വീട് പണിയുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം അനാവശ്യമായി പണം ചിലവാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ വേണം വീടുപണി കൈകാര്യം ചെയ്യാന്‍. വീടു പണിയുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് എന്തെന്നാല്‍ നമ്മുടെ ആവശ്യത്തിന് അനുസരിച്ച് വീട് പണിയുക എന്നതാണ്. മറ്റുള്ളവരെ കാണിക്കാന്‍ വീട് പണിയരുത്.
അതായത് വഴിയേ പോകുന്നവരെ കാണിച്ച് അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാവരുത് വീടുപണിയുന്നത്. വീടിനു കാണാന്‍
ഭംഗിയുള്ള രൂപം വേണം എന്നതില്‍ സംശയമില്ല. എന്നുകരുതി ഒരുപാട് അങ്ങോട് ആഡംബരം ആവശ്യമില്ല. എന്നാല്‍ ആ രൂപത്തിന് ഒരു ന്യായീകരണം വേണം. അതായത് കാലാവസ്ഥ, പ്ലോട്ട് എന്നിവയും ഒപ്പം വീട്ടുകാരുടെ ആവശ്യങ്ങളും ചേര്‍ന്നാണ് വീടിന്റെ രൂപം നിശ്ചയിക്കേണ്ടത്. കാട്ടിക്കൂട്ടലുകളിലൂടെ നേടുന്ന സൗന്ദര്യത്തിന് ആയുസില്ല എന്ന ചിന്ത വേണം.
മാത്രമല്ല വീട് ഒരു മല്‍സര ഇനമല്ല എന്നുകൂടി ഓര്‍ക്കണം. അയല്‍ക്കാരന്റെ അല്ലെങ്കില്‍ ബന്ധുവിന്റെ വീടിനേക്കാള്‍ വലുപ്പമുള്ള വീട് വേണം എന്ന ചിന്ത മാറ്റണം. പകരം നമുക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്ന വീട് മതി. മുമ്പ് എട്ടും പത്തും ആളുകള്‍ സന്തോഷത്തോടെ ജീവിച്ച വീടുകള്‍ക്ക് ഇപ്പോള്‍ രണ്ടും മൂന്നും പേര്‍ മാത്രം താമസിക്കുന്ന വീടുകളുടെ നാലിലൊന്നു വലുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ . എന്നാല്‍ ഇന്ന് പലരും വീട് പണിയുമ്പോള്‍ ഇത് മറന്നുപോകുന്നു എന്നതാണ് വാസ്തവം..