അന്ന് 'മല'യെന്ന വാക്കിനെ വ്യാഖ്യാനിച്ച്‌ അവള്‍ക്കായി ന്യായീകരണം നടത്തിയവര്‍ ഇന്ന് 'മുല'യെന്ന വാക്കില്‍ തൂങ്ങി കിടന്ന് നിലവിളിക്കുന്നു; സ്വന്തം മകനെ കൊണ്ട് നഗ്‌നശരീരത്തില്‍ ആര്‍ട്ട് ക്ലാസ്സ് നല്കിയത് ചൈല്‍ഡ് എജ്യൂക്കേഷനല്ല..മറിച്ച്‌ ചൈല്‍ഡ് എബ്യൂസ് ആണെന്ന് സമ്മതിക്കാതെ തരമില്ല: രഹ്ന ഫാത്തിമ ബോഡി ആര്‍ട്ട് വിവാദം: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
അന്ന് 'മല'യെന്ന വാക്കിനെ വ്യാഖ്യാനിച്ച്‌ അവള്‍ക്കായി ന്യായീകരണം നടത്തിയവര്‍ ഇന്ന് 'മുല'യെന്ന വാക്കില്‍ തൂങ്ങി കിടന്ന് നിലവിളിക്കുന്നു; സ്വന്തം മകനെ കൊണ്ട് നഗ്‌നശരീരത്തില്‍ ആര്‍ട്ട് ക്ലാസ്സ് നല്കിയത് ചൈല്‍ഡ് എജ്യൂക്കേഷനല്ല..മറിച്ച്‌ ചൈല്‍ഡ് എബ്യൂസ് ആണെന്ന് സമ്മതിക്കാതെ തരമില്ല: രഹ്ന ഫാത്തിമ ബോഡി ആര്‍ട്ട് വിവാദം: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

വോത്ഥാനത്തിന്റെ പേരില്‍ ഒരു വിശ്വാസസമൂഹത്തെയാകമാനം നോവിച്ച്‌ മല കയറാന്‍ ഇറങ്ങിയവള്‍ക്ക് പട്ടും വളയും പ്രൊട്ടക്ഷനും കൊടുത്ത അതേ കാക്കിധാരികള്‍ ഇന്ന് പോക്‌സോ വകുപ്പ് ചുമത്തി അതേ ഒരുവളെ അറസ്റ്റ് ചെയ്യാന്‍ ഇറങ്ങിതിരിച്ചിരിക്കുന്ന കാഴ്ച കാലം കാത്തു വച്ച മനോഹരമായ മറുപടിയാണ്. അന്ന് 'മല'യെന്ന വാക്കിനെ വ്യാഖ്യാനിച്ച്‌ അവള്‍ക്കായി ന്യായീകരണം നടത്തിയവര്‍ ഇന്ന് 'മുല'യെന്ന വാക്കില്‍ തൂങ്ങി കിടന്ന് നിലവിളിക്കുന്നു.

വ്യക്തിസ്വാതന്ത്ര്യം, നവോത്ഥാനം, പുരോഗമനവാദം, ആവിഷ്‌കാരസ്വാതന്ത്ര്യം- ഈ നാലു വാക്കിനും രഹ്നാ ഫാത്തിമയെന്ന സ്വയംപ്രഖ്യാപിത ആക്റ്റിവിസ്റ്റ് കം ഫെമിനിസ്റ്റ് ഒരൊറ്റ മറുപടിയേ ഉള്ളൂ. അതാണ് തുണിയുരിയല്‍. ബോഡി ആര്‍ട്ടെന്ന പേരില്‍, ശരീരത്തിന്റെ രാഷ്ട്രീയമെന്ന പേരില്‍, സ്വന്തം ശരീരത്തെ പ്രദര്‍ശനവസ്തുവാക്കി കുപ്രസിദ്ധി നേടുന്ന അവരുടെ രീതിക്ക് ആവോളം കൈയടി നല്കി പ്രോത്സാഹിപ്പിച്ചിട്ടുണ്ട് ദ സോ കോള്‍ഡ് പുരോഗമനവാദികള്‍. എക്‌സിബിഷനിസമെന്ന മാനസികവൈകൃതത്തിനു, കച്ചവടത്തിനു കൂട്ടുനിന്നു പ്രോത്സാഹിപ്പിച്ചവരുടെ ലക്ഷ്യം ഒന്നുമാത്രം-ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാല്‍ കാണാനെന്തു രസം! പക്ഷേ ഒളിഞ്ഞുനോക്കുന്ന ലൈംഗികദാരിദ്ര്യത്തിനു നല്കുന്ന ഉത്തരമെന്ന പേരില്‍ സ്വന്തം മകനെ കൊണ്ട് നഗ്‌നശരീരത്തില്‍ ആര്‍ട്ട് ക്ലാസ്സ് നല്കിയ ബൗദ്ധികനിലവാരത്തെ എത്ര അലക്കിവെളുപ്പിക്കാന്‍ ശ്രമിച്ചാലും പോക്‌സോ കേസ് ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങിയാടുന്നുണ്ടാവും ന്യായീകരണസിങ്കങ്ങളെ. ആ കൊടുത്തത് ചൈല്‍ഡ് എജ്യൂക്കേഷനല്ല; മറിച്ച്‌ ചൈല്‍ഡ് എബ്യൂസ് ആണെന്ന് സമ്മതിക്കാതെ തരമില്ല തന്നെ.

ലൈംഗികവിദ്യാഭ്യാസമെന്ന പേരില്‍, തുണിയഴിച്ചു കളഞ്ഞിട്ട്, ശരീരത്തിനുമുണ്ടൊരു രാഷ്ട്രീയമെന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഈ രീതിയില്‍ ശരീരം പ്രദര്‍ശിപ്പിച്ചു തുടങ്ങിയാല്‍ പിന്നെ ധാര്‍മ്മിതയ്ക്ക് എന്ത് പ്രസക്തിയാണുള്ളത്? എങ്കില്‍ പിന്നെ ഓരോരുത്തര്‍ക്കും കിടപ്പറയില്‍ ചിലവഴിക്കുന്ന സ്വകാര്യനിമിഷങ്ങളെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ പാവനമായ ദാമ്ബത്യത്തിന്റെ രഹസ്യമെന്ന അടിക്കുറിപ്പിട്ട് പരസ്യപ്പെടുത്താമല്ലോ? വീട്ടില്‍ നിന്നും തുടങ്ങട്ടെ ലൈംഗികവിദ്യാഭ്യാസത്തിന്റെ ആദ്യപാഠമെന്ന രീതിയില്‍ അച്ഛനമ്മമാര്‍ക്ക് തന്നെ മക്കള്‍ക്കു മുന്നില്‍ കിടപ്പറയിലെ സ്വകാര്യത പ്രദര്‍ശിപ്പിക്കാമല്ലോ?

ഇനി ഈ ആഭാസത്തെ മാറു മറയ്ക്കലും മുലയൂട്ടലുമായി ബന്ധപ്പെടുത്തി രഹ്നയുടെ പാവാട അലക്കുന്നവരോട് ഒരു വാക്ക്. മുലയോ മുലയൂട്ടലോ അശ്ലീലമല്ല. അശ്ലീലമാകുന്നത് പരസ്യപ്രഖ്യാനവുമായി എന്റെ വത്തക്ക കണ്ടോ, എന്റെ പപ്പായ കണ്ടോയെന്നും പറഞ്ഞ് നാട്ടുകാരെ തുറന്നുകാട്ടുമ്ബോഴാണ്. വെറുതെ നടന്നുപോകുന്ന ഒരുവളുടെ മുന്നില്‍ ഇന്നാ കണ്ടോയെന്നു പറഞ്ഞ് ഉദ്ധരിച്ച ലിംഗത്തെ എടുത്തുകാണിക്കുന്ന അതേ എക്‌സിബിഷനിസം തന്നെയാണ് ഞാന്‍ മുലയൂട്ടുന്നത് നിങ്ങളൊക്കെ കണ്ടോയെന്ന് നാട്ടുകാരെ കാട്ടി ഒരു സ്ത്രീ മുലയൂട്ടുന്നതും.

അനിവാര്യമാകുന്ന അവസരങ്ങളില്‍ ടെയിനിലോ ബസിലോ പൊതുവിടങ്ങളിലോ ഇരുന്ന് പിഞ്ചുകുഞ്ഞിന് മുല കൊടുക്കുന്നത് ഇതുമായി ചേര്‍ത്തുവായിക്കരുത്. അങ്ങനെ നല്കുന്നത് മാതൃത്വം. ഇനി എന്റെ മുലയൂട്ടല്‍ എന്റെ അവകാശമെന്ന സ്ഥാപിക്കലിനായി അവയെ തുറന്നുകാട്ടുന്നത് സ്ത്രീ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാമെങ്കില്‍ എന്റെ സ്ഖലനം എന്റെ അവകാശമെന്നത് പുരുഷസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കപ്പെട്ട് ആര്‍ക്കും പരസ്യമായി അത് ചെയ്യാമല്ലോ? എഴുപത്തഞ്ചുവര്‍ഷം മുമ്ബ് മുല കാണിച്ചു നടന്ന ഒരു പൊതുസമൂഹം ഇവിടുണ്ടായിരുന്നത് മറന്നിട്ടാണോ മുലയ്‌ക്കെതിരെ പടവാളെടുക്കുന്നത് എന്ന ചോദ്യത്തിനു അത് മാറ്റാന്‍ വേണ്ടി നടത്തിയ സമരമല്ലേ മാറു മറയ്ക്കല്‍ സമരം. മുലകള്‍ കാണിച്ചു നടക്കാന്‍ വയ്യാത്തതു കൊണ്ടാണ് മാറു മറയ്ക്കല്‍ സമരം നടത്തി അതിനുള്ള അവകാശം സ്ത്രീകള്‍ നേടി എടുത്തത്.

സമൂഹത്തിന്റെ സുഗമമായ ഒഴുക്കിനുവേണ്ടി കാലങ്ങളായി നമ്മള്‍ പാലിച്ചുപ്പോകുന്ന ചില അരുതുകളും വിലക്കുകളുമുണ്ട്. സമൂഹം നിലനിര്‍ത്തിപ്പോരുന്ന ഇത്തരം സദാചാര വിലക്കുകളാണ് സമാധാനത്തിന് കാവലായി മാറുന്നത്.എന്തിന്റെ പേരിലായാലും കാണിക്കരുതാത്തത് കാണിക്കാതിരിക്കുകയും പറയാന്‍ പാടില്ലാത്തത് പറയാതിരിക്കുകയും ചെയ്യുന്നതാണ് സമൂഹത്തിന്റെ സമാധാന നടപ്പിന് നല്ലത്. അത്തരം വിലക്കുകള്‍ നമ്മള്‍ പാലിച്ചുപ്പോകുന്നതുക്കൊണ്ടാണ് മനുഷ്യന്‍ മൃഗങ്ങളില്‍ നിന്നും വിഭിന്നനാകുന്നതും അവനെ സാമൂഹ്യജീവിയായി വിലയിരുത്തുന്നതും .സമൂഹത്തിന് ഹിതമല്ലാത്തത് ചെയ്യുന്നതല്ല നവോത്ഥാനം. എന്തെല്ലാം പരസ്യമാക്കാം, എന്തെല്ലാം രഹസ്യമാക്കണമെന്നും പരസ്യമായി ചെയ്യരുതെന്നും സമൂഹം ചില നിര്‍ദ്ദേശങ്ങളും വിലക്കുകളും കല്‍പ്പിച്ചിട്ടുണ്ട്.ഇതൊന്നും നിയമസംഹിതയിലുള്‍പ്പെട്ടതല്ല. സമൂഹത്തിന്റെ നേരായ വഴിക്കുള്ള സഞ്ചാരത്തിന് ആവശ്യമായതിനാല്‍ സമൂഹം തന്നെ സ്വയം പാലിച്ചു പോരുന്ന കാര്യങ്ങളാണ് ഇവ.

ബോഡി ആര്‍ട്ടിന്റെ പേരില്‍ സ്വന്തം ശരീരം ക്യാന്‍വാസാക്കി മക്കളെ കൊണ്ട് പെയിന്റടിപ്പിക്കുന്ന അമ്മ സമൂഹത്തിനു നല്കുന്ന സന്ദേശം എന്താണ്? ആ കുഞ്ഞുങ്ങള്‍ അതിലൂടെ എന്ത് പാഠമാണ് പഠിച്ചത്? മക്കള്‍ക്കു ശരീരത്തിന്റെ ഫിലോസഫി പഠിപ്പിച്ചു കൊടുക്കാനുള്ള ഒരമ്മയുടെ ധീരമായ ശ്രമമായിരുന്നു അതെങ്കില്‍ അതൊരു പരസ്യപ്പെടുത്തല്‍ ആവില്ലായിരുന്നു. മാതൃത്വം എന്നു പറയുന്നത് കേവലം ഫോട്ടോയ്ക്കു മുന്നില്‍ പോസ് ചെയ്തതുക്കൊണ്ടുമാത്രം രൂപപ്പെടുന്ന ഒന്നല്ല. പ്രസവശേഷം കുട്ടിയുടെ വളര്‍ച്ചാക്കാലം മുതല്‍ കുട്ടിയും അമ്മയും തമ്മിലുണ്ടാകുന്ന ആത്മബന്ധത്തില്‍ നിന്നു രൂപപ്പെടുന്നതാണ് അത്. ആ ആത്മബന്ധമുണ്ടെങ്കില്‍ രഹ്നയെന്ന അമ്മയെ കുട്ടികള്‍ക്ക് ഇതിനോടകം മനസ്സിലായിട്ടുണ്ടാവണം. അതിനു വേണ്ടി അവര്‍ക്കു മുന്നില്‍ ശരീരം പ്രദര്‍ശിപ്പിച്ച്‌ പരസ്യപ്പെടുത്തേണ്ടി വരില്ല.

ശരീരത്തിന്റെ രാഷ്ട്രീയമെന്ന പേരില്‍ ക്യാമറകള്‍ക്കു മുന്നിലേക്ക് കുഞ്ഞിനെ പ്രസവിച്ചിടുന്നതോ ഗര്‍ഭകാലത്തെ ഫീല്‍ തുണിയുടുക്കാതെ നിന്നുക്കൊണ്ട് ലോകത്തിനു മുന്നില്‍ പരസ്യപ്പെടുത്തുന്നതോ അവരെ കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരയ്ക്കുന്നതോ അല്ല മാതൃത്വം. ഇവിടെ പാവനമായ മാതൃത്വത്തെ വില്പനചരക്കാക്കുകയാണ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുഞ്ഞുങ്ങളുടെ സ്വകാര്യതയാണ് അമ്മയെങ്കില്‍ പോലും രഹ്ന ഇല്ലാതെയാക്കിയത്.

ഈ ന്യൂഡ് ആര്‍ട്ട് മാതൃത്വത്തിന്റെ വാഴ്‌ത്തുപ്പാട്ടല്ല! ശരീരത്തിന്റെ രാഷ്ട്രീയവുമല്ല. മറിച്ച്‌ അതിനെ മറയാക്കി നിങ്ങളിലെ കച്ചവടക്കാരി ലക്ഷ്യമിടുന്ന ഉയര്‍ച്ചയിലേയ്ക്കുള്ള ഗ്രാഫ്ചാര്‍ട്ടാണ്! മകന്റെ സമ്മതത്തോടെ ചെയ്തകാര്യമെന്നു നിങ്ങള്‍ക്കു വാദിക്കാമെങ്കിലും കണ്‍സെന്റ് എന്നത് ഒരു പതിമൂന്നുകാരനെ സംബന്ധിച്ചിടത്തോളം അറിയാത്ത ഒന്നാണ്.അത് നിങ്ങളുടെ മകനാണെങ്കില്‍ കൂടി , നിങ്ങളെ പോലെ തന്നെ സമൂഹത്തിനും ആ കുട്ടിയില്‍ അവകാശവും ഉത്തരവാദിത്വവും ഉണ്ട്. കാരണം ആ കുഞ്ഞും പൊതുസമൂഹത്തിന്റെ ഭാഗമാണ്.

മല കയറ്റം കഠിനമെന്റയ്യപ്പായെന്നല്ലാ മല കയറാനിറങ്ങിയത് കഠിനമായിരുന്നുവെന്ന് കാലം ഇങ്ങനെ അടയാളപ്പെടുത്തികൊണ്ടേയിരിക്കും!

Anju parvathy prabheesh note goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES