Latest News

വിശേഷാവസരങ്ങളില്‍ സാരിയില്‍ തിളങ്ങാന്‍ ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ? അഞ്ചു മീറ്ററിലധികം നീളമുള്ള സാരി; ഫാഷന്‍ ലോകത്തേക്ക് എത്തിയ വഴിയിലൂടെ ഒരു യാത്ര

Malayalilife
വിശേഷാവസരങ്ങളില്‍ സാരിയില്‍ തിളങ്ങാന്‍ ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ? അഞ്ചു മീറ്ററിലധികം നീളമുള്ള സാരി; ഫാഷന്‍ ലോകത്തേക്ക് എത്തിയ വഴിയിലൂടെ ഒരു യാത്ര

സാരി എന്ന വാക്കില്‍ നിന്നാണ് സാരിയുടെ പിറവി. സംസ്‌കൃതത്തില്‍ ഒരു കഷണം തുണിയെന്നാണ് ഈ വാക്കിനര്‍ത്ഥം. ഒറ്റ തുണിയായി തോന്നുമെങ്കിലും പല പ്പോഴും തുണിത്തരങ്ങള്‍ ഒരുമിച്ചു ചേര്‍ന്നാണ് ഈ ആറു മീറ്റര്‍ സാരിയിലെത്തി നില്‍ക്കുന്നത്. 
സമൂഹത്തിലെ സ്ത്രീകളുടെ സ്ഥാനമാനങ്ങള്‍ പോലും സാരിയിലൂടെ തിരിച്ചറിയാനാകുന്ന കാലമുണ്ടായിരുന്നു. എന്നാലിന്ന് സാരി ഫാഷന്‍ ലോകത്ത് പുതിയ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്.പാവാടയ്ക്കു മുകളില്‍ അരയ്ക്കു രണ്ടു തവണ ചുറ്റി, ഞൊറിവുകളെടുത്ത്, തോളില്‍ നിന്ന് താഴേക്ക് ഉതിര്‍ത്തിടുന്ന സാരിയുടെ ഭംഗിയൊന്ന് വേറെ തന്നെയാണ്. പണ്ടൊക്കെ സാരിയുടെ മുന്താണി തലയ്ക്കു മുകളിലിട്ട് സ്ത്രീകള്‍ കുടുംബത്തിന്റെ ആഢ്യത്വം പ്രകടിപ്പിക്കുമായിരുന്നു.

സത്യത്തില്‍ സാരിയുടെ പ്രായം എത്രയാണെന്ന് തിരിച്ചറിയുക പ്രയാസമാണ്. സിന്ധുനദീതട സംസ്‌കാരം മുതല്‍ സാരിയെക്കുറിച്ച് പരാമര്‍ശമുണ്ട്. ചിലപ്പതികാരത്തിലും, ബാണഭട്ടന്റെ കാദംബരിയിലും, വാല്മീകി രാമായണത്തിലും, വ്യാസഭാരതത്തിലുമടക്കം സാരിയുടെ വര്‍ണ്ണങ്ങള്‍ നീണ്ടുപരന്നു കിടക്കുന്നു. പാഞ്ചാലി വസ്ത്രാക്ഷേപ കഥയിലും പതിനെട്ടുമുഴം ചേലയുടെ മഹത്വം പറയുന്നുണ്ട്.
എങ്കിലും ഇന്നത്തെ രീതിയിലുള്ള സാരിയുടുക്കല്‍ രവീന്ദ്രനാഥ ടാഗോറിന്റെ കുടുംബത്തില്‍ നിന്നാണെന്നാണ് കേള്‍വി. രാജസദസ്സില്‍ നൃത്തത്തിനെത്തുന്ന അപ്സര സുന്ദരിമാര്‍ സാരിയിലൂടെ അഴകളവുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു എന്നും കഥകളില്‍ പറയപ്പെടുന്നു. മുന്‍കാലങ്ങളിലെ വീരവനിതകളായ ഝാന്‍സിയിലെ റാണി ലക്ഷ്മിബായി, ബോലാവിഡിയിലെ മല്ലമ്മ, കിത്തോറിലെ യെന്തമ്മ തുടങ്ങിയവര്‍ യുദ്ധഭൂമിയില്‍ ശത്രുവിനോട് ഏറ്റുമുട്ടിയത് സാരി ധരിച്ചാണത്രേ.

സാരിയുടെ ലോകം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. പല നാടുകളില്‍ നിന്ന് പല സംസ്‌കാരങ്ങളും ഉള്‍ക്കൊണ്ടാണ് സാരിയുടെ യാത്ര. കേരളത്തിലെ കസവു സാരി ഗോള്‍ഡന്‍ ബോര്‍ഡറും ഓഫ് വൈറ്റ് നിറവും ചേര്‍ന്നതാണ്. പാരമ്പര്യനിറങ്ങളില്‍ തിളങ്ങുന്ന പട്ടു സാരിയും കേരളത്തിന്റെ പ്രത്യേകതയാണ്.പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനാല്‍ ആകര്‍ഷകമുള്ള നിറങ്ങളും വീതി കൂടിയ ബോര്‍ഡറുകളും ഗോള്‍ഡന്‍ മുന്താണിയും പാരമ്പര്യ ഡിസൈനുമൊക്കെയാണിതിന്റെ പ്രത്യേകത.
തമിഴ്നാട്ടിലെ കാഞ്ചിവരം ഡിസൈനില്‍ പാരമ്പര്യത്തനിമയില്‍ ഇഴപാകിയെടുത്ത സില്‍ക്കാണുള്ളത്. നിറങ്ങളുടെ മനോഹാരിത നിറഞ്ഞു നില്‍ക്കുന്നതാണ് കാഞ്ചീവരം.തമിഴ്നാട്ടിലെ ഡിസൈനുകളില്‍ പ്രത്യേകതയുള്ള മറ്റൊന്നാണ് കോണ്‍റാഡ്. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഡിസൈനാണിത്. സ്ട്രിപ്പുകളോ ചെക്കുകളോ ഉള്ള വീതിയുള്ള ബോര്‍ഡറാണിതിന്റെ പ്രത്യേകത. 

പശ്ചിമ ബംഗാളില്‍ നിന്നുള്ള ടാന്റ് സാരി കോട്ടണ്‍ തുണിയില്‍ വലിയ ബോര്‍ഡറും പ്രിന്റുകളും ചെയ്തതാണ്. റോ സില്‍ക്ക് ബലുച്ചേരിയും പശ്ചിമ ബംഗാളിന്റെ മകളാണ്. രാമായണം, മഹാഭാരതം എന്നീ ഇതിഹാസകാവ്യങ്ങളുടെ കഥാസന്ദര്‍ഭങ്ങളായിരിക്കും ഈ സാരിയുടെ ബോര്‍ഡര്‍ ഡിസൈനില്‍ നല്‍കുന്നത്. ഇതിനൊപ്പം പോള്‍ക്ക ജുവലറിയാണ് കൂടുതല്‍ ഇണങ്ങുക. ഒഡീഷയിലെ ബോംകെയ് ഡിസൈനിലുള്ള സാരിക്ക് സോനെപുരി സില്‍ക്കെന്നും പേരുണ്ട്. ഇകട്ട്, എംബ്രോയ്ഡറി, കൂടിക്കിഴിഞ്ഞ ത്രെഡ് വര്‍ക്ക് എന്നിവയൊക്കെ ചേര്‍ന്ന മൂന്നടി നീളമുള്ള ചേലയാണിത്. ആഘോഷങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ ഡിസൈന്‍ സില്‍ക്കിലും കോട്ടണിലുമുണ്ട്. ഒഡീഷയിലെ തന്നെ ശാമ്പല്‍പുരി പാരമ്പര്യമായി നെയ്തെടുക്കുന്ന സാരിയാണ്. പ്രത്യേക ടെക്നിക്കുകളിലൂടെയാണതിന്റെ നെയ്ത്ത്. അതിനാല്‍ ഒരിക്കലും നിറം മങ്ങില്ല.

മഹാരാഷ്ട്രയില്‍ നിന്നെത്തിയ പൈഥാനി, ഔറംഗാബാദിന്റെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ത്സാരി ബോര്‍ഡര്‍, മോട്ടീഫ് വര്‍ക്ക്, പീക്കോക്ക് ഡിസൈന്‍ എന്നിവയാണ് മറ്റ് ഡിസൈനുകളില്‍ നിന്ന് ഇതിനെ മാറ്റി നിര്‍ത്തുന്നത്. ബാന്ധിനി ഡിസൈന്‍ ഗുജറാത്തില്‍ നിന്നുള്ളതാണ്. കൂട്ടിക്കെട്ടുക എന്നര്‍ത്ഥം വരുന്ന ബന്ധന്‍ എന്ന വാക്കില്‍ നിന്നാണിതിന്റെ ഉത്ഭവം. ഗുജറാത്തില്‍ മാത്രമല്ല രാജസ്ഥാനിലും ഈ ഡിസൈന്‍ പ്രസിദ്ധമാണ്. ഗുജറാത്തിലെ ഖാത്രി വിഭാഗത്തില്‍ പെട്ടവരാണ് ഇതിന്റെ പാരമ്പര്യ നെയ്ത്തുകാര്‍. പഠന്‍ എന്ന സ്ഥലത്തു നിന്നുള്ള പഠോള സാരികളാണ് മറ്റൊന്ന്. വൈബ്രന്റ് നിറങ്ങളും, വലിയ പാറ്റേണുകളും, ആഡംബര ഡിസൈനുകളുമാണിതിന്റെ പ്രത്യേകത. പഠാന്‍ നെയ്ത്തുകാര്‍ക്ക് മാത്രമാണിതിന്റെ നെയ്ത്തവകാശം. എതിനിക് വെയറായും ഈ സാരിയെ പറയാറുണ്ട്.


മുഗ സില്‍ക്ക് സാരി ആസാമിലെ പ്രത്യേകതയാണ്. രണ്ടു പ്രത്യേക ഇലകളിലൂടെ പട്ടുനൂല്‍പ്പുഴുക്കള്‍ക്ക് ഭക്ഷണം നല്‍കിയ ശേഷമാണ് പട്ടുനൂല്‍ അഥവാ സില്‍ക്ക് എടുക്കുന്നത്. ഗ്ലോസിയാണെന്നു മാത്രമല്ല ഈ സാരി ഈടു നില്‍ക്കുകയും ചെയ്യും. മുഗയിലെ സ്വര്‍ണ്ണ നൂലിഴകള്‍ ആസാമിലല്ലാതെ മറ്റെവിടെയും കാണാനാവില്ല. വാരണാസിയിലെ ബനാറസ് ബ്രോക്കേഡ് ആകര്‍ഷകമായ മറ്റൊരു ഡിസൈനാണ്. ഗോള്‍ഡ്, സില്‍വര്‍ മോട്ടീഫ് വര്‍ക്കാണിതിന്റെ പ്രത്യേകത. റോയല്‍ ലുക്ക് നല്‍കുന്ന സാരിയാണിത്. ചില പ്രത്യേക നെയ്ത്തുകാര്‍ക്ക് മാത്രമാണ് ഇതിന്റെ നെയ്ത്തവകാശമുള്ളത്. സ്വര്‍ണ്ണ-വെള്ളി നൂലിഴകളില്‍ തന്നെയാണ് ഈ സാരി ഡിസൈന്‍ ചെയ്യുന്നത്. അത്രയും ബുദ്ധിമുട്ട് നിറഞ്ഞ നെയ്ത്തായതു കൊണ്ടു തന്നെ ഒരു സാരി നെയ്തെടുക്കാന്‍ ഒരു വര്‍ഷം വേണ്ടി വരും.

തെലങ്കാനയിലെ പാച്ചംപള്ളി, ഡിസൈനും വളരെയേറെ ശ്രദ്ധിക്കപ്പെട്ടതാണ്. ആന്ധ്രാപ്രദേശിലെ ബൂധന്‍ എന്ന സ്ഥലത്തു നിന്നാണ് പാച്ചംപള്ളി ഡിസൈന്‍ ഉടലെടുത്തത്. ഇഴതൂര്‍ന്ന മോട്ടീഫ് വര്‍ക്കും, ജോമെട്രിക് ഇകട്ട് ഡിസൈനും ചേര്‍ത്ത് സില്‍ക്ക് കോട്ടണ്‍ മെറ്റീരിയലിലാണിത് ചെയ്യുന്നത്. മധ്യപ്രദേശിലെ ചന്ദേരി സാരിയാകട്ടെ സില്‍ക്ക്, ത്സാരി, കോട്ടണ്‍ തുണിത്തരങ്ങളില്‍ നെയ്തെടുക്കുന്നതാണ്. തൂവലിനോളം ഭാരം മാത്രമേ ഈ സാരിക്കുണ്ടാവുകയുള്ളൂ. എളുപ്പം ഉടുക്കാമെന്നതും ഈ സാരിയുടെ പ്രത്യേകതയാണ്. ആഡംബരലുക്കും റോയല്‍ ലുക്കും ഒരുപോലെ നല്‍കുന്ന ഒരു ഡിസൈനാണിത്.

രാജസ്ഥാനിലെ ലെഹേരിയ മോഡലും ബന്ധനിയുടെ മറ്റൊരു ഡിസൈനാണ്. പക്ഷേ കളറിംഗും ടെക്നിക്കും മറ്റൊരു തരത്തിലാണ്. തുണിയില്‍ നിറം കൊടുക്കുന്ന അതേ സമയത്തു തന്നെ നെയ്തെടുക്കും. നൂലിഴകളിലെ ഡിസൈനുകളുടെ ഭംഗി കൂടുന്നതും അതുകൊണ്ടാണ്. പഞ്ചാബിലെ ഫുല്‍ക്കാരി സാരി, പൂക്കളുടെ ഡിസൈന്‍ നല്‍കിയാണ് ചെയ്യുന്നത്. പൂക്കളുടെ ആകൃതിയില്‍ ശോഭയുള്ള നിറങ്ങളിലാണതിന്റെ ത്രെഡ് വര്‍ക്ക്. ഇതിഹാസ കഥാപാത്രങ്ങളായ ഹീര്‍-രാഞ്ചയിലൂടെയാണ് ഫുല്‍ക്കാരി ഡിസൈനിന് ഇത്രയും പ്രശസ്തി കിട്ടിയത്. കോട്ടണിലോ ഖാദിയിലോ ഫുല്‍ക്കാരി എംബ്രാഡറി വര്‍ക്ക് ചെയ്തതാണ് ഈ സാരി. ദുപട്ടയിലും ഈ ഡിസൈന്‍ ചെയ്യാറുണ്ട്.
കിഴക്കന്‍ ഡെക്കാണിന്റെ കരവിരുതും കൈത്തഴക്കവും ഇഴചേര്‍ത്ത് നെയ്തെടുത്തതാണ് ഗദ്വാള്‍ സാരികള്‍. കോട്ടണ്‍ സാരിയില്‍ സില്‍ക്ക് ബോര്‍ഡുകള്‍ തുന്നിച്ചേര്‍ത്താണ് ഗദ്വാര്‍ സാരികള്‍ നിര്‍മ്മിക്കുന്നത്. ഈ സാരികള്‍ക്ക് ബനാറസിനെക്കാള്‍ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായാണ് ബന്ധം. പല്ലുവിനെ മോടിപിടിപ്പിക്കുന്ന കോരുവ ഡിസൈന്‍ തെക്കിന്റെ സംഭാവനയാണ്.

ലക്നൗവിലെ ചിക്കാന്‍കാരി ഡിസൈനും വളരെ പ്രസിദ്ധമാണ്. ലക്നൗ മണ്ണിന്റെ പ്രത്യേകത കൂടിയാണ് ഈ സാരി. മസ്ലിന്‍ തുണിയിലാണിത് പണ്ടൊക്കെ ചെയ്തിരുന്നത്. ഇപ്പോള്‍ ഒട്ടുമിക്ക തുണിത്തരങ്ങളിലും ഈ ഡിസൈന്‍ ചെയ്യുന്നുണ്ട്.ഇതു കൂടാതെ കാശ്മീരില്‍ നിന്നുള്ള ലൈറ്റ് വെയ്റ്റ് സാരി കശ്മീര്‍ സില്‍ക്ക്, ബഥിക് പ്രിന്റ്, ബാഗാപുരി, ശാമ്പല്‍പുരി, സര്‍ദോഷി ഡിസൈനുകള്‍, വല്‍ക്കലം, ഇറ്റാലിയന്‍ ക്രേപ്പ്, കോട്ട്കി, ജോര്‍ജറ്റ്,കോസ, നൗവ്വരി,ബംഗ്ലാദേശിലെ ധക്കയ് ജംദാനി, ഗോട്ട, ഇക്കത്ത്എന്നു തുടങ്ങി നൂറിലധികം വ്യത്യസ്ത ഇനം സാരികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

സാരി ഉടുക്കും മുമ്പ്

സാരി ഉടുക്കും മുമ്പ് അതിനു ചില തയാറെടുപ്പുകള്‍ ആവശ്യമാണ്. സാരിക്കു ചേരുന്ന ബ്ലൗസ്, പാവാട, ആക്സസറീസ്, ഓര്‍ണമെന്റ്സ് എന്തിനധികം സാരിക്കു ചേരുന്ന ബാഗും ചെരുപ്പും പോലും ഇന്നത്തെ ട്രെന്‍ഡാണ്. മിക്സ് ആന്‍ഡ് മാച്ച് ബ്ലൗസോ, സാരിക്കൊപ്പമുള്ള ബ്ലൗസോ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. സാരിക്കു ചേരുന്ന പാവാടയും കൃത്യ അളവില്‍ ഉള്ളതാവണം.
നീളം കൂടുതലുള്ള പാവാടയാണെങ്കില്‍ ചുരുക്കി വച്ചാല്‍ സാരി ഉടുക്കുന്നത് ശരിയാകാതെ വരും. അതുകൊണ്ട് പാവാടയുടെ നീളം സ്വന്തം നീളത്തിനനുസരിച്ച് പാകത്തില്‍ തയ്ച്ച് ശരിയാക്കുക. അതുപോലെ തന്നെയാണ് ഇന്നര്‍വെയറുകളും. സാരി ബ്ലൗസിന് ചേരുന്ന നല്ല ഇന്നര്‍വെയറുകളും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. 

Read more topics: # sari ,# new fashion
sari ,new fashion

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES