ജീവിതം രോഗസഹിതം
(1) ആള്‍ക്കൂട്ട വിചാരണകളും വൈകാരികമുദ്രാവാക്യങ്ങളും നമ്മെ പ്രാകൃതയുഗത്തിലേക്ക് വലിച്ചെറിയുകാണ്. നിയമവാഴ്ച അംഗീകരിക്കാതെ പുരോഗമനവും മാനവികതയും കുഴച്ചുരുട്ടാമെന്ന അത്യാഗ്രഹം ആപത്താണ്. നിങ്ങള്‍ക്ക് നേട്ടമുണ്ടാകുന്നതും ഇഷ്ടപെടുന്നതുമായവ മാത്രമേ നിയമം ആകാവൂ എന്ന ശാഠ്യം ഏറെ പിറകിലേക്ക് വഴി നടത്തും. വസ്തുതകള്‍ക്കോ തെളിവുകള്‍ക്കോ സാമാന്യയുക്തിക്കോ പ്രാധാന്യവുമില്ലാത്ത ലോകം ഭരിക്കുന്നത് അക്രമവും കയ്യേറ്റവും കൊലപാതകങ്ങളുമായിരിക്കും.
(2) ചികിത്സ ഫലിക്കാത്തതിന് ഇന്നുവരെ ഒരു നാട്ടുവൈദ്യനെയോ കപട ചികിത്സകനെയോ ഹോമിയോ ഡോക്ടറെയോ ജനം കുറ്റപെടുത്തുന്നത് കണ്ടിട്ടുണ്ടോ? അവര്‍ ഫലപ്രദമല്ല, പരാജയപെട്ടേക്കാം എന്ന ധാരണ നിലവിലുണ്ട്. അതായത് പ്രാര്‍ത്ഥന പോലെ. ഫലിക്കണമെന്ന് നിര്‍ബന്ധമില്ല-ഫലിച്ചില്ലെങ്കില്‍ പരാതിയുമില്ല. എന്നാല്‍ ശാസ്ത്രീയ ചികില്‍സ പരാജയപെടാന്‍ പാടില്ല, ഫലം മോശമാകാന്‍ പാടില്ല എന്ന ദുശാഠ്യം അടിമുടി ശാസ്ത്രവിരുദ്ധമായ നമ്മുടെ സമൂഹത്തിനുണ്ട്. രോഗം മാറ്റുന്നത് ദൈവമാണെന്ന് 24ഃ7 വെച്ച് കീറും. മാറിയില്ലെങ്കില്‍ ഡോക്ടറുടെ കുത്തിന് പിടിക്കും, തള്ളയ്ക്ക് വിളിക്കും, ആശുപത്രി അടിച്ച് തകര്‍ക്കും. കേസുകളും പരാതികളുമായി മാല കൊരുത്ത് കഴുത്തിലിടും. വിളിച്ച് ഭീഷണിപെടുത്തും, പടമടിച്ച് ഭിത്തിയിലൊട്ടിക്കും. ബദല്‍ മാമന്മാര്‍ക്കോ പോട്ട ചികിത്സകര്‍ക്കോ ഇങ്ങനെയൊന്നും പേടിക്കേണ്ട. വിജയിച്ചാല്‍ അവരുടെ മിടുക്ക്-ചികിത്സയുടെ മാഹാത്മ്യം! പരാജയപെട്ടാല്‍ പ്രശ്‌നമില്ല. കാരണം അവര്‍ക്ക് പരാജയപെടാന്‍ ഭരണഘടനാപരമായ അവകാശവും അധികാരവും ഉണ്ട്.
(3) ജീവിതം രോഗസഹിതം. രോഗമില്ലാത്തവരായി ആരുമില്ല. ആരോഗ്യാവസ്ഥയിലും നിരവധി ക്രമക്കേടുകളും അസുഖങ്ങളും അസ്വസ്ഥതകളും നമുക്കുണ്ടാവും. എല്ലാം ഭേദമാകണമെങ്കില്‍ മരിക്കണം. രോഗി മാത്രമല്ല ചികിത്സകരും രോഗങ്ങള്‍ പേറി ജീവിക്കുന്നവരാണ്. ചില രോഗങ്ങളില്‍നിന്ന് പൂര്‍ണ്ണ മോചനം ലഭിക്കും. ചിലവ വന്നുംപോയുമിരിക്കും. ബാക്കിയുള്ളവ മരിക്കുന്നതുവരെ ജീവിക്കും. നിയന്ത്രിച്ചും ക്രമീകരിച്ചും മുന്നോട്ടുപോകണം. രോഗങ്ങളെല്ലാം മാറ്റുക എന്നതല്ല ജീവിതം സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് പ്രധാനം. ഓരോ വിജയകരമായ ചികിത്സയിലും സംഭവിക്കുന്നത് രോഗിയുടെ ജീവിതം വലിച്ചുനീട്ടലാണ്. നീളംകൂടുമ്ബോള്‍ വിജയം പെരുകും.
(4) എല്ലാ ചികിത്സകളും പൂര്‍ണ്ണമായുംപൂര്‍ണ്ണമായും വിജയിക്കണം എന്ന
വാശി അയഥാര്‍ത്ഥപരമാണ്. മുന്നിലെത്തുന്ന ഓരോ രോഗിയുടെയും ജീവിതം നിര്‍മ്മിക്കാനും നശിപ്പിക്കാനും സാധിക്കുമെന്ന ബോധ്യം ഓരോ ഡോക്ടര്‍ക്കും ഉണ്ടാവണം. അങ്ങേയറ്റം ജാഗ്രതയും കൃത്യതയും അനിവാര്യമായ തൊഴില്‍ മേഖലയാണത്. ചികിത്സയിലെ ശ്രദ്ധക്കുറവും ജാഗ്രതയില്ലായ്മയും കുറ്റകരമാണ്. അവിടെ നിയമപരമായ നടപടികള്‍ വരും. എല്ലാ തൊഴിലിനും ബാധകമായ കാര്യമാണത്. പക്ഷെ പരിഹാരം നിയമപരമായിരിക്കണം, തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം. രോഗി മരിച്ചാല്‍ മുന്‍പിന്‍ നോക്കാതെ ഡോക്ടറെ പഞ്ഞിക്കിടുന്ന കാടന്‍ മനോഭാവം പരിഷ്‌കരിച്ചേ മതിയാവൂ. പലര്‍ക്കും ഇതൊരു രസമാണ്. വാഹനാപകടം ഉണ്ടായാല്‍ ഒന്നും സംഭവിച്ചില്ലെങ്കിലും ചത്തതുപോലെ കിടന്നോളണം എന്ന നിര്‍ദ്ദേശം വരുന്നത് അത് മോട്ടോര്‍ ഗതാഗതനിയമത്തിന്റെ സിലബസ്സില്‍ ഉള്ളതുകൊണ്ടല്ല. പലപ്പോഴും അപകടസ്ഥലത്ത് ഓടിക്കൂടുന്നവര്‍ മുന്‍പിന്‍നോക്കാതെ പെരുമാറി കളയുമോ എന്ന ആശങ്ക മൂലമാണ്.
(5) രോഗികളെ ആശുപത്രികള്‍ സ്വീകരിക്കുന്നില്ല എന്ന വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. കാരണം പലതാവാം. വേണ്ടത്ര ചികിത്സാസൗകര്യങ്ങള്‍ ഇല്ലാത്തതോ റിസ്‌ക് ഏറ്റെടുക്കാനുള്ള വൈമനസ്യമോ ആകാം പലപ്പോഴും കാരണങ്ങള്‍. ചികിത്സ ഫലിച്ചില്ലെങ്കില്‍ രോഗിയുടെ ടീം 'വികാരി കളിക്കു'മെന്ന ആശങ്കയാണ് മറ്റൊരു കാരണം. മോശം റിസള്‍ട്ട് വന്നാല്‍ ഒന്നുകില്‍ അക്രമം അല്ലെങ്കില്‍ മൊഴിമാനഭംഗം ഉറപ്പാണ് എന്നവര്‍ ആശങ്കപെടുന്നു. ഗുരുതരമായി പരിക്കേറ്റവരെയും ആസന്നമായ അവസ്ഥകളില്‍ ഉള്ളവരെയും സ്വീകരിക്കാന്‍ ആശുപത്രികള്‍ വിസമ്മതിച്ചാല്‍ ആരോഗ്യരംഗം അവതാളത്തിലാകും. ആത്മഹത്യയ്ക്ക് പകരം എണ്ണതേച്ചും മധുരംനുകര്‍ന്നും ജീവനൊടുക്കേണ്ടിവരും.
(6) ആള്‍ക്കൂട്ട വിചാരണകളും പൊതുഹിത ആക്രമണങ്ങളും കാടത്തമായി തോന്നുക അവ തനിക്കെതിരാകുമ്ബോള്‍ മാത്രമാണെങ്കില്‍ നിങ്ങള്‍ക്ക് സാരമായ ചില പ്രശ്‌നങ്ങളുണ്ട്. സ്വയം താങ്ങാനാവാത്തത് മറ്റുള്ളവരുടെ കാര്യത്തിലും പാടില്ല എന്ന തിരിച്ചറിവ് പ്രധാനമാണ്. ചികിത്സയില്‍ ആരോപിക്കപെട്ട പിഴവിന്റെ പേരില്‍ കൊല്ലത്ത് ഒരു യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു എന്ന പത്രവാര്‍ത്ത വേദനാജനകം. നിജസ്ഥിതി അറിയില്ല, തെളിവുകള്‍ ലഭ്യമായിട്ടുമില്ല. പക്ഷെ അങ്ങനെയൊരു സാധ്യത നിലനില്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. അത്രമാത്രം ദയാശൂന്യമാണ് നാം അന്യന്റെ വീഴ്ചകള്‍ ആഘോഷിക്കുന്ന രീതികള്‍. സമൂഹം കൂട്ടമായി ചെയ്യുന്ന അനീതിയാണ് ഇതൊക്കെ. ഏറ്റവും വിലപ്പെട്ടത് വലിച്ചെറിയാന്‍ ഒരാളെ നിര്‍ബന്ധിതനാക്കുന്ന സമൂഹബോധം നിന്ദ്യമല്ലെങ്കില്‍ നീചമാണ്.
(7) ഹൈദരാബാദിലെ മാനഭംഗകേസിലെ പ്രതികളെ പൊലീസ് സ്വന്തംനിലയില്‍ വെടിവെച്ചുകൊന്ന് നിയമം നടപ്പിലാക്കിയപ്പോള്‍ കയ്യടിച്ചവരാണ് കേരളത്തിലെ പൊതുസമൂഹവും ഭൂരിപക്ഷം വൈകാരികബുദ്ധിജീവികളും. സമാനമായ ആള്‍ക്കൂട്ട ആക്രമണങ്ങളെയും നിയമലംഘനങ്ങളെയുമൊക്കെ വാഴ്‌ത്തി പാടിയും കവിതയെഴുതിയും അവര്‍ തളര്‍ന്നു ഉറങ്ങാന്‍ പോകുമ്ബോഴാണ് പൊതുഹിത നിര്‍മ്മിതി നടത്തുന്ന കൊലപാതകങ്ങളുടെ അടുത്ത ഗഡു വരുന്നത്. നിയമവാഴ്ച ഉറപ്പാക്കണം എന്ന കാര്യത്തില്‍ എല്ലാവരും പെരുമ്ബറയടിക്കും. പക്ഷെ പലര്‍ക്കും ഹൈദരാബാദില്‍ അതാവശ്യമില്ല, മറ്റ് ചിലര്‍ക്ക് ബാബ്‌റി മസ്ജിദില്‍ ആവശ്യമില്ല, വേറെ ചിലര്‍ക്ക് തങ്ങള്‍ക്ക് ഹിതകരമായ കയ്യേറ്റങ്ങളിലും ആവശ്യമില്ല...എത്ര മനംമയക്കി ആചാരങ്ങള്‍!
(8) തങ്ങളുടെ പിഴവുകള്‍ക്ക് നേരെയുള്ള സമൂഹത്തിന്റെ മൊഴിമാനഭംഗം താങ്ങാനാവാത്തവരാണ് പലപ്പോഴും ജീവനൊടുക്കുന്നത്. തെളിവ്, വസ്തുത, നിയമവാഴ്ച, യാഥാര്‍ത്ഥ്യബോധം, അറിവ്-ഒരു സമൂഹത്തിന്റെ തീരുമാനങ്ങളില്‍ നിരന്തരം പ്രതിഫലിക്കേണ്ടത് ഇവയൊക്കെയാണ്. അതിനപ്പുറമുള്ള വൈകാരിക പ്രകടനങ്ങളൊക്കെ ജനാധിപത്യബോധവും നിയമവിധേയത്വവും അസഹ്യമായതു കൊണ്ടുള്ള പുളിച്ച് തേട്ടലാണ്. ചികിത്സ ഫലിച്ചേക്കാവുന്ന രോഗമാണത്.