Latest News

ഇന്ത്യന്‍ റെയില്‍വേയുടെ ഇതിഹാസപുരുഷന്‍ എന്ന നിലയില്‍ സഫലമായ ഇ. ശ്രീധരന്റെ ജീവിതം ഒരു സര്‍വ്വകലാശാലയാണ്; ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശന വിവാദത്തെ കുറിച്ച്‌ അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
ഇന്ത്യന്‍ റെയില്‍വേയുടെ ഇതിഹാസപുരുഷന്‍ എന്ന നിലയില്‍ സഫലമായ ഇ. ശ്രീധരന്റെ ജീവിതം ഒരു സര്‍വ്വകലാശാലയാണ്;  ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശന വിവാദത്തെ കുറിച്ച്‌ അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

ന്ത്യയില്‍ ഒരു പൗരന് ഏത് രാഷ്ട്രീയപ്പാര്‍ട്ടിയിലും ചേരാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ ഇ. ശ്രീധരന്‍ എന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെക്നോക്രാറ്റ് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോട് തനിക്ക് ആഭിമുഖ്യം ഉണ്ടെന്നു തുറന്നുപ്പറയുന്നു. അതോടെ അതുവരെ അദ്ദേഹത്തെ വന്ദിച്ചിരുന്ന സകലമാന ലിബറല്‍ - സെക്ക്യൂലര്‍ മൈന്‍സുകളും അദ്ദേഹത്തെ നിന്ദിക്കാനും തുടങ്ങുന്നു. ഇതൊക്കെ സംഭവിക്കുന്നത് അങ്ങ് വടക്കേയിന്ത്യയില്ലൊന്നുമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി 24 x 7 നിലക്കൊള്ളുന്നുവെന്നു സമര്‍ത്ഥിക്കുന്ന സമത്വസുന്ദര പ്രബുദ്ധമതേതര കേരളത്തിലാണ്. ഒരാളുടെ മതവും രാഷ്ട്രീയവും അയാളുടെ മാത്രം സ്വകാര്യതയും, തീരുമാനവുമാണെന്നിരിക്കെ ഇ. ശ്രീധരനെതിരെ പടവാളെടുക്കുന്നവര്‍ തികഞ്ഞ അസഹിഷ്ണുതാവാദികളും ഫാസിസ്റ്റുകളുമാണെന്നു പറയേണ്ടി വരും. ആ നിലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ അസഹിഷ്ണുക്കളും ഫാസിസ്റ്റുകളുമുള്ളത് കേരളത്തിലാണെന്ന് അംഗീകരിക്കേണ്ടിയും വരും.

ബോധമുറച്ച നാള്‍ മുതല്‍ രാഷ്ട്രീയക്കളരിയില്‍ മണലെഴുത്ത് നടത്തി ഹരിശ്രീ കുറിച്ചവര്‍ മാത്രമാണ് ഈ കേരളത്തില്‍ രാഷ്ട്രീയത്തിലിറങ്ങി തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ ഇ. ശ്രീധരന്‍ എന്ന ഇതിഹാസത്തെ വിമര്‍ശിക്കാന്‍ ഇടതു-വലതുപക്ഷക്കാര്‍ക്ക് അവകാശമുണ്ടെന്നു വയ്ക്കാം. അങ്ങനെ അധികാരത്തിലേറി അഴിമതിയുടെ കറ പുരളാതെ സംശുദ്ധ രാഷ്ട്രീയ ജന സേവനം നടത്തുന്നവര്‍ മാത്രമാണ് ഇവിടെ ഭരിച്ചതും ഭരിക്കുന്നതുമെങ്കില്‍ നിങ്ങള്‍ക്ക് പറയാം ഇ. ശ്രീധരനെ പോലൊരു മികച്ച ടെക്നോക്രാറ്റിനു ചേര്‍ന്ന ഒന്നല്ല രാഷ്ട്രീയപ്രവേശമെന്ന് . എന്നാല്‍ അങ്ങനെയാണോ ഇവിടെ സംഭവിക്കുന്നത്. ? ഒരു സമരത്തിനിടെ വഴിയേ നടന്നുപ്പോകുമ്ബോള്‍ ലാത്തിയടി വാങ്ങുന്നവന്‍ വരെ പിറ്റേ ദിവസം മുതല്‍ നേതാവിന്റെ കുപ്പായം തുന്നിയിടുന്ന നാടാണിത്. അച്ഛന്‍ നേതാവയതിന്റെ പേരിലോ , അപ്പൂപ്പന്‍ മന്ത്രിയായതിന്റെ പേരിലോ നേതാവിന്റെ പെട്ടി താങ്ങി നടന്ന വകയിലോ ഒക്കെ സീറ്റു നോക്കി നടക്കുന്ന അധികാരമോഹികളുടെ നാടാണിത്. അപ്പുറത്തെ കണ്ടവും ഇപ്പുറത്തെ കണ്ടവും സമര്‍ത്ഥമായി ചാടി ചാടി കാലു വാരല്‍ കലാപരിപാടിയായി കൊണ്ടുനടക്കുന്ന നേതാക്കന്മാരെ വരെ അരിയിട്ടുവാഴിക്കുന്ന നാടാണിത്. ആ നാട്ടിലാണ് രാഷ്ട്രനിര്‍മ്മാണത്തില്‍ മറ്റാര്‍ക്കും കഴിയാത്ത വിധം തനതായ,മഹത്തായ സംഭാവന നല്കിയ ഒരു കര്‍മ്മയോഗി പ്രൊഫഷണലിസവും സാമൂഹ്യചരിത്രബോധവും ആവോളമുള്ള ഒരു ഇതിഹാസപുരുഷന്‍ തന്റെ രാഷ്ട്രീയം തുറന്നുപ്പറഞ്ഞതിന്റെ പേരില്‍ പരിഹാസ്യനാകുന്നത്. ഇരട്ടത്താപ്പിന്റെ ലീബറല്‍ - സെക്ക്യൂലര്‍ വേര്‍ഷനാണിത്.

ഇന്ത്യന്‍ റെയില്‍വേയുടെ ഇതിഹാസപുരുഷന്‍ എന്ന നിലയില്‍ സഫലമായ ഇ. ശ്രീധരന്റെ ജീവിതം ഒരു സര്‍വ്വകലാശാലയാണ്. ഗൂഗിള്‍ സെര്‍ച്ചില്‍ ഇ. ശ്രീധരന്‍ എന്നു കുറിച്ച്‌ നല്കുന്ന ഒറ്റ തിരച്ചിലില്‍ അഞ്ചര ലക്ഷത്തിലേറെ ഫലസൂചനകളാണ് സ്ക്രീനിലേക്കു വന്നുവീഴുന്നത്. അതില്‍ വിക്കിപീഡിയയിലെ ശ്രീധരന്റെ ജീവചരിത്ര കുറിപ്പ് മുതല്‍ ദേശീയ ചാനലുകളില്‍ വന്ന എണ്ണമറ്റ അഭിമുഖങ്ങള്‍ വരെയുണ്ട്. പാമ്ബന്‍ പാലം പുനര്‍നിര്‍മ്മാണം മുതല്‍ കൊച്ചി മെട്രോ വരെയുള്ള പദ്ധതികളിലൂടെ മാത്രം ലക്ഷം കോടിയിലേറെ രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഇ. ശ്രീധരന്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. അതില്‍ ഒന്നിന്റെ പേരില്‍പോലും അദ്ദേഹത്തിനെതിരെ ഒരാക്ഷേപവും ഉയര്‍ന്നിട്ടില്ലെന്ന് അറിയുക മനുഷ്യരേ.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പേരില്‍ ഡല്‍ഹിയില്‍ നടന്ന തൂപ്പുജോലി കരാറില്‍പ്പോലും ദശലക്ഷങ്ങളുടെ അഴിമതി നടന്നത് നാം കണ്ടതാണ്.അതേ മാമാങ്കത്തിന് മുന്നോടിയായാണ് 24,000 കോടി ചെലവഴിച്ച്‌ ഡല്‍ഹി മെട്രോയുടെ രണ്ടാംഘട്ട നിര്‍മ്മാണം നടന്നത്. ഇ. ശ്രീധരനായിരുന്നു അതിന്റെ ചുമതല. കോമണ്‍വെല്‍ത്ത് അഴിമതിക്ക് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലിലായപ്പോഴും ആരോപണലേശമേല്ക്കാതെ പൂര്‍ത്തിയായ ഏക പദ്ധതിയും ഡല്‍ഹി മെട്രോ നിര്‍മ്മാണമായിരുന്നു.

പടിഞ്ഞാറന്‍ തീരത്ത് തിരതുള്ളുന്ന അറബിക്കടലിനും അതിന് അഭിമുഖമായ പശ്ചിമഘട്ടത്തിനും നടുവിലൂടെ തെക്ക് മംഗലാപുരം മുതല്‍ വടക്ക് മഹാരാഷ്ട്രയിലെ റോഹ വരെ 760 കിലോമീറ്റര്‍ റെയില്‍പ്പാതയുടെ നിര്‍മ്മാണത്തില്‍ നേരിട്ട വെല്ലുവിളികള്‍ക്ക് സമാനതകളില്ല. ബ്രിട്ടീഷ് ഭരണകാലം മുതല്‍ അസാധ്യമെന്ന തലക്കെട്ടിനു കീഴില്‍ കടലാസില്‍ ഒതുങ്ങിപ്പോയ പദ്ധതി എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞൊതുക്കി പൂര്‍ത്തിയാക്കാന്‍ ശ്രീധരനു വേണ്ടിവന്നത് വെറും ഏഴു വര്‍ഷവും മൂന്നു മാസവും മാത്രം. അവിടെ പണമായിരുന്നില്ല പ്രശ്നം. ദുര്‍ഘടമായ നിര്‍വഹണം തന്നെയായിരുന്നു. മൂന്നു സംസ്ഥാനങ്ങളിലൂടെ എന്നതിനേക്കാള്‍ പരസ്പരവൈരുധ്യം പുലര്‍ത്തിയ നാലു രാഷ്ട്രീയവ്യവസ്ഥിതിയിലൂടെയായിരുന്നു കൊങ്കണ്‍പാതയുടെ ദീര്‍ഘമായ അലൈന്മെന്റ്. സ്വതഃസിദ്ധമായ നയചാതുരിയാല്‍ എതിര്‍പ്പുകളുടെ മുനയൊടിച്ച്‌ എല്ലാവരെയും യോജിപ്പിന്റെ ഒറ്റ നൂലില്‍ ഇണക്കി ശ്രീധരന്‍ ആ എഞ്ചിനീയറിങ് അദ്ഭുതം രാജ്യത്തിന്റെ പടിഞ്ഞാറെ അതിരില്‍ സ്ഥാപിച്ചു.

ശ്രീധരന്‍ കെട്ടിയുയര്‍ത്തിയ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍-കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും-പൊതുമേഖലാ സംരംഭങ്ങളെക്കുറിച്ചുള്ള പരമ്ബരാഗത ധാരണകള്‍ക്ക് അപവാദമായി മാറി. സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുപോലും മാതൃകയായ ഡി.എം.ആര്‍.സിയുടെ സ്ഥാപനമൂല്യങ്ങള്‍ മനപ്പാഠമാക്കാന്‍ അമേരിക്കയിലെ സ്റ്റാന്‍സ്ഫോര്‍ഡ് ഗ്രാജ്വേറ്റ്സ് സ്കൂളും ലണ്ടന്‍ യൂണിവേഴ്സിറ്റിയും ഉള്‍പ്പെടെ ലോകത്തെ ഇരുപതോളം സര്‍വകലാശാലകളില്‍നിന്ന് മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ വരിനിന്നു.

ഔദ്യോഗികജീവിതത്തില്‍ ഇ. ശ്രീധരനെതിരെ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് അവരുടെതായ ന്യായങ്ങളുണ്ടായിരുന്നു. ശ്രീധരന്റെ അസാന്നിധ്യത്തില്‍ രൂപപ്പെടുന്ന അവിശുദ്ധബാന്ധവത്തിലൂടെ മറിയുന്ന കോടികളുടെ കമ്മീഷന്‍ പണമെന്ന മനപ്പായസമുണ്ട് സര്‍ക്കാറും ഭരണനേതൃത്വവും അവര്‍ക്ക് അങ്കത്തുണയായത് പലവട്ടം നമ്മള്‍ പലയിടത്തായി കണ്ടതാണ്. കൊച്ചി മെട്രോയില്‍നിന്ന് പുകച്ചുചാടിക്കാന്‍ ഒളിവിലും തെളിവിലും പൊടിപാറിയ പോര് നമ്മള്‍ കണ്ടതാണല്ലോ.ലോകബാങ്കും ജപ്പാന്‍ ധനകാര്യ ഏജന്‍സിയും മുതല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വരെയുള്ളവയുടെ തിട്ടൂരങ്ങളും പൊക്കിയെടുത്ത് ഉന്നത ബ്യൂറോക്രസിയുടെ ചാവേറായിരുന്നു മുന്നണിയില്‍. എന്നിട്ടെന്ത് സംഭവിച്ചുവെന്നത് ചരിത്രം .

യാതൊരു ഉളുപ്പുമില്ലാതെ ഉടുപ്പ് മാറും പോലെ പാര്‍ട്ടി മാറുന്ന രാഷ്ട്രീയക്കാരെക്കാള്‍ എനിക്ക് ഏറെ ബഹുമാനം മെട്രോമാനെപ്പോലെ തനിക്കു ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് ചങ്കുറപ്പോടെ പറയുന്ന രാഷ്ട്രശില്പികളെയാണ്. ഭഗവത്ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോടു പറയുന്നുണ്ട്: ''അര്‍ജുനാ, മൂന്നു ലോകങ്ങളില്‍ നിന്നും എനിക്കു കിട്ടാത്തതായോ കിട്ടേണ്ടതായോ യാെതാന്നും തന്നെയില്ല. എന്നിട്ടും ഞാന്‍ കര്‍മം ചെയ്തുകൊണ്ടിരിക്കുന്നു. എന്തെന്നാല്‍ കര്‍മം ചെയ്യാതിരുന്നാല്‍ നശിച്ചുപോകും.'' ഇ. ശ്രീധരനും ഇത്തരമൊരു നില കൈവന്നിരിക്കുന്നുവെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. ലോകത്തുനിന്നും അദ്ദേഹത്തിനു കിട്ടാത്തതായോ കിട്ടേണ്ടതായോ യാതൊന്നും തന്നെയില്ല. എങ്കില്‍പ്പോലും ഈ എണ്‍പത്തിയെട്ടാം വയസ്സിലും ഇ. ശ്രീധരന്‍ കര്‍മം ചെയ്യാനൊരുങ്ങിക്കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തെപ്പോലെയുള്ള മഹദ്വ്യക്തികളാണ് രാഷ്ട്രീയത്തിനാവശ്യം. നമ്മിലുള്ള വില കുറഞ്ഞ രാഷ്ട്രീയവിധേയത്വം വച്ച്‌ , അധമബോധം വച്ച്‌ അദ്ദേഹത്തെപ്പോലൊരാളെ വിമര്‍ശിക്കാന്‍ മുതിരാതിരിക്കുക. ആ കര്‍മ്മയോഗിയെ വന്ദിച്ചില്ലെങ്കില്‍ കൂടി നിന്ദിക്കാതിരിക്കുക. കാരണം രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ ഒരു മണല്‍ത്തരിയെടുത്ത് വയ്ക്കുന്നതുപ്പോലും പുണ്യപ്രവൃത്തിയായിരിക്കെ പാമ്ബന്‍ പാലം പുനര്‍നിര്‍മ്മാണം മുതല്‍ കൊച്ചി മെട്രോ വരെയുള്ള പദ്ധതികളിലൂടെ രാജ്യത്തെ മുന്നോട്ടുനടത്തിച്ചയാളെ രാഷ്ട്രശില്പിയെന്നല്ലാതെ മറ്റെന്തുകൊണ്ടാണ് അടയാളപ്പെടുത്തേണ്ടത്.

Anju parvathy prabheesh note about E Sreedharan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES