ബാബ്‌റി മസ്ജിദ് പൊളിച്ചത് വലിയ കുറ്റകൃത്യം ആണെന്ന് ആ സിവില്‍ കേസിന്റെ മെറിറ്റില്‍ 2019 ല്‍ നിരീക്ഷിച്ചത് സുപ്രീംകോടതിയാണ്.
ഈ രാജ്യത്തെ ഏറ്റവും ഓര്‍ഗനൈസ്ഡ് ആയ ആ കുറ്റകൃത്യം നടന്നിട്ട് 28 വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരു കോടതി ഇന്ന് പറയുന്നു, ആരും കുറ്റക്കാര്‍ അല്ലെന്ന് !! പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് !!
ഒരു കുറ്റകൃത്യം നടത്താനുള്ള രാജ്യമെങ്ങും പൊതു ആഹ്വാനത്തിലൂടെ നടപ്പാക്കിയതാണ് ഈ കുറ്റം. ഒളിവും മറയും ഇല്ലാതെയാണ് ഈ കുറ്റകൃത്യം നടന്നത്. ക്യാമറകള്‍ക്ക് മുന്‍പില്‍. ആര് ചെയ്തുവെന്നത് പകല്‍ പോലെ വ്യക്തവും.
എന്നിട്ടും കുറ്റവാളികളെ ശിക്ഷിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സമ്ബൂര്‍ണ്ണ പരാജയമാണ്.
തെളിവില്ല, അന്വേഷിച്ചില്ല എന്നൊക്കെ മറ്റു കോടതികള്‍ക്ക് ഒഴിവുകഴിവ് പറയാം. പ്രൊസിക്യൂഷന് മേല്‍ പഴിചാരാം. പക്ഷെ, കുറ്റപത്രം തൃപ്തികരമല്ലെങ്കില്‍ അത് തള്ളി പുനരന്വേഷണം / തുടരന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ അധികാരമുള്ള കോടതിയാണ്. ഈ കുറ്റം പോലും തെളിയിക്കാന്‍ കഴിയാത്ത ആ അന്വേഷണ ഏജന്‍സിയെ പിരിച്ചുവിടാനുള്ള നിരീക്ഷണം എങ്കിലും കോടതിക്ക് നടത്താമായിരുന്നു.
ഈ രാജ്യത്തെ ജുഡീഷ്യറി കെട്ടിപ്പടുത്തിരിക്കുന്നത് കല്ലും മണ്ണും ഉപയോഗിച്ചു മാത്രമല്ല. നീതി ലഭ്യമാകും എന്ന ഇന്ത്യന്‍ ജനതയുടെ, ഇന്ത്യന്‍ ഭരണഘടനയുടെ ദൃഢമായ വിശ്വാസത്തിന്മേലാണ് ആ മഹത്തായ സ്ഥാപനം നിലനില്‍ക്കുന്നത്.
ആ അചഞ്ചലമായ വിശ്വാസമാണ് ഇത്തരം വിധികളിലൂടെ ബഹുമാന്യ ജഡ്ജിമാര്‍ തകര്‍ക്കുന്നത്. തകര്‍ത്ത് തരിപ്പണമാക്കുന്നത്.
ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണി അടിക്കുന്നതില്‍ ഒരെണ്ണം ഇന്ന് ജുഡീഷ്യറി ചെയ്തു.
RIP.