ഒറ്റ ദിവസം കൊണ്ട് കേരളത്തില്‍ നിന്നും പോയി വരാവുന്ന സ്ഥലമാണ് തമിഴ്‌നാട്ടിലെ തന്നെ പ്രശസ്തി നേടിയ കൊല്ലിമല . പാലക്കാട് നിന്നും 250 കിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൊല്ലിമല ഈസ്റ്റേണ്‍ ഘാട്ട്‌സിന്റെ ഭാഗമാണ്. പാലക്കാട് നിന്നും 250 കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും ഭൂരിഭാഗവും ഉയര്‍ന്ന നിലവാരമുള്ള ഹൈവേ ആയതിനാല്‍ വേഗതയിലും ക്ഷീണമറിയാതെയും സഞ്ചരിക്കാനാവും. പാലക്കാട് നിന്നും വാളയാര്‍ കടന്ന് സേലം ഹൈവേയിലൂടെ വിവിധയിടങ്ങളില്‍ ടോള്‍ കൊടുത്തുകൊണ്ട് കടന്നു പോകുമ്പോള്‍ മികച്ച യാത്രാസുഖം കൂടി ലഭിക്കുന്നു. യാത്രാംഗങ്ങളില്‍ ഒന്നിലേറെപ്പേര്‍ വണ്ടി ഓടിക്കുന്നവരാണെങ്കില്‍ ഇതൊരു മികച്ച യാത്രയായിരിക്കുമെന്നതില്‍ സംശയം വേണ്ട.
ഇവിടെ മരച്ചീനി, പൈനാപ്പിള്‍, വാഴ മുതലായവ വാണിജ്യാടിസ്ഥാനത്തില്‍ തന്നെ കൃഷിചെയ്തുവരുന്നു. വിവിധ ഇനത്തില്‍ പെട്ട ധാരാളം പ്ലാവുകള്‍ ഇവിടെ ഉണ്ട്. അതുകൊണ്ടുതന്നെ നാമക്കല്‍, സേലം മുതലായ സ്ഥലങ്ങളിലെ കമ്പോളങ്ങളിലേക്കുള്ള ചക്കകള്‍ ഇവിടെ നിന്നും വരുന്നതാണ്. ചിലയിടങ്ങലില്‍ കാപ്പിയും കുരുമുളകും വന്‍തോതില്‍ കൃഷിചെയ്തു വരുന്നുണ്ട്. വികസനം തീരെ ചെന്നെത്താത്ത സ്ഥലങ്ങളില്‍ ഒന്നാണ് കൊല്ലിമല. ആകാശഗംഗ എന്നറിയപ്പെടുന്ന വലിയൊരു വെള്ളച്ചാട്ടം കൊല്ലിമലയുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. അറപ്പാലീശ്വരന്‍ ക്ഷേത്രം, കൊല്ലിപ്പാവൈ അമ്മന്‍ ക്ഷേത്രം, മുരുകന്റെ ക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്. ചിലപ്പതികാരം, മണിമേഖല പോലുള്ള പഴയകാല കൃതികളില്‍ കൊല്ലിമലയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അവലംബം ആവശ്യമാണ്.
എഴുപതിലധികം വന്‍വളവുകളുള്ള ചെങ്കുത്തായ ഒരു ചുരം കയറിവേണം കൊല്ലിമല എന്ന സ്ഥലത്ത് എത്തിച്ചേരാന്‍. സേലത്തു നിന്നും നാമക്കല്ലില്‍ നിന്നും ബസ്സുകള്‍ ഉണ്ടെങ്കിലും പ്രായേണ സേലത്തുനിന്നും ബസ്സ് സര്‍വീസ് കുറവാണ്. നാമക്കല്ലില്‍ നിന്നും 63 കിലോമീറ്റര്‍ അകലെ കിഴക്കന്‍ മലനിരകളിലാണു കൊല്ലിമല സ്ഥിതിചെയ്യുന്നത്. പ്രദേശവാസികള്‍ അടിവാരം എന്നു വിളിക്കുന്ന കാരവല്ലി എന്ന സ്ഥലത്ത് നിന്നുമാണ് ചുരം തുടങ്ങുന്നത്. ചുരം കയറാന്‍ ഏകദേശം രണ്ടുമണിക്കൂറോളം സമയമെടുക്കും. കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട കുറേ പാവപ്പെട്ട ജനവിഭാഗം മാത്രം താമസിച്ചുവരുന്ന കൊല്ലിമലയില്‍ ഒരു ചെറുപട്ടണം പോലും ലഭ്യമല്ല. ചെമ്മേട് (സെമ്മേട്) എന്ന സ്ഥലമാണ് കൊല്ലിമലയുടെ കേന്ദ്രം. ചെറു തട്ടുകടകള്‍ പോലെയുള്ള വാണിജ്യകേന്ദങ്ങള്‍ മാത്രമേ ഇവിടെ കാണാനുള്ളൂ. കൊല്ലിമലയില്‍ ഇത്തരം തട്ടുകടകളുടെ എണ്ണം കൂടുതലായി കണ്ടു വരുന്നു.
കൊല്ലിമലയോട് അടുത്തുള്ള പട്ടണം ജില്ലാ ആസ്ഥാനമായ നാമക്കല്‍ ആണ്. രണ്ടുമണിക്കൂര്‍ ഇടവിട്ട് നാമക്കല്ലില്‍ നിന്നും കൊല്ലിമലയിലേക്ക് ബസ്സ് സര്‍വീസ് ഉണ്ട്. 63 കിലോമീറ്റര്‍ ദൂരമുള്ള ഈ വഴി ഒരുപാട് ഹെയര്‍പിന്‍ വളവുകള്‍ ഉള്ളതാണ്. ഏകദേശം നാലുമണിക്കൂര്‍ യാത്ര വേണ്ടിവരും ഇവിടെ എത്തിച്ചേരാന്‍. കൊല്ലിമലയില്‍ നിന്നും സേലത്തേക്കും ബസ്സ് സര്‍വീസ് ഉണ്ട്; പക്ഷേ അതു വളരെ കുറവാണ്. തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനുകള്‍ ഈറോഡ്, സേലം എന്നിവയാണ്. സേലത്തു നിന്നും നാമക്കല്‍ വരെ 54 കിലോമീറ്റര്‍ ദൂരമുണ്ട്. അഞ്ചുമിനിറ്റിന്റെ ഇടവേളയില്‍ ഏതു സമയത്തും ഈ വഴി ബസ്സുകള്‍ ലഭ്യമാണ്. സേലത്തു നിന്നും നാമക്കല്ലില്‍ എത്തിച്ചേരാന്‍ ഒരുമണിക്കൂര്‍ സമയത്തെ യാത്ര മതിയാവും. ഈറോഡില്‍ നിന്നും നാമക്കല്ലില്‍ എത്തിച്ചേരാന്‍ 57 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടതുണ്ട്.