കോ പ്പിയടിയെന്നതിനു നമ്മുടെ പൊതു സമൂഹം നിലവില്‍ കല്പിച്ചു നല്കിയിരിക്കുന്നത് ഒരു ഹീറോയിക് പരിവേഷമാണ്. മലയാളത്തില്‍ സാഹിത്യചോരണമെന്നതിനു 'ആഹാ അന്തസ്സ്' എന്നൊരു ടാഗ് ലൈന്‍ കൂടിയുണ്ടെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ ആ ടാഗ് ലൈന്‍ എല്ലാ സാഹിത്യചോരണങ്ങള്‍ക്കുമില്ല താനും. കാരൂര്‍ സോമന്‍ സോമനടിച്ചാല്‍ അയാള്‍ ഫ്രോഡാകുകയും ഇടതുപക്ഷബുദ്ധിജീവികള്‍ ദീപയടിച്ചാല്‍ അവര്‍ സാംസ്‌കാരിക നായകരാകുകയും ചെയ്യുന്ന ഒരു പ്രത്യേകതരം നിലപാടുപാടമാണ് ഇവിടുള്ളത്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മാന്‍ ഏഷ്യന്‍ ലൈബ്രറി പ്രൈസും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹമായ ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ പലഭാഗങ്ങളും ആസ്ട്രോ-ഹംഗേറിയന്‍ മാധ്യമപ്രവര്‍ത്തകനും പണ്ഡിതനുമായ മുഹമ്മദ് അസദിന്റെ 'റോഡ് ടു മക്ക' എന്ന ആത്മകഥയുടെ അനുകരണമോ തനിപ്പകര്‍പ്പോ ആണെന്ന ആരോപണം ശക്തമാണ്. ആരോപണമുന്നയിച്ച വൃക്തി തെളിവു സഹിതം അത് സമര്‍ത്ഥിച്ചിട്ടുമുണ്ട്.
മരുഭൂമിയിലെ അതിജീവനത്തിന്റെ കഥ പറയുന്ന ആടുജീവിതം പലവട്ടം വായിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ് നജീബിന്റെ രക്ഷപ്പെടലും മരുഭൂമിയിലെ കാഴ്ചകളും. നജീബും, ഹക്കീമും, ഇബ്രാഹിം ഖാദിരിയും കൂടി മരുഭൂമിയില്‍ കൂടി നടത്തിയ പലായനം പത്തു ദിവസത്തോളം നീണ്ടു നിന്നതാണ്. അതിന്റെ വിവരണം അതീവ ഹൃദ്യമായും തീവ്രമായും തന്നെ ബെന്യാമിന്‍ വിവരിച്ചിരിക്കുന്നു. മരുഭൂമിയിലെ അനുഭവം ഒരിക്കല്‍ പോലും യഥാര്‍ത്ഥ മരുഭൂമിയില്‍ ജീവിക്കേണ്ടി വരാത്ത നോവലിസ്റ്റ് നിര്‍വഹിച്ചിരിക്കുന്നത് ഫിക്ഷന്റെ സ്വാതന്ത്ര്യമെടുത്തു തന്നെയാവണമെന്ന ധാരണയ്ക്കു മേലാണ് ആരോപണമുന്നയിച്ച വൃക്തി റോഡ് ടു മെക്കയിലെ ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍ത്ഥിച്ചിരിക്കുന്നത്. അതിനുത്തരം തരേണ്ടത് ബെന്യാമിന്‍ തന്നെയാണ്.
മലയാളത്തില്‍ സാഹിത്യചോരണവിവാദം ആദ്യമായല്ല. ആരുടെയും പേരെടുത്തുപറഞ്ഞ് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുദ്ദേശിക്കുന്നില്ലെങ്കിലും സമര്‍ത്ഥമായി ചോരണം നടത്തിയ ചില ബണ്ടിചോറുകള്‍ സാംസ്‌കാരിക ഇരിപ്പിടങ്ങളില്‍ ഗര്‍വ്വോടെ ആസനസ്ഥരായിരിക്കുന്നതിനു പ്രബുദ്ധ കേരളം സാക്ഷ്യം വഹിച്ചതാണല്ലോ. അവരില്‍ പലരും കോപ്പിയടി എന്ന ചെറുകിട മോഷണത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചു കൂടാത്ത അദ്ധ്യാപകവൃത്തിയിലേര്‍പ്പെട്ടവരുമാണെന്നതാണ് ഏറ്റവും രസം.
എഴുത്തില്‍ അല്‍പം പോലും മൗലികതയില്ലാത്ത, കട്ടെഴുത്തുകാരാണ് പുരോഗമനമെന്ന മേനി നടിച്ച് ഞെളിഞ്ഞുനിന്ന് പ്രസംഗിക്കുന്ന ഇടതുപക്ഷചിന്തകരെന്ന യാഥാര്‍ത്ഥ്യം ഇതിനോടകം തെളിയിക്കപ്പെട്ടതാണ്. പക്ഷേ ഇവിടെ കള്ളനു കഞ്ഞി വച്ചവനെ വാഴിക്കുന്ന നാടാണ്. സ്വന്തമായി എഴുതാനുള്ള ബുദ്ധിയും കഴിവും സര്‍ഗ്ഗശേഷിയുമില്ലാത്തവരാണല്ലോ മറ്റുള്ളവര്‍ എഴുതിയത് മോഷ്ടിക്കുന്നത്. അവര്‍ക്കാണല്ലോ അവാര്‍ഡും സാംസ്‌കാരികനായക പട്ടവും പട്ടും പൊന്നാടയും പറ്റുമെങ്കില്‍ ഒരു സീറ്റും നല്കി അവരോധിക്കുന്നത്. അതിനു പറയുന്ന പേരാണ് കേരളാ മോഡല്‍ 916 പ്രബുദ്ധത.
ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഏറ്റവും വിപുലമായി വിശദീകരിച്ച വകുപ്പുകളില്‍ ഒന്നാണു മോഷണം.അക്ഷരമാലാക്രമത്തില്‍ എ,ബി,സി,ഡി..... എന്നു തുടങ്ങി എല്‍,എം,എന്‍,ഒ,പി വരെ എത്തി നില്‍ക്കുന്നു വിശദീകരണം. പുസ്തകം മോഷ്ടിക്കുന്നതും മോഷണമാണ്. പുസ്തകത്തിന്റെ ഉള്ളടക്കം മോഷ്ടിക്കുന്നതും മോഷണമാണ്. ആദ്യത്തേതില്‍ ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ചും രണ്ടാമത്തേതില്‍ ഇന്ത്യന്‍ കോപ്പി റൈറ്റ് ആക്റ്റ് 57, 63, 63(എ) വകുപ്പുകള്‍ അനുസരിച്ചും കേസെടുക്കും. തടവു ശിക്ഷ രണ്ടിനും തുല്യമാണ്. മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെ പിഴ 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപവരെ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ കടുക്കും. അതാണു വ്യവസ്ഥ. ചുരുക്കി പറഞ്ഞാല്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ പുസ്തകം മോഷ്ടിക്കുന്നതിലും കടുത്ത കുറ്റമാണ് ഉള്ളടക്കം മോഷ്ടിക്കുന്നതെന്നു വ്യക്തം. പക്ഷേ നമ്മുടെ പ്രബുദ്ധകേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം നിന്നാല്‍ ഏത് ചോരണവും ആഭരണമാകും ഏത് ബണ്ടിചോറും സെലിബ്രിട്ടിയാകും.