ഒരു കാലത്ത് അറബിപ്പൊന്ന് സ്വപ്നം കണ്ട് മരുഭൂമിയിലേയ്ക്ക് പ്രയാണം നടത്തിയിരുന്ന പ്രവാസി മലയാളികളെ സ്വപ്നസാക്ഷാത്ക്കാരത്തിലെത്തിച്ചിരുന്ന വിമാനത്താവളമായിരുന്നു തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം. തെക്കനെന്നോ വടക്കനെന്നോ ഉള്ള കിന്നരിയില്ലാതെ ഗള്‍ഫുക്കാരന്‍ മലയാളിയെന്ന ഒറ്റ ലേബലില്‍ പൊന്നുവാരാന്‍ കൊതിക്കുന്ന കാസര്‍കോഡുകാരനെ മുതല്‍ പാറശ്ശാലക്കാരനെ വരെ സ്വപ്നഭൂമികയിലെത്തിച്ച ഇടം അവഗണനയുടെ തീരാക്കടലില്‍ മുങ്ങിത്താഴുന്നതിന് കഴിഞ്ഞ കുറേ നാളുകളായി സാക്ഷ്യം വഹിച്ചിട്ടുണ്ട്.
1932 ല്‍ തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മ്മിച്ച വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളം ഒരുക്കാലത്ത് കേരളത്തിന്റെ പ്രതാപത്തിന്റെയും പ്രൗഢിയുടെയും അടയാളമായിരുന്നു. നൂറ്റാണ്ടു മുമ്ബ് തിരുവിതാംകൂര്‍ രാജകുടുംബം ദാനം നല്‍കിയ സ്ഥലത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാനം രൂപീകരിച്ചപ്പോള്‍ കേരളത്തിലെ ആദ്യ വിമാനത്താവളവും പിന്നീട് ആദ്യ അന്താരാഷ്ട്ര വിമാനത്താവളമാകുകയും ചെയ്തു. IATA യുടെ അംഗീകാരമായ TRV എന്ന ലോഗോ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വിമാനത്താവളവും ലോകത്തിലെ തന്നെ രണ്ടാമത്തെ വിമാനത്താവളവുമാണ് തിരുവനന്തപുരം വിമാനത്താവളം. IATAയുടെ ലോഗോ സ്വന്തമാക്കിയ ആദൃത്തെ വിമാനത്താവളം ലോസ് ഏഞ്ചല്‍സ് ആണ്.
ഇത്തരത്തില്‍ ഓരോ തിരുവനന്തപുരത്തുക്കാരന്റേയും സ്വകാര്യ അഹങ്കാരമായിരുന്ന എയര്‍പോര്‍ട്ടിന്റെ മോശം അവസ്ഥയ്ക്കു പിന്നില്‍ സര്‍ക്കാരിന്റെ പിടിപ്പുക്കേടും അനാവശൃ യൂണിയന്‍ ഇടപെടലുകളും ഒത്തുക്കളി രാഷ്ട്രീയവും മാത്രമാണ് ഉണ്ടായിരുന്നത്.
യാത്രക്കാര്‍ കുറഞ്ഞതും ശക്തമായ എമിഗ്രേഷന്‍ നിയമങ്ങളുമാണ് തിരുവനന്തപുരം വിമാനത്താവളത്തെ പിന്നിലേക്കാക്കിയതെന്നാണ് ഉയരുന്ന ആരോപണം. പക്ഷെ അങ്ങനെ ചെയ്തത് ആര്? തിരുവനന്തപുരത്തുകാരിയായ പ്രവാസിയെന്ന നിലയില്‍ മാലദ്വീപിലും മലേഷ്യയിലും ഒമാനിലും പലകുറി യാത്ര ചെയ്ത ഒരാളെന്ന നിലയിലും ഞാന്‍ അനുഭവിച്ചതും അറിഞ്ഞതുമായ പലതുമുണ്ട്.
അനുഭവങ്ങളുടെ തുടക്കം മാലദ്വീപില്‍ നിന്നു തന്നെയാകട്ടെ .ചികിത്സയുമായും വിദ്യാഭ്യാസപരമായും എന്തിന് മികച്ച ഷോപ്പിങ് അനുഭവത്തിനായും മാലദ്വീപുവാസികള്‍ ഏറെ ആശ്രയിച്ചിരുന്ന നഗരമായിരുന്നു തിരുവനന്തപുരം. മാലെ സിറ്റിയില്‍ നിന്നും ഇന്ത്യയിലെത്താന്‍ ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് തിരുവനന്തപുരം. അതിനായി അവര്‍ ഏറെ ആശ്രയിച്ചിരുന്നത് എയര്‍ ഇന്ത്യയും മാല്‍ദീവിയന്‍ എയര്‍ലൈന്‍സുമായിരുന്നു. എന്നാല്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുമായി സ്‌പൈസ് ജെറ്റ് മാലെ -കൊച്ചി സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ മാലദ്വീപുകാര്‍ തിരുവനന്തപുരം കൈവിട്ട് കൊച്ചിയിലേയ്ക്ക് തിരിച്ചു.കൊച്ചിയിലെ ലുലുമാളും അമൃത-ലേക്ക്‌ഷോര്‍ ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങളും ഒപ്പം കുറഞ്ഞ ഫ്‌ളൈറ്റ് ടിക്കറ്റും അവരെ കൊച്ചിയിലേയ്ക്കാകര്‍ഷിച്ചു.അതുപോലെ തന്നെയാണ് മാലദ്വീപില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരും ആരോഗ്യരംഗത്തുള്ളവരും ടൂറിസം രംഗത്തുള്ളവരുമായ മലയാളികളും! ഇന്ന് അവരും തിരുവനന്തപുരത്തേക്കാള്‍ കൂടുതലും സ്‌പൈസ് ജെറ്റിനെ ആശ്രയിച്ച് കൊച്ചിയിലേയ്ക്ക് യാത്രചെയ്യുന്നു.
നഷ്ടം തിരുവനന്തപുരത്തിനു മാത്രം.
ഇപ്പോള്‍ തന്നെ പ്രമുഖ എയര്‍ലൈന്‍ കമ്ബനികള്‍ അവരുടെ തിരുവനന്തപുരം ഓഫീസുകള്‍ അടച്ചു പുട്ടി തുടങ്ങി . സിംഗപ്പൂരിലേയ്ക്കുള്ള
സില്‍ക്ക് എയര്‍ സര്‍വ്വീസ് നിറുത്തലാക്കിയതിനു പുറമേ മലേഷ്യന്‍ എയര്‍ലൈനായ മലിന്‍ഡോ നിറുത്തലാക്കിയിരുന്നു. മലേഷ്യയിലേയ്ക്കും ആസ്‌ട്രേലിയയിലേയ്ക്കും ന്യൂസിലണ്ടിലേയ്ക്കും തായ്‌ലാണ്ടിലേയ്ക്കുമുള്ള യാത്രികര്‍ക്ക് തീര്‍ത്തും അനുഗൃഹമായിരുന്നു മെലിന്‍ഡോ സര്‍വ്വീസ്.ടൂറിസ്റ്റുകള്‍ക്കും തമിഴ്‌നാട്ടില്‍ നിന്നും മലേഷ്യയിലേയ്ക്കുള്ള സ്ഥിരം യാത്രികരും ഏറെ ആശ്രയിക്കുന്ന ഒരു സര്‍വ്വീസാണ് മലിന്‍ഡോ.അന്താരാഷ്ട്ര കമ്ബനികള്‍ മിക്കതും അവരുടെ ക്ലയന്‍സിനും ജീവനക്കാര്‍ക്കുമുള്ള ടിക്കറ്റുകള്‍ കൂടുതലും നല്കുന്നത് കുറേ നാളുകളായി കൊച്ചിയിലേയ്ക്കാണ്.
മറ്റൊന്ന്, തിരുവനന്തപുരത്ത് നിന്നുള്ള എമിറേറ്റ്സിന്റെ അഞ്ചോളം സര്‍വീസുകളാണ് നിര്‍ത്തലാക്കിയതാണ്. എമിറേറ്റ്സ് തിരുവനന്തപുരം വിട്ട് ബാംഗ്ലൂര്‍-ദുബായ് സെക്ടറില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തി. ഫ്ലൈറ്റ് ദുബായ് തിരുവനന്തപുരത്തേക്കുള്ള സര്‍വ്വീസ് അവസാനിപ്പിച്ചു. സൗദി എയര്‍ലൈന്‍സും തിരുവനന്തപുരത്തെ വിട്ട മട്ടാണ്. ഇവരെല്ലാം കൊച്ചിയിലേക്കും കണ്ണൂരിലേക്കും പോയി. കുവൈറ്റിലേയ്ക്കും ദമാമിലേയ്ക്കുമുള്ള ഡയറക്‌ട് ഫ്‌ളൈറ്റുകള്‍ ഇല്ലാതെയായി.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്റെ നൂലാമാലകള്‍ പറഞ്ഞ് പല യാത്രക്കാരുടെയും യാത്ര തടയുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ പലപ്പോഴും അതിനു സാക്ഷിയായിട്ടുമുണ്ട്.
എമിഗ്രേഷന്‍ നിയമങ്ങളിലെ യാത്രികര്‍ക്കുള്ള അറിവില്ലായ്മയെ അപമാനിക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം.
എമിഗ്രേഷനിലുള്ളവരുടെ ഇത്തരം സമീപനങ്ങള്‍ യാത്രക്കാരെ മറ്റ് എയര്‍പോര്‍ട്ടുകള്‍ വഴി യാത്രചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഇവിടെ നിന്നും ഓഫ്ലോഡ് ആകുന്ന (എമിഗ്രേഷന്‍ ക്ലിയറന്‍സ്) യാത്രക്കാരന്‍ കൊച്ചിയില്‍ നിന്നോ, കോഴിക്കോട് നിന്നോ സുഖമായി യാത്ര ചെയ്യുന്നു. ഇന്ത്യയില്‍ എല്ലായിടത്തും എമിഗ്രേഷന്‍ നിയമങ്ങള്‍ ഒന്നെന്നിരിക്കേ തിരുവനന്തപുരത്ത് നിന്ന് മാത്രം യാത്രക്കാര്‍ക്ക് പോകാന്‍ കഴിയാത്തതിനു പിന്നില്‍ ഒത്തുക്കളിയുണ്ട്. ഈ എയര്‍പോര്‍ട്ടിനെ മനഃപൂര്‍വ്വം പ്രശ്‌നങ്ങളിലേയ്ക്ക് തള്ളിവിടുന്നതിനുപിന്നില്‍ വന്‍കളികളുണ്ടെന്ന് സാരം.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിഫ്രീഷോപ്പ് നിര്‍ത്തലാക്കിയിട്ട് രണ്ടിലേറേ വര്‍ഷങ്ങളായി.അതുപോലെ തന്നെ കുഞ്ഞുങ്ങളുമായി ഒറ്റയ്ക്ക് ഇവിടെ വന്നിറങ്ങുന്ന സ്ത്രീകള്‍ക്കും ഇവിടെ നിന്നും യാത്രചെയ്യേണ്ട സ്ത്രീകള്‍ക്കും പോര്‍ട്ടര്‍ സര്‍വ്വീസ് ലഭിക്കുന്നില്ല.ലഗേജും കൈക്കുഞ്ഞുങ്ങളുമായി വന്നിറങ്ങുന്നവര്‍ ശരിക്കും പെടാപ്പാട് പെടുന്നു.വിമാനത്താവള വികസനം ലോകോത്തര നിലവാരത്തില്‍ നടന്നില്ല, കാര്‍ഗോ പൂട്ടി.റണ്‍വേയുടെ ലൈസന്‍സ് തന്നെ താല്‍ക്കാലികമാണ് നമുക്ക്.
നിലവില്‍ കേരളത്തിലെ ഏറ്റവും ചെറിയ എയര്‍പോര്‍ട്ടെന്ന നിലയിലേയ്ക്ക് തിരുവനന്തപുരം വിമാനത്താവളം മാറ്റപ്പെട്ടണമെന്നത് പലരുടേയും വാശിയാണെന്ന് തോന്നുന്നു. ഒരു സംസ്ഥാന തലസ്ഥാനം എന്ന പരിഗണന കൂടി ഇല്ലാതെ എയര്‍പോര്‍ട്ടിന് വേണ്ടി തമ്മില്‍ തല്ലുന്നു ഇവിടുത്തെ ഭരണപക്ഷം. സ്വകാര്യവല്ക്കരണത്തിനു വിടില്ലായെന്നു പറഞ്ഞു കോടതിയില്‍ പോയി. ഇത്രയും വര്‍ഷമായി വികസനം ഇല്ലാതെ കിടന്ന ഈ എയര്‍പോര്‍ട്ട് കേരള സര്‍ക്കാരിന്റെ കയ്യില്‍ കിട്ടി എന്ത് വികസനമാണ് കാണിക്കാന്‍ പോകുന്നതെന്ന് പൊതുജനത്തിനു പ്രത്യേകിച്ച് ഓരോ തിരുവനന്തപുരത്തുക്കാരനും അറിയാം.
എയര്‍പോര്‍ട്ട് വികസനത്തിന്റെ പേരില്‍ 2008ല്‍ തുടങ്ങിയ സ്ഥലമെടുപ്പ് 2020 ലും നീക്കുപോക്കാവാതെ നില്ക്കുന്നത് നമ്മള്‍ കാണുന്നതല്ലേ. പഴയ പഠനം നിലനിര്‍ത്തി 18 ഏക്കര്‍ കഥയും പറഞ്ഞു സര്‍ക്കാര്‍ ഇരിക്കുന്നതല്ലാതെ സ്ഥലം ഏറ്റെടുക്കലോ എന്തിന് വിജ്ഞാപനം പുറപ്പെടുവിക്കലെങ്കിലും നടത്താന്‍ കഴിഞ്ഞോ? കേരളത്തിലെ ആദ്യത്തെ വിമാനത്താവളമിന്ന് വാര്‍ത്തകളില്‍ നിറയുന്നത് കള്ളക്കടത്തിന്റെയും സ്വര്‍ണ്ണക്കടത്തിന്റെയും പ്രധാനതാവളമായി മാത്രമല്ലേ?
സ്വകാര്യവല്ക്കരണത്തിനെതിരെ സമരം ചെയ്യാന്‍ മുന്നിട്ടിറങ്ങിയ യൂണിയന്‍ തൊഴിലാളികള്‍ 1500 ലധികം സര്‍വീസ് വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഇവിടം നിന്നും നിറുത്തിയകാര്യം അറിഞ്ഞതായി ഭാവിച്ചതുമില്ല,പ്രതികരിച്ചുമില്ല. വിമാനത്താവളത്തിലെ ഉപഭോക്താക്കള്‍ യാത്രക്കാരാണ്. അവരുടെ സൗകര്യത്തിനും ആവശ്യങള്‍ക്കുമാവണം സര്‍ക്കാര്‍ പ്രഥമപരിഗണന നല്‌കേണ്ടതും നോക്കേണ്ടതും. സംസ്ഥാനം 600 കോടിയുടെ വികസനം വിമാനത്താവളത്തിന് പ്രഖ്യാപിച്ചപ്പോള്‍ ഇതേ എയര്‍പോര്‍ട്ടിന്റെ വികസനം ഏറ്റെടുക്കാന്‍ നടക്കുന്ന അദാനി ഗ്രൂപ്പ് 1500 കോടിയുടെ വികസനം പ്രഖ്യാപിക്കുന്നു. സ്വാഭാവികമായി എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നവരായ ഞങ്ങള്‍ യാത്രക്കാര്‍ അദാനിക്കൊപ്പമേ നില്ക്കൂ. കാരണം അത്യാധുനികസംവിധാനത്തോടെയുള്ള എയര്‍പോര്‍ട്ട് ഏതൊരു യാത്രക്കാരന്റെയും ചോയ്‌സാണ്.ഇവിടെ ഞങ്ങള്‍ യാത്രികര്‍
രാഷ്ട്രീയം അല്ല വികസനം മാത്രം ആണ് ചിന്തിക്കേണ്ടത്.സ്വന്തം നാട്ടില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടായിട്ടും മറ്റുള്ള വിമാനത്താവളത്തെ ആശ്രയിച്ചു പ്രവാസ ജീവിതത്തിലേക്ക് പോകുന്നവരുടെയും തിരിച്ചുമുള്ള അവസ്ഥ മനസിലാക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ് . കേന്ദ്രമല്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ തൊട്ടടുത്ത് കന്യാകുമാരി ജില്ലയില്‍ ഒരു വന്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാകുന്നുമുണ്ട്. അതുകൂടി ആയാല്‍ തിരുവനന്തപുരം വിമാനത്താവളം അടച്ചു പൂട്ടല്‍ ഭീഷണി നേരിടും. എയര്‍പോര്‍ട്ടിലെ ജോലിയില്‍ പോലും രാഷ്ട്രീയം കാണുന്ന ചില യൂണിയന്‍ തൊഴിലാളികള്‍ക്ക് വേണ്ടി നമ്മുടെ എയര്‍പോര്‍ട്ട് നാശത്തില്‍ എത്തിക്കരുത്.
എന്തിനാണ് അദാനിക്ക് തന്നെ എയര്‍പോര്‍ട്ട് വികസനം കൊടുക്കുന്നത് എന്ന് ചോദിക്കുന്നവര്‍ മറന്നുപ്പോകുന്ന അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്ന ചിലത് കൂടി പറയട്ടെ.
നമ്മുടെ രാജ്യത്ത് ഒരു ലേലം വിളി നടക്കുമ്ബോള്‍ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്ത് വരുന്ന വ്യക്തിക്ക്/കമ്ബനിക്ക് ആണ് കരാര്‍ കൈമാറുന്നത്, അല്ലാതെ രണ്ടാം സ്ഥാനത്ത് വന്നവര്‍ക്ക് അല്ല. വിമാനത്താവളത്തിന്റെ ലേലത്തില്‍ അദാനിയുടെ കമ്ബനി ഒന്നാം സ്ഥാനത്ത് വന്നു. അതുകൊണ്ട് കരാര്‍ ആ കമ്ബനിക്ക് നല്‍കാന്‍ തീരുമാനിച്ചു.അതിലെന്തിന് സര്‍ക്കാര്‍ കോടതിയില്‍ പോകണം?
അദാനിയുടെ 5 വിമാനത്താവളങ്ങള്‍ കൂട്ടിയിണക്കിയുള്ള സര്‍വീസുകളുണ്ടായാല്‍ തിരുവനന്തപുരത്തിന് കുതിപ്പുണ്ടാകും.മാത്രമോ സ്വകാര്യ പങ്കാളിയുണ്ടായാല്‍ അടിസ്ഥാന സൗകര്യ വികസനകുതിപ്പും ലോകോത്തര സൗകര്യങ്ങളുമുണ്ടാവും.കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങാം, കണക്ഷന്‍ സര്‍വീസുകളും കൂടും. സ്വകാര്യവത്കരണത്തിന്റെ ഭാഗമായി കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ വിമാനത്താവളത്തിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു. സഞ്ചാരികളുടെ വരവിന്റെ ഒഴുക്കിനനുസരിച്ച് ടിക്കറ്റ് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ വിമാനക്കമ്ബനികള്‍ നിര്‍ബന്ധിതരാകും ഇതു കാരണം കേരള ടൂറിസത്തിന് സംഭവിക്കാന്‍ പോകുന്ന നേട്ടം സ്വപ്നം കാണുന്നതിനുപ്പുറമാവും .തിരുവനന്തപുരം ജനതയും പ്രവാസികളും ഒന്നടങ്കം വിമാനത്താവളം അദാനി ഗ്രൂപ്പില്‍ സ്വകാര്യവല്‍ക്കരണം നടത്താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നു അതിന് ഒരുമിച്ചു നില്‍ക്കുന്നു.കേരള സര്‍ക്കാരും അദാനി ഗ്രൂപ്പും ചേര്‍ന്ന് ഒരു കമ്ബനി രൂപീകരിച്ചു എയര്‍പോര്‍ട്ട് ഏറ്റെടുത്താല്‍ കൂടുതല്‍ നന്നാവുകയും ചെയ്യും.
ഇന്ത്യയിലെ ആദ്യത്തെ പിപിപി മോഡല്‍ സ്റ്റേഡിയം വന്നത് തിരുവനന്തപുരത്താണ്. അതുകൊണ്ട് നഷ്ടമാണോ ലാഭമാണോ നമുക്കുണ്ടായത്?
പിപിപി മോഡല്‍ നഗര റോഡ് ഇന്ത്യയില്‍ ആദ്യമായി വന്നത് തിരുവനന്തപുരം നഗരത്തില്‍ ആണ്. അത് വിജയമായതുകൊണ്ടല്ലേ കോഴിക്കോട് നടപ്പിലാക്കുന്നത്. ?
വിഴിഞ്ഞം തുറമുഖം കഴിഞ്ഞ 25 വര്‍ഷമായി മുടങ്ങി കിടന്ന പദ്ധതിയാണ്. കേരളത്തിലെ പ്രശ്‌നങ്ങള്‍ അതിജീവിച്ചു ആ പദ്ധതി യാഥാര്‍ഥ്യം ആകുകയാണ്.വിഴിഞ്ഞത്ത് പണികള്‍ അതിവേഗം പുരോഗമിക്കുന്നത് നമ്മള്‍ കാണുന്നതല്ലേ? അതുപോലെ തന്നെയാവും ഇതുമെന്നു നൂറ്റൊന്നുശതമാനം ഉറപ്പുള്ളതുക്കൊണ്ടാണ് ഓരോ തിരുവനന്തപുരത്തുക്കാരനും അദാനിഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ ആഗ്രഹിക്കുന്നത്; അംഗീകരിക്കുന്നത്.