ഒരു അപകടം നേരിട്ട് ചികിത്സയില്‍ വിട്ടിലിരിക്കുമ്ബോളാണ് നാളിതുവരെ അകറ്റി നിര്‍ത്തിയ കോവിഡ് കൂടി ഒപ്പം കൂടിയത്. കുറച്ചു ദിവസങ്ങളായി കട്ടിലില്‍ വേദനസഹിച്ചു കിടക്കുന്നതുകൊണ്ട് സമ്ബര്‍ക്ക പട്ടികയില്‍ ആരും കടന്നു വന്നിട്ടില്ല. പിന്നെ ഇത് എപ്പോള്‍ എവിടെവച്ച് കടന്നു വന്നുവെന്ന് ചോദിച്ചാല്‍ ഒരു നിശ്ചയവുമില്ല എന്നാണ് ഉത്തരം. കോവിഡെന്നാല്‍ പാട്ടും കളിയുമല്ല അതിനപ്പുറം തീഷ്ണമായ വേദന തന്നെയാണ് ശരീരത്തിന് ഇത് സമ്മാനിക്കുന്നുത്. അനുഭവം കൊണ്ട് പറയുകയാണ് സുഹൃത്തുക്കളെ... കോവിഡ് നിങ്ങള്‍ നവമാധ്യമങ്ങളില്‍ കാണുന്നതുപോലെ ഒരു പാട്ടും കളിയും അല്ല.
പൊള്ളലേറ്റ് ആശുപത്രിയിലെ ചികിത്സയും കഴിഞ്ഞു വീട്ടില്‍ വിശ്രമിക്കുമ്ബോളാണ് കടുത്ത പനി നേരിട്ടത് , ഒരു വൈകുന്നേരം മൂന്നു മണിക്ക് ആരംഭിച്ച പനി അടുത്തദിവസം ഉച്ചവരെ നീണ്ടുപോയപ്പോള്‍ കോവിഡാണോയെന്ന സംശയം ഉടലെടുക്കുകയും സ്വകാര്യാശുപത്രിയില്‍ ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് 45 മിനിറ്റ് കൊണ്ട് തന്നെ പോസിറ്റീവയാ വിവരം ലാബില്‍ നിന്ന് സാദിക്ക് വിളിച്ചറിയിക്കുകയും ചെയ്തു.
മാലിക് ദിനാര്‍ ആശുപത്രിയിലെ ഡോക്ടര്‍ റാഫി വാട്സ്‌ആപ്പ് സന്ദേശത്തിലൂടെ മരുന്നുകള്‍ കുറിച്ച് തരുകയും സുഹൃത്ത് ഖലീല്‍ മരുന്നുകള്‍ വീട്ടിലെത്തുകയും ചെയ്തു . എന്നാല്‍ പിന്നീടുള്ള 48 മണിക്കൂറും ഇപ്പോഴും കഠിനമായ പ്രയാസത്തോടെയാണ് കടന്നു പോകുന്നത്. പലപ്പോഴും കോവിഡ് കേന്ദ്രങ്ങളില്‍ പാട്ടും മറ്റു കളികളും കാണുന്നവര്‍ ഇത് ഇത്രയേ ഉള്ളൂവെന്ന് ചിന്തിക്കുന്നണ്ടെങ്കില്‍ അറിയുക. തലക്കകത്ത് ഉണ്ടാകുന്ന പെരുപ്പം, പേശികളിലെ വേദന, ശ്വാസം കഴിക്കാനുള്ള പ്രയാസം, ശരീരത്തിലെ താപനില വര്‍ദ്ധിക്കുക, ഉറക്കമില്ലായ്മ, രുചിക്കുറവ്, നന്നയി ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തത് തുടങ്ങി വലിയ പ്രയാസങ്ങളാണ് ഞാനിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. പൊള്ളലേറ്റതിന്റെ വേദന മറുഭാഗത്തും ഉണ്ട്.
ഇതൊക്കെ ഇപ്പോള്‍ എഴുതാന്‍ കാരണം കോവിഡിനെ പ്രതിരോധിക്കാനുള്ള ഒരു പ്രതിരോധ സംവിധാനങ്ങളിലും നമ്മള്‍ ഉപേക്ഷ കാണിക്കരുത്. പറഞ്ഞു കേട്ടതിനേക്കാള്‍ കണ്ടതിനേക്കാളും ഭീകരമാണ് കോവിഡ് ശരീരത്തില്‍ പ്രവേശിച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഉണ്ടാകുന്നതന്ന് സ്വന്തം അനുഭവത്തില്‍ നിന്നാണ് പറയുന്നത്. ഒരുപാട് പ്രയാസപ്പെട്ട് ഇത്രമാത്രം എഴുതിയതു തന്നെ കോവിഡിനെ നിസ്സാരമായി കാണുന്നവര്‍ ഒന്നു മാറി ചിന്തിച്ചു മുന്‍കരുതല്‍ എടുക്കണമെന്ന ആഗ്രഹം കൊണ്ടാണ് ..അതിനു വേണ്ടി മാത്രമാണ്..