ഏതവനാണേടോ ഈ നിയമം ഡ്രാഫ്റ്റ് ചെയ്തത്?.. 118A
പുതിയ പൊലീസ് രാജ് നിയമത്തിലെ ഈ വാചകം വായിച്ചില്ലേ.
"അത് അങ്ങിനെയുള്ള ആളിന്റെയോ ഒരു വിഭാഗം ആളുകളുടെയോ അവര്‍ക്ക് താത്‌പര്യമുള്ള മറ്റേതെങ്കിലും ആളിന്റെയോ മനസ്സിനോ ഖ്യാതിക്കോ വസ്തുവിനോ ഹാനിയുണ്ടാക്കാനിടയാക്കുകയും ചെയ്യുന്ന ഏതൊരാളെയും". അതായത്, ആര്‍ക്കെങ്കിലും അപമാനകരമായ ഒരു പരാമര്‍ശം സോഷ്യല്‍ മീഡിയയിലോ മാധ്യമങ്ങളിലോ കൊടുത്താല്‍ നിങ്ങള്‍ക്ക് മൂന്ന് വര്ഷം തടവ് എന്നത് മാത്രമല്ല നിയമം, അയാള്‍ക്കോ അയാള്‍ക്ക് താത്പര്യമുള്ള മറ്റാര്‍ക്കെങ്കിലുമോ മാനഹാനിയോ മനസ്സിന് വിഷമമോ ഉണ്ടായാലും നിങ്ങള്‍ അകത്താകും.
പിണറായി വിജയനെ ഒരാള്‍ ഒരു പോസ്റ്റിലൂടെ അപഹസിച്ചു. അത് പിണറായിക്ക് അപമാനമായി തോന്നിയില്ലെങ്കിലും പിണറായിയോട് താത്പര്യവുമുള്ള മറ്റാര്‍ക്കെങ്കിലും അപമാനമായി തോന്നിയാലും മതി, പൊലീസ് ഏമാന്മാര്‍ എത്തി നമ്മളെ പൊക്കും..
ഒരുദാഹരണം പറയാം.
കാസര്‍ക്കോട്ടെ ഇരട്ടക്കൊലപാതക സമയത്ത് ഞാനൊരു ബ്ലോഗ് എഴുതിയിരുന്നു, അതിന്റെ തലക്കെട്ട് "സഖാവ് പിണറായീ, ആ വെട്ടിയത് നിങ്ങളാണ്" എന്നായിരുന്നു. പിണറായി സഖാവ് പോയി വെട്ടി എന്നല്ല, വെട്ടുന്ന ആളുകളെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുകയും അവര്‍ക്ക് വേണ്ടി കേസ് വാദിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയുടെ തലപ്പത്തുള്ള ആള്‍ വെട്ടിയവരേക്കാള്‍ വലിയ പ്രതിയാണ് എന്നാണ് ആ പോസ്റ്റില്‍ ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്.
ഇപ്പോഴത്തെ നിയമം വച്ചാണെങ്കില്‍ ആ തലക്കെട്ട് വെച്ച് അത് അസത്യപ്രസ്താവനയാണെന്നും അത് സഖാവിന് അപമാനകരമാണെന്നും (സഖാവിന് അപമാനം തോന്നിയിട്ടില്ലെങ്കിലും കുഴപ്പമില്ല, സഖാവിന്റെ പാര്‍ട്ടിക്കാര്‍ക്ക് തോന്നിയാലും മതി) അറസ്റ്റ് ചെയ്യാന്‍ വകുപ്പുണ്ട്..
വളരെ മോശമായ രൂപത്തില്‍ പലരും പലരേയും അടിസ്ഥാനരഹിതമായി അപഹസിക്കുകയും കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്, അവരൊക്കെ ശക്തമായ ഒരു നിയമം ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു പോവുകയാണ്, അതിനൊരു നിയമം വേണ്ടേ?.. ഈ വിഷയത്തെക്കുറിച്ച് നേരത്തെയിട്ട പോസ്റ്റിന് താഴെ ഒരു സുഹൃത്ത് എന്നോട് ചോദിച്ച ചോദ്യമാണ്.
കുറ്റം ചെയ്യുന്ന ഒരാള്‍ രക്ഷപ്പെട്ടു പോകുന്നതിനെക്കുറിച്ചല്ല, കുറ്റം ചെയ്യാത്ത ഒരാള്‍ അകപ്പെട്ടു പോകുന്നതിനെക്കുറിച്ചാണ് നാം കൂടുതല്‍ വ്യാകുലപ്പെടേണ്ടത് എന്നാണ് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞ മറുപടി.
മുഖ്യമന്ത്രി പറയുന്നത് "സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ എന്നിവര്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഭേദഗതി നടപ്പാക്കുന്നത്" എന്നാണ്. എന്നാല്‍ വന്നിട്ടുള്ള നിയമത്തില്‍ അങ്ങനെയൊരു സൂചന പോലുമില്ല.. ആര്‍ക്കെതിരെയും എപ്പോഴും പ്രയോഗിക്കാവുന്ന ഒരു നിയമമായാണ് രേഖയിലുള്ളത്.
ഈ നിയമം നിരവധി മനുഷ്യരെ അകാരണമായി പീഡിപ്പിക്കുന്നതിന് പൊലീസിനെ സഹായിക്കും എന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് പ്രശാന്ത് ഭൂഷണെപ്പോലുള്ള ആളുകള്‍ ഈ ഓര്‍ഡിനന്‍സ് ഒരു ഡ്രാക്കോണിയന്‍ നിയമമാണ് എന്നും വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്നും പറഞ്ഞിട്ടുള്ളത്. ഇത് വനിതകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒന്നല്ല.
ഇതുപോലുള്ള കരിനിയമങ്ങളെ എതിര്‍ത്ത് തോല്പിച്ചിട്ടില്ലെങ്കില്‍ പിന്നെ നമ്മള്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് ജീവിക്കുന്നത് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടാകില്ല.