ചെടികൾ തലകീഴായും വളർത്താം

Malayalilife
ചെടികൾ തലകീഴായും വളർത്താം

കേൾക്കുമ്പോൾ തലതിരിഞ്ഞ ആശയമെന്നു തോന്നുമെങ്കിലും പല ചെടികളും തലകീഴായി വളർത്താം. നമ്മൾ നട്ടുവളർത്തുന്ന ചെടിയുടെ വേരിന്റെയും തണ്ടിന്റെയും വളർച്ച പലഘട്ടങ്ങളെ ആശ്രയിച്ചാണ്. ഭൂമിയുടെ ഗുരുത്വാകർഷണദിശയിലേക്ക് അതായത്, മണ്ണിൽ കുത്തനെ താഴേക്കാണ് വേരുകൾ വളരുക. താഴേക്ക് വളർന്നിറങ്ങുന്ന വേരുകൾ മണ്ണിലെ ജലാംശത്തിന്റെ ലഭ്യതയനുസരിച്ച് ചാഞ്ഞും ചെരിഞ്ഞും ഗുരുത്വാകർഷണത്തിൽനിന്നു വഴിമാറിയും വളരാറുണ്ട്. തുള്ളിനന നൽകുന്ന ചെടിയുടെ വേരുകൾ കൂടുതലായി മണ്ണിനു തൊട്ടുതാഴെയായി പടർന്നുകിടക്കുന്നതും മരത്തിന്റെ വേരുകൾ അടുത്തുള്ള ജലസ്രോതസിലേക്കു വളരുന്നതും ഈ സവിശേഷതകൊണ്ടാണ്.

 

ചെടിയുടെ തണ്ടുകൾ ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ എതിർദിശയിലേക്ക് അഥവാ മുകളിലേക്ക് നിവർന്നുനിന്നാണ് സാധാരണ വളരുക. എന്നാൽ വളരാൻ നേരിട്ടു സൂര്യപ്രകാശം ആവശ്യമായ ചെടികൾ സൂര്യപ്രകാശം വേണ്ടത്ര ലഭ്യമല്ലാത്ത ഇടങ്ങളിൽ കൂടുതൽ വെളിച്ചം കിട്ടുന്നിടത്തേക്ക് ചാഞ്ഞുവളരുന്നതായി കാണാം. അങ്ങനെയെങ്കിൽ ചെടി തലകീഴായി വളർത്തിയാൽ എന്തു സംഭവിക്കും?

ചട്ടിയിൽ നട്ട ചെടി തലകീഴായ തൂക്കിയിടുമ്പോൾ ചട്ടിയുടെ മുകളിൽനിന്നാണ് നനയ്ക്കുന്നത്. വേരുകൾ ചട്ടിയുടെ താഴെഭാഗത്തായിരിക്കും വളർന്നുവരിക. മുകളിൽനിന്നു നനജലം മിശ്രിതത്തിലൂടെ ഊർന്നിറങ്ങി വേരുകൾക്ക് ലഭ്യമാകും. വേരുകളാകട്ടെ, ഗുരുത്വാകർഷണ ദിശയിലേക്ക് അതായത് താഴേക്ക് വളരാതെ വെള്ളം ലഭിക്കുന്ന മുകളിലേക്ക് പടർന്നു വളർന്നുവരും.

എന്നാൽ തണ്ടുകളുടെ വളർച്ചാരീതി ചെടിയുടെ സ്വഭാവമനുസരിച്ചും സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ചുമായിരിക്കും. കരുത്തുറ്റ തണ്ടുകളുള്ളവയടക്കം എല്ലാത്തരം ചെടിയുടെയും അഗ്രഭാഗം വശങ്ങളിലേക്കു വളയുന്നത് പ്രത്യേകതയാണ്. തണ്ടിന് അധികം നീളം വയ്ക്കാതെ ശാഖകൾ കൂടുതലായി ഉണ്ടായിവരും. ഒരുവശത്തുനിന്നുമാത്രം സൂര്യപ്രകാശം ലഭിക്കുന്ന അവസ്ഥയിൽ തണ്ടുകൾ ആ ഭാഗത്തേക്ക് അധികമായി ചാഞ്ഞു വളരും.

നിവർന്നു വളർന്നിരുന്ന ചെടി തലകീഴായി തൂക്കിയിടുമ്പോൾ ആദ്യഘട്ടത്തിൽ വളർച്ച സാവധാനത്തിലായിരിക്കും. പൂച്ചെടിയാണെങ്കിൽ പൂവിടുന്നത് കുറയും. സാഹചര്യവുമായി ഇണങ്ങിക്കഴിയുമ്പോൾ എല്ലാം സാധാരണ നിലയിലാകും. വൃക്ഷത്തൈ ഉൾപ്പെടെ ഏതുതരം ചെടിയും തലകീഴായി വളർത്തി പരീക്ഷിക്കാം. ഇത്തരം രീതിയിൽ പരിപാലിക്കുമ്പോൾ കൗതുകമുണർത്തുന്ന പല സവിശേഷതകളും ചെടികളിൽ കാണാം. സ്ട്രോബെറി, ടുമാറ്റോ, മുളക്, വഴുതന തുടങ്ങിയ പഴം-പച്ചക്കറിച്ചെടികളും വള്ളിയിനം അലങ്കാരച്ചെടികളും ഉൾപ്പെടെ പല ചെടികളും തലകീഴായി വളർത്താം. തൂക്കുചട്ടികളിൽ ചെടി വളർത്തുന്നതുപോലെ തൂക്കുചട്ടി തലകീഴായിട്ടിട്ട് ചെടി പരിമിതമായ സൗകര്യത്തിൽ വളർത്താമെന്ന മെച്ചമുണ്ട്. തലകീഴായി വളർത്തുന്ന ചെടി ആവശ്യത്തിനനുസരിച്ചുമാത്രം നനയ്ക്കുക. നേരിട്ട് സൂര്യപ്രകാശം ആവശ്യമുള്ളവ അത്തരം അന്തരീക്ഷത്തിൽ തന്നെ പരിപാലിക്കാൻ ശ്രദ്ധിക്കണം.

പ്രത്യേക തരം പ്ലാസ്റ്റിക് ചട്ടികൾ

തലകീഴായി ചെടി വളർത്തുന്നതിന് പ്രത്യേക തരം പ്ലാസ്റ്റിക് ചട്ടികൾ ഇന്നു വിപണിയിൽ ലഭ്യമാണ്. താഴെഭാഗത്ത് ദ്വാരങ്ങളോടുകൂടിയ ഈ ചട്ടിക്കൊപ്പം തലകീഴായിടുമ്പോൾ മിശ്രിതം താഴേക്കുവീഴാതിരിക്കാൻ നടുവിൽ ദ്വാരമുള്ള പ്ലാസ്റ്റിക് മൂടി, അതിനകത്തായി വയ്ക്കാൻ നേർത്ത കണ്ണിയോടുകൂടിയ നൈലോൺ വല, ചട്ടിയുടെ ഏറ്റവും അടിയിലായി വയ്ക്കാൻ ചെറിയ മൺപാത്രം എന്നിവയെല്ലാം ഉൾപ്പെടും.

ചട്ടി നിറയ്ക്കുന്നതിന്റെ ആദ്യപടിയായി മൺപാത്രം ചട്ടിയുടെ അടിഭാഗത്ത് നടുവിൽ കമഴ്ത്തിവയ്ക്കുക. മൺപാത്രം ദ്വാരങ്ങൾ ഉള്ളഭാഗത്താണ് വയ്ക്കേണ്ടത്. എങ്കിൽ മാത്രമേ പ്ലാസ്റ്റിക് ചട്ടി തലകീഴായി തൂക്കിയിടുമ്പോൾ ദ്വാരങ്ങൾ വഴി നൽകുന്ന നനജലം മൺപാത്രത്തിൽ ശേഖരിച്ച് മിശ്രിതത്തിലേക്ക് ആവശ്യാനുസരണം ഊർന്നിറങ്ങുകയുള്ളൂ. മൺപാത്രം മുഴുവനായി മൂടുന്ന വിധത്തിൽ മിശ്രിതം വയ്ക്കണം.

ഇത്തരം തൂക്കുചട്ടിയിലേക്ക് ഭാരം കുറഞ്ഞ മിശ്രിതമാണ് നല്ലത്. ഇതിനായി കുതിർത്തെടുത്ത ചകിരിച്ചോറ്, വെർമിക്കുലേറ്റ് ഇവ ഒരേ അളവിൽ കലർത്തിയെടുത്തതിൽ വളമായി മണ്ണിരക്കമ്പോസ്റ്റ് ചേർത്തതും മതിയാകും. അടുത്തപടിയായി തലകീഴായി വളർത്തുവാൻ തിരഞ്ഞെടുത്ത ചെടി വേരുകൾക്ക് കേടുപറ്റാതെ നട്ടിരിക്കുന്ന മിശ്രിതമുൾപ്പെടെ എടുക്കുക. ചെടിയുടെ വേരുമാത്രം പൊതിഞ്ഞു നിൽക്കുന്ന വിധത്തിൽ മാത്രം മിശ്രിതം നിലനിർത്തി പുറമെയുള്ളത് നീക്കണം.

ചട്ടിയിലേക്ക് ചെടി ഇറക്കിവച്ചശേഷം ചുറ്റും ഭാരം കുറഞ്ഞ മിശ്രിതം നന്നായി നിറച്ചു കൊടുക്കണം. മിശ്രിതത്തിനുമുകളിൽ ഒരുവശം പിളർന്നിട്ടുള്ള നൈലോൺ വല ഉറപ്പിക്കണം. നൈലോൺ വലയ്ക്ക് മുകളിൽ പരന്ന പ്ലാസ്റ്റിക് മൂടി ചട്ടിയുടെ വക്കിനു തൊട്ടുതാഴെയുള്ള ഗ്രൂവിൽ ഇറക്കിവച്ച് ബലപ്പെടുത്തണം. ഈ വിധത്തിൽ ചെടി നട്ട് തൂക്കുചട്ടി തയാറാക്കിയെടുക്കാം. ചട്ടിയുടെ താഴെയുള്ള ഹുക്കിൽ ബലമുള്ള വള്ളിയുപയോഗിച്ച് ആവശ്യാനുസരണം ഉയരത്തിൽ തലകീഴായി സ്ഥിരമായി തൂക്കിയിടാം.

തൂക്കിയിട്ട ചട്ടിയുടെ മുകൾഭാഗത്തുള്ള ദ്വാരങ്ങൾ വഴിയാണ് മിശ്രിതത്തിലേക്ക് നനയും വളവും നൽകേണ്ടത്. ദ്രവരൂപത്തിലുള്ള വളമാണ് യോജിച്ചത്. ഇതിനായി നേർപ്പിച്ച വെർമിവാഷ്, വെള്ളത്തിൽ ലയിപ്പിച്ചെടുത്ത എൻപികെ തുടങ്ങിയവ മതിയാകും. എൻപികെ നന്നായി നേർപ്പിച്ചത് ഇലകളിലേക്ക് തുള്ളിനനയായും നൽകാം.

ബക്കറ്റിലും തലകീഴായി വളർത്താം

പെയ്ന്റ് വരുന്ന ബക്കറ്റിലും ചെടികൾ തലകീഴായി വളർത്താം. ആദ്യപടിയായി പെയ്ന്റ് മുഴുവനായി നീക്കം ചെയ്ത് ബക്കറ്റ് നന്നായി വൃത്തിയാക്കിയെടുക്കണം. ബക്കറ്റിന്റെ താഴെ ഭാഗത്ത് ഒത്തനടുവിൽ വൃത്താകൃതിയിൽ ദ്വാരം വെട്ടി തയാറാക്കണം. നടുവാൻ ഉദ്ദേശിക്കുന്ന ചെടിയുടെ വേരുഭാഗം മുഴുവനായി ബക്കറ്റിനുള്ളിലേക്ക് ഇറക്കുവാൻ യോജിച്ച വലുപ്പമുള്ള ദ്വാരമായിരിക്കണം.

അടുത്തപടിയായി തിരഞ്ഞെടുത്ത ചെടിയുടെ വേരുകൾക്ക് ചുറ്റുമുള്ള മണ്ണ് മുഴുവനായി കഴുകി നീക്കം ചെയ്യണം. വേര് മുഴുവനായി ബക്കറ്റിനുള്ളിലേക്ക് ഇറക്കിവയ്ക്കുക. തല കീഴായി ഞാത്തിയിടുമ്പോൾ ചെടി ബക്കറ്റിൽനിന്നും പുറത്തേക്ക് ഇറങ്ങാതിരിക്കുവാൻ ഈടുനിൽക്കുന്ന ഫോം അല്ലെങ്കിൽ നേർത്ത കണ്ണിയോടുകൂടിയ നൈലോൺ നെറ്റ് ഉപയോഗിച്ച് വേരിനുചുറ്റുമായി ദ്വാരത്തിന്റെ ബാക്കി ഭാഗം അടയ്ക്കണം.

അടുത്തതായി ബക്കറ്റ് മുഴുവനായി ഭാരം കുറഞ്ഞ നടീൽ മിശ്രിതം നിറയ്ക്കാം. ആവശ്യത്തിനു വലുപ്പമുള്ള ബക്കറ്റാണെങ്കിൽ താഴെഭാഗത്ത് തലകീഴായി ചെടി വളർത്തുന്നതിനൊപ്പം മിശ്രിതത്തിനുമുകളിൽ മറ്റൊരു ചെടി കൂടി നട്ട് പരിപാലിക്കുവാൻ സാധിക്കും. ചെടി നട്ടശേഷം ബക്കറ്റ് ബലമുള്ള വള്ളിയിൽ തൂക്കിയിടാം. ബക്കറ്റിനുമുകളിലൂടെ മിശ്രിതത്തിൽ നനജലവും വളവും ചെടിക്ക് ആവശ്യാനുസരണം നൽകുവാൻ സാധിക്കും.

 

growing plants upside down

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES