കൊറോണക്കാലത്തെ വിമാനയാത്ര ..
ഓ ണമൊക്കെ കഴിഞ്ഞിട്ട് സെപ്റ്റംബറില്‍ തിരിച്ചു ജനീവക്ക് പോകാം എന്നാണ് പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ ബെയ്റൂട്ടിലെയും മൗറീഷ്യസിലെയും ദുരന്തങ്ങളുടെ സാഹചര്യത്തില്‍ പ്ലാന്‍ മാറ്റേണ്ടി വന്നു. ഇന്നലെ ജനീവയില്‍ തിരിച്ചെത്തി. ഇനി പതുക്കെ യാത്രകളുടെ കാലം വീണ്ടും വരികയാണ്. നാട്ടില്‍ നിന്നും തിരിച്ച് ജനീവയില്‍ എത്താന്‍ അല്പം ബുദ്ധിമുട്ടൊക്കെ ഉണ്ടാകും എന്നാണ് കരുതിയത്. പക്ഷെ ചെറിയ ചില അസൗകര്യങ്ങള്‍ ഒഴിച്ചാല്‍ എല്ലാം സ്മൂത്ത് ആയിരുന്നു. കൊച്ചിയില്‍ നിന്നും ഡല്‍ഹി, ഡല്‍ഹിയില്‍ നിന്നും ആംസ്റ്റര്‍ഡാം അവിടെ നിന്നും സൂറിക്, പിന്നെ ട്രെയിനില്‍ ജനീവ. സാധാരണ ദുബായി വഴി പന്ത്രണ്ട് മണിക്കൂറുകൊണ്ട് ജനീവയില്‍ എത്തുന്നത് ഇരുപത്തി ഏഴു മണിക്കൂര്‍ എടുത്തു.
യാത്രയില്‍ വലിയ പരിശോധനകള്‍ ഒക്കെ ഉണ്ടാകും എന്നും പ്രതീക്ഷിച്ചിരുന്നു, പക്ഷെ അതുണ്ടായില്ല. കോവിഡ് പരിശോധനയുടെ റിസള്‍ട്ട് വേണമെന്നും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണം എന്നൊക്കെ ട്രാവല്‍ ഏജന്റ് പറഞ്ഞിരുന്നു. ഏറെ സമയം എടുത്ത് തയ്യാറാക്കുകയും ചെയ്തു, എന്നിട്ടും നാല് വിമാനത്താവളത്തിലും മൂന്നു രാജ്യത്തിലും രണ്ട് വിമാനക്കമ്ബനികളും അതിന്റെ അന്വേഷണം ഉണ്ടായില്ല. ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം എന്നും പറഞ്ഞിരുന്നു, പക്ഷെ അതും ആരും അന്വേഷിച്ചു കണ്ടില്ല. നമുക്ക് പനിയോ മറ്റു കോവിഡ് ലക്ഷണങ്ങള്‍ ഇല്ല എന്നും കോവിഡ് കണ്ടൈന്മെന്റ് സോണില്‍ നിന്നും അല്ല എന്നും ഒരു സെല്ഫ് ഡിക്ലറേഷന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ചോദിച്ചു. സൂറിച്ചില്‍ വിമാനം ഇറങ്ങിയപ്പോള്‍ നമ്മുടെ സീറ്റ് നമ്ബറും താമസിക്കാന്‍ പോകുന്ന സ്ഥലത്തെ അഡ്ഡ്രസ്സും വാങ്ങി വക്കുകയും ചെയ്തു.
മാസ്‌കും ഗ്ലോവും ഒക്കെ കൂടാതെ ശരീരം മുഴുവന്‍ മൂടുന്ന ഡിസ്‌പോസബിള്‍ കവറോള്‍ ഒക്കെ സംഘടിപ്പിച്ചാണ് യാത്ര തുടങ്ങിയത്, പക്ഷെ ഇക്കാര്യത്തിലും എയര്‍ ലൈനുകള്‍ക്ക് പ്രത്യേക നിര്‍ബന്ധം ഒന്നും കണ്ടില്ല. മാസ്‌കും അതിന് മുന്‍പില്‍ ഒരു ഷീല്‍ഡും ആണ് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടത്, ഷീല്‍ഡ് അവര്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ എല്ലാവര്‍ക്കും നല്‍കുകയും ചെയ്തു. വിമാനത്തിന്റെ മിഡില്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ഒരു ഫുള്‍ സ്ലീവുള്ള ഏപ്രണ്‍ പോലൊന്ന് നല്‍കി (ഡിസ്‌പോസബിള്‍), മ്യൂണിക്കിന് പോകാന്‍ ലുഫ്താന്‍സായില്‍ ഉള്ള എല്ലാ യാത്രക്കാര്‍ക്കും കവറോളും ഷീല്‍ഡും മാസ്‌കും ഒക്കെ നല്‍കിയത് കണ്ടു. കെ എല്‍ എമ്മില്‍ മാസ്‌കും ഷീല്‍ഡും മാത്രമേ ഉള്ളൂ, മാസ്‌ക് നാലു മണിക്കൂറിനുള്ളില്‍ ഓരോന്ന് മാറ്റണം എന്ന നിര്‍ദ്ദേശവും ഉണ്ട്.
സെക്യൂരിറ്റി ചെക്ക് അപ്പ് അല്പം കൂടി റിലാക്‌സ്ഡ് ആണെന്ന് തോന്നി. ഒരു സ്ഥലത്തും ഷൂസ് ഒന്നും എടുത്ത് മാറ്റാന്‍ പറഞ്ഞില്ല. ഒരു ലിറ്റര്‍ വലുപ്പമുള്ള വെള്ളക്കുപ്പികള്‍ എടുത്തു മാറ്റുന്നില്ല. സാധാരണ മെറ്റല്‍ ഡിറ്റക്ടര്‍ ഒരു പൈപ്പിന്റെ അറ്റത്തു വച്ച് കെട്ടി അല്പം ദൂരെ നിന്നാണ് ചെക്ക് ചെയ്യുന്നത്. വേഗത്തില്‍ തന്നെ കാര്യം കഴിയും. ചിലയിടങ്ങളില്‍ ടെമ്ബറേച്ചര്‍ ചെക്ക് ഉണ്ട്, എല്ലാ വിമാനത്താവളത്തിലും കണ്ടില്ല.
ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ പച്ച വെള്ളം മാത്രം ഒരു കുപ്പിയിലാക്കി തരും, വിമാനം ടേക്ക് ഓഫിനും ലാന്റിങ്ങിനും തൊട്ട് മുന്‍പ് സുരക്ഷ പരിശോധനക്കല്ലാതെ എയര്‍ ഹോസ്റ്റസ് നമ്മുടെ അടുത്തേക്ക് വരുന്നില്ല. കെ എല്‍ എം ഒരു പൊതി നിറയെ ഭക്ഷണ സാധനങ്ങള്‍ ഓരോ സീറ്റിലും തന്നിട്ട് പോയി, വെള്ളം ഉള്‍പ്പടെ, ഇടക്കുള്ള സെര്‍വിങ്, ഡ്യൂട്ടി ഫ്രീ ഒന്നുമില്ല. യൂറോപ്പില്‍ ഉള്ള ഫ്‌ളൈറ്റുകളില്‍ പഴയത് പോലെ കോഫീ സര്‍വീസ് ഒക്കെ ഉണ്ട്.
കൊച്ചി വിമാനത്താവളത്തില്‍ പൊതുവെ കാര്യങ്ങള്‍ വളരെ നന്നായിട്ടാണ് പോകുന്നത്, എല്ലാവര്‍ക്കും പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ അറിയാം എന്ന് തോന്നി. കൈ കഴുകാനും, സ്‌പ്രേയും, ഫേസ് ഷീല്‍ഡും, മാസ്‌കും ഒക്കെ ആവശ്യത്തിന് സമയത്ത് തന്നെ ലഭ്യമാണ്.
ഡല്‍ഹി വിമാനത്താവളത്തില്‍ പക്ഷെ സാമൂഹിക അകലം ഒന്നുമില്ല. രാത്രി പന്ത്രണ്ടു മണിക്കുള്ള വിമാനത്തിന് രാവിലെ മുതല്‍ ആളുകള്‍ വന്നു വിമാനത്താവളത്തിന് മുന്നില്‍ കുത്തിയിരിക്കയാണ്, അവിടെ ടോയ്ലറ്റ് സൗകര്യം കൂടാതെ ഇരിക്കാന്‍ ആവശ്യത്തിന് കസേര കൂടി ഇല്ല, വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് മാത്രമേ യാത്രക്കാരെ വിമാനത്താവളത്തിന്റെ അകത്തേക്ക് കയറ്റൂ, അപ്പോഴക്കും വലിയ തിരക്കാകും.
വിമാനത്താവളത്തിന് അകത്തേക്ക് കയറുന്ന ഗേറ്റിന് മുന്നില്‍ ഒരു മണിക്കൂറിലേറെ ക്യു നില്‍ക്കുന്ന കുട്ടികളും പ്രായമായവരും ഉള്‍പ്പടെ ഉള്ളവരെ കണ്ടു. കൊറോണക്കാലത്ത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്, ഒഴിവാക്കേണ്ടതാണ്. ലോകത്തെ മറ്റു വിമാനത്താവളങ്ങളിലെ പോലെ ടിക്കറ്റ് ഉള്ളവര്‍ക്ക് വിമാനത്താവളത്തിലേക്ക് പ്രവേശനം നല്‍കിയാല്‍ ഒഴിവാക്കാവുന്ന പ്രശ്‌നമേ ഉള്ളൂ.
സ്വിറ്റസലര്‍ലണ്ടില്‍ ഇപ്പോഴും ഏതാണ്ട് കേരളത്തിലെ അത്ര തന്നെ (ആളോഹരി) പ്രതിദിന കേസുകള്‍ ഉണ്ട്. പക്ഷെ ഇവിടെ ആളുകള്‍ മാസ്‌ക് ധരിക്കുന്നുണ്ട് എന്നത് ഒഴിച്ചാല്‍ കൊറോണയുടെ ഒരു പ്രതീതിയും ഇല്ല. ട്രെയിനുകളും ബസുകളും ഓടുന്നുണ്ട്, അതെല്ലാം ഫുള്‍ തന്നെയാണ്, റെസ്റ്റോറന്റുകളില്‍ സാമൂഹിക അകലത്തിന് പ്രത്യേക നിബന്ധനകള്‍ ഇല്ല, കുട്ടികള്‍ പാര്‍ക്കില്‍ കളിക്കുന്നുണ്ട്. അടുത്ത മാസം സ്‌കൂള്‍ പതിവ് പോലെ തുറക്കും എന്നാണ് വായിച്ചത്.
കേരളത്തിലും ഏറ്റവും വേഗത്തില്‍ സ്‌കൂളുകള്‍ തുറക്കണം എന്ന അഭിപ്രായം എനിക്കുണ്ട്, അതുകൊണ്ട് എന്തൊക്കെ മുന്‍കരുതലുകള്‍ ആണ് സ്വിറ്റ്സര്‍ലന്‍ഡില്‍ സ്‌കൂളില്‍ എടുക്കാന്‍ പോകുന്നത് എന്ന് അന്വേഷിച്ച് എഴുതാം. മാസങ്ങള്‍ക്ക് ശേഷം വീട്ടില്‍ എത്തുമ്ബോള്‍ ഒരു കുന്നു ബില്ലുകള്‍ കൊടുത്തു തീര്‍ക്കാന്‍ ഉണ്ടെന്നതൊഴിച്ചാല്‍ മറ്റെല്ലാം അതുപോലെ തന്നെയുണ്ട്. ഇവിടെ ക്വാറന്റൈന്‍ നിബന്ധന ഇന്ത്യക്കാര്‍ക്ക് ഇല്ലെങ്കിലും ഞാന്‍ ഒരാഴ്ച സെല്ഫ് ഐസൊലേഷനില്‍ ആയിരിക്കും, അത് കഴിഞ്ഞാല്‍ ഒരു പക്ഷെ ബെയ്റൂട്ടിലേക്ക് പോകേണ്ടി വരും. അതിനുള്ള തയ്യാറെടുപ്പ് എന്താണെങ്കിലും നടത്തണം.നിങ്ങളില്‍ പലരും ജോലി സ്ഥലത്ത് നിന്നും അല്ലെങ്കില്‍ പഠിക്കുന്നിടത്തു നിന്നും നാട്ടില്‍ എത്തി തിരിച്ചു പോകണോ എന്ന ചിന്തയില്‍ ആയിരിക്കുമല്ലോ. അവര്‍ക്കായി കുറച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കാം.
1. നാട്ടില്‍ നിന്നും തിരിച്ച് ജോലി സ്ഥലത്തേക്കോ പഠന സ്ഥലത്തേക്കോ പോകണമോ എന്നുള്ള തീരുമാനം പല കാര്യങ്ങളെ അനുസരിച്ച് ഇരിക്കും. നിങ്ങളുടെ ജോലിയുടെ രീതി, നിങ്ങളുടെ ജോലി നാട്ടില്‍ നിന്ന് തന്നെ ഫലപ്രദമായി ചെയ്യാവുന്ന ഒന്നാണോ, നിങ്ങളുടെ എംപ്ലോയര്‍ ഈ നിങ്ങള്‍ നാട്ടില്‍ ജോലി ചെയ്യുന്നതില്‍ സംതൃപ്തനാണോ, കുട്ടികളുടെ പഠനത്തെയും സാമൂഹ്യ ജീവിതത്തെയും നാട്ടിലെ ജീവിതം ബാധിക്കുന്നുണ്ടോ, നിങ്ങള്‍ തിരിച്ചു പോകാന്‍ ശ്രമിക്കുന്ന നാട്ടില്‍ ഇപ്പോള്‍ കൊറോണയുടെ സ്ഥിതി എങ്ങനെയാണ്, അവിടുത്തെ ആരോഗ്യ സംവിധാനങ്ങള്‍ കഴിഞ്ഞ ആറുമാസത്തിനകം കൊറോണയെ കൈകാര്യം ചെയ്യുന്നതില്‍ വിജയിച്ചിട്ടുണ്ടോ എന്നിങ്ങനെ അനവധി ചോദ്യങ്ങള്‍ ഉണ്ട്. ഇതില്‍ എല്ലാ ചോദ്യത്തിനും ഒരു പോലെ നല്ല ഉത്തരം കിട്ടി എന്ന് വരില്ല, ജീവിതം എന്നുള്ളത് ഒരു ബാലന്‍സ് ഓഫ് റിസ്‌ക് ആണല്ലോ. ഈ തീരുമാനം നിങ്ങള്‍ തന്നെ എടുത്തേ പറ്റൂ. പക്ഷെ വിമാനയാത്രയെ പേടിച്ചിരിക്കേണ്ടതില്ല എന്നാണ് എന്റെ ഉപദേശം.
2. യാത്ര ചെയ്യാനുള്ള തീരുമാനം എടുത്തു കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഷോര്‍ട്ട് ആയിട്ടുള്ള റൂട്ടും ഏറ്റവും മിനിമം കണക്ഷനും ഉള്ള റൂട്ട് തന്നെ നോക്കുക. എത്ര സമയം വിമാനത്തില്‍ ഇരിക്കുന്നു എന്നതും എത്രമാത്രം ആളുകളുമായി അടുത്തിടപഴകേണ്ടി വരുന്നു എന്നതും നമ്മുടെ റിസ്‌ക്ക് കൂട്ടുകയാണ്. നേരിട്ട് ഗള്‍ഫ് അല്ലെങ്കില്‍ സിംഗപ്പൂര്‍ വഴി പോകാന്‍ സാധിക്കുമെങ്കില്‍ എ റൂട്ട് ആണ് നല്ലത്.
3. ബിസിനസ്സ് ക്ളാസ് ടിക്കറ്റ് എടുക്കാന്‍ സാഹചര്യം ഉള്ളവര്‍ അതെടുക്കുന്നത് അല്പം എങ്കിലും റിസ്‌ക് കുറയ്ക്കും. ഇക്കോണമി ക്ളാസില്‍ ആണ് ടിക്കറ്റ് എങ്കില്‍ വിന്‌ഡോ സീറ്റ് ചോദിച്ചു വാങ്ങുന്നതാണ് നല്ലത്, ഏറ്റവും കുറച്ച് ആളുകളുമായി ബന്ധപ്പെടുന്നത് അവരാണ്.
4. വിമാനത്താവളത്തില്‍ പരമാവധി കുറച്ചു സമയം ചെലവാക്കുക എന്നതാണ് ലക്ഷ്യം. എയര്‍ ഇന്ത്യക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യാം, ക്യു നില്കുനന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക, എയര്‍പോര്‍ട്ടില്‍ സീറ്റുകള്‍ സാമൂഹിക അകലം ഒക്കെ മാര്‍ക്ക് ചെയ്താണ് ഇട്ടിട്ടുള്ളത്, അത് എല്ലാ സമയവും പാലിക്കുക.
4. മാസ്‌ക് എല്ലാ സമയവും ഉപയോഗിക്കുക. ഗ്ലോവ് ഉണ്ടാകുന്നതും നല്ലതാണ്. കൂടുതല്‍ വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ (കവറോള്‍ തൊട്ട് തൊപ്പി വരെ) എന്തും ആകാം. മിക്കവാറും ആളുകള്‍ മാസ്‌കും ഷീല്‍ഡും മാത്രമേ ധരിക്കുന്നുള്ളൂ. ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ നല്ല ആശയം ആണെന്ന് തോന്നി.
5. ഓരോ നാലു മണിക്കൂറിലും മാസ്‌ക് മാറ്റി പുതിയത് വക്കണം എന്നാണ് കെ എല്‍ എം നിര്‍ദ്ദേശിച്ചത്, ഞാന്‍ അതാണ് കൊച്ചി മുതല്‍ പ്രയോഗിച്ചതും ആവശ്യത്തിന് മാസ്‌ക് കയ്യില്‍ കരുതുക.
6. കുട്ടികള്‍ ഒക്കെ കൂടെ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഭക്ഷണവും വെള്ളവും ആവശ്യത്തിന് കരുതുക. വിമാനത്തില്‍ ഒന്നും കിട്ടില്ല എന്ന് പ്രതീക്ഷിക്കുന്നതാണ് ബുദ്ധി, കിട്ടിയാല്‍ അതൊരു കുഴപ്പമല്ലലോ.
7. എന്റെ സുഹൃത്ത് ഡോക്ര്‍ മനു Manu Viswam ഒരു ചെറിയ കുപ്പി സാനിറ്റൈസര്‍ സ്‌പ്രേ തന്നിരുന്നു. ഈ യാത്രയില്‍ ഏറ്റവും ഉപകാരപ്പെട്ടത് അതാണ്. ടോയ്ലറ്റില്‍ ഉള്‍പ്പടെ ഇരിക്കുന്ന സീറ്റുകള്‍ ഒക്കെ അല്പം എങ്കിലും ഒന്ന് സാനിറ്റൈസ് ചെയ്യാന്‍ ഏറെ ഉപകാരപ്പെടും.
8. ഓരോ രാജ്യത്തും പുതിയ പുതിയ ഫോമുകള്‍ പൂരിപ്പിക്കാനുണ്ട്, അതുകൊണ്ട് ഒരു പേന എങ്ങനെയും കയ്യില്‍ കരുതണം.
9. ഇന്ത്യയില്‍ യാത്രചെയ്യുമ്ബോള്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതും വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് കോവിഡ് ടെസ്റ്റ് ചെയ്യുന്നതും ശരിയായ കാര്യമാണ്. ആരും ചോദിച്ചില്ലെങ്കിലും ചുരുങ്ങിയത് നമുക്ക് രോഗം ഇല്ല എന്ന് ഉറപ്പു വരുത്തുകയെങ്കിലും ചെയ്യാമല്ലോ.
10. യാത്രയില്‍ ഒരിടത്തും ചിരിക്കുന്ന മുഖങ്ങള്‍ കാണാനില്ല എന്നത് യാത്രയെ അല്പം ഗ്ലൂമി ആകുന്നുണ്ട്. അതുകൊണ്ട് തന്നെ പോസിറ്റീവ് ആയ എന്തെങ്കിലും ഒക്കെ വായിക്കാനെടുക്കുന്നത് നാന്നായിരിക്കും. മുരളി തുമ്മാരുകുടിയുടെ പുസ്തകങ്ങള്‍ ഞാന്‍ ധൈര്യമായി നിര്‍ദ്ദേശിക്കുന്നു.
ഓരോ വിമാനയാത്രയിലും അല്പം കൊറോണ റിസ്‌ക് ഉണ്ട്, പക്ഷെ അതിനെ മറ്റുള്ള റിസ്‌കുകളും ആയി താരതമ്യം ചെയ്യുക. ആവശ്യമെങ്കില്‍ വിമാനയാത്രകള്‍ ചെയ്യാം എന്ന് തന്നെയാണ് എന്റെ പരിപാടി. താല്‍ക്കാലത്തെ പ്ലാന്‍ അനുസരിച്ച് ഒക്ടോബറില്‍ നാട്ടില്‍ വീണ്ടും കാണും. പക്ഷെ വെബ്ബിനാറും ഇന്റര്‍വ്യൂവും ഒക്കെ എവിടെ നിന്നും ചെയ്യാം എന്നുള്ളതുകൊണ്ട് നാട്ടിലെ കാര്യങ്ങളില്‍ പഴയതിലും കൂടുതല്‍ ആക്റ്റീവ് ആയിരിക്കുകയും ചെയ്യും. രണ്ടായിരത്തി ഇരുപത്തി ഒന്നും അസംബ്ലി തിരഞ്ഞെടുപ്പും ഒക്കെ വരികയല്ലേ !