കോണ്‍ഗ്രസ് മാറിയില്ലെങ്കില്‍......
കേ രളത്തിലെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കെ. കരുണാകരനും ഇഎംഎസ് നമ്ബൂതിരിപ്പാടും 1980 കളുടെ ആദ്യം രൂപീകരിച്ച ദ്വന്ദ രാഷ്ട്രീയ അവിയല്‍ ചേരികളിലധിഷ്ഠിതമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അന്ന് മുതല്‍ യു ഡി എഫ് /എല്‍ ഡി എഫ് എന്ന ദ്വന്ദ രാഷ്ട്രീയ ബലാബലങ്ങളിലായിരുന്നു.
അതു ഇന്ത്യയൊട്ടാകെ അടിയന്തരാവാസ്ഥക്ക് ശേഷം 1977- മുതല്‍ 1982 വരെയുണ്ടായിരുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കൂടെയാണ് മനസ്സിലാക്കണ്ടത്. അന്ന് ഇടതുപക്ഷം മൂന്നു സംസ്ഥാനങ്ങളില്‍ ഭരണ അധികാരവും പാര്‍ലമെന്റില്‍ ഗണ്യമായ ശക്തിയും. അടിയന്തരാവസ്ഥയുടെ ശേഷം കൊണ്‍ഗ്രസ്സ് ഉയിര്‍ത്തെഴുന്നേറ്റ കാലം. അന്ന് 1982ല്‍ തുടങ്ങി 2 ലോകസഭ സീറ്റില്‍ തുടങ്ങിയതാണ് ബി ജെപി.എന്നാല്‍ ഇന്ന് സ്ഥിതി പാടെമാറി. ഇന്ന് കൊണ്‍ഗ്രസ് ലോക്സഭയില്‍ പത്തു ശതമാനത്തില്‍ താഴെ സീറ്റും 20% താഴെ വോട്ടുമുള്ള പാര്‍ട്ടി. ആന്തരിക പ്രതിസന്ധികളിലും ബാഹ്യ രാഷ്ട്രീയ പ്രതിസന്ധിയിലും പെട്ട് രാഷ്ട്രീയ നടുക്കടലില്‍ ഉഴറുന്ന കപ്പലിന്റെ അവസ്ഥയിലാണ്.
അന്നത്തെ ഇടതുപക്ഷം ഇന്ന് പ്രത്യയശാസ്ത്ര പ്രതിസന്ധിയിലാണ്, രാഷ്ട്രീയ പ്രസക്തി കേരളത്തില്‍ മാത്രമായ അവസ്ഥ. ദേശീയപാര്‍ട്ടി എന്ന പദവി പോലും പോകുന്ന അവസ്ഥ. പാര്‍ലമെന്റില്‍ പേരിന് മാത്രം. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വളരെ വ്യത്യസ്തമാണ്. കേരളത്തില്‍ ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളും സജീവ അഭിമുഖ്യമുള്ളവരും കുറഞ്ഞു കൊണ്ടിരിക്കുന്നു. അതില്‍ തന്നെ 1990 കള്‍ക്ക് ശേഷം ജനിച്ച ഭൂരിപക്ഷമാളുകളും രാഷ്ട്രീയ പാര്‍ട്ടി ലോയല്‍റ്റിക്ക് വെളിയിലാണ്. സ്ത്രീകള്‍ സ്വതന്ത്രമായി വോട്ടു ചെയ്യുന്ന കാലം
വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത് സാമാന്യം ശക്തമായ ബദല്‍ ഇല്ലാത്തതുകൊണ്ടാണ്. ട്വിന്റി ട്വന്റി പോലുള്ള പുതിയ രാഷ്ട്രീയ പരീക്ഷണ സംരഭങ്ങള്‍ക്ക് അതുകൊണ്ട് കൂടിയാണ് വര്‍ദ്ധിച്ച പിന്തുണ. കേരളത്തില്‍ ദ്വന്ദ മുന്നണി സംവിധാനത്തിന് അപ്പുറം ത്രികൊണ മുന്നണിയായി. എല്‍ ഡി എഫില്‍നിന്നും യു ഡി എഫില്‍ നിന്നും വോട്ടുകള്‍ പിടിച്ചു മാറ്റി ബിജെപി കേരളത്തിലെങ്ങും സജീവം.
കേരളത്തില്‍ സി പി എം ന്റെ സംഘടന സംവിധാനം ഇപ്പോഴും അടിസ്ഥാന തലത്തില്‍ ശക്തമാണ്. ഇങ്ങനെയാണങ്കിലും പ്രത്യയശാസ്ത്ര പ്രതിസന്ധിയിലും അത്പോലെ ഒരു മാക്സിമം ലീഡറിലും അധിഷ്ഠിതമായ പാര്‍ട്ടി ഭാവിയില്‍ പ്രതിസന്ധിയിലേക്കാണ് പോകുന്നത്.
ഇന്ന് കേരളത്തില്‍ രണ്ടു മുന്നണികളുടെയും പ്രധാന റഫറന്‍സ് പോയിന്റായി എന്നതാണ് ബിജെപി യുടെ രാഷ്ട്രീയ പ്രസക്തി. കഴിഞ്ഞ പത്തു കൊല്ലം കൊണ്ട് സി പി എം നടത്തുന്ന ഒരു ക്യാമ്ബയിനാണ് കൊണ്‍ഗ്രസ് മൃദു ഹിന്ദുത്വയും അതിലെ നേതാക്കള്‍ ബിജെപി ബാന്ധവമുണ്ടെന്നുമുള്ളത്. അവരുടെ cong-RSS എന്ന ക്യാമ്ബയിനിന്റെ പ്രധാന ഉദ്ദേശം എല്‍ഡിഎഫിലേക്ക് മുസ്ലിം -ക്രിസ്ത്യന്‍ വോട്ടുകള്‍ കൂട്ടുക എന്നതാണ്
സി പി എം ന്റെ ഏറ്റവും വലിയ വോട്ടു വിഭാഗങ്ങളില്‍ നിന്ന് ബിജെപി ക്ക് വളരെ ഗണ്യമായ കിട്ടി. അതിന് പകരമായി വളരെ കൃത്യമായി രാഷ്ട്രീയ സ്ട്രാറ്റജിയിലൂടെ മുസ്ലിം -ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഗണ്യമായ വോട്ടുകള്‍ നേടാന്‍ എല്‍ ഡി എഫ് നു 2015 മുതല്‍ സാധിച്ചു (2014 ഇല്‍ മോദി ഭരണത്തില്‍ കയറിയതിന് ശേഷം )
കൊണ്‍ഗ്രസ് യൂഡിഫില്‍ നിന്നും വോട്ടുകള്‍ ബിജെപി യിലേക്കും, എല്‍ ഡി എഫിലേക്കും മറ്റിടങ്ങളിലേക്കും പോകുന്നുവന്നത് തിരിച്ചറിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ഇപ്പോള്‍ ഉള്ള യൂ ഡി എഫ് /എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് അധികാര രാഷ്ട്രീയ ദ്വന്ദ സംവിധാനം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികളിലൂടെ പോകും. കേരളത്തില്‍ ഒരു പാര്‍ട്ടിക്കും ഒറ്റക്ക് ഭരിക്കാനുള്ള സാധ്യത ഇല്ല. ഇപ്പോഴത്തെ പ്രധാന പാര്‍ട്ടികളായ സി പി എമ്മും കൊണ്‍ഗ്രസും രണ്ട് തരത്തിലുള്ള പ്രതിസന്ധികളാണ് നേരിടാന്‍ പോകുന്നത്. 2026 ആകുമ്ബോഴേക്കും കേരളത്തിലെ രാഷ്ട്രീയം മാറും. 1970 കളില്‍ വന്ന നേതാക്കള്‍ കളം ഒഴിയും. പുതിയ പാര്‍ട്ടികളും ഇപ്പോഴുള്ള പാര്‍ട്ടികളില്‍ പുതിയ നേതാക്കളും വരും. രാഷ്ട്രീയ സാമുദായിക സമവാക്യങ്ങള്‍ മാറും.
പക്ഷെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ്് ഉയര്‍ത്തെഴുനേറ്റില്ലെങ്കില്‍ ഇന്ത്യയില്‍ ജനായത്തവും ഭരണഘടനയൊക്കെ നിലനില്‍ക്കുമോ എന്നു സംശയമാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നിലയില്‍ നിന്ന് കോണ്‍ഗ്രസ്സ് മാറേണ്ടത് ആ പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ മാത്രം പ്രശ്നം അല്ല. അത് ഇന്ത്യന്‍ ജനായത്ത സംവിധാനതിന്റെ നിലനില്‍പ്പിന്റെ ആവശ്യമാണ്.
കോണ്‍ഗ്രസ്് മുക്ത ഭാരതം ഫാസിസത്തിലേക്കുള്ള വഴിയാണ്. കോണ്‍ഗ്രസ് മുക്ത കേരളത്തില്‍ സി പി എമ്മും തകര്‍ച്ച നേരിടും എന്നറിയുക. ഇപ്പോള്‍ നടന്ന തദ്ദേശഭരണ തിരെഞ്ഞെടുപ്പില്‍ കൊണ്‍ഗ്രസിന്റെ ആന്തരിക പ്രതിസന്ധികള്‍ വീണ്ടും ചര്‍ച്ചയാകുന്നു.
കൊണ്‍ഗ്രസ് നേടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ പലതാണ്.
1) കോണ്‍ഗ്രസിനെ എപ്പോഴും തോല്‍പ്പിക്കുന്നത് അവര്‍ തന്നെയാണ്.
ഏതാണ്ട് മുപ്പതു ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപെട്ടത് ഗ്രൂപ്പ് കളിമൂലമുണ്ടായ വിമത സ്ഥാനാര്‍ത്ഥികള്‍ കാരണമാണ്. പലയിടത്തും ജയിച്ചതുകൊണ്‍ഗ്രസ്് വിമതരാണ്. എനിക്കു വളരെയധികം അറിയാവുന്ന ഒരു നല്ല കോണ്‍ഗ്രസ്് പ്രവര്‍ത്തകന്‍ ബ്ലോക്ക് പഞ്ചായത്തില്‍ നൂറു വോട്ടിനു തോറ്റു. കാരണം മറ്റേ ഗ്രൂപ്പിലെ റിബല്‍ സ്ഥാനാര്‍ത്ഥി ഏതാണ്ട് 1000 വോട്ട് പിടിച്ചു മാറ്റി. അങ്ങനെ ഒരുപാടു സ്ഥലത്തു തോല്‍പ്പിച്ചത് റിബലുകള്‍. എന്റെ വീടിന്റെ തൊട്ട് അടുത്തു റിബലാണ് ജയിച്ചത്.
2) കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം ദുര്‍ബലമാണ്. വാര്‍ഡ് തലത്തില്‍ കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ വളരെ കുറവാണ്. ഉള്ളവര്‍ തിരെഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ മാത്രമാണ് രംഗത്തു ഇറങ്ങുന്നത്. മിക്കവാറും നേതാക്കള്‍ ഉടയാത്ത ഖദറുമായി വലിയ വണ്ടിയില്‍ കറങ്ങി അവരവരുടെ ഗ്രൂപ്പ് ക്രോണി രാഷ്ട്രീയത്തിന് അപ്പുറം, ഫ്ളക്ക്സിന് അപ്പുറം, അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സമയമില്ലാത്ത അവസ്ഥ. പാര്‍ട്ടിയില്‍ പുതിയ ആളുകളെ ചേര്‍ക്കാന്‍ ആര്‍ക്കും വലിയ താല്പര്യമില്ല. ഉള്ളവര്‍ എല്ലാവര്‍ക്കും സ്ഥാന മാനങ്ങള്‍ക്ക് അപ്പുറം പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥ. അതില്‍ തന്നെ സാമൂഹിക പ്രവര്‍ത്തനത്തില്‍ താല്പര്യമുള്ളവര്‍ ചെറിയ ശതമാനം മാത്രം. ജാതി -മത നേതാക്കളെ കൂടുതല്‍ സുഖിപ്പിച്ചാല്‍ ജയിക്കും എന്ന അപകട ധാരണ ഒരുപാടു പേര്‍ക്കുണ്ട്.
3) സാകല്യ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ കുറഞ്ഞു. അവനവനിസം എന്ന ഒരൊറ്റ ഐഡിയോളേജിയില്‍ സംഘ ബലവും രാഷ്ട്രീയ മൂല്യബോധവും കുറഞ്ഞു.
4) ഫീഡര്‍ (പോഷക സംഘടനകള്‍ ) പേരിന് മാത്രമായി. അവിടെയും എല്ലാം ഗ്രൂപ്പ് വിധേയത്വത്തിലാകുമ്ബോള്‍ ഫീഡര്‍ സംഘടനകളുടെ വളര്‍ച്ച മുരടിച്ചു.
പുതിയ അംഗങ്ങളെ കൂട്ടുന്നില്ല. നേതൃത്വം പരിശീലനമൊ രാഷ്ട്രീയ പ്രത്യയശാസ്ത്ര പരിശീലനമോ പേരിന് മാത്രം പോലുമില്ലാത്ത സ്ഥിതി.
5). പുതിയ അംഗങ്ങളെ ചേര്‍ക്കുവാനോ, നേതൃത്വ ശേഷിയുമുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുവാനോ കഴിയാത്ത അവസ്ഥ. എന്തെങ്കിലും കഴിവൊ നേതൃത്വശേഷിയോയുള്ളവരെ പാര്‍ട്ടിയില്‍ കൊണ്ടുവരാനുള്ള വിമുഖത. എന്തെങ്കിലും നേതൃത്വ ശേഷിയുള്ളവരെ അടുപ്പിക്കുവാനുള്ള ഭീതി. അങ്ങനെയുള്ളവര്‍ക്ക് സ്പെസും ഇല്ല. അടിമുടി ക്രോണി രാഷ്ട്രീയം കൊണ്ടു നടന്നാല്‍ പാര്‍ട്ടി വളരില്ല.
6) കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം മടുത്തു സി പി എം /എല്‍ ഡി എഫില്‍ /ബിജെപി യിലേക്ക് പോയവര്‍ നിരവധിയാണ്. ഉദാഹരണത്തിനു ഏഴാംകുളം /കൊടുമണ്‍ ഭാഗത്തു നിന്ന് എല്‍ ഡി എഫ് ബ്ലോക്ക് പഞ്ചായത്തില്‍ വിജയിച്ച വന്ദ്യ വയോധികയായ കുഞ്ഞാന്നമ്മകുഞ്ഞു കൊണ്‍ഗ്രസിന്റെ സജീവ നേതാവായിരുന്നു. അവരെ 'ഒതുക്കി, ഒതുക്കി ' എല്‍ ഡി എഫില്‍ തള്ളി വിട്ടതാണ്. അതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട്.. പത്തനംതിട്ടയിലെ കോണ്‍ഗ്രസ്് നേതാവായിരന്ന ഫിലിപ്പോസ് തോമസ്. അതു പോലെ പലതും കൊണ്ടും ' ഒതുക്കിയ കോണ്‍ഗ്രസുകാരാണ് എല്‍ ഡി എഫിലും എന്‍ ഡി എ യിലും പോയത്.
7) കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ചു ക്രിസ്ത്യാനികളെ കോണ്‍ഗ്രസ്്നേതൃ തലത്തില്‍ തൊട്ട് തഴോട്ട് അവഗണിക്കുന്നു എന്ന പൊതു ധാരണ ഇപ്പോള്‍ പരക്കെയുണ്ട്. പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറില്‍. ഒരു കാലത്ത് കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായിരുന്ന കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ അവസ്ഥ നോക്കിയാല്‍ ഇത് അറിയാം. ഇതിന് പലകാരണങ്ങളുണ്ട്
കോണ്‍ഗ്രസും യൂ ഡി എഫും നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി പണ്ട് യു ഡി എഫിന് വോട്ടു ചെയ്തിരുന്ന മുസ്ലിം -ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നതാണു. ആ വിഭാഗങ്ങളില്‍ നിന്ന് നേതാക്കളും രാഷ്ട്രീയ അവസരങ്ങളും കുറയുന്നു എന്ന ധാരണ ശക്തമാണ്. സി പി എം /സിപിഐ യും ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നു എന്നതും ഒരു ഘടകമാണ്.
8)ഗ്രൂപ്പ് തര്‍ക്കങ്ങളും പിടല പിണക്കങ്ങളും പാരവപ്പുകൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് അവസാന നിമിഷത്തിലാണ്. അതു കൊണ്ട് പലര്‍ക്കും ആളും അര്‍ത്ഥവു ഇല്ലായിരുന്നു.
അവസാന നിമിഷത്തില്‍ സീറ്റ് കിട്ടിയ പലര്‍ക്കും പൈസയും ആള്‍ ബലവും ഇല്ലായിരുന്നു.
9)പലരെയും ' വെട്ടി ' എന്ന് തോന്നിയപ്പോള്‍ പാര്‍ട്ടിക്കാരെ തോല്‍പ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പലരും പ്രവര്‍ത്തിച്ചു. സീറ്റ് കൊടുത്തു കഴിഞ്ഞു 'ീയായി, നിന്റെ പാടായി '.നീ ജയിച്ചാല്‍ നിനക്ക് കൊള്ളാം. തോറ്റാല്‍ നിനക്ക് പോയി ' എന്ന അവനവനീസ്റ്റ് ഐഡിയോളേജി കാരണം പാര്‍ട്ടിക്കാര്‍ പലരും പേരിന് വേണ്ടി തല കാണിച്ചു മുങ്ങി.
10). കൃത്യമായി രാഷ്ട്രീയ മെസേജിന്റെ അഭാവം. പോസിറ്റീവ് മെസ്സേജുകള്‍ കുറവും നെഗറ്റീവ് മെസ്സേജ് കൂടുതലുമായി.
11) തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ ഏറ്റവും ശുഷ്‌ക്കമായ അടിസ്ഥാന തല കാമ്ബയിന്‍. സ്ലിപ് കൊടുക്കാന്‍ ആളില്ലാത്ത അവസ്ഥ. സ്ഥിരം യു ഡി എഫ് വോട്ടു കൊടുക്കുന്നവവര്‍ ഒരുപാടു പേര്‍ വീട്ടില്‍ ഇരുന്നു. കോവിഡ് കാരണം പല യു ഡി എഫ് വോട്ടുകാരും ' റിസ്‌ക് ' എടുത്തില്ല..കഴിഞ്ഞ തവണ അതിരാവിലെ ശശി തരൂരിന് വോട്ട് കൊടുത്തവര്‍ ഇപ്രാവശ്യം വീട്ടില്‍ ഇരുന്നു.
കേരളത്തിലും ഇന്ത്യയിലും ഇന്ന് ഏറ്റവും സംഘടിത പാര്‍ട്ടിയാണ് ബിജെപി. അധികാരത്തില്‍ ഉള്ളതുകൊണ്ട് ഇഷ്ടം പോലെ കാശുണ്ട്. ആളും അര്‍ത്ഥവുമുണ്ട്. പാര്‍ട്ടികളെയും നേതാക്കളെയും വിലയ്ക്ക് വാങ്ങാന്‍ ഒരു മടിയുമില്ല.
കേരളത്തില്‍ പണ്ട് സി പി എം/സി പി എം /എല്‍ഡിഎഫിനുംയു ഡി എഫ് നും വോട്ടു ചെയ്ത ഒരു ഗണ്യമായ വിഭാഗം ബിജെപിക്ക് വോട്ടു ചെയ്യാന്‍ തുടങ്ങി. അതെ സമയം യു ഡി എഫ് നു വോട്ടു ചെയ്തിരുന്ന മുസ്ലിം -ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഒരു ഭാഗം എല്‍ ഡി എഫ് നു വോട്ടു ചെയ്യുന്നത് അവര്‍ ബിജെപി ക്ക് എതിരായ സംഘ ബലമാണ് എന്ന ധാരണ കൊണ്ടാണ്.. പക്ഷെ ഇപ്പോള്‍ എല്‍ ഡി എഫ് ന് വോട്ടു ചെയുന്ന ഒരു വലിയ വിഭാഗത്തിനു ഒരു ഇടതുപക്ഷ രാഷ്ട്രീയവും ഇല്ല എന്നതാണ് വാസ്തവം.
യൂ ഡി എഫും /കോണ്‍ഗ്രസ്സും എങ്ങനെയും ഭരണ വിരുദ്ധ വികാരം കൊണ്ട് ജയിക്കുമെന്ന കാലം പോയി. തിരെഞ്ഞെടുപ്പ് കാലത്ത് മാത്രം രണ്ടാഴ്ച്കൊണ്ട് കൊണ്ട് ജയിക്കാം എന്ന കാലവും പോയി. ടി വി സ്റ്റുഡിയോയിലല്ല യഥാര്‍ത്ഥ രാഷ്ട്രീയം. അത് അടിസ്ഥാന തലത്തിലുള്ള സംഘടന ശക്തിയാണ്. അതില്ലാതെ എത്ര ടി വി ചര്‍ച്ച നടത്തിയാലും ജനം വോട്ട് തരണമെന്നില്ല.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഒരു ലക്ഷം പേരെ കൊണ്ട് വരാന്‍ ആര്‍ക്കും സമയം ഇല്ലായിരുന്നു. എല്ലാവരും അവരവരുടെ കാര്യങ്ങള്‍ മാത്രം നോക്കി. പാര്‍ട്ടി പ്രവര്‍ത്തനം മീറ്റിങ്ങുകള്‍ മാത്രമായി. മെയ്യനാകാതെ അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ആളുകള്‍ കാണില്ല.
ഏതൊരു പാര്‍ട്ടിക്കും നേതാക്കള്‍ കൂടുകയും അടിസ്ഥാന സംഘടന തലത്തില്‍ ആളുകള്‍ ഇല്ലെങ്കില്‍ ആ പാര്‍ട്ടിക്ക് അധികം നാള്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല.
അതുകൊണ്ട് സി പി എം കോണ്‍ഗ്രസ്സും പരസ്പരം പഴിചാരി നശിപ്പിച്ചാല്‍ അവരുടെ സ്ഥാനത്തു വളരാന്‍ കാത്തിരിക്കുന്നു ബിജെപി ക്ക് വഴി വെട്ടുകയാകും.സ്വന്തം കണ്ണിലെ കോല്‍ കാണാതെ അന്യന്റെ കണ്ണിലെ കരട് കാണിച്ചു കൊണ്ടുള്ള രാഷ്ട്രീയം പ്രതിസന്ധിയുടെ രാഷ്ട്രീയമാണ്.
കോണ്‍ഗ്രസ് അടിമുടി മാറി ലക്ഷകണക്കിന് ആളുകളെ അതിലെക്ക് ആകര്‍ഷിച്ചെങ്കിലെ പിടിച്ചു നില്‍ക്കുകയള്ളൂ. അതിനു പുതിയ രാഷ്ട്രീയ കാഴ്ചപ്പാടും നേതൃത്വത്തില്‍ തലമുറമാറ്റവും പുതിയ ഊര്‍ജ്ജവും ഉണ്ടാകണം
അല്ലാതെ ഓരോ തീരെഞ്ഞെടുപ്പിലും അവസാന നിമിഷം തട്ടികൂട്ടിയാല്‍ പിടിച്ചു നില്‍ക്കില്ല. തിരെഞ്ഞെടുപ്പ് കഴിഞ്ഞു ഒരാഴ്ച പരസ്പരം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല.
കേരളത്തില്‍ കോണ്‍ഗ്രസിനു തലമുറമാറ്റം മാത്രം അല്ല വേണ്ടത്. രാപ്പകല്‍ അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജവും സഹന ശക്തിയും നേതൃത്വ പ്രാപ്തിയുമുള്ള നേതാക്കളെയാണ് വേണ്ടത്. പുതിയ പൊളിറ്റിക്കല്‍ ഇമാജിനേഷനാണ് വേണ്ടത്.
അതിനു കഴിയുമോ എന്നതാണ് പ്രശ്നം.