തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്നത് കാരണമാണ് 85% പേരിലും സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം ഉണ്ടാകുന്നത്. ബാക്കി 15 ശതമാനം പേരില്‍ തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി ഉണ്ടാകുന്ന ആന്തരിക രക്തസ്രാവമാണ് സ്ട്രോക്കിന് കാരണമാകുന്നത്. പണ്ടൊക്കെ പ്രായമായവരില്‍ കണ്ടുവന്നിരുന്ന സ്‌ട്രോക്ക്, ഇന്ന് ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം ചെറുപ്പക്കാരെ പോലും ബാധിക്കുന്നു.
ലക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ എത്ര വേഗം ആശുപത്രിയില്‍ എത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രോഗിയുടെ അതിജീവന സാധ്യത നിലനില്‍ക്കുന്നത്. അതും സ്ട്രോക്കിന് ചികിത്സ ലഭ്യമായ, സി ടി സ്‌കാന്‍ മുതലായ സൗകര്യങ്ങളുള്ള ഒരു ആശുപത്രിയില്‍ തന്നെ എത്തിക്കണം.
സ്‌ട്രോക്ക് ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗിയെ നാലരമണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കാനായാല്‍, ഒരു ഇന്‍ജെക്ഷന്‍ നല്‍കി രോഗിയെ രക്ഷിക്കാം. ഐ വി ത്രോംബോളിസിസ് (IV Thrombolysis) എന്നറിയപ്പെടുന്ന ഈ ചികിത്സാ രീതിയില്‍ ഞരമ്പിലെ രക്തക്കട്ട അലിയിച്ചു കളയുകയാണ് ചെയ്യുന്നത്.
നാലരമണിക്കൂര്‍ കഴിഞ്ഞാണ് രോഗി ആശുപത്രിയില്‍ എത്തുന്നതെങ്കില്‍ ഞരമ്പിലൂടെ വളരെ നേര്‍ത്ത വയറുകളും,ട്യൂബുകളും അഥവ കത്തീറ്റര്‍ കടത്തിവിട്ട്, രക്തക്കട്ടയെ ആ ഭാഗത്ത് നിന്ന് വലിച്ച് പുറത്തേക്കെടുക്കുന്ന ചികിത്സയാണ് നല്‍കാറുള്ളത്. ഇതിനെ മെക്കാനിക്കല്‍ ത്രോംബെക്ടമി (Mechanical Thrombectomy) എന്നാണ് വിളിക്കുന്നത്. തലച്ചോറില്‍ സ്‌ട്രോക്ക് മൂലം കാര്യമായ തകരാറുകള്‍ ഉണ്ടായിട്ടില്ലെന്ന് സ്‌കാനില്‍ തെളിഞ്ഞാല്‍, 24 മണിക്കൂര്‍ വരെ കഴിഞ്ഞെത്തുന്ന രോഗികള്‍ക്കും ഈ ചികിത്സ നല്‍കാറുണ്ട്.
വൈകി വരുന്ന രോഗികള്‍ക്ക് ആദ്യം രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളാണ് നല്‍കുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നുകളും നല്‍കും. തുടര്‍പരിശോധനകളില്‍ ചില രോഗികളില്‍ രക്തകുഴലില്‍ 50 ശതമാനത്തിലധികം ബ്ലോക്ക് കാണപ്പെടുകയാണെങ്കില്‍ സ്റ്റെന്റ് ഇടുകയോ അല്ലെങ്കില്‍ സര്‍ജറി (Endarterectomy)യോ ആണ് ചെയ്യുന്നത്. ഭാവിയില്‍ വീണ്ടും സ്ട്രോക്ക് വരുന്നത് തടയാന്‍ ഇത്തരം ചികിത്സ രീതികള്‍ സഹായിക്കും.
സ്‌ട്രോക്ക് വന്നവരില്‍ 40 മുതല്‍ 60 ശതമാനം പേരിലും എന്തെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യങ്ങളോ ശക്തിക്കുറവോ കാണാറുണ്ട്. ഇവര്‍ക്ക് ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി (Occupational Therapy), എന്നിവ ആവശ്യമാണ്. പലപ്പോഴും ഇതെല്ലാം കൂടിച്ചേര്‍ന്ന ഒരു സമഗ്ര ചികിത്സയാണ് വേണ്ടത്.
സ്‌ട്രോക്ക് ലക്ഷണങ്ങള്‍
? മുഖം ഒരു ഭാഗത്തേക്ക് കോടി പ്പോവുക
? കൈകാലുകളില്‍ പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച
? അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുക (സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതിരിക്കുക, പ്രയാസം അനുഭവപ്പെടുക, മറ്റൊരാള്‍ പറയുന്നത് മനസ്സിലാക്കാന്‍ കഴിയാതെ വരിക എന്നിവയും സ്ട്രോക്കിന്റെ ലക്ഷണമാകാം)
? നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുക
? കാഴ്ചയോ കേള്‍വിയോ നഷ്ടമാകുക
? പെട്ടെന്ന് മറവി ഉണ്ടാകുക.
ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ രോഗിയെ സ്‌ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയില്‍ എത്തിക്കുക. പ്രായമേറുന്തോറും സ്‌ട്രോക്കിന്റെ റിസ്‌കും കൂടിക്കൂടി വരുന്നു. പുരുഷന്മാരില്‍ 45 വയസിന് ശേഷവും സ്ത്രീകളില്‍ 55 വയസിന് ശേഷവും സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്.
കോവിഡ് വന്നുപോയവരുടെ ശരീരത്തില്‍ പലഭാഗത്തും രക്തം കട്ടപിടിക്കുന്ന സാഹചര്യം ഇപ്പോള്‍ കൂടുതലായി കാണുന്നുണ്ട്. ഇത്തരക്കാരും സ്‌ട്രോക്ക് വരാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റിലാണ്. തലച്ചോറിലേക്കുള്ള വലിയ രക്തക്കുഴലുകളില്‍ പോലും കോവിഡിന് ശേഷം ബ്ലോക്ക് ഉണ്ടാകാറുണ്ട്. പ്രായം കുറഞ്ഞവരില്‍ ഇപ്പോള്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് കോവിഡ് ആണ്.
സ്ട്രോക്കിനെ തടയാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
? അമിതമായ ഉപ്പിന്റെ ഉപയോഗം ഒഴിവാക്കുക
? അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക
? മദ്യം, പുകവലി എന്നിവ ഉപേക്ഷിക്കുക
? അന്നജം കുറവുള്ള ഭക്ഷണം കഴിക്കുക
? മുടങ്ങാതെ വ്യയാമം ചെയ്യുക (ആഴ്ചയില്‍ 2.5 മണിക്കൂര്‍ എങ്കിലും)