വാര്‍ത്തയ്ക്ക് ജാതിയില്ല,മതമില്ല, ലിംഗഭേദമില്ല. പക്ഷേ വാര്‍ത്താ ഉറവിടം ഒരു സ്ത്രീ ആയാലോ? ഞൊടി ഇടയില്‍ മാറും ഈ പ്രമാണങ്ങളൊക്കെ. പ്രതി പട്ടികയില്‍ പെണ്ണിന്റെ പേര് ചേര്‍ക്കുന്നതോടെ അവളെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും ചിത്രങ്ങളുമായി മാധ്യമങ്ങള്‍ കളം നിറഞ്ഞാടും.
സ്ത്രീയെന്ന യാതൊരു പരിഗണനയും നല്‍കാതെ മസാല ചിത്രങ്ങളുടെ അകമ്ബടിയോടെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ചര്‍ച്ചകളും സംഘടിപ്പിച്ച് ഇരയുടെ അവകാശത്തിനായി ഓരിയിടുന്ന ചിലര്‍. കുഴിയില്‍ വീഴാതെ രക്ഷപെട്ട ചില പകല്‍ മാന്യന്മാര്‍ പക്ഷം പിടിച്ചും ചൂട്ടു പിടിച്ചു സാരോപദേശം വിളമ്ബും. പേരുകേട്ട സ്ത്രീ വാദികളും സാംസ്‌കാരിക പട്ടം എടുത്തണിഞ്ഞവരും മൗനം പൂണ്ട് രസിക്കും. തെളിവെടുപ്പിനായി കൊണ്ടുപോയ സോളാര്‍ നായികയുടെ പുറകെ ഒ ബി വാനുകളുമായി സഞ്ചരിച്ച് തത്സമയ സംപ്രേഷണം നടത്തി മാധ്യമ ധര്‍മ്മം നിറവേറ്റിയവരുടെ നാടായ സാക്ഷര കേരളം പ്രബുദ്ധ കേരളം.
കുംഭകോണങ്ങളുടെ ഉപകരണങ്ങള്‍ മാത്രമായേക്കാവുന്ന സ്ത്രീകളെ വാക്കുകളും ചിത്രങ്ങളും വഴി അപമാനിക്കുകയും മഞ്ഞ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പ്രധാന വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിട്ട് റേറ്റിങ് കൂട്ടുകയും മാത്രമാകണമെന്നില്ല പലരുടേയും ലക്ഷ്യം. രാജ്യസുരക്ഷയെപ്പോലും ബാധിച്ചേക്കാവുന്ന ഒരു വിഷയത്തിന്റെ ഉത്ഭവം, ഉറവിടം, ലക്ഷ്യസ്ഥാനം, ഈ ധനം എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നിങ്ങനെ ഗൗരവതരമായ വശങ്ങളെ കഴിയുന്നതും ഒഴിവാക്കുകയും സ്ത്രീയുടെ മാംസളതയില്‍ മുക്കി സത്യത്തെ മറച്ചു പിടിക്കാനുമുള്ള നീച ശ്രമത്തില്‍ അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങള്‍ ഭാഗമാകുന്നോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
അധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ക്കുള്ളിലെ പുരുഷ കേസരി മാരുടെ ഓരം പറ്റി സാമ്രാജ്യങ്ങള്‍ തകര്‍ക്കാന്‍ ചില സ്ത്രീകള്‍ക്കുള്ള കഴിവ് ഇന്നോ ഇന്നലെയോ തുടങ്ങിയില്ല. ക്ഷമിക്കണം സ്ത്രീയുടെ കഴിവ് എന്നു പറയുന്നതിലും പുരുഷന്റെ കഴിവുകേടെന്നോ ജന്മനാ ഉള്ള ബലഹീനത ചൂഷണം ചെയ്യപ്പെടുന്നുവെന്നോ പറയുന്നതാകും കൂടുതല്‍ ഉചിതം. ഭരണ- അധികാര ഇടനാഴിയിലെ പ്യൂണ്‍ മുതല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരെയുള്ള ഞരമ്ബുരോഗികളായ ഉദ്യോഗസ്ഥര്‍ സമ്മാനിക്കുന്ന ദുര്‍ഗന്ധം കേരള സമൂഹം പേറുന്നത് ഇത് ആദ്യമായല്ല .
അധികാരത്തിനായുള്ള ആര്‍ത്തിയില്‍ നേരും നെറിയും തെളിവും വെളിവുമില്ലാതെ എതിരാളികളെ വീഴ്‌ത്താന്‍ കുഴിക്കുന്ന കുഴികളില്‍ സ്വയം പെട്ടു പോകുന്നവരാണോ നമ്മുടെ നേതാക്കള്‍? കരുണാകരനും ഉമ്മന്‍ ചാണ്ടിക്കും ശേഷം മുഖ്യമന്ത്രി കസേരയില്‍ ഇരിക്കെ സമാന അനുഭവം നേരിടുന്ന നേതാക്കളുടെ പട്ടികയില്‍ ഇപ്പോഴിതാ പിണറായിയും.
ഞരമ്ബു വീക്കത്തിന്മേല്‍ ആലുമുളച്ച ചില ഉദ്യോഗസ്ഥരുടേയും നേതാക്കളുടേയും കൂടി നാടാണ് കേരളം. കയ്യോടെ പൊക്കിയാലും ഉളുപ്പുണ്ടാകില്ലെന്നു മാത്രമല്ല അത്തരം സംഭവങ്ങളെ പൊന്‍ തൂവലാക്കി മാറ്റാനാകും അവരുടെ ശ്രമം. പ്രായം, പ്രവൃത്തന മികവ്, സ്വീകാര്യത നേതൃപാടവം ഇങ്ങനെ പലതുകൊണ്ടും പ്രഥമഗണനീയരായി മാറിയ നേതാക്കള്‍ പോലും ഈ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ അമര്‍ച്ച ചെയ്യാത്തതെന്തെന്നതാണ് സാധാരണക്കാരന്റെ സംശയം.
ബോക്‌സ് ഓഫീസ് ഹിറ്റുകളായ സില്‍ക്ക് സ്മിതയുടേയും ഷക്കീലയുടേയും സിനിമകള്‍ തകര്‍ത്ത് ഓടിയത് പുരുഷവര്‍ഗ്ഗത്തിന്റെ മാത്രം സഹായത്താലാണ്. സിനിമ കണ്ടവര്‍ ഒന്നു കൈ പൊക്കിയാട്ടെ എന്നാവശ്യപ്പെട്ടാല്‍ താഴെ വീണുടയാവുന്നതു മാത്രമാണ് നമ്മുടെ പുരുഷത്വം. വികൃത മനസ്സുകളുടെ അതേ പുരുഷാധിപത്യ സമൂഹം ചര്‍ച്ച ചെയ്ത മഞ്ഞകഥകളിലെ ചുരുക്കം ചില നായികമാരാണ് മറിയം റഷീദ, ഫൗസിയ,സരിത, വഫാ, ഒടുവിലിതാ സ്വപ്ന യും . കുറ്റകൃത്യത്തില്‍ ഇവര്‍ പങ്കാളികളുമായിരുന്നിരിക്കാം.
എന്നാല്‍ കേട്ടുകേള്‍വി അല്ലാതെ അവരുടെ 'കാള്‍ ലിസ്റ്റി'ലെ പുരുഷ പുലികളുടെ പേരുകളെങ്കിലും തെളിവുകളോടെ ഇന്നുവരെ അനാവരണം ചെയ്തിട്ടുണ്ടോ?