പ ണ്ടൊക്കെ അതായത് ഒരു പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്ബ് 'തീവ്രവാദം' എന്ന വാക്ക് കേൾക്കുമ്ബോൾ ശരാശരി മലയാളിയുടെയും മനസ്സിൽ ഓടിയെത്തിയിരുന്ന രൂപം ഒസാമ ബിൻ ലാദന്റെയും താലിബാനി അഫ്ഗാനികളുടേയുമായിരുന്നു. എന്നാൽ ഇന്ന് മലയാളികൾക്ക് അഭിമാനിക്കാൻ വകയുണ്ട്. കാരണം നാഴികകൾ ഇടവിട്ടുള്ള വാർത്താവിശകലനങ്ങളിൽ തീവ്രവാദമെന്ന വാക്ക് കേട്ട് നമ്മുടെ കാതുകൾ തഴമ്ബിച്ചുവെന്നു മാത്രമല്ല, ഏതു മലയാളിയാണ് പുതിയ തീവ്രവാദപട്ടം നേടിയവനെന്നു നോക്കാൻ വേണ്ടി മാത്രം ആ വാർത്താ
ശകലങ്ങളിലേക്ക് നോക്കാൻ നമ്മൾ ശീലിക്കുകയും ചെയ്തു.
അതുകൊണ്ടൊക്കെ തന്നെയാണ് പടിയിറങ്ങാൻ നേരം തലയിൽ വെളിവ് ഉദിച്ച ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിങ് ഗ്രൗണ്ടായി കേരളം മാറിയെന്നും ആക്രമണ നിർദ്ദേശം ലഭിക്കുന്നതുവരെ നിഷ്‌ക്രിയരായിരിക്കുന്ന ഐസിസിന്റെ സ്ലീപ്പർ സെല്ലുകൾ നിരീക്ഷണത്തിലാണെന്നും മറ്റും അദ്ദേഹം പറഞ്ഞപ്പോൾ മിനിമം വകതിരിവ് ഉള്ള മലയാളികൾക്ക് വലിയ ഞെട്ടൽ ഉണ്ടാവാത്തത് .
സെക്കുലർ പാർട്ടികളുടെ അടവുനയം മതസങ്കുചിതത്വത്തിലും തീവ്രവാദത്തിലും അഭിരമിക്കുന്ന പാർട്ടികൾക്ക് വളമായി മാറുന്നുവെന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കാത്ത ഒരു കൂട്ടരേയുള്ളൂ നിലവിൽ കേരളത്തിൽ. അത് ഇവിടുത്തെ നാറിയ രാഷ്ട്രീയക്കാരും ബുദ്ധിജീവി സാംസ്‌കാരികനായകരുമാണ്. അതുകൊണ്ടാണല്ലോ അവർ ഇപ്പോഴും വലിയ പൊട്ടുകളിൽ പൊളിറ്റിക്കൽ കറക്‌ട്‌നെസ്റ്റ് ചികയുന്നത്. കേരളത്തിന്റെ സാമൂഹ്യസുരക്ഷ പ്രതിദിനം വൻ അപകടത്തിലേക്ക് നീങ്ങുന്നു എന്നത് വളരെ വലിയൊരു സത്യമാണ്. രാജ്യത്ത് ഭീകരവാദികളോട് ഏറ്റവും മൃദുസമീപനവും ഭീകരവാദത്തിന് മാന്യതയുടെ പരിവേഷവും നൽകുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം കേരളത്തിൽ മാത്രമാണ്.
മലയാളമണ്ണിൽ മതതീവ്രവാദം ആഴത്തിൽ വേരോടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കോയമ്ബത്തൂർ ജയിലിൽ കഴിയുന്ന അബ്ദുൽ നാസർ മദനിയും തടിയന്റവിട നസീറുമൊക്കെ ദേശസ്‌നേഹം മൂത്ത് ജയിലിലായവരോ സ്വാതന്ത്ര്യസമരസേനാനികളോയല്ലായെന്നു കൊച്ചുകുട്ടികൾക്ക് വരെ അറിയാം. അഫ്ഗാൻ ജയിലിൽ കിടക്കുന്ന ജിഹാദി പെൺകൊടികൾ യു .എൻ സമാധാനസേനയിൽ ചേരാൻ പോയവരല്ലെന്നും നമുക്കറിയാം. എന്നിട്ടോ? ഒന്നുമില്ല ! കുറേ നാളുകൾക്ക് മുമ്ബ് ഇടതുപക്ഷപാർട്ടിയുടെ കോട്ടയായ കണ്ണൂരിൽ നിന്നും
മതതീവ്രവാദത്തിന്റെ പേരിൽ അഞ്ചുപേർ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റിൽ ആയതോടെ തീവ്രവാദം കേരളത്തിൽ ആഴത്തിൽ വേരോടിതുടങ്ങിയെന്നത് വ്യക്തമായതാണല്ലോ. എന്നിട്ട് കണ്ണ് രണ്ടും ഇറുകെയടച്ച് പ്രബുദ്ധത അടയാളപ്പെടുത്തിയ പൊളിറ്റിക്കലി പൊളിയൂട്ടഡ് ആയ മനുഷ്യരാണ് നമ്മൾ .
മതതീവ്രവാദത്തിന്റെ വേരുകൾ ശക്തമായി കേരളമണ്ണിൽ വേരോടിയത് 1992ലെ ബാബറി മസ്ജിദ് സംഭവത്തിനു ശേഷമായിരുന്നു. പള്ളി തകർത്തതിനെതിരെയുള്ള മുസ്ലിം വികാരമാണ് തീവ്രവാദസ്വഭാവമുള്ള പല സംഘടനകളെയും ശക്തമായി വളർത്തിയ പ്രധാന ഘടകം .കോൺഗ്രസ് പാർട്ടിയുമായി മുസ്ലിം ലീഗിനുള്ള സഖ്യമാണ് ലീഗിന്റെ മൃദുസമീപനത്തിന്റെ കാരണമെന്ന് കരുതിയ ഇത്തരം സംഘടനകൾ ലീഗുമായി അകലം പ്രാപിച്ചു. ലീഗ്വിരുദ്ധത ഇത്തരം മതതീവ്രസംഘടനകളെ സിപിഎമ്മിനോട് അടുക്കാൻ പ്രേരിപ്പിച്ചു. ഈ അവസരം വോട്ടുബാങ്ക് ലക്ഷ്യം വച്ച ഇടതുപക്ഷം നന്നായി മുതലെടുക്കുകയും ചെയ്തു.
ഇറാഖ്, ഫലസ്തീൻ തുടങ്ങിയ പ്രശ്‌നങ്ങൾ മുസ്ലിങ്ങളിൽ ജനിപ്പിച്ച അമേരിക്കൻ വിരുദ്ധതയെ ഇടതുപക്ഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയുമായി സമർത്ഥമായി കൂട്ടിയിണക്കി. സദ്ദാംഹുസൈനു ധീരരക്ത സാക്ഷിയുടെ പരിവേഷം നല്കാൻ ഇടതുപക്ഷം ഒട്ടും അമാന്തിച്ചില്ല. പണ്ടൊക്കെ മതേതര വിദ്യാർത്ഥിപ്രസ്ഥാനങ്ങൾക്ക് മാത്രം ഇടമുണ്ടായിരുന്ന സംസ്ഥാനത്തെ പല കലാലയങ്ങളിലും സമീപകാലത്തായി പ്രതിലോമചിന്താഗതിയും വർഗീയ, മതമൗലിക മനസ്സുമുള്ള വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ പിടിമുറുക്കുന്നതിന് നമ്മൾ സാക്ഷിയാണ്. കാമ്ബസ് ഫ്രണ്ടുകാരുടെ അക്രമരാഷ്ട്രീയത്തിന്റെ ആദ്യത്തെ ഇരയായിരുന്നില്ല മഹാരാജാസിലെ അഭിമന്യു. അതിനും ഏഴു വർഷം മുമ്ബ് ഒരു ജൂലൈയിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് കവാടത്തിൽ കോന്നി എൻ.എസ്.എസ്. കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി വിശാൽകുമാറിനെ കൊലചെയ്തതും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി സംഘടനയിൽപ്പെട്ടവരായിരുന്നു .
തെരഞ്ഞെടുപ്പിൽ ജയിക്കാൻ വിഭാഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ തേടുന്ന നയമായിരുന്നു എന്നും എൽ.ഡി.എഫും യു.ഡി. എഫും പിന്തുടർന്നുപോന്നത് എന്നത് തുറന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. കോയമ്ബത്തൂർ സ്‌ഫോടനക്കേസിലെ സൂത്രധാരൻ മദനിക്ക് ഗാന്ധിയൻ പരിവേഷം ഇടക്കാലത്ത് ഇരുപാർട്ടികളും നല്കിയിരുന്നു. ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് മദനി ജയിലിൽ കഴിയുമ്ബോൾ രണ്ടു മുന്നണികളും ചേർന്ന് അദ്ദേഹത്തിന് നീതി ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ പാസാക്കിയതിന് കേരളം സാക്ഷിയായി. വെറും സഹജീവിസ്‌നേഹവും നീതിബോധവും കൊണ്ടായിരുന്നുവോ ഇരുമുന്നണികളും മദനിക്ക് വേണ്ടി വാദിച്ചത്? അല്ലാ! വെറും സ്വാർത്ഥരാഷ്ട്രീയലാഭം മാത്രമായിരുന്നു അതിന്റെ പിന്നിലെന്നു ഇരു രാഷ്ട്രീയപാർട്ടിയിലും അന്ധമായി വിശ്വസിക്കാത്ത ഏതൊരു ശരാശരി മലയാളിക്കും മനസ്സിലാവുന്ന കാര്യമല്ലേ?
എന്നും തീവ്രവാദത്തിന്റെ ആശയങ്ങൾ ശക്തമായി എഴുതിയിരുന്ന തേജസ്സ് ദിനപത്രത്തിനെതിരെ കോടതിയലക്ഷ്യ ക്കേസ് വന്നപ്പോൾ അവർക്കുവേണ്ടി അഭിഭാഷകനായി എത്തിയത് സിപിഎമ്മിന്റെ തന്നെ ഔദ്യോഗിക എംപിയായിരുന്ന ശ്രീ. സെബാസ്റ്റ്യൻ പോളായിരുന്നു. കാക്കി ട്രൗസർ ഇട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പട്ടാളച്ചിട്ടയിൽ മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ ചാനലുകൾ ആവർത്തിച്ചു കാണിച്ചിരുന്നപ്പോൾ ആ ദൃശ്യങ്ങളിൽ അപകടം മണക്കാത്തവരായിരുന്നു നമ്മുടെ മാധ്യമസമൂഹം. കാസർഗോട്ടെ ഐ.എസ്. ബന്ധം സംബന്ധിച്ച് മുന്നറിയിപ്പ് ഉണ്ടായിട്ടും സർക്കാർ ഫലപ്രദമായ നടപടിയെടുത്തില്ലെന്ന് ആക്ഷേപം ശക്തമായിരുന്നു. നടപടിയെടുക്കണമെന്നുകാട്ടി സ്പെഷൽ ബ്രാഞ്ച്
റിപ്പോർട്ട് നൽകുകയും ചെയ്തതാണ്. ഇന്ത്യയിൽ നിന്നു സിറിയയിലേക്കും യമനിലേക്കും യാത്ര ചെയ്യരുതെന്ന വിലക്കു നിലനിൽക്കെ അതിനു മുതിരുകയും അതിനു കൂട്ടുനിൽക്കുകയും ചെയ്തവർക്കെതിരേ എന്ത് നടപടിയാണ് ഇവിടെ ഉണ്ടായത് ? സിറിയയിലേക്ക് ഐ.എസിൽ ചേരാൻ പോയവർ ആരാണെന്ന് ഇന്ന് കൊച്ചുകുട്ടികൾക്ക് വരെ അറിയാം.
നമ്മുടെ കേരളത്തിൽ നിലനിന്നുപോന്ന, അഥവാ ഇന്നും നിലവിലുള്ള രാഷ്ട്രീയ സാഹചര്യമാണ് തീവ്രവാദം ഇത്രമേൽ വളരാൻ കാരണമായതെന്ന് ആർക്കും നിഷേധിക്കാൻ കഴിയാത്ത സത്യമാണ്. വോട്ടുബാങ്കുകൾ നൽകുന്ന പ്രലോഭനത്തെ അതിജീവിക്കത്തക്ക ആർജ്ജവമുള്ള എത്ര രാഷ്ട്രീയനേതാക്കൾ ഇന്ന് നമുക്കുണ്ട്? കേരളത്തിൽ വർഗ്ഗീയകക്ഷികളുമായി കൂട്ടികൂടില്ലെന്ന ഉറച്ച നിലപാടെടുടത്ത ഇ.എം.എസ്സിന്റെ കാലത്തെ സിപിഎം. പിന്നീട് സഞ്ചരിച്ച ഒരു ദിശ നോക്കൂ. തീവ്രവാദത്തിൽ തുടങ്ങി സ്വർണ്ണക്കടത്തിൽ വരെ അത് എത്തിനില്ക്കുന്നു. ഒപ്പം കിട്ടുന്ന അവസരത്തിലെല്ലാം സ്വരാജുമാർ വർഗ്ഗീയ പരാമർശം നടത്തി കലാപം ഇളക്കി വിടാൻ ശ്രമിക്കുന്നു.
ഭീകരവാദത്തോട് മൃദുസമീപനവും ബോധപൂർവ്വമായ അശ്രദ്ധയും വച്ചുപുലർത്തിയാൽ വെടിയുണ്ടകൾ സംസാരിച്ചുതുടങ്ങും എന്നതു കളിയിക്കാവിള കാണിച്ചു തന്നതാണ്. പിന്നീട് കുളത്തൂപ്പുഴയും അതിലേക്ക് വിരൽ ചൂണ്ടിയതാണ്. കുളത്തൂപ്പുഴ മുപ്പതടിപാലത്തിന് സമീപം നിന്നു കണ്ടെടുത്ത 14 വെടിയുണ്ടകളിൽ 12 എണ്ണത്തിൽ പാക് സൈന്യത്തിന് വേണ്ടി ആയുധങ്ങൾ നിർമ്മിക്കുന്ന പാക്കിസ്ഥാൻ ഓ ർഡനൻസ് ഫാക്ടറിയുടെ ചുരു ക്കെഴുത്തായ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
കോൺഗ്രസ് നേതാക്കളുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ബിജെപി ഹിന്ദുവിരോധം ഇസ്ലാമിക ഭീകരരോട് സന്ധിചെയ്യുന്നിടം വരെ കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. സംഘടിത മുസ്ലിംവോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനുള്ള കോൺഗ്രസ് - കമ്മ്യൂണിസ്റ്റ് മത്സരം മുതലെടുത്തുകൊണ്ട് കേരളത്തിലെ അർബൻ നക്സലുകളും മുസ്ലിം ഭീകരസംഘടനകളും ഇഷ്ടം പോലെ സ്വതന്ത്രമായി വിഹരിക്കുകയും തങ്ങളുടെ മേഖലകളിൽ സ്വാധീനം വർദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇരുപത്തൊന്നിൽ ഊരിയ വാളുകൾ അറബിക്കടലിലെറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യങ്ങളുമായി പരസ്യമായി തെരുവുകളിൽ പ്രക്ഷോഭം നടത്തുന്ന രീതിയിൽ ചെന്നെത്തിയിരിക്കുന്നു കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി. ഇത്തരത്തിൽ ജനാധിപത്യ അവകാശമെന്ന പേരിൽ തീവ്രവാദ മനസ്സുള്ളവർക്ക് പ്രകടനം നടത്താനുള്ള ധൈര്യത്തിന് പിന്നിൽ ഭരണാധികാരികളുടെ പിടിപ്പുകേട് അല്ലാതെ മറ്റെന്താണ് ?
അഫ്ഗാനിലേക്കും സിറിയയിലേക്കും ചാവേറാകാൻ ഏറ്റവും കൂടുതൽ ആൾക്കാർ പോയ സംസ്ഥാനം കേരളമാണെന്നു കൂടി ചേർത്തു വായിക്കുമ്ബോഴെങ്കിലും പ്രശ്നത്തിന്റെ ഗൗരവം നമ്മൾ മനസ്സിലാക്കേണ്ടതായിരുന്നു. എന്നിട്ടോ? രണ്ട് വർഷം മുമ്ബ് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന ചാവേറാക്രമണത്തിന്റെ അന്വേഷണം നടത്തിയ സംഘത്തിന്റെ അന്വേഷണം ഒടുവിൽ വന്നെത്തിയതും കേരളത്തിൽ തന്നെയായിരുന്നു. കളിയിക്കാവിളയിൽ എസ്‌ഐ.യെ വെടിവയ്ക്കാൻ എത്തിയ ഭീകരവാദികൾക്ക് എല്ലാ സഹായവും എത്തിച്ചതും ഒളിയിടം ഒരുക്കിയതും മലയാളികളാണ് എന്നത് ശ്രദ്ധേയം.
നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. കേന്ദ്രസർക്കാരിനെ ആധികാരത്തിൽ എത്തിച്ചത് ഇവിടുത്തെ ജനങ്ങളാണ്. സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ഇതര രാഷ്ട്രീയപാർട്ടികൾക്ക് അധികാരവും അവകാശവുമുണ്ട്. പക്ഷേ അത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറ കൊടുത്തുക്കൊണ്ടാകരുത്. ഭീകരവാദികൾക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലങ്ങളിൽ വരെ അവർക്ക് മാന്യതയും അംഗീകാരവും നേടിക്കൊടുക്കുന്ന പണിയാണ് നിർഭാഗ്യവശാൽ നമ്മൾ ഇതുവരെയും ചെയ്തുക്കൊണ്ടിരിക്കുന്നത്. കേരളസംസ്ഥാനത്തിന്റെ പൊലീസ് വകുപ്പ് മേധാവി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്ബ് നടത്തിയ പ്രസ്താവനകളെ സംഘപരിവാറിന്റെ തൊഴുത്തുമായി കൂട്ടിക്കെട്ടി എത്ര നാൾ കണ്ടില്ലെന്നു നടിക്കും പ്രബുദ്ധരേ ?
തലച്ചോറിൽ മതവും രാഷ്ട്രീയവും തിരുകിക്കയറ്റാത്ത മനുഷ്യർക്ക് അഞ്ചാറ് വർഷം ഭരണകൂടത്തിന്റെ അടിമ മാത്രമായിരുന്ന ആ ഡി.ജി.പിയുടെ വെളിപ്പെടുത്തൽ അപ്രതീക്ഷിതവും അത്ഭുതാവഹവും ഒന്നും തന്നെയല്ല. എത്രയോ വർഷങ്ങളായി നമുക്കു സൂചനകൾ ലഭിച്ചുകൊണ്ടിരുന്നതാണ്. എത്രയോ സംഭവവികാസങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചവരാണ്. ഇവിടെ വർഷങ്ങളായി പ്രവർത്തിക്കുന്ന പല സംഘടനകളുടെയും തീവ്രവാദസ്വഭാവം എത്രയോ തവണ വെളിച്ചത്തു വന്നതാണ്. നമുക്കിടയിൽ തന്നെയുള്ള തീവ്രവാദികളെ എത്രയോ വട്ടം നമ്മൾ തിരിച്ചറിഞ്ഞതുമാണ്.എന്നിട്ടും നമ്മൾ എന്ത് ചെയ്തു? നമ്മുടെ പ്രമുഖരാഷ്ട്രീയ പാർട്ടികളും ഭരണകർത്താക്കളും എന്ത് ചെയ്തു?ഇത്തരം മതതീവ്രസംഘടനയ്‌ക്കെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാൻ ഇവിടുത്തെ ഭരണവർഗ്ഗത്തിനായോ? കേന്ദ്ര ഏജൻസി പലവട്ടം സംസ്ഥാനസർക്കാരിനു നൽകിയ എല്ലാ മുന്നറിയിപ്പുകളെയും സമുദായവിരുദ്ധമായി ചിത്രീകരിച്ചു, സ്വന്തം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി, തീവ്രവാദികൾക്ക് കൂടുതൽ പ്രോത്സാഹനം നല്കാനല്ലേ ഭരണകൂടം എന്നും ശ്രമിച്ചത്? അതിനു ഒത്താശ ചെയ്തുകൊടുത്ത പൊലീസ് മേധാവിയോട് ഓരോ സാധാരണക്കാരനായ പൗരനോടും ചോദിക്കാനുള്ളത് ഒന്നു മാത്രം - ഇത്രയും നാൾ തന്റെ വായിൽ തിരുകിയിരുന്നത് പഴമായിരുന്നോ സേർ?
പുതിയൊരു ഉത്തരേന്ത്യക്കാരൻ പാവം അടിമ പുതിയ ഡി.ജി.പി. ആയി രംഗപ്രവേശം ചെയ്തിട്ടുണ്ട്. അഞ്ച് വർഷത്തേയ്ക്ക് ബെഹ്റ തിരുകി വച്ചിരുന്ന പഴം ടിയാൻ തൊണ്ടയിൽ തിരുകി വയ്ക്കുന്നതോടെ സ്വസ്ഥം ക്ലിഫ് ഹൗസ് അടുക്കള ഭരണം! അഞ്ച് വർഷത്തേയ്ക്ക് തമ്ബ്രാനും അണികൾക്കും തരാതരം അടിച്ചുകളിക്കാൻ പുതിയ പഞ്ചിങ് ബാഗ് റെഡി?