ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ഈബേ, അലി എക്സ്പ്രസ്, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങി നൂറുകണക്കിന് വെബ്സൈറ്റുകളാണ് ഇന്ന് രാജ്യത്ത് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാന്‍ ആയി ലഭ്യമായിട്ടുണ്ട്. കടകളായ കടകളെല്ലാം കേറിയിറങ്ങി സാധനങ്ങള്‍ വാങ്ങുന്ന പതിവ് ഇന്നത്തെ ജനതയ്ക്കില്ല. വിലക്കുറവും ഓഫറും നോക്കി വീട്ടിലിരുന്നു കൊണ്ട് തന്നെ പര്‍ച്ചേഴ്സ് ചെയ്യാവുന്ന രീതിയില്‍ സാങ്കേതിക വിദ്യ മാറിയിരിക്കുമ്പോള്‍ അതിനൊപ്പം നീങ്ങുകയാണ് ഇന്ന് കൂടുതല്‍ പേരും. ഇത്തരം ഓണ്‍ലൈന്‍ ഷോപ്പിങ് നമുക്ക് ഒത്തിരി സഹായമാകുമെങ്കിലും ഇതിലും ചതി ഒളിഞ്ഞു കിടപ്പുണ്ട്. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ ഷോപ്പിങ് ഏറെ ആനന്ദകരവും ലാഭകരവുമാക്കാം.
സെറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ കുറേ കാര്യങ്ങളുണ്ട്. എന്തൊരു സാധനം ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ പോകുമ്പോഴും ആദ്യം മനസ്സില്‍ വരേണ്ടത് വാങ്ങാന്‍ പോകുന്ന സാധനം എന്തുതന്നെയാവട്ടെ, നിങ്ങള്‍ക്ക് ആവശ്യമുള്ളതാണെങ്കില്‍ മാത്രം വാങ്ങുക. അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്.
നമ്മളെയെല്ലാവരെയും പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷകമായ ഘടകം ഓഫറുകളാണ്. എണ്ണമറ്റ ഓഫറുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നവര്‍ക്കായി ഈ വെബ്സൈറ്റുകളില്‍ കാത്തിരിപ്പുണ്ട്. കമ്പനി ഓഫറുകളും അവയ്ക്ക് പുറമെ വെബ്സൈറ്റുകളുടെ ഓഫറുകളും തുടങ്ങി സ്പെഷ്യല്‍ ഡേ ഓഫറുകള്‍ വരെ നിങ്ങള്‍ക്ക് ഇവിടെ ലഭ്യമാകും. ഇതിന് പുറമെയാണ് ബാങ്ക് ഓഫറുകളും ലഭിക്കും. വെറുതെ കയറി വാങ്ങാതെ ഏത് വെബ്‌സൈറ്റ് ആണ് കൂടുതല്‍ ഓഫറുകള്‍ തരുന്നത്, ഏത് മാര്‍ഗ്ഗമാണ് കൂടുതല്‍ കിഴിവുകള്‍ തരുന്നത് എന്ന് നോക്കി മനസ്സിലാക്കുക.
ഒരു നിശ്ചിത സമയത്ത് ഒരു കമ്പനി താങ്കളുടെ ഒരു പ്രത്യേക മോഡലുകള്‍ ഒരു നിശ്ചിത യൂണിറ്റുകള്‍ വില്‍പ്പനക്ക് വെക്കുന്നതാണ് ഫ്ലാഷ് സെയില്‍. ഫ്ലാഷ് സെയിലില്‍ പലര്‍ക്കും തങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പലപ്പോഴും കിട്ടാറില്ല എന്നത് ഒരു വാസ്തവമാണ്. ഇതിന് ഒരുപക്ഷെ ഏറ്റവും പ്രധാനമായ കാരണം കമ്പനി സെയിലിന് വെക്കുന്ന ഉല്പന്നത്തിന്റെ വന്‍തോതിലുള്ള ആവശ്യക്കാര്‍ ഒരേപോലെ ബുക്ക് ചെയ്യുന്നു എന്നത് കൊണ്ടാണ്. എന്നാലും നിങ്ങള്‍ക്കും ചില പൊടിക്കൈകള്‍ ആദ്യമേ ചെയ്തുവെക്കാം. ഇതിനായി സെയില്‍ തുടങ്ങുന്നതിന് അഞ്ചോ പത്തോ മിനിറ്റ് മുമ്പ് തന്നെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് റിഫ്രഷ് അടിച്ചുകൊണ്ടിരിക്കുക.
ഇന്ന് പല ബാങ്കുകളും ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ വലിയ രീതിയിലുള്ള ഓഫറുകള്‍ നല്‍കാറുണ്ട്. അതുകൊണ്ട് നിങ്ങളുടെ ബാങ്ക് എന്തൊക്കെ ഓഫറുകള്‍ നല്‍കുന്നുണ്ട് എന്നത് നോക്കുക. നിലവില്‍ ഫ്ലിപ്കാര്‍ട്ട് ആയാലും ആമസോണ്‍ ആയാലും ഏറ്റവുമധികം ഓഫറുകളും വിലക്കുറവും നല്‍കുന്നത് എച്ച്ഡിഎഫ്‌സി തന്നെയാണ് എന്നത് സമ്മതിക്കാതെ വയ്യ. കാരണം 5 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഒട്ടുമിക്ക ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും ആ സമയത്ത് തന്നെ ലഭ്യമാകുക. നിങ്ങളുടെ കയ്യില്‍ ഒരു എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അത് ഈ അവസരങ്ങളില്‍ ഏറെ ഗുണം ചെയ്യും.
എല്ലാ പ്രമുഖ വെബ്സൈറ്റുകളിലും ലഭ്യമായ ലാപ്‌ടോപ്പുകള്‍, ചില ഫോണ്‍ മോഡലുകള്‍ പോലുള്ള സാധനങ്ങള്‍ വാങ്ങും മുമ്പ് ഓരോ വെബ്സൈറ്റിലും സകല ചാര്‍ജ്ജുകളും ഓഫറുകളും കഴിഞ്ഞ ശേഷം അവസാനം നിങ്ങള്‍ക്ക് എത്ര രൂപ അടക്കേണ്ടി വരും എന്ന് നോക്കുക. ശേഷം ഏറ്റവും കുറവ് ഉള്ള വെബ്‌സൈറ്റില്‍ നിന്നും വാങ്ങാം.