന്‍ കുടുംബത്തെ ഒരു പാട് മിസ് ചെയ്യുന്ന പച്ച മലയാളിയായി മാറുകയായിരുന്നു അപ്പോള്‍.

ഏകാന്തതയേക്കാള്‍ ഏറെ വാര്‍ധക്യമാണ് അദ്ദേഹത്തെ ഭയപ്പെടുത്തിയിരുന്നത്. എഴുപതു വയസ്സു കഴിഞ്ഞവരെ വെടിവെച്ചു കൊല്ലണമെന്ന് അദ്ദേഹം ഏകാന്ത വൃദ്ധന്‍ എന്ന ലേഖനത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) പറയുകയുണ്ടായി. സ്വയം ആഹാരം പാചകം ചെയ്തു കഴിക്കുന്ന അദ്ദേഹം ഒരു ചായ കട്ടിലിലേക്ക് കൊണ്ടു വരേണ്ടി വരുന്ന അവസ്ഥയെ ഭയപ്പെട്ടിരുന്നു. പക്ഷേ, കുറച്ചു കാലമെങ്കിലും അദ്ദേഹം ഭയപ്പെട്ട ആ അവസ്ഥയില്‍ അദ്ദേഹത്തിനു കിടക്കേണ്ടി വന്നു. പണിക്കര്‍ റോഡിലെ പുതിയ വീട്ടിലേക്ക് അനുജന്‍ ഇസ്മായില്‍ വിളിച്ചപ്പോഴൊക്കെ പോകാതിരിക്കാനാണ് ഞാന്‍ ശ്രദ്ധിച്ചത്. ആ നിലയില്‍ അദ്ദേഹത്തെ കാണാന്‍ കഴിയില്ലായിരുന്നു. അല്ലെങ്കിലും രോഗക്കിടക്കയില്‍ കാണാന്‍ വരുന്നത് അദ്ദേഹത്തിനു ഇഷ്ടമില്ലായിരുന്നു.

അസുഖത്തിന്റെ ആദ്യ നാളുകളില്‍ മകളുടെ വീട്ടില്‍ കഴിയവെ ഒരിക്കല്‍ ഞാന്‍ വിളിച്ചു. ഞാന്‍ രോഗിയാണ്. സന്ദര്‍ശകനായി വന്നു ശല്യം ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്കിലും പ്രിയപ്പെട്ടവരുടെ വരവും പോക്കും രോഗക്കിടക്കയില്‍ അദ്ദേഹത്തിനു വലിയ ഊര്‍ജമായിരുന്നുവെന്നു ഇസ്മായിലും മരുമകന്‍ ജലീലും ഇടക്ക് പറയും.യാ അയ്യുഹന്നാസ് എന്ന നോവലെഴുതാന്‍ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. കാരക്കാടു തന്നെയാരുന്നു ആ നോവലിന്റെയും പശ്ചാത്തലം. കാരക്കാട് റെയില്‍വേ സ്റ്റേഷനില്‍ സിമന്റ ബെഞ്ചിലിരിക്കുന്ന തൊണ്ണൂറു കഴിഞ്ഞ തന്റെ അദ്ധ്യാപകനെ കണ്ടുമുട്ടുന്നേടത്തായിരുന്നു നോവലിന്റെ തുടക്കം. ബാക്കി പറയാമെന്നു പലവട്ടം പറഞ്ഞെങ്കിലും ആ കഥ ബാക്കി വെച്ചു അദ്ദേഹം പോയി. ആത്മകഥയെഴുതണമെന്ന ആഗ്രഹവും നടന്നില്ല. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിരുന്നു. ആരോടും പറയാത്ത ഒരു പാട് കാര്യങ്ങളുണ്ട്. അതൊക്കെ എഴുതണമെന്നും പറഞ്ഞിരുന്നു.

അറിഞ്ഞതൊന്നുമായിരുന്നില്ല കുഞ്ഞിക്ക. ഇനിയും ഏറെ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നു. പക്ഷേ, അതൊന്നും ആരോടും പറയാതെ അദ്ദേഹം പോയി. മരിച്ചു കിടക്കുമ്ബോള്‍ മലയാളിയെ പറ്റിച്ചുവെന്ന ഒരു കള്ളച്ചിരി ആ ചുവന്ന ചുണ്ടുകളിലുണ്ടായിരുന്നുവോ?

മൃതദേഹം ദഹിപ്പിക്കണമെന്നോ പുഴയിലൊഴുക്കണെമന്നോ എന്നതൊന്നും അദ്ദേഹത്തിന്റെ ആഗ്രഹമോ വസിയ്യത്തോ ആയിരുന്നില്ല. ആരോടൊക്കെയോ പ്രതിഷേധിക്കാന്‍ പലപ്പോഴായി അദ്ദേഹം അങ്ങിനെ പലതും പറഞ്ഞിട്ടുണ്ട്. കൃത്യമായ നിലപാടുകളോടെ, ഏകമുഖത്തോടെ ഏക ജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹം. മാച്ചിനാരിക്കുന്നിന്റെ താഴ്‌വരയില്‍, കടലിനോട് ചേര്‍ന്ന കാരക്കാട്ടെ പള്ളിപ്പറമ്ബില്‍ അല്ലാതെ അദ്ദേഹത്തിനു മറ്റെവിടെയും അന്തിയുറങ്ങാന്‍ സാധിക്കില്ല. തന്റെ പ്രിയപ്പെട്ടവരൊക്കെ അന്തിയുറങ്ങുന്ന സ്ഥലം മാത്രമല്ല അത്. മലയാളിക്ക് അദ്ദേഹം സമ്മാനിച്ച ഒരുപാട് കഥാപാത്രങ്ങളുടെ കൂടി ഭൂമിയാണിത്. ഇച്ചാച്ച പറഞ്ഞു കൊടുത്ത കഥകളില്‍ പള്ളിക്കാട്ടിലെ ജിന്നുകളും ഇഫ് രീത്തുകളും പരേതാത്മാക്കളുമുണ്ട്. പള്ളിക്കാട്ടിലേക്ക് മയ്യിത്തുകട്ടിലിനു പിന്നാലെ വലിയ ആള്‍ക്കൂട്ടത്തിനൊപ്പം നടക്കുമ്ബോള്‍ കുഞ്ഞിക്ക ആദ്യമായി ഈ ദേവാലയത്തിലേക്ക് ഒറ്റയ്ക്ക് നടന്നു പോയ രംഗം ഓര്‍മയിലെത്തി. അതേക്കുറിച്ച്‌ അദ്ദേഹം എഴുതിയിട്ടുണ്ട്:

'ഒരു ദിവസം ഞാന്‍ തനിച്ച്‌ ആ ദേവാലയത്തിനടുത്തേക്ക് നടന്നു പോയി. ഒരു വനത്തിനുള്ളില്‍ ദേവാലയം ഞെരുങ്ങിക്കിടക്കുന്നതുപോലെ എനിക്കു തോന്നി. ശക്തമായ കാറ്റിലും മഴയിലും ചുമരുകളില്‍ തേച്ചു പിടിപ്പിച്ച പച്ചച്ചായം അവിടവിടെ മാഞ്ഞുപേയിരിക്കുന്നു.

ദേവാലയത്തിന്റെ കിഴക്കുഭാഗത്തുള്ള വലിയ കുളത്തിന്റെ പടവുകളില്‍ ഭക്തന്മാര്‍ ഇരിക്കുന്നു. ചിലര്‍ രണ്ടു കൈകൊണ്ടും വെള്ളം കോരിയെടുത്തു അംഗ ശുദ്ധി വരുത്തുന്നു. ചിലര്‍ പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ ചിന്തകളില്‍ ആമഗ്നരായിരിക്കുന്നു. കുളത്തിലെ വെള്ളം ഇരുണ്ടിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്മരങ്ങള്‍ ചുറ്റും ഇരുട്ടു പരത്തിയിരിക്കുന്നു. അവ കാവല്‍ക്കാരെപോലെ നിലകൊള്ളുകയാണ്. നിബിഡമായ വൃക്ഷത്തലപ്പുകള്‍ക്കു മേലേ ആകാശം വെളുത്തു നരച്ചു കിടക്കുന്നു. കുറച്ചകലെ കുട്ടികളുടെ കുഴിമാടങ്ങള്‍ കണ്ടു. ഒന്നിനരികെ ഒരു വൃദ്ധന്‍ കരഞ്ഞു കൊണ്ടു നില്‍ക്കുന്നു. അന്നു രാത്രിയും ഞാന്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു ഭയന്നു നിലവിളിച്ചു. ചാച്ച എന്നെ സാന്ത്വനിപ്പിച്ചു. ഇനിയൊരിക്കലും അവിടെ പോകരുതെന്നും അത് പരേതാത്മാക്കള്‍ കുടികൊള്ളുന്ന ജാറമാണെന്നും എനിക്കു പറഞ്ഞു തന്നു.' ആ പരേതാത്മാക്കള്‍ക്കൊപ്പം അവരുടെ പ്രിയപ്പെട്ട ഒരാള്‍കൂടി.

റഫറന്‍സ്

1. നഷ്ടജാതകം -പുനത്തില്‍ കുഞ്ഞബ്ദുള്ള
2. അനുഭവം ഓര്‍മ യാത്ര -പുനത്തില്‍ കുഞ്ഞബ്ദുള്ള
3.ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍ -എഡിറ്റര്‍എ.കെ. അബ്ദുല്‍ ഹക്കീം
4. അരാജകവാദിയുടെ ആത്മഭാഷണങ്ങള്‍ -എ.കെ. അബ്്ദുല്‍ ഹക്കീം
5. പുനത്തിലിന്റെ ബദല്‍ ജീവിതം -താഹാ മാടായി

(മാധ്യമം ആഴ്ചപ്പതിപ്പില്‍ 2017ല്‍ പ്രസിദ്ധീകരിച്ചത് )

P T Muhammad sadhik note about mammooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES