Latest News

ഹോള്‍ഡ് ചെയ്യണേ; ഒന്ന് സിഎമ്മിന് കൊടുക്കാം; ഡോക്ടര്‍ക്ക് എങ്ങനെ ഉണ്ട്..രണ്ടു ഡോസ് വാക്‌സിനും എടുത്തതല്ലേ; അപ്പോ പ്രശ്‌നം ഒന്നും ഉണ്ടാവില്ല; ഒരു കാര്യം മനസിലായി..വെറുതേ അല്ല ഇത്ര ഭൂരിപക്ഷം കിട്ടിയത്; മുഖ്യമന്ത്രിയെ ചികിത്സിച്ച ഡോക്ടര്‍ ഷമീര്‍ വികെ എഴുതുന്ന അനുഭവകുറിപ്പ്

Malayalilife
topbanner
ഹോള്‍ഡ് ചെയ്യണേ; ഒന്ന് സിഎമ്മിന് കൊടുക്കാം; ഡോക്ടര്‍ക്ക് എങ്ങനെ ഉണ്ട്..രണ്ടു ഡോസ് വാക്‌സിനും എടുത്തതല്ലേ; അപ്പോ പ്രശ്‌നം ഒന്നും ഉണ്ടാവില്ല; ഒരു കാര്യം മനസിലായി..വെറുതേ അല്ല ഇത്ര ഭൂരിപക്ഷം കിട്ടിയത്; മുഖ്യമന്ത്രിയെ ചികിത്സിച്ച ഡോക്ടര്‍ ഷമീര്‍ വികെ എഴുതുന്ന അനുഭവകുറിപ്പ്

ജീ വിതത്തില്‍ കോവിഡിന്റെ ഒരു സ്‌പെഷ്യല്‍ എപിസോഡ് കൂടി കടന്നു പോവുകയാണ്. ഒന്നര വര്‍ഷമായി ഒപ്പമുള്ള യാത്രയില്‍ ഈ വൈറസ് കുറച്ചൊന്നുമല്ല പരീക്ഷിച്ചത്, കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത്. തരംഗങ്ങള്‍ പോലെ കൃത്യമായി ഒരു കയറ്റത്തിന് ഒരു ഇറക്കം എന്ന താളത്തില്‍ ജീവിതത്തിലും ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടായിരുന്നു കോവിഡിന്റെ യാത്ര. ബാക്കി വെച്ച ഒന്നുണ്ടായിരുന്നു. സ്വയം ഒരു രോഗിയാവുക എന്നത്. അതും പൂര്‍ത്തിയാക്കുകയാണ്. ഇത്രയും കാലത്തെ സഹവാസത്തിന് ശേഷം വൈറസ് അതിലും വിജയം കണ്ടു.

രണ്ടാം തരംഗം ആഞ്ഞടിക്കാന്‍ തുടങ്ങിയ ദിവസങ്ങളുടെ തുടക്കത്തില്‍ പുതിയൊരു കെട്ടിടം കോവിഡ് ആശുപത്രി ആക്കാനുള്ള കഠിന പ്രയത്‌നത്തില്‍ ആയിരുന്നു. ആദ്യം പനി കാണിക്കുന്നത് മകന്‍. അന്ന് തന്നെ ചെയ്ത അന്റിജന്‍ ടെസ്റ്റ് പോസിറ്റീവ്. അടുത്ത ദിവസമായപ്പോഴേക്കും ഓരോരുത്തര്‍ക്കായി നല്ല ശരീര വേദന, ക്ഷീണം. വീട്ടില്‍ ബാക്കി ഉള്ള അഞ്ച് പേരും ടെസ്റ്റ് ചെയ്തു, എല്ലാവരും പോസിറ്റീവ്.

വീട്ടിലേക്കുള്ള വൈറസിന്റെ വഴി ഇപ്പോഴും കൃത്യമായി അറിയില്ല. പുറത്ത് പോകുന്ന മൂന്നു പേരാണ്, എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍. വാക്‌സിന്‍ എടുത്താലും കോവിഡ് കിട്ടാമെന്നും മറ്റുള്ളവര്‍ക്ക് കൊടുക്കാമെന്നും ഇനി മറ്റൊരു തെളിവ് വേണ്ട. ചിലപ്പോള്‍ വാക്‌സിന്‍ എടുത്തതിന്റെ അമിതമായ ആത്മവിശ്വാസവുമാകാം പണി പറ്റിച്ചത്.

മൂന്നു നാലു ദിവസത്തിനകം എല്ലാവരും നിലം പരിശായി. ഏറ്റവും ക്ഷീണം എനിക്കും ഭാര്യക്കും. കട്ടിലില്‍ കിടന്ന് ദയനീയമായി ഭാര്യ എന്നെ നോക്കി. അല്ല, എന്റെ കോവിഡ് ഇങ്ങനെ അല്ല, ഞാന്‍ മാസ്‌ക് താഴ്‌ത്തിയിട്ടേ ഇല്ല' ഞാന്‍ ആണയിട്ടു പറഞ്ഞു. പിന്നീടുള്ള ദിവസങ്ങള്‍ ഗംഭീരമായ ക്ഷീണത്തിന്റെ ആയിരുന്നു. ഒരു മല്ലനുമായി ഗുസ്തി കഴിഞ്ഞ ശരീരം പോലെ. രണ്ടടി നടക്കുക എന്നൊക്കെ പറഞാല്‍ എന്തൊരു അധ്വാനം. ഭക്ഷണം വേണ്ട. ഫോണ്‍ കാണുകയേ വേണ്ട. ഉറങ്ങാം. എത്ര വേണമെങ്കിലും ഉറങ്ങാം.

ഭാര്യ വീണ്ടും നോക്കുന്നു. നോട്ടത്തിന്റെ അര്‍ത്ഥം പറയാതെ തന്നെ എനിക്ക് മനസ്സിലായി.

'എന്തൊക്കെ ആയിരുന്നു - വാക്‌സിന്‍, ഇമ്യൂണിറ്റി, പ്രൊട്ടക്ഷന്‍.... മലപ്പുറം കത്തി.....'

'എന്റെ പ്രിയപ്പെട്ട ഭാര്യേ, നിന്റെ ശരീരത്തില്‍ ഒരു യുദ്ധം കഴിഞ്ഞ പ്രതീതി ഇല്ലേ. എന്താ സംഭവിക്കുന്നത് എന്ന് വല്ല പിടിയും ഉണ്ടോ.

വൈറസും നമ്മുടെ ഇമ്യൂണിറ്റിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം ആണത്. ശ്രദ്ധിച്ചു നോക്കിയാല്‍ നിന്റെ കോശങ്ങളിലെ ACE 2 റിസപ്റ്ററുകളിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന വൈറസിനെ അടിച്ച്‌ തെറിപ്പിക്കുന്ന ശബ്ദം പോലും കേള്‍ക്കാം. വാക്‌സിന്‍ ഉച്ഛസ്ഥായിയിലെത്തിച്ച നമ്മുടെ രോഗ പ്രതിരോധ അവസ്ഥയും കോവിഡും തമ്മിലുള്ള കടുത്ത യുദ്ധത്തിന്റെ ക്ഷീണം നമ്മള്‍ അനുഭവിക്കാതിരിക്കുമോ. നമ്മള്‍ ന്യൂമോണിയയില്‍ നിന്നും ARDS ഇല്‍ നിന്നും രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സമാധാനിക്കുക.'

എന്റെ വിശദീകരണത്തില്‍ തൃപ്തി വന്നതു കൊണ്ടോ ഒരു വാദപ്രതിവാദത്തിനുള്ള ആരോഗ്യം ഇല്ലാതിരുന്നതു കൊണ്ടോ ചര്‍ച്ച അവിടെ അവസാനിച്ചു. ഞങ്ങള്‍ വീണ്ടും ഉറങ്ങി. ഉറങ്ങിയും ഓറഞ്ച് ജ്യൂസും ഇളനീരും കുടിച്ചും (ഒരു പെട്ടി ഓറഞ്ച് എത്തിച്ചു തന്ന റഷീദ്, ഇളനീര്‍ എത്തിച്ചു തന്ന ഷബാബ്, രജീഷ്, പല തരത്തിലുള്ള പഴങ്ങള്‍ എത്തിച്ചു തന്ന SK സര്‍, റോജിത്, സിജു എന്നിവര്‍ക്ക് പ്രത്യേക സ്മരണ) മൂന്നു നാല് ദിവസം പൂര്‍ത്തിയാക്കുമ്ബോഴേക്കും വാക്‌സിനും ഇമ്മ്യൂണിറ്റിയും വൈറസിന് മുകളില്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയിരുന്നു. ശരീരത്തിന് ഉണ്ടായിരുന്ന ഭാരവും പേശികള്‍ക്കുണ്ടായിരുന്ന വലിവും വിട്ടു തുടങ്ങി. തലയില്‍ വരിഞ്ഞു കെട്ടിയിരുന്ന കെട്ട് അയഞ്ഞു തുടങ്ങി. മണം ഇല്ലെങ്കിലും ഭക്ഷണത്തിന് ഉപ്പും പുളിയും വന്നു തുടങ്ങി. ഭാര്യ ചിരിച്ചും തുടങ്ങി.

അത് വരെ വിരക്തി തോന്നിയിരുന്ന ഫോണും ടിവിയും ഒന്നടുത്തത് മെയ് രണ്ടിനായിരുന്നു. തിരഞ്ഞെടുപ്പ് ഫലം കാണാനും കേള്‍ക്കാനും ഉള്ള ആരോഗ്യം മനസ്സിനും ശരീത്തിനും വന്നു എന്നതു തന്നെ വളരെ സന്തോഷം ഉള്ള കാര്യമായിരുന്നു. രാവിലെ മുതല്‍ ഒരു സെക്കന്റ് വിടാതെ ആര്‍ത്തിയോടെ റിസള്‍ട്ട് മുഴുവന്‍ കണ്ടും കേട്ടും തീര്‍ത്തു. ഇങ്ങനെ തുടര്‍ച്ചയായി റിസള്‍ട്ടിന് മുന്‍പില്‍ ഇരിക്കാന്‍ പറ്റുന്നത് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും, അതിനും നന്ദി കോവിഡിനു തന്നെ. ഫല പ്രഖ്യാപനം കഴിയും വരെ ക്ഷീണവും വേദനകളും ഒളിച്ചിരുന്നു. അതിനിടെ കിട്ടിയ ഭക്ഷണവും കഴിച്ചു തീര്‍ത്തു.

ഫല പ്രഖ്യാപനം കഴിഞ്ഞ് മുഖ്യമന്ത്രിക്ക് എന്താണ് പറയാന്‍ ഉള്ളത് എന്ന് കൂടി കേള്‍ക്കാന്‍ ഫോണില്‍ പത്ര സമ്മേളനം ലൈവ് വെച്ച്‌ സോഫയിലേക്ക് ചാഞ്ഞു. ഇത് ആഘോഷിക്കാനുള്ള സമയമല്ല, കോവിഡിനെതിരെ പോരാടാനുള്ള സമയമാണെന്ന് കേട്ടപ്പോള്‍ മനസ്സൊന്ന് കുളിര്‍ത്തു.

അപ്പോഴേക്കും തുടര്‍ച്ചയായി ഫോണും ടിവിയും നോക്കിയുള്ള പപ്പയുടെ ഇരിപ്പ് ചെറിയ ആളെ അരിശം കൊള്ളിക്കാന്‍ തുടങ്ങിയിരുന്നു. ഫോണിനും TV ക്കും എതിരെ പ്രസംഗിക്കുന്ന ആള്‍ എന്തെ രാവിലെ തൊട്ട് ഇതിന് മുന്നിലാണല്ലോ എന്ന് അവന്‍ ചോദിച്ചില്ലെന്ന് മാത്രം. അവന്റെ ദുഃഖം മനസ്സിലാക്കി ഞങ്ങള്‍ മൊണോപോളി കളിക്കാന്‍ കാര്‍ഡ് നിരത്തി. അപ്പോള്‍ വീണ്ടും ഫോണ്‍ ബെല്‍. ആരാണ് ഇനിയും എന്ന മട്ടില്‍ അവന്റെ നോട്ടം. ഫോണ്‍ എടുത്തു.

' ഹോള്‍ഡ് ചെയ്യണേ, ഒന്ന് CM ന് കൊടുക്കാം'

ഞാന്‍ ചാടി എഴുന്നേല്‍ക്കുന്നു. വിയര്‍ക്കുന്നു.

'ഡോക്ടര്‍ക്ക് എങ്ങനെ ഉണ്ട്. രണ്ടു ഡോസ് വാക്‌സിനും എടുത്തതല്ലേ, അപ്പോ പ്രശ്‌നം ഒന്നും ഉണ്ടാവില്ല'

സാക്ഷാല്‍ മുഖ്യമന്ത്രി , തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ് പത്രസമ്മേളനം കഴിഞ്ഞു ഒരു മണിക്കൂര്‍ ആകുന്നേ ഉള്ളൂ, അതിനിടയില്‍ ! എത്ര പേരോട് സംസാരിക്കാനുണ്ടാകും, എത്ര ഫോണ്‍ വിളികള്‍ വരുന്നുണ്ടാകും, അതിനിടയില്‍, മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടയില്‍ ഒത്തിരി ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരാളായി കണ്ട പരിചയമേ ഉള്ളൂ.

ഇനി കോവിഡ് എന്‍സഫലൈറ്റിസ് വല്ലതും ? Orientation to place, time, person ഒക്കെ സ്വയം check ചെയ്തു. കോണ്‍ഷിയസ് ആണ് ഓറിയന്റടുമാണ്. അപ്പോ സംഭവം ഉള്ളതു തന്നെ.
ഫോണ്‍ വെച്ച ഉടന്‍ ഉമ്മയെ വിളിച്ചു.

'അതേയ് മുഖ്യമന്ത്രി വിളിച്ച്‌ രോഗ വിവരം ചോദിച്ചു.'

'ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നില്ലേ?' ഉമ്മക്ക് വലിയ അദ്ഭുതം ഒന്നുമില്ല.

'ആശ്വാസമുണ്ടോന്നോ, ആവേശം തോന്നുന്നുണ്ട്'

'അതാണ്. കഴിഞ്ഞ കുറെ കാലമായി വൈകുന്നേരം ടിവി കണ്ടു കൊണ്ടിരുന്ന ഞങ്ങള്‍ക്കും അങ്ങനെ ആയിരുന്നു. എന്ത് കോവിഡ് വന്നാലും പ്രളയം വന്നാലും ആ വര്‍ത്താനം കേള്‍ക്കുമ്ബോള്‍ ഒരു ആശ്വാസമാണ്, ഒരു ധൈര്യവും' ഒരു കാര്യം മനസിലായി. വെറുതേ അല്ല ഇത്ര ഭൂരിപക്ഷം കിട്ടിയത്

Read more topics: # Dr shameer note about corona
Dr shameer note about corona

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES