Latest News

കേരളത്തിന്റെ മലിനമായ രാഷ്ട്രതന്ത്രത്തിന്റെ ഒരേടാകുന്നു ബാലഭാസ്‌കറിന്റെ കൊലപാതകം; മടിയില്‍ കനമുള്ളവനെ മാത്രം താങ്ങിനിറുത്തുന്ന, പണത്തിനു മീതേ മരണത്തിന്റെ പരുന്തുകള്‍ക്ക് മാത്രം പാറിപ്പറക്കാന്‍ കഴിയുന്ന പ്രബുദ്ധകേരളമേ, ലജ്ജിക്കണം നീ! നാളെ ഈ ദുരൂഹകൊലപാതകത്തിലെ ചുരുളഴിയുമ്ബോള്‍ മറനീക്കി പുറത്തു വരുന്ന മാന്യതയുടെ മുഖങ്ങളെ, സെലിബ്രിട്ടി മുഖങ്ങളെ ഇത്രനാളും പാലും പഴവും നല്കി ഊട്ടിയതിന് കലാകേരളം ലജ്ജിക്കും; അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
കേരളത്തിന്റെ മലിനമായ രാഷ്ട്രതന്ത്രത്തിന്റെ ഒരേടാകുന്നു ബാലഭാസ്‌കറിന്റെ കൊലപാതകം; മടിയില്‍ കനമുള്ളവനെ മാത്രം താങ്ങിനിറുത്തുന്ന, പണത്തിനു മീതേ മരണത്തിന്റെ പരുന്തുകള്‍ക്ക് മാത്രം പാറിപ്പറക്കാന്‍ കഴിയുന്ന പ്രബുദ്ധകേരളമേ, ലജ്ജിക്കണം നീ! നാളെ ഈ ദുരൂഹകൊലപാതകത്തിലെ ചുരുളഴിയുമ്ബോള്‍ മറനീക്കി പുറത്തു വരുന്ന മാന്യതയുടെ മുഖങ്ങളെ, സെലിബ്രിട്ടി മുഖങ്ങളെ ഇത്രനാളും പാലും പഴവും നല്കി ഊട്ടിയതിന് കലാകേരളം ലജ്ജിക്കും; അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

പ്രബുദ്ധകേരളമെന്ന പുറംതോടിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഈ നമ്ബര്‍ 1 നാട്ടിലെ നെറികേടുകളെ തിരിച്ചറിയുമ്ബോള്‍ മനസ്സില്‍ തോന്നുന്ന വികാരത്തെ എന്ത് പേരിട്ടു വിളിക്കണമെന്നറിയില്ല. പക്ഷേ, ഒന്നറിയാം ഇന്ന് അധികാരദുര്‍വിനിയോഗത്തിന്റെയും ചരടുവലികളുടെയും ഏറ്റവും മലീമസമായ പിന്നാമ്ബുറകഥകള്‍ പേറുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വച്ച്‌ നമ്ബര്‍ 1 ആണ് ഈ കേരളം. ഈ നാട് ദൈവത്തില്‍ നിന്നും പിശാചിന്റെ കൈപ്പിടിയിലമര്‍ന്നിട്ട് നാളുകളെത്രയോ ആയി.

ഈ കേരളത്തിലാണ് ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന ഒരു ആസൂത്രിത കോള്‍ഡ് ബ്ലഡഡ് മര്‍ഡര്‍ നടന്നത്. ആ ആസൂത്രിത അപകടത്തില്‍ മരണപ്പെട്ടയാള്‍ ഒരു സാധാരണക്കാരനായിരുന്നില്ല. മറിച്ച്‌ ലോകസംഗീതവേദിയില്‍ വരെ കേരളത്തിന്റെ നാമം കൊണ്ടെത്തിച്ച അതുല്യനായ സംഗീതമാന്ത്രികനായിരുന്നു. എന്നിട്ടും അതൊരു സ്വഭാവിക അപകടമരണം മാത്രമായി വിലയിരുത്താനാണ് അന്താരാഷ്ട്ര ATM കൊള്ളക്കാരെ വരെ സമര്‍ത്ഥമായി വല വിരിച്ചുപിടികൂടിയവരെന്ന് പുകള്‍പ്പെറ്റ കേരളാപൊലീസും ക്രൈംബ്രാഞ്ചും ശ്രമിച്ചത്.

ഈ കൊലപാതകത്തിനു പിന്നില്‍ സ്വര്‍ണ്ണകള്ളക്കടത്തുക്കാരായ വമ്ബന്‍ സ്രാവുകളുടെ ഇടപെടല്‍ ഉണ്ടെന്നു വൃക്തമായി ഇവിടുത്തെ സാധാരണകാര്‍ക്ക് മനസ്സിലായിട്ടും ആഭ്യന്തരവകുപ്പിലെ മേലാളന്മാര്‍ക്ക് മനസ്സിലാവാത്തതിനു പിന്നില്‍ ഒറ്റ കാരണമേയുള്ളൂ- അധികാരകേന്ദ്രങ്ങളിലെ ഉന്നതസ്ഥാനങ്ങളില്‍ വിലസുന്ന കള്ളക്കടത്തുസംഘത്തിന്റെ രാഷ്ട്രീയബന്ധം. ഒന്നോര്‍ത്തു നോക്കൂ! ഇത്രയും അന്താരാഷ്ട്ര പ്രശസ്തി പേറുന്നൊരു സംഗീതചക്രവര്‍ത്തിയെയും കുടുംബത്തെയും നിസ്സാരമായി ഇല്ലാതാക്കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പിന്നണിയിലുള്ളവരെ വലയിലാക്കാന്‍ കഴിയാത്ത ഈ നാടിന്റെ ദുര്‍ബലമായ നീതിപാലനവ്യവസ്ഥിതിയില്‍ നിന്നും സാധാരണക്കാര്‍ക്ക് എന്ത് നീതിയാണ് ലഭിക്കുക?

സ്വര്‍ണ്ണക്കടത്തു മാഫിയയും കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ വഴി നടത്തപ്പെടുന്ന അനധികൃതസ്വര്‍ണ്ണക്കടത്തും നിത്യവാര്‍ത്തയാകുമ്ബോഴും ഈ അപകടമരണത്തില്‍ അവരുടെ പങ്ക് വ്യക്തമായി മനസ്സിലായിട്ടും കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ ആ വഴിക്ക് എന്തേ അന്വേഷണം നടത്തിയില്ല? ബാലഭാസ്‌കറിന്റെയും കുഞ്ഞുമകളുടെയും മരണം കഴിഞ്ഞുള്ള അടുത്തദിവസങ്ങളില്‍ തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നതാണ് ആ അപകടത്തിലെ ദുരൂഹതയും അതിലേയ്ക്ക് വിരല്‍ചൂണ്ടുന്ന സ്വര്‍ണ്ണക്കടത്ത് മാഫിയയെയും. ആ ആരോപണങ്ങള്‍ നൂറു ശതമാനവും സത്യമാണെന്ന് തെളിയിച്ചു ഡ്രൈവര്‍ അര്‍ജുന്റെ കള്ളമൊഴിയും പിന്നീട് സ്വര്‍ണ്ണക്കടത്തിനു പിടിയിലായ വമ്ബന്മാര്‍ക്ക് ബാലഭാസ്‌ക്കറുമായിട്ടുണ്ടായിരുന്ന അടുത്ത ബന്ധം. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ വിഷ്ണുവിനെയും പ്രകാശ് തമ്ബിയെയും അറസ്റ്റ് ചെയ്തപ്പോഴും ബാലഭാസ്‌കര്‍ എന്ന പേര് സൗകര്യം പൂര്‍വ്വം മറക്കാനാണ് ഇവിടുത്തെ രാഷ്ട്രീയപുംഗവന്മാരും സെലിബ്രിട്ടികളായ ബാലുവിന്റെ കൂട്ടുകാരും ശ്രമിച്ചത്.

കാര്യങ്ങള്‍ ഇത്രമേല്‍ പകല്‍പ്പോലെ വ്യക്തമായിരുന്നിട്ടും ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കളെന്നു അവകാശവാദം ഉന്നയിക്കുന്നവരില്‍ എത്രപ്പേര്‍ സത്യം പുറത്തുവരണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നു? കുറച്ചു കണ്ണീരൊഴുക്കുകയും അനുശോചന കുറിപ്പുകള്‍ ഇറക്കുകയും ജീവിച്ചിരുന്ന ബാലുവിന്റെ വാഴ്‌ത്തുപ്പാട്ടുകള്‍ പാടിയതിനുമപ്പുറം ബന്ധുക്കള്‍ക്കൊപ്പം നിന്ന് അപകടമരണത്തിലെ അസ്വഭാവികത മാറ്റണമെന്ന ആവശ്യവുമായി എത്രപ്പേര്‍ നിന്നു? ബാലുവിന്റെ സുഹൃത്തുക്കളായ പല പ്രമുഖരുടെയും ഫേക്ക് ഐ ഡികള്‍ ജസ്റ്റിസ് ഫോര്‍ ബാലഭാസ്‌ക്കര്‍ എന്ന പേജില്‍ കമന്റുകളുമായി വന്നത് ഒരേ ആവശ്യവുമായിട്ടാണ്. കള്ളക്കടത്തുമായി ബാലുവിന്റെ പേര് ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ യശസ്സ് കളങ്കപ്പെടുത്തരുതെന്ന്. എത്ര ഉദാത്തമായ സൗഹൃദം?

അകാലത്തില്‍ കൊലചെയ്യപ്പെട്ടവന്റെയും ആ പൊന്നുമോളുടെയും ഘാതകര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിനേക്കാള്‍ സൗഹൃദങ്ങള്‍ക്ക് വേണ്ടത് മരണപ്പെട്ടവന്റെ യശസ്സ് ആണെത്രേ. ഇതിന്റെ പിന്നിലുള്ളത് സൗഹൃദമല്ല. മറിച്ച്‌ കൂടെ നിന്ന് ഒറ്റിയതിന്റെയോ സ്വര്‍ണ്ണകള്ളക്കടത്തില്‍ പങ്കാളിയായതിന്റെയോ പേരില്‍ ഉരുതിരിഞ്ഞുവരുന്ന ഭയാശങ്കകളുടെ ആകെ തുകയാണ് ആ പ്രതികരണങ്ങള്‍. ഈ മരണത്തെക്കുറിച്ച്‌ ഒരു ലേഖനമെഴുതി പബ്ലിഷ് ചെയ്തതിന്റെ പിറ്റേ ദിവസം ഒരു സെലിബ്രിട്ടി സംഗീതസംവിധായകന്റെ ഭാര്യയുടെ സന്ദേശം എന്റെ മെസഞ്ചറിലെത്തി. ബാലഭാസ്‌ക്കറും ഒരു പക്ഷേ ആ സ്വര്‍ണ്ണകള്ളക്കടത്തില്‍ അറിയാതെപ്പെട്ടു കാണുമോയെന്ന എന്റെ സന്ദേഹം അവരെ വേദനിപ്പിച്ചുവത്രേ. യഥാര്‍ത്ഥത്തില്‍ അവരെ വേദനിപ്പിച്ചത് സ്വന്തം ഭര്‍ത്താവിന്റെ പങ്ക് വെളിയില്‍ വരുമോയെന്ന ഭയം മാത്രമാണ്. കാരണം നാളിതുവരെയായി ആ സംഗീതസംവിധായകന്‍ ഈ മരണത്തിനു പിന്നിലുള്ള ദുരൂഹത മറനീക്കണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയിട്ടില്ല.

ജസ്റ്റിസ് ഫോര്‍ ബാലഭാസ്‌കര്‍ വെറും ഹാഷ്ടാഗില്‍ ഒരുങ്ങേണ്ട ഒന്നല്ലാ. കൊല്ലപ്പെട്ടവന്റെ യശസ്സിനേക്കാള്‍ വലുതാണ് നിന്ദ്യമായ, പൈശാചികമായ ആ പ്രവൃത്തിയുടെ ചുക്കാന്‍ പിടിച്ചവരെ പൊതുസമൂഹത്തിനുമുന്നില്‍ തുറന്നു കാട്ടണമെന്നതിലെ ധാര്‍മ്മികത. ഇനി ഒരു പക്ഷേ അറിയാതെ ആ മഞ്ഞലോഹത്തിന്റെ കള്ളവഴികളില്‍ ബാലുവും പെട്ടുപ്പോയെങ്കില്‍ കൂടി ആ ഒന്നരവയസ്സുകാരിയുടെ ആത്മാവിന് നീതി ലഭിക്കണം. അകാലത്തില്‍ ഭര്‍ത്താവും പൊന്നുമോളും നഷ്ടപ്പെട്ട ഒരു യുവതിയുടെ ഭയപ്പെടുത്തുന്ന മൗനത്തിനും നിസ്സഹായതയ്ക്കും വേദനയ്ക്കും അറുതിവരണം. അപകടമരണമെന്ന ലേബലില്‍ സ്വര്‍ണ്ണക്കടത്തുമാഫിയ നടത്തിയ ആസൂത്രിതകൊലപാതകത്തില്‍ അകാലത്തില്‍ പൊലിഞ്ഞുപ്പോയ ഒരു മകന്റെയും അവന്റെ ഒന്നരവയസ്സുള്ള മകളുടെയും ആത്മാക്കള്‍ക്ക് നീതി ഉറപ്പാക്കാന്‍ നെട്ടോട്ടമോടുന്ന ഒരച്ഛനും അമ്മയ്ക്കും നീതി ലഭിക്കണം. രക്തബന്ധത്തിന്റെ തീവ്രത മറക്കാന്‍ കഴിയാത്ത ഒരു പെണ്‍കുട്ടി തന്റെ സഹോദരന്റെ ആത്മാവിനു വേണ്ടി സമൂഹമാധ്യമത്തിലൂടെ തുടങ്ങിയ ഒരു പോരാട്ടത്തിനു ലക്ഷ്യപ്രാപ്തിയുണ്ടാവണം.

സാംസ്‌കാരികതയുടെ പുറംമേനി വെറുതെകൊണ്ടുനടക്കുന്ന ഈ കേരളത്തിന്റെ മലിനമായ രാഷ്ട്രതന്ത്രത്തിന്റെ ഒരേടാകുന്നു ബാലഭാസ്‌കറിന്റെ കൊലപാതകം. സാംസ്‌കാരികനായകന്മാരെന്നു വെറുതെ അഭിരമിക്കുന്ന നായകളുടെ സെലക്ടീവ് മൗനത്തിന്റെ മേലുള്ള മനസാക്ഷിയുടെ ഓരിയിടലാണ് ആ ദുരൂഹ അപകടം. അധികാരകേന്ദ്രങ്ങളുടെ എച്ചിലുകള്‍ക്കു വേണ്ടിയുള്ള നീതിപാലനത്തിന്റെ വാലാട്ടലാണ് എങ്ങുമെത്താത്ത കേരളത്തിലെ അന്വേഷണ ഏജന്‍സികളുടെ കേസന്വേഷണം.

മടിയില്‍ കനമുള്ളവനെ മാത്രം താങ്ങിനിറുത്തുന്ന, പണത്തിനു മീതേ മരണത്തിന്റെ പരുന്തുകള്‍ക്ക് മാത്രം പാറിപ്പറക്കാന്‍ കഴിയുന്ന പ്രബുദ്ധകേരളമേ, ലജ്ജിക്കണം നീ! നാളെ ഈ ദുരൂഹകൊലപാതകത്തിലെ ചുരുളഴിയുമ്ബോള്‍ മറനീക്കി പുറത്തു വരുന്ന മാന്യതയുടെ മുഖങ്ങളെ, സെലിബ്രിട്ടി മുഖങ്ങളെ ഇത്രനാളും പാലും പഴവും നല്കി ഊട്ടിയതിന് കലാകേരളം ലജ്ജിക്കും. തീര്‍ച്ച!

Anju parvathy prabheesh note about balabhaskar case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക