Latest News

ആയിരംവര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനില്‍ ഹാരിപോട്ടര്‍ക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രത്തിന് ശിലയിടുന്നു എന്നു സങ്കല്‍പ്പിക്കുക; ഇത് വിഭാവനം ചെയ്യാനായാല്‍ ഇന്ത്യന്‍ ജനാധിപത്യം സ്വന്തമാക്കിയിരിക്കുന്ന വളര്‍ച്ചയും വികാസവും തിരിച്ചറിയാനാവും; മതമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബ്രഡ് ആന്‍ഡ് ബട്ടര്‍; സി രവിചന്ദ്രന്‍ എഴുതുന്നു

Malayalilife
ആയിരംവര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനില്‍ ഹാരിപോട്ടര്‍ക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രത്തിന് ശിലയിടുന്നു എന്നു സങ്കല്‍പ്പിക്കുക; ഇത് വിഭാവനം ചെയ്യാനായാല്‍ ഇന്ത്യന്‍ ജനാധിപത്യം സ്വന്തമാക്കിയിരിക്കുന്ന വളര്‍ച്ചയും വികാസവും തിരിച്ചറിയാനാവും; മതമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബ്രഡ് ആന്‍ഡ് ബട്ടര്‍; സി രവിചന്ദ്രന്‍ എഴുതുന്നു

ക്ഷേത്രകലകള്‍

(1) ആയിരംവര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനില്‍ ഹാരിപോട്ടര്‍ക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയും അവിടെ സ്ഥാപിച്ച ജെ കെ റൗളിംഗിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്യുന്നു എന്നു സങ്കല്‍പ്പിക്കുക. ശേഷം ഹാരിപോട്ടറുടെ മാഹാത്മ്യത്തെക്കുറിച്ചും അതിന് ബ്രീട്ടീഷ് സംസ്‌കാരവുമായുള്ള ആഴത്തിലുള്ള ബന്ധത്തെകുറിച്ചും പ്രധാനമന്ത്രി കാടുകയറി കുഴഞ്ഞുവീഴുന്നു...ബ്രിട്ടീഷുകാരില്‍ ഭൂരിഭാഗവും പ്രധാനമന്ത്രി എന്തോ കിടിലന്‍ നേട്ടം സ്വന്തമാക്കിയെന്നും രാജ്യാഭിമാനം സംരക്ഷിച്ചുവെന്നും പ്രഖ്യാപിക്കുന്നു....മറ്റ് രാഷ്ട്രീയ കക്ഷികളെല്ലാം പോട്ടര്‍ ക്ഷേത്രത്തെ രാജ്യത്തിന്റെ ഭാഗ്യമായും പുണ്യമായും വിലയിരുത്തുന്നു, ചെറിയൊരു ന്യൂനപക്ഷം വേണ്ടത് ആരാധനാലയങ്ങളല്ല ആശുപത്രികളും വിദ്യാലയങ്ങളും ഉദ്പാദനസ്ഥാപനങ്ങളാണെന്നും പറഞ്ഞ് ഒറ്റപെടുന്നു... ഇങ്ങനെയൊരു സാഹചര്യം വിഭാവനംചെയ്യാനായാല്‍ ഇന്ത്യന്‍ ജനാധിപത്യം സ്വന്തമാക്കിയിരിക്കുന്ന വളര്‍ച്ചയും വികാസവും നിങ്ങള്‍ക്ക് കൃത്യമായി തിരിച്ചറിയാനാവും. ഹാരിപോട്ടര്‍ രാഷ്ട്രീയം.

(2) മതസേവ നടത്തി കൂലി ചോദിക്കുന്ന രാഷ്ട്രീയമാണ് നമ്മുടേത്. തങ്ങള്‍ സദാ മതങ്ങള്‍ക്ക് വേണ്ടിയുള്ള പരസ്യചിത്രങ്ങളില്‍ അഭിനയിക്കുകയാണ് എന്നാണ് രാഷ്ട്രീയക്കാരുടെ ധാരണം. ഈ അവസ്ഥയുടെ പേരാകട്ടെ പാര്‍ലമെന്ററി ജനാധിപത്യമെന്നും. മതേതരത്വം ഭരണഘടനയില്‍ ഒട്ടിച്ചുവെച്ച രാജ്യത്തെ പ്രധാനമന്ത്രി തന്നെ തന്റെ മതവികാരം നിര്‍ലജ്ജം പുറത്തേക്ക് ഒഴുക്കുമ്ബോള്‍ രാജ്യം കോരിത്തരിക്കുന്നു. ആള്‍ദൈവങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗം വീണ് ശീലിച്ചാല്‍ പിന്നെ വെറും മണ്ണില്‍ വീഴുന്നതിന് പ്രയാസമില്ല.

ഇന്ത്യ അര്‍ഹിക്കാത്ത പ്രധാനമന്ത്രിയായിരുന്നു നെഹ്രു എന്നു പറയുന്നതിന്റെ സാംഗത്യം ഇന്നലെ അയോദ്ധ്യയില്‍ മോദി നടത്തിയ കാട്ടിക്കൂട്ടലുകള്‍ കാണുന്ന ആര്‍ക്കും പെട്ടെന്ന് ബോധ്യപെടും. ഗംഗയില്‍ കുളിക്കുന്നതിനും മണ്ണില്‍ വീണുരുളുന്നതിനും വ്രതമനുഷ്ഠിക്കുന്നതിനും മതദൈവങ്ങളെയും പുക്‌ഴത്തുന്നതിനും ഗ്രേസ് മാര്‍ക്കുള്ള ഒരു സമൂഹത്തില്‍ രാഷ്ട്രീയക്കാര്‍ പിന്നെന്തുവേണം എന്നു ചോദിക്കുന്നവരുണ്ടാകാം. നിലവിലുള്ള സാമൂഹിക മാലിന്യങ്ങളെ സ്ഥിരീകരിക്കാനും സ്ഥാപനവല്‍ക്കരിക്കാനുമാണെങ്കില്‍പ്പിന്നെ
എന്തിന് രാഷ്ട്രീയവും ജനാധിപത്യവും? പഴയകാലത്തെപ്പോലെ രാജാവും പ്രജകളുമായി ജീവിച്ചാല്‍ പോരേ? പുരോഹിതന്‍ ധര്‍മ്മം കല്‍പ്പിക്കില്ലേ? രാജാവ് ധര്‍മ്മം സംരക്ഷിക്കില്ലേ

(3) കട്ട പുരോഗമനം പറഞ്ഞു വരുന്നവരും കുറെക്കഴിയുമ്ബോല്‍ മതരാഗം ആലപിക്കുന്നത് പതിവു കാഴ്ചയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതും വലതും മധ്യവുമൊക്കെ കണ്ടുപിടിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ചവരുണ്ടാകാം. വസ്തുതയെന്തെന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മതാധിഷ്ഠിതമാണ്. ന്യൂനപക്ഷമോ ഭൂരിപക്ഷമോ ആയിക്കൊള്ളട്ടെ, മതങ്ങളോടുള്ള സമീപനമാണ് നിങ്ങളുടെ രാഷ്ട്രീയം നിശ്ചയിക്കുന്നത്. പ്രത്യയശാസ്ത്രം എന്തുമായികൊള്ളട്ടെ, അത് മതപ്രകാരം പരുവപെടുത്താന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകുന്നു. എഴുത്തുംവായനയും തൊട്ട് ദിനകൃതങ്ങള്‍ വരെ മതാനുസാരിയായി ക്രമപ്പെടുത്താന്‍ സമ്മര്‍ദ്ദമുണ്ട്. ഏതെങ്കിലും മതങ്ങള്‍ക്ക് വേണ്ടി ബാറ്റ് ചെയ്യലാണ് രാഷ്ട്രീയ ധര്‍മ്മം;മതേതരത്വം അടക്കംപറഞ്ഞു ചിരിക്കാനുള്ള തമാശയും.

(4) ഏത് വിഷയത്തിലും ഏതെങ്കിലും ഒരു മതവിഭാഗത്തിന് പിന്നില്‍ രാഷ്ട്രീയകക്ഷികളും ബുദ്ധിജീവികളും അണിനിരക്കുന്നു. വര്‍ഗ്ഗീയതയും എതിര്‍വര്‍ഗ്ഗീയതയുമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പൊതു സിലബസ്സ്. രാമക്ഷേത്ര നിര്‍മ്മാണത്തെ പ്രതിരോധിക്കുന്നത് മതേരത രാഷ്ട്രീയമോ സാമാന്യയുക്തിയോ പറഞ്ഞല്ല, പകരം ഹാഗിയ സോഫിയ ഉദ്ധരിച്ചാണ്. അവിടെ അങ്ങനെ-ഇവിടെ ഇങ്ങനെ എന്ന ലൈന്‍! അത് ശരിയെങ്കില്‍ ഇത് തെറ്റാണോ എന്ന ചോദ്യം!

(5) മതത്തോട് അടുക്കുമ്ബോള്‍ പുളിയറിയാം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച്‌ കോണ്‍ഗ്രസ്സും ആപും അടക്കമുള്ള സോ കോള്‍ഡ് ഇടതു-സെന്‍ട്രിസ്റ്റ് പാര്‍ട്ടികളുടെ എണ്ണതേക്കല്‍ അഭ്യാസങ്ങള്‍. എന്ത് ഇടത്-എന്തു സെന്‍ട്രിസ്റ്റ്? കമ്മ്യൂണല്‍ ബാറ്റിങ്! അതുമതിയാകും.

കൂടുതല്‍ ഡെക്കറേഷന്‍ ആവശ്യമില്ല. പ്രീണിപ്പിക്കുക എന്ന ഒരൊറ്റ മാര്‍ഗ്ഗം മാത്രമേ മതവുമായി സാധ്യമാകൂ എന്നിവര്‍ പറയാതെ പറയുന്നു. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഏതെങ്കിലും മതത്തിന്റെ കടാക്ഷം കാമിക്കുന്നു. കാണികളും നിരൂപകരും ചാനലുകളും യു-ട്യൂബ് ബ്ലോഗര്‍മാരും സിനിമയെ ആശ്രയിച്ച്‌ ജീവിക്കുന്നു എന്നു പറയുന്നതുപോലെ മതമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബ്രഡ് ആന്‍ഡ് ബട്ടര്‍. സിനിമയുടെപോലും!

(6) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഇന്ത്യയും മുന്നോട്ടുപോകുന്നതെന്ന് അംഗീകരിക്കാന്‍ മിക്കവര്‍ക്കും താല്പര്യമില്ല. സാമ്ബത്തികമായും വിദ്യഭ്യാസപരമായും സാധ്യതകളുള്ള ഒരു സമൂഹം. അവിടെ ജനസംഖ്യയില്‍ ഭൂരിഭാഗവും ഒരു പുരാണ കഥാപാത്രത്തിന്റെ പേരില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ പേരില്‍ അഭിമാനിക്കുന്നു എന്നൊക്കെ പറയുന്നത് ജനതയെ അമേദ്യത്തില്‍ മുക്കിയ ചൂല് കെട്ടി അടിക്കുന്നതിന് തുല്യമാണ്. സ്വയം അധ:പതിക്കുന്ന മനുഷ്യര്‍ക്ക് മറ്റുള്ളവരെകൂടി ആ നിലയിലേക്ക് വലിച്ചിടാനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളയണം.

(7) കോവിഡ് സൗഖ്യപെടാന്‍ രാമക്ഷേത്രം സിദ്ധൗഷധമെന്ന് ചിലരുടെയെങ്കിലും കണ്ടുപിടുത്തം. കാര്യം ശരിയാണ്, കോവിഡ് വാക്‌സിന്‍ വരുന്നതോടെ രോഗശമനം സാധ്യമാകും. അതിനിടെ ലോകത്ത് അരങ്ങേറുന്ന ഏതൊരു സംഭവവും കോവിഡ് ശമനവുമായി ബന്ധപെടുത്താം. അന്ധവിശ്വാസികളും ക്ഷിപ്രവിശ്വാസികളും വെട്ടിവിഴുങ്ങികൊള്ളും.

കേരളത്തില്‍ സ്വര്‍ണ്ണകള്ളക്കടത്ത് പിടിച്ചതുകൊണ്ടാണെന്നോ അയോദ്ധ്യയില്‍ ക്ഷേത്രത്തിന് തറക്കല്ലിട്ടതുകൊണ്ടാണോ ജനം വീട്ടിലിരുന്നു ടെലിവിഷനില്‍ രാമായണവും മഹാഭാരതവും കണ്ടതുകൊണ്ടാണെന്നോ തട്ടിവിടാം. എല്ലാത്തിനും തെളിവ് തുല്യമായിരിക്കും. കോവിഡ് സംബന്ധിച്ച്‌ ഞാന്‍ ഇട്ട പതിനഞ്ചോളം ഫേസ്‌ബുക്ക് പോസ്റ്റുകളാണ് രോഗശമനംകൊണ്ടുവന്നതെന്ന് എനിക്കും വാദിക്കാം. അതെ, വാദിക്കാം.... വാദിച്ചു അങ്ങനെ ജീവിക്കാം.... അതങ്ങനെയല്ലെന്ന് നിങ്ങള്‍ക്കും വാദിക്കാം...

(8) മെച്ചപെട്ട ഭക്തന്‍ ആരാണ്, മികച്ച മതസഹായി ആരാണ് എന്ന് തെളിയിക്കാന്‍ മത്സരിച്ച്‌ കൂട്ടിയിടിച്ചു വീഴുന്ന രാഷ്ട്രീയക്കാര്‍ നമുക്ക് പരിചിതകാഴ്ചയായി മാറിക്കഴിഞ്ഞു. എം.കെ ഗാന്ധിയായിരുന്നു ഈ ബ്രാന്‍ഡിന്റെ ആചാര്യനെങ്കിലും അദ്ദേഹത്തിന് മുമ്ബും അവസ്ഥ മറ്റൊന്നായിരുന്നില്ല. മുള്ളമാരും മുക്രിമാരും നിയന്ത്രിക്കുന്ന മതാധിഷ്ഠിത രാഷ്ട്രീയ വ്യവസ്ഥകളുടെ ഇന്ത്യന്‍ പതിപ്പ് കൂടുതല്‍ വികസിതമാകുകയാണ്. പഴയ രാജാവ്-പുരോഹിതന്‍ അച്ചുതണ്ടിന്റെ തിരിച്ചുവരവ് അകലെയല്ല. രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനത്ത് ഭരണാധികാരിയായി തിരഞ്ഞെടുത്തത് ഒരു പഴയ പുരോഹിതനെയാണ്. ചിന്തിച്ചാല്‍ അങ്ങേയറ്റം ദയനീയം.

മതത്തെ പൊതുജീവിതത്തിലും ആശയതലത്തിലും ദുര്‍ബലപ്പെടുത്താതെ ഇന്ത്യയ്ക്ക് ഒരടി മുന്നേറാനാവില്ല. നിര്‍ഭാഗ്യവശാല്‍, ഇന്നിവിടെ രാഷ്ട്രീയവും മതവും ഒന്നാണ്. പണ്ടും അങ്ങനെയായിരുന്നില്ലേ എന്ന ചോദ്യം തള്ളുന്നില്ല. ശരിയാണ്, 1857 മുതല്‍ നാം കാണുന്നത് അതാണ്. ഇന്ന് രാഷ്ട്രീയ കക്ഷികള്‍ അധികാരത്തിലെത്തുന്നതും പുറത്തുപോകുന്നതും മതംപറഞ്ഞാണ്. ഖിലാഫത്തും രഥയാത്രയും അയോദ്ധ്യയും ശബരിമലയുമൊക്കെയാണ് പെട്ടി നിറയാനും മെലിയാനുമുള്ള കാരണം. ആര്‍ക്കും മറ്റൊന്നും പറയാനില്ലാത്ത അവസ്ഥ.

(9) രാമനും ക്ഷേത്രവും ജനതയ്ക്ക് എത്രമാത്രം വൈകാരിക ഉദ്ധാരണം ഉണ്ടാക്കുന്നു എന്നു തിരിച്ചറിഞ്ഞാണ് രാഷ്ട്രീയശക്തികള്‍ അത് ചൂഷണം ചെയ്യുന്നത്. അവര്‍ ചെയ്യുന്നത് ഉള്ള ഒന്നിന്റെ ചൂഷണമാണ്. അതവര്‍ ഉണ്ടാക്കിയെടുത്ത ഒന്നല്ല, പക്ഷെ പോഷിപ്പിച്ച ഒന്നാണ്. അത് ചെയ്യാതിരിക്കാനുള്ള വകതിരിവ് അവര്‍ക്കുണ്ടാകേണ്ടതല്ലേ? ആഗ്രഹചിന്തകള്‍ ഉത്തരമാകില്ല എന്നോര്‍ക്കണം. അവസ്ഥ പരിഷ്‌കരിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് അവര്‍ ചിന്തിക്കുന്നു. ഒരു പക്ഷെ മറിച്ച്‌ ചിന്തിച്ചാലും സാധ്യമല്ല.

കാരണം അവര്‍ ജനത്തെ 'പ്രതിനിധീകരിക്കാന്‍' ഇഷ്ടപെടുന്നു. ജനം എന്നുപറയുമ്ബോള്‍ അത് വ്യക്തിനിഷ്ഠതയുടെയും വൈകാരികതയുടേയും ലോകമാണ്. ഒരു കാര്യം ശരിയാണോ തെറ്റാണോ എന്നതല്ല മറിച്ച്‌ ഹിതമാണോ അല്ലയോ എന്നതാണ് ജനകീയവൈകാരികതയില്‍ പ്രധാനം. ലക്ഷക്കണക്കിന് ആരാധനാലയങ്ങളുടെ കൂടെ ഒരെണ്ണംകൂടി. ഇരുട്ടില്‍ കൂറെക്കൂടി ഇരുട്ട് കൂട്ടിച്ചേര്‍ത്താല്‍ തിരിച്ചറിയാന്‍ പ്രയാസം. ഇരുട്ട് മൂക്കുന്നതനുസരിച്ച്‌ മോഷണവും ചൂഷണവും കനപ്പെടും. ഇരുട്ടു കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങള്‍ വെളിച്ചംവീഴുമ്ബോള്‍ നമ്മെ തുറിച്ചുനോക്കും.

C Ravi chandran note about temples

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക