മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച നടന്‍ ഹരീഷ് പേരടിക്ക് പുരോഗമന കലാസാഹിത്യ സംഘം വിലക്കേര്‍പ്പെടുത്തിയതിലെ 'പുരോഗമന ചിന്ത' ചോദ്യം ചെയ്യപ്പെടുകയാണ്.
ഒരു വശത്ത് മുഖ്യമന്ത്രിയെ പിന്തുണച്ചു കൊണ്ട് പരിപാടികള്‍ നടത്തുന്ന പു ക സ ഹരീഷ് പേരടിക്ക് അവരുടെ വേദിയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. നിരന്തരമായി മുഖ്യമന്ത്രിയെയും പിണറായിയെയും വിമര്‍ശിച്ചതാണ് ഹരീഷിനെ വിലക്കാന്‍ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്തരിച്ച നാടക സംവിധായകന്‍ എ ശാന്തന്റെ അനുസ്മരണച്ചടങ്ങിലാണ് ഹരീഷ് പേരടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അതിനിടെ, പു ക സ മുഖ്യമന്ത്രിക്ക് എതിരായ വലതുപക്ഷ ഗൂഢാലോചനയ്ക്ക് എതിരെ സംസ്‌കാരിക പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് നടന്‍ ഹരീഷ് പേരടിയെ ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയതില്‍ വിശദീകരണവുമായി പു.ക.സ. രംഗത്തെത്തി. ഹരീഷ് പേരടിയെ ഒഴിവാക്കിയത് മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും അധിക്ഷേപിച്ചതിനാലാണെന്നാണ് പു.ക.സ.യുടെ മറുപടി. വലതുപക്ഷ ഗൂഢാലോചനയ്ക്ക് ഒപ്പം നില്‍ക്കുന്ന തരത്തില്‍ ഹരീഷ് പേരടി പ്രതികരിച്ചു. കറുത്ത മാസ്‌ക് സംബന്ധിച്ച ഹരീഷ് പേരടിയുടെ പോസ്റ്റും തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു. ചടങ്ങില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ഹരീഷിനെ അറിയിക്കാന്‍ വൈകിപോയെന്ന് ഹേമന്ദ് പറഞ്ഞു. അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയതില്‍ പിഴവുപറ്റി. അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഹരീഷ് പേരടി പങ്കെടുത്താല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പു.ക.സ. കോഴിക്കോട് ജില്ലാ സെക്രട്ടറി യു.ഹേമന്ദ് കുമാര്‍ പ്രതികരിച്ചു.
പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം തന്നെ ഒഴിവാക്കിയെന്ന് നടന്‍ ഹരീഷ് പേരടി ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. ഹരീഷ് പേരടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. സര്‍ക്കാരിനെ വിമര്‍ശിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതാണ് തന്നെ ഒഴിവാക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നാടക സംവിധായകന്‍ എ.ശാന്തന്‍ അനുസ്മരണ പരിപാടിയിലാണ് ഹരീഷിന് വിലക്കേര്‍പ്പെടുത്തിയത്.
അതേസമയം, എ. ശാന്തന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് നടന്‍ ഹരീഷ് പേരടിയെ ഒഴിവാക്കിയ സംഭവത്തില്‍ മാപ്പ് ചോദിച്ച് പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ രംഗത്തെത്തി. പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു കലാകാരനെ ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്യുന്നത് തെറ്റാണ്. അത്തരമൊരു സാഹചര്യമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു. ഹരീഷ് പേരടിയോട് നിര്‍വ്യാജം മാപ്പു ചോദിക്കുന്നു എന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഹരീഷ് പേരടിയെ ഒഴിവാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും രാജ്യത്ത് ഇല്ലാത്തതു കൊണ്ട് ഇതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. ജനവിരുദ്ധമായി തീര്‍ന്ന ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ജനകീയ ബദല്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളത്. ഈ ജനകീയ സര്‍ക്കാര്‍ രാജ്യം മുഴുവനുമുള്ള ജനാധിപത്യവാദികളുടേയും അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടേയും വലിയ പ്രതീക്ഷയാണ്. അതുപോലെ തന്നെ വര്‍ഗ്ഗീയ ഭീകര കേന്ദ്രഭരണകൂടത്തിന്റെ കണ്ണിലെ കരടുമാണ്. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരിനൊപ്പം പു ക സ ഇപ്പോള്‍ നിലയുറപ്പിക്കുന്നു.
ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളേയും നേതാക്കളേയും അവയുടെ നേതൃത്തത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളേയും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സ് നേതാക്കളായ സോണിയാ ഗാന്ധിക്കും. രാഹുല്‍ ഗാന്ധിക്കും എതിരായുള്ള നീക്കം അതിന്റെ ഭാഗമാണ്. ഇന്ത്യയിലെ പ്രതിപക്ഷനിരയിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവും കേരള മുഖ്യമന്ത്രിയുമായ സഖാവ് പിണറായി വിജയനെതിരായ വേട്ട തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പല തവണ പരാജയപ്പെട്ടിട്ടും ലജ്ജയില്ലാതെ ആ പ്രവര്‍ത്തനം അവര്‍ തുടരുന്നു. അതുകൊണ്ട് ആര്‍.എസ്.എസ്. സംവിധാനം ചെയ്യുന്ന ഇത്തരം നീക്കങ്ങളെ ന്യായീകരിക്കുന്നവരുമായി സഹകരിക്കാന്‍ പു ക സ ക്ക് തല്‍ക്കാലം നിവര്‍ത്തിയില്ല എന്ന വിവരം ഖേദത്തോടെ അറിയിക്കുന്നുവെന്നും എന്നാല്‍ അത് ഹരീഷ് പേരടിയെ ഉദ്ദശിച്ചല്ലെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.